ഇറാഖിൽ തന്ത്രങ്ങൾ പാളി; പിടി അയഞ്ഞ് ഇറാൻ: നിർണായകമായി ഖാസിം സുലൈമാനി വധം

iran-iraq-war
ഫയൽ ചിത്രം
SHARE

സൈനികദൗത്യം പൂർത്തിയാക്കി ഈ വർഷം അവസാനത്തോടെ ഇറാഖിൽനിന്നു പിന്മാറുമെന്ന് യുഎസ് പ്രഖ്യാപിച്ചുകഴിഞ്ഞു. ഇറാഖ് ഭരണത്തിൽ ഇറാന്റെ സ്വാധീനം കുറയുന്നെന്ന സൂചനകൾ തിരഞ്ഞെടുപ്പ് ഫലത്തിൽ വ്യക്തമായിരിക്കെയാണു യുഎസിന്റെ പിന്മാറ്റം. ഇറാഖിലെ ജനകീയ പ്രക്ഷോഭത്തിനെതിരെ സ്വീകരിച്ച നിലപാടും തന്ത്രങ്ങളൊരുക്കിയിരുന്ന ഖുദ്‌സ് സേനാ തലവൻ കമാൻഡർ ഖാസിം സുലൈമാനി യുഎസ് ആക്രമണത്തിൽ കൊല്ലപ്പെട്ടതുമാണ് ഇറാനു തിരിച്ചടിയായത്.  

ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അൽ ഖദീമിക്കുനേരെ ഈ മാസം ഏഴിനു നടന്ന വധശ്രമത്തിനു പിന്നിൽ ആരെന്ന ചോദ്യത്തിന് ഇനിയും സ്ഥിരീകരിച്ച ഉത്തരമായിട്ടില്ല. അതേസമയം, സൂചനകൾ ധാരാളമുണ്ട്. അതെല്ലാം നീളുന്നത് ഇറാനിലേക്കും ഇറാൻ അനുകൂല സായുധ സംഘങ്ങളിലേക്കുമാണ്. പാർലമെന്റ് തിരഞ്ഞെടുപ്പിലെ വൻ തിരിച്ചടിയിൽ മുറിവേറ്റ ഇറാൻ അനുകൂല സായുധസംഘങ്ങൾ (മിലിഷ) നടത്തിവരുന്ന പ്രക്ഷോഭത്തിന്റെ അനുബന്ധമാണു ബഗ്ദാദിലെ അതീവസുരക്ഷാമേഖലയായ ഗ്രീൻ സോണിൽ പ്രധാനമന്ത്രിയുടെ വസതിക്കുനേരെ നടന്ന ഡ്രോൺ ആക്രമണം എന്നാണു വിലയിരുത്തൽ. ഇറാഖ് ഭരണത്തിൽ ഇറാന്റെ സ്വാധീനത്തിനു ക്ഷയം സംഭവിക്കുന്നു എന്ന സൂചനയാണു കഴിഞ്ഞ മാസം 10നു നടന്ന തിരഞ്ഞെടുപ്പിന്റെ ഫലം നൽകുന്നത്. 

മുസ്‌ലിം രാജ്യങ്ങളിൽ ഷിയാ വിഭാഗത്തിന്റെ നേതൃത്വം ഇറാനാണെങ്കിലും ചരിത്രപരമായും വിശ്വാസപരമായും ഇറാഖിനെ മാറ്റിനിർത്താനാവില്ല. ഷിയാ വിഭാഗക്കാരുടെ ഏറ്റവും വിശുദ്ധമായ രണ്ടു തീർഥാടനകേന്ദ്രങ്ങളും ഇറാഖിലാണ് – നജഫിൽ ഇമാം അലിയുടെ മഖ്ബറയും ചരിത്രപ്രസിദ്ധമായ കർബല രണഭൂമിയിൽ ഇമാം ഹുസൈന്റെ മഖ്ബറയും. ഇറാഖിലെ ജനസംഖ്യയിൽ ഏറ്റവുമധികം പേർ (നാലു കോടിയോളമുള്ള ജനങ്ങളിൽ രണ്ടുകോടിക്കു മുകളിൽ) ഷിയാ വിഭാഗക്കാരാണ്. സുന്നികൾ ഒന്നരക്കോടിയോളം. ഷിയാ, സുന്നി വിഭാഗങ്ങൾ ഉൾപ്പെടെ മൊത്തം മുസ്‌ലിംകൾ രാജ്യജനസംഖ്യയുടെ 95% വരും. ക്രിസ്ത്യൻ ജനസംഖ്യ 3 ശതമാനത്തോളമാണ്. യസീദികൾ ഉൾപ്പെടെ മറ്റു ന്യൂനപക്ഷ വിഭാഗങ്ങളുമുണ്ട്. സുന്നി, ഷിയാ വിഭാഗങ്ങളിലായി അറബ് വംശജർ 2.4 കോടിയും കുർദ് വംശജർ 80 ലക്ഷവും തുർക്മെൻ വംശജർ 30 ലക്ഷവും വരും. 

ഇറാഖിന് ഏറ്റവും നീണ്ട അതിർത്തിയുള്ളത് ഇറാനുമായാണ് (കിഴക്കുഭാഗം); രണ്ടാം സ്ഥാനത്തു സൗദി അറേബ്യയും (തെക്ക്, തെക്കു–പടിഞ്ഞാറ്). ഇതു ഭൂമിശാസ്ത്രപരമായ അതിരു മാത്രമല്ല, ആശയപരമായ സൂചന കൂടിയാണ്. സുന്നി–ഷിയാ സമ്മിശ്ര ജനസഞ്ചയം. ഒപ്പം രാജ്യത്തിന്റെ വടക്കുഭാഗത്ത് കുർദുകളും. ഈ സമവാക്യം തെറ്റാതെയുള്ള ഭരണസം‌വിധാനമാണ് 2003ലെ യുഎസ് അധിനിവേശം മുതൽ ഇറാഖിൽ നിലനിർത്തുന്നത്. അതുപ്രകാരം പ്രധാനമന്ത്രി ഷിയാ വിഭാഗക്കാരനായിരിക്കും; പ്രസിഡന്റ് കുർദ് വംശജനും. സുന്നി വിഭാഗത്തിനു പാർലമെന്റ് സ്പീക്കർ പദവി. ഇറാന്റെ ആശീർവാദമുള്ള ഷിയാ നേതാവാണു പ്രധാനമന്ത്രിപദത്തിലെത്താറുള്ളത്. 

soleimani
മുസ്തഫ അൽ ഖദീമി, ആദിൽ അബ്ദുൽ മഹ്‌ദി, മുഖ്തദ അൽ സദർ, ഖാസിം സുലൈമാനി

സമരം അടിച്ചൊതുക്കിയത് തിരിച്ചടിച്ചു

രണ്ടുവർഷം മുൻപ് 2019 ഒക്ടോബറിൽ ഇറാഖ് വൻ ജനകീയപ്രക്ഷോഭത്തിനു സാക്ഷിയായി. അഴിമതിക്കും തൊഴിലില്ലായ്മയ്ക്കും ഭരണപരാജയത്തിനുമെതിരെ നടന്ന സമരവേലിയേറ്റം സർക്കാർ അടിച്ചൊതുക്കിയത് ഇറാൻ അനുകൂല മിലിഷയുടെ പിന്തുണയോടെയാണ്. ഭീകരസംഘടനയായ ഐഎസിനെതിരെ രൂപീകരിക്കപ്പെട്ട മിലിഷകളും ജനങ്ങൾക്കെതിരെ നിന്നു. മാസങ്ങൾ നീണ്ട പ്രക്ഷോഭങ്ങളിൽ ആയിരത്തോളം പേർ കൊല്ലപ്പെട്ടെന്നാണു നിഗമനം. സമരം അടിച്ചൊതുക്കിയെങ്കിലും മാറ്റം തടഞ്ഞുനിർത്താനായില്ല. 2020 മേയിൽ പ്രധാനമന്ത്രി ആദിൽ അബ്ദുൽ മഹ്‌ദി രാജിവച്ചു; പകരം മുസ്തഫ അൽ ഖദീമി അധികാരമേറ്റു. 2022ൽ നടക്കേണ്ട പാർലമെന്റ് തിരഞ്ഞെടുപ്പ് നേരത്തെയാക്കി കഴിഞ്ഞ മാസം നടത്തിയതും പ്രക്ഷോഭക്കാർക്കു നൽകിയ വാക്കു പാലിക്കാനാണ്. 

ഈ തിരഞ്ഞെടുപ്പിന്റെ ഫലം വന്നപ്പോൾ ഞെട്ടിയത് ഇറാൻ അനുകൂല മിലിഷകളിലെ പ്രമുഖരായ ഫത്താഹ് സഖ്യമാണ്. നിലവിലെ പാർലമെന്റിൽ 48 സീറ്റുണ്ടായിരുന്ന ഫത്താഹ്, വെറും 17 സീറ്റിലേക്ക് ഒതുങ്ങി. അതേസമയം, ഷിയാ നേതാവായ 47 വയസ്സുകാരൻ മുഖ്തദ അൽ സദർ 73 സീറ്റുമായി ഒന്നാമതെത്തി. 

ജനകീയപ്രക്ഷോഭത്തിൽ സ്വീകരിച്ച നിലപാടു മാത്രമല്ല ഇറാൻ അനുകൂലികൾക്കു വിനയായത്. ഇറാന്റെ സൈനികവും തന്ത്രപരവുമായ എല്ലാ രഹസ്യനീക്കങ്ങളുടെയും ചുക്കാൻ പിടിച്ചിരുന്ന ഖുദ്‌സ് സേനാ തലവൻ കമാൻഡർ ഖാസിം സുലൈമാനിയുടെ വധം നിർണായകമായി. 2020 ജനുവരിയിൽ ബഗ്ദാദ് വിമാനത്താവളത്തിനടുത്തുവച്ചാണു സുലൈമാനിയെ യുഎസ് സേന വ്യോമാക്രമണത്തിൽ വധിച്ചത്. പരമോന്നത നേതാവ് കഴിഞ്ഞാൽ ഇറാനിൽ ഏറ്റവുമധികം ആദരിക്കപ്പെട്ട വ്യക്തിയായിരുന്നു സുലൈമാനി. ഇറാനും ഇറാഖിനുമിടയിലെ എല്ലാ രഹസ്യദൗത്യങ്ങളുടെയും ചുമതലക്കാരൻ അദ്ദേഹമായിരുന്നു. 

mustafa-home
ഈ മാസം ഏഴിനു നടന്ന ഡ്രോൺ ആക്രമണത്തിൽ ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അൽ ഖദീമിയുടെ വീടിനു കേടുപാടുണ്ടായപ്പോൾ.

സർക്കാർ രൂപീകരണം: ചിത്രം വ്യക്തമായില്ല

തിരഞ്ഞെടുപ്പിൽ കൃത്രിമം ആരോപിച്ചാണ് ഇപ്പോൾ ഇറാൻ അനുകൂല മിലിഷകൾ പ്രക്ഷോഭം നടത്തുന്നത്. തിരഞ്ഞെടുപ്പ് കമ്മിഷൻ അതെല്ലാം തള്ളിക്കളഞ്ഞു. എങ്കിലും, ആരോപണം ഉന്നയിക്കപ്പെട്ട സ്ഥലങ്ങളിലേത് ഉൾപ്പെടെ 25% വോട്ടുകൾ വീണ്ടും എണ്ണിയെന്നും (ബാലറ്റ് പേപ്പറും എണ്ണി) ഫലത്തിൽ മാറ്റമില്ലെന്നുമാണു കമ്മിഷന്റെ നിലപാട്. താരതമ്യേന പ്രശ്നരഹിതവും സുതാര്യവുമായിരുന്നു ഒക്ടോബർ 10ലെ തിരഞ്ഞെടുപ്പ് എന്നാണ് ഐക്യരാഷ്ട്രസംഘടനയുടെയും രാജ്യാന്തര നിരീക്ഷകരുടെയും വിലയിരുത്തൽ. 

പക്ഷേ, വോട്ടിങ് ശതമാനം ഈ നൂറ്റാണ്ടിലെ ഏറ്റവും താഴ്ന്നതായിരുന്നു. വോട്ടിന് അർഹതയുള്ള 2.33 കോടിയോളം പേരിൽ 43% മാത്രമാണു വോട്ട് ചെയ്തത്. 4 കോടി  ജനങ്ങളുള്ള രാജ്യത്തു കഷ്ടിച്ച് ഒരു കോടി പേർ വോട്ട് ചെയ്തു. അതിൽ വെറും 8 ലക്ഷം വോട്ടാണു സദറിന്റെ പാർട്ടിക്കു കിട്ടിയത്. 

ഷിയാ വിഭാഗക്കാരനാണെങ്കിലും മുഖ്തദ അൽ സദറിനോട് ഇറാനു വലിയ താൽപര്യമില്ല. കാരണം, അദ്ദേഹം ഇറാഖിലെ ഏതുതരം വിദേശ ഇടപെടലിനെയും എതിർക്കുന്നു – അതിൽ യുഎസെന്നോ ഇറാനെന്നോ സൗദി അറേബ്യയെന്നോ വേർതിരിവില്ല. തിരഞ്ഞെടുപ്പു നൽകിയ ശിഥിലചിത്രത്തിൽനിന്ന് ആരു പ്രധാനമന്ത്രിയാകുമെന്നു പറയാറായിട്ടില്ല. 329 അംഗ പാർലമെന്റിൽ കേവലഭൂരിപക്ഷത്തിലെത്താൻ (165) സദറിന് ഇനിയും നൂറോളം സീറ്റുകൾ വേണം. മറ്റു ഷിയാ പാർട്ടികൾക്കൊപ്പം സുന്നി, കുർദ് പാർട്ടികളുമായും സദർ സജീവ ചർച്ചയിലാണ്. ഇറാൻ അനുകൂല പാർട്ടികളുടെ പരാജയം ഷിയാ പക്ഷത്തിന്റെ പരാജയമല്ല. തിരഞ്ഞെടുപ്പിൽ ഷിയാ, സുന്നി, കുർദ് പക്ഷങ്ങളെല്ലാം ആനുപാതിക വിജയമാണു നേടിയത്; നേട്ടമുണ്ടാക്കിയ പാർട്ടികൾ മാറിയെന്നു മാത്രം. 

എല്ലാവരെയും പരിഗണനയിലെടുത്തുള്ള സംയുക്ത സർക്കാരാണ് ഇറാഖിൽ എപ്പോഴും വരാറുള്ളത്. ഇത്തവണയും അതിനുതന്നെയാണു സാധ്യത. ഇതിന്റെ ചർച്ചകൾ മാസങ്ങൾ നീണ്ടുപോയേക്കാം. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും ദൈർഘ്യമേറിയ യുദ്ധത്തിന്റെ ചരിത്രമാണ് ഇറാഖും ഇറാനും തമ്മിലുള്ളത് (1980–88). ഇസ്‌ലാമിക വിപ്ലവം നടന്ന് ഒരു വർഷം കഴിഞ്ഞാണ് ഇറാന് സദ്ദാം ഹുസൈന്റെ ഇറാഖുമായി ഏറ്റുമുട്ടേണ്ടിവന്നത്. രാജ്യാതിർത്തികൾ കടന്നുള്ള രഹസ്യസൈനിക സ്വാധീനത്തിന്റെ ആവശ്യകതയും സാധ്യതയും ഇറാൻ തിരിച്ചറിഞ്ഞത് ഈ യുദ്ധത്തിലാണ്. 

ലബനൻ (ഹിസ്ബുല്ല), യെമൻ (ഹൂതി), ഇറാഖ്, സിറിയ (ഒട്ടേറെ സംഘടനകൾ) തുടങ്ങി പല രാജ്യങ്ങളിലും ഇന്ന് ഇറാൻ അനുകൂല സായുധസംഘങ്ങളുണ്ട്. ഖദീമിക്കുനേരെയുള്ള ആക്രമണത്തിനു പിന്നിൽ കത്തബ് ഹിസ്ബുല്ല എന്ന സംഘടനയെയാണു പ്രധാനമായും സംശയിക്കുന്നത്. ഇറാഖിനെതിരായ യുദ്ധപ്രഖ്യാപനമല്ല, ഞങ്ങളിവിടെയുണ്ട് എന്ന ഓർമപ്പെടുത്തലായിരിക്കാം ഈ ആക്രമണത്തിന്റെ ലക്ഷ്യം. ഇറാന് ഇഷ്ടമില്ലാത്ത സർക്കാർ അധികാരമേറ്റാൽ രാജ്യം കലാപകലുഷിതമാകും എന്ന മുന്നറിയിപ്പും അതിലുണ്ട്. ഇറാനെ തൃപ്തിപ്പെടുത്താൻ സദറിനെ മാറ്റിനിർത്തിയുള്ള സർക്കാർ വരുമോ? അങ്ങനെ വന്നാൽ സദർ അടങ്ങിയിരിക്കുമോ? ഈ തിരഞ്ഞെടുപ്പ്ഫലം ഇറാഖിനുമുന്നിൽ ഇനിയും ചോദ്യങ്ങൾ തന്നെയാണ് ബാക്കിയാക്കുന്നത്.

iraq

പിന്മാറ്റം ഉറപ്പിച്ച് യുഎസ് 

ഈ വർഷം അവസാനത്തോടെ ഇറാഖിലെ യുഎസ് സൈനിക ദൗത്യം പൂർണമായി അവസാനിപ്പിക്കുമെന്നും പോരാട്ടത്തിനുള്ള സൈനിക വിഭാഗം പൂർണമായി നിർത്തുമെന്നും യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ ഇറാഖ് പ്രതിരോധ മന്ത്രി ജുമ ഇനാദ് സദുൻ അൽ ജബൂരിക്ക് ഉറപ്പു നൽകി. ഇറാഖ് സർക്കാർ ആവശ്യപ്പെട്ടാൽ അവരുടെ സേനയെ സഹായിക്കാൻ യുഎസ് സേന ഇറാഖിൽ തുടരുമെന്നും  വ്യക്തമാക്കിയിട്ടുണ്ട്. രഹസ്യാന്വേഷണ വിവരം പങ്കുവയ്ക്കൽ, സാങ്കേതിക സഹായം കൈമാറൽ എന്നിവയിലാകും യുഎസ് സേന ശ്രദ്ധിക്കുക. കഴിഞ്ഞ ജൂലൈയിൽ ഇരുരാജ്യങ്ങളും തമ്മിലുണ്ടാക്കിയ ധാരണയിലെ എല്ലാ വാഗ്ദാനങ്ങളും പാലിക്കുമെന്നും മനാമയിൽ പ്രാദേശിക സുരക്ഷ സംബന്ധിച്ചു നടന്ന വാർഷിക സമ്മേളനത്തിൽ ഓസ്റ്റിൻ വ്യക്തമാക്കി. രണ്ടായിരത്തഞ്ഞൂറോളം യുഎസ് സൈനികരാണ് ഇറാഖിൽ ഇപ്പോഴുള്ളത്.

അടുത്ത വർഷവും യുഎസ് സേന ഇറാഖിൽ തുടർന്നാൽ കളി മാറുമെന്ന് ഇറാൻ അനുകൂല സായുധസേനകൾ കഴിഞ്ഞ വെള്ളിയാഴ്ച മുന്നറിയിപ്പു നൽകിയിരുന്നു. തുടർന്നും തങ്ങാനാണു തീരുമാനമെങ്കിൽ നേർക്കുനേർ പോരിന് ഒരുങ്ങിക്കോളാനാണ് യുഎസിനോട് അവർ സൂചിപ്പിച്ചത്. അധിനിവേശത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളായി യുഎസ് ഉയർത്തിക്കാട്ടുന്ന കാര്യങ്ങൾക്കു വേണ്ടത്ര ഗൗരവം പോരെന്നതു സായുധ സേനകൾ പണ്ടേ ആരോപിക്കുന്നതാണ്.  

English Summary: Iran- Iraq politics; US to withdrawal from Iraq

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നിങ്ങൾ എപ്പോഴും ഒരുമിച്ചാണോ? ചിരിപ്പിച്ച് സജിയേട്ടനും അസിസ്റ്റന്റും | Jan E Man | Manorama Online

MORE VIDEOS
FROM ONMANORAMA