ADVERTISEMENT

പടിഞ്ഞാറൻ യുപിയിലാണ് ബിജെപി ഏറ്റവും കൂടുതൽ സമ്മർദം നേരിടുന്നത്. കാശിയിലെയും അയോധ്യയിലെയും വികസനംതൊട്ട് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത പൂർവാഞ്ചൽ എക്സ്പ്രസ് വേ വരെ, പടിഞ്ഞാറൻ യുപിയിലെ നഷ്ടം കിഴക്കൻ യുപിയിൽ നികത്തുക എന്ന തന്ത്രത്തിന്റെ ഭാഗമാണ്.

2022 ഫെബ്രുവരി - മാർച്ച് മാസങ്ങളിൽ നടക്കാനിരിക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ കാഹളങ്ങൾ മുഴങ്ങാൻ തുടങ്ങിയിരിക്കുന്നു. 403 അംഗങ്ങളുള്ള യുപി നിയമസഭ രാജ്യത്തെ ഏറ്റവും വലുതാണ്. നിലവിൽ 304 അംഗങ്ങളുള്ള ബിജെപിയും 10 അംഗങ്ങളുള്ള ഘടകകക്ഷികളും ചേരുമ്പോൾ, നിയമസഭയിലെ അംഗബലത്തിന്റെ ഏകദേശം 80 ശതമാനവും എൻഡിഎയിൽ നിന്നാകുന്നു. യുപിയിലെ കരുത്തുറ്റ പ്രകടനങ്ങളാണ് എൻഡിഎയെ 2014ലും 2019ലും കേന്ദ്രത്തിൽ ഭരണത്തിലെത്താൻ സഹായിച്ചത്. 2022ൽ യുപിയിൽ നല്ല പ്രകടനം കാഴ്ചവയ്ക്കുക എന്നതു ബിജെപിക്കും എൻഡിഎക്കും വളരെ പ്രധാനപ്പെട്ടതാണ്. യുപി തിരഞ്ഞെടുപ്പു കഴിഞ്ഞു നാലഞ്ചുമാസങ്ങൾക്കു ശേഷം മറ്റൊരു പ്രധാനപ്പെട്ട തിരഞ്ഞെടുപ്പിനു രാജ്യം സാക്ഷിയാകും: രാഷ്ട്രപതി തിരഞ്ഞെടുപ്പ്. ആ തിരഞ്ഞെടുപ്പിൽ യുപിയിലെ ഓരോ എംഎൽഎയുടെയും വോട്ടിന്റെ മൂല്യം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറ്റവും കൂടുതലാണ്; 208.

എൻഡിഎയുടെ പ്രകടനം കുറച്ചുകാലമായി താഴേക്കുപോകുന്നതായാണു യുപിയിലെ സർവേകൾ സൂചിപ്പിക്കുന്നത്. ഒക്ടോബറിലെ എ‌ബി‌പി ന്യൂസ് - സി വോട്ടർ സർവേ എൻഡിഎക്ക് 245 സീറ്റും അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള സമാജ്‌വാദി പാർട്ടിയും (എസ്പി) രാഷ്ട്രീയ ലോക്ദളും (ആർഎൽഡി) സുഹൽദേവ് ഭാരതീയ സമാജ് പാർട്ടിയും ചേർന്ന സഖ്യത്തിനു 134 സീറ്റുമാണു പ്രവചിച്ചത്. എന്നാൽ, നവംബറിലെ സർവേ അനുസരിച്ച് എൻഡിഎയുടെ സീറ്റ് സാധ്യത 217 ആയി കുറഞ്ഞു. എസ്പി സഖ്യത്തിന്റെ സീറ്റ് 156 ആയി വർധിച്ചിട്ടുണ്ട്. ഒക്ടോബറിൽ എൻഡിഎയും എസ്‌പി സഖ്യവും തമ്മിലുള്ള വ്യത്യാസം 111 സീറ്റായിരുന്നെങ്കിൽ നവംബർ ആയപ്പോഴേക്കും അത് 61 ആയി ചുരുങ്ങി; ഒരു മാസത്തിനുള്ളിൽ 50 സീറ്റുകളുടെ ഇടിവ്.

പടിഞ്ഞാറൻ യുപിയിലാണു ബിജെപി ഏറ്റവും കൂടുതൽ സമ്മർദം നേരിടുന്നത്. 2013ൽ മുസാഫർനഗറിൽ നടന്ന സമുദായലഹളകൾക്കു ശേഷം അവിടത്തെ പ്രബല സമുദായമായ ജാട്ടുകൾ കൂട്ടമായി ബിജെപി അനുകൂലികളായത് 2017ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ആ മേഖലയിലെ 70 സീറ്റുകളിൽ ബഹുഭൂരിപക്ഷവും നേടാൻ ബിജെപിയെ സഹായിച്ചു. എന്നാൽ, കർഷകസമരവും രാഷ്ട്രീയാധികാരത്തിൽനിന്നു മാറ്റിനിർത്തിയതിലുള്ള അതൃപ്തിയും ജാട്ടുകളെ ബിജെപിയിൽനിന്ന് അകറ്റി. ജാട്ട് നേതാവായ ജയന്ത് ചൗധരിയുടെ ആർഎൽഡി ഇപ്പോൾ എസ്പി സഖ്യത്തിലാണ്. കർഷകസമരത്തിന്റെ മുഖമായി മാറിയ രാകേഷ് ടികായത്ത് ജാട്ട് സമുദായത്തിലെ പ്രമുഖനാണ്. നല്ല പങ്ക് മുസ്‌ലിം വോട്ടർമാർ ഈ മേഖലയിലുണ്ട്.

yogi-up

പടിഞ്ഞാറൻ യുപിയിലും സമീപപ്രദേശങ്ങളിലുമുള്ള 83 സീറ്റുകളിൽ നില പരുങ്ങലിലാണെന്നു കരുതുന്ന ബിജെപിയുടെ തിരഞ്ഞെടുപ്പു തന്ത്രം അവശേഷിക്കുന്ന 320 സീറ്റുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതാണ്. യോഗി ആദിത്യനാഥിന്റെ സർക്കാർ കൊണ്ടുവരുന്ന വികസനമാണ് അവരുടെ പ്രധാന കാർഡ്. കാശിയിലെയും അയോധ്യയിലെയും വികസനപ്രവർത്തനങ്ങൾതൊട്ട് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത പൂർവാഞ്ചൽ എക്സ്പ്രസ് വേ വരെ, പടിഞ്ഞാറൻ യുപിയിലെ നഷ്ടം കിഴക്കൻ യുപിയിൽ നികത്തുക എന്ന തന്ത്രത്തിന്റെ ഭാഗമാണ്.

എന്നാൽ, എബിപി ന്യൂസ് - സി വോട്ടർ സർവേ കിഴക്കൻ യുപിയിലും എൻഡിഎ തിരിച്ചടി നേരിടുന്നുവെന്നാണു കാണിക്കുന്നത്. ഈ പ്രദേശത്തു ജാതിരാഷ്ട്രീയം ശക്തമാണ്. കിഴക്കൻ യുപിയിലെ ഗോരഖ്പുരിൽ നിന്നുള്ള യോഗി ആദിത്യനാഥിനു സ്വന്തം ജാതിക്കാരായ ഠാക്കൂർമാരോടുള്ള പ്രത്യേകമമത മറ്റുജാതിക്കാരെ മുഷിപ്പിച്ചിട്ടുണ്ട്. എസ്പി സഖ്യത്തിലുള്ള സുഹൽദേവ് ഭാരതീയ സമാജ് പാർട്ടി, കിഴക്കൻ യുപിയിലെ പല മണ്ഡലങ്ങളിലും നിർണായക സ്വാധീനമുള്ള രാജ്ഭർ ജാതിക്കാർക്കായി നിലകൊള്ളുന്നു. 2017ലെ തിരഞ്ഞെടുപ്പിൽ കിഴക്കൻ യുപിയിലെ പല മണ്ഡലങ്ങളിലും ബിജെപി വിജയിച്ചതു ചെറിയ വ്യത്യാസത്തിലാണ്. വോട്ടുകൾ അൽപം മറിഞ്ഞാൽ മത്സരഫലം മാറും.

മുസ്‌ലിം സമുദായം പ്രബലമായ മൊറാദാബാദ് ഡിവിഷൻ ഉൾക്കൊള്ളുന്ന രോഹിൽഖണ്ഡ് മേഖലയിൽ ബിജെപി പണ്ടേ ദുർബലമാണ്. 2019 ലോക്സഭാ തിരഞ്ഞെടുപ്പിലെ മോദിതരംഗത്തിനിടയിലും ഇവിടെ പലയിടത്തും ബിജെപിക്കു വിജയിക്കാനായില്ല. അവശേഷിക്കുന്ന ബുന്ദേൽഖണ്ഡ്, അവധ്, ബഗേൽഖണ്ഡ് മേഖലകളിൽ ബിജെപിക്കു ശക്തിക്ഷയം സംഭവിച്ചതായി സർവേ പറയുന്നില്ല.

സർവേപ്രകാരം ബിജെപിയുടെ വോട്ടുവിഹിതം 2017ലെ 41.4 ശതമാനത്തിൽനിന്ന് അൽപം കുറഞ്ഞ് 40.7% ആയിരിക്കുന്നു. അതേസമയം, എസ്പി സഖ്യത്തിന്റെ 2017ലെ വോട്ടുവിഹിതം 23.6 ശതമാനത്തിൽ നിന്ന് 31.1 ശതമാനത്തിലേക്കു കുതിച്ചുയർന്നിട്ടുണ്ട്. സാരമായ നഷ്ടം സംഭവിച്ചതു മായാവതിയുടെ ബിഎസ്പിക്കാണ്: 2017ൽ 23.6%, ഇപ്പോൾ 15.1%. പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് അൽപം ശക്തി വീണ്ടെടുത്തിട്ടുണ്ട്: 2017ലെ 6.3 ശതമാനത്തിൽനിന്ന് വളർന്ന് 8.9% ആയിരിക്കുന്നു. 

എസ്പിയുടെ വളർച്ചയും ബിഎസ്പിയുടെ താഴോട്ടുള്ള ഗ്രാഫും സൂചിപ്പിക്കുന്നത് 2022ലെ പോരാട്ടം എൻഡിഎയും എസ്പി സഖ്യവും തമ്മിലാകും എന്നാണ്. ബിജെപി ദുർബലമായ പല മേഖലകളിലും ബിഎസ്പിക്കും കോൺഗ്രസിനും സാന്നിധ്യമുള്ളതിനാൽ ബിജെപി ആഗ്രഹിക്കുന്നതു തീർച്ചയായും ബഹുകോണമത്സരമായിരിക്കും.

ns-madhavan
എൻ.എസ്.മാധവൻ

വായടപ്പിക്കലും വായാടിത്തവും

രാത്രി 10 മണി കഴിഞ്ഞാൽ യുഎസിലെ ടിവി പ്രോഗ്രാമുകളിൽ ‘നിന്നുകൊണ്ട് തമാശ പറയുന്നവർ’ (സ്റ്റാൻഡ് അപ് കൊമീഡിയൻസ്) ധാരാളമായി പ്രത്യക്ഷപ്പെടാൻ തുടങ്ങും. ജോ ലെനോ, സ്റ്റീഫൻ കോൾബർട്ട്, ജോൺ ഒലിവർ തുടങ്ങി പ്രസിദ്ധരായ സ്റ്റാൻഡ് അപ് കൊമീഡിയൻമാർ നിർദാക്ഷിണ്യം ഭരണാധികാരികളെ വലിച്ചുകീറുന്നു. ഡോണൾഡ് ട്രംപ് പ്രസിഡന്റായിരുന്നപ്പോൾ ഇവരുടെ സുവർണകാലമായിരുന്നു. ഊതി വീർപ്പിച്ച ബലൂൺ മൊട്ടുസൂചികൊണ്ടു കുത്തിപ്പൊട്ടിക്കുന്നതുപോലെ എളുപ്പമായിരുന്നു ട്രംപിനെ കളിയാക്കുക എന്നായിരുന്നു ഇവരുടെ പക്ഷം. സമൂഹത്തിന്റെയും ഭരണാധികാരികളുടെയും പോരായ്മകൾ പെരുപ്പിച്ചു കാണിക്കുക എന്നതാണു ഇവരുടെ ധർമം. കുട്ടികളുറങ്ങുന്ന നേരമായതിനാൽ പലപ്പോഴും അവർ ഭാഷയിൽ സഭ്യത കാത്തുസൂക്ഷിക്കാറില്ല.

സ്റ്റാൻഡ് അപ് കൊമീഡിയന്മാരുടെ ഈ പാരമ്പര്യത്തിലാണു വീർ ദാസ്, വാഷിങ്ടൻ ഡിസിയിലെ കെന്നഡി സെന്റർ ഫോർ പെർഫോമിങ് ആർട്സിൽ തന്റെ ‘രണ്ട് ഇന്ത്യകൾ’ എന്ന പരിപാടി അവതരിപ്പിച്ചത്. ഇന്ത്യയിൽ ഉയരുന്ന പെട്രോൾ വില തൊട്ടു സ്ത്രീകൾ നേരിടുന്ന പീഡനം വരെ പല കാര്യങ്ങളും വീർ ദാസ് അതിശയോക്തി കലർത്തി പറഞ്ഞു. ഇന്റർനെറ്റ് കാണുന്നവരിൽ ഒരു വിഭാഗത്തിന് ഈ പ്രകടനം ഇഷ്ടമായില്ല. വീർ ദാസിനെതിരെ ശക്തമായ സൈബർ പ്രതിഷേധം നടന്നു. ഡൽഹിയിൽ ഒരാൾ പൊലീസിൽ പരാതി നൽകി. നടി കങ്കണ റനൗട്ട് ‘രണ്ട് ഇന്ത്യകൾ’, മൃദു ഭീകരവാദമാണെന്നു പറഞ്ഞു.

വീർ ദാസിനെതിരായ പ്രധാന പരാതി രാജ്യത്തിനു വെളിയിൽ രാജ്യത്തെ അപമാനിച്ചു എന്നതാണ്. ഇന്റർനെറ്റ് യുഗത്തിൽ രാജ്യങ്ങൾ തമ്മിലുള്ള അതിർത്തികൾ മാഞ്ഞുപോയിരിക്കുന്നു എന്നതാണു സത്യം. ഉത്തരകൊറിയപോലെ അടച്ചുപൂട്ടിയ രാജ്യത്തുനിന്നുപോലും വിവരങ്ങൾ ചോരുന്നുണ്ട്. ഇന്ത്യയിലെ സ്ത്രീകൾ നേരിടുന്ന ദുരിതങ്ങളെപ്പറ്റിയുള്ള സർക്കാർ കണക്കുകൾ ലോകത്തിന്റെ എവിടെയിരുന്നും ആർക്കും നാഷനൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ വെബ്സൈറ്റിൽ വായിക്കാം.

വീർ ദാസിന് അവിടെപ്പറഞ്ഞ കാര്യങ്ങൾ ഇന്ത്യയുടെ മണ്ണിൽനിന്നു വിളിച്ചു പറയാൻ സാധിക്കുമോ? ഇല്ല എന്നാണ് എന്റെ ഊഹം. ഇതിലും ലഘുവായ കാര്യങ്ങൾ പറയാൻ ശ്രമിച്ച ബുദ്ധിജീവികളും പത്രപ്രവർത്തകരും കൊല്ലപ്പെടുകയോ തുറുങ്കിൽ അടയ്ക്കപ്പെടുകയോ ചെയ്തിട്ടുണ്ട്. എന്നാൽ സർക്കാരിനെ പിന്തുണയ്ക്കുന്ന കങ്കണ റനൗട്ടിനു നിർബാധം ഗാന്ധിജിയെയും സ്വാതന്ത്ര്യസമരത്തെയും നിസ്സാരവൽക്കരിച്ചു സംസാരിക്കാം. വിമർശകരുടെ വായടപ്പിക്കലും ആരാധകരുടെ വായാടിത്തവും നടക്കുന്നത് ഒരേ ഇന്ത്യയിലാണ്; ആ കാര്യത്തിൽ ‘രണ്ട് ഇന്ത്യകൾ’ ഇല്ല.

സ്കോർപിയൺ കിക്ക്

കാസർകോട്ടുനിന്ന് 4 മണിക്കൂറിൽ തലസ്ഥാനത്തെത്തിയിട്ട് എന്തുകാര്യമെന്നും ആർക്കാണു പ്രയോജനമെന്നും കുഞ്ഞാലിക്കുട്ടി.

ഈ ന്യായമനുസരിച്ചു വിമാനങ്ങൾ നിർത്തലാക്കണ്ടേ?

English Summary: UP assembly election: BJP politics 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com