ADVERTISEMENT

നിസ്വാർഥതയുടെ കൈകൾകൊണ്ടു സഹജീവിസ്നേഹത്തിന്റെ ദീപം കൊളുത്തുന്നവരാണ് നമ്മുടെ ജീവിതത്തിൽ പ്രകാശം നിറയ്ക്കുന്നത്. ഹൃദയശുദ്ധിയുള്ള ദൗത്യങ്ങൾക്കായി ആത്മാർഥമായ കൈകോർക്കലുകളുണ്ടാകുമ്പോൾ നന്മ നക്ഷത്രശോഭയോടെ തിളങ്ങുന്ന അനുഭവങ്ങളിലൂടെ നമ്മുടെ നാട് ചിലപ്പോഴെങ്കിലും കടന്നുപോകുന്നുണ്ട്. കുറച്ചു നന്മമനസ്സുകൾ ചേർന്ന്, കണ്ണൂർ പയ്യന്നൂർ സ്വദേശി മുഹമ്മദ് ഉനൈസിനു ജീവിതം തിരിച്ചുനൽകിയതിനെക്കുറിച്ച് ഇക്കഴിഞ്ഞ ദിവസം നാം കേട്ടു.

ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിൽ ഉനൈസിനു കിട്ടിയ വിദേശജോലി നഷ്ടമാകാതിരിക്കാൻ ഏതാനുംപേർ നടത്തിയ ശ്രമത്തിന്റെയും അതിന്റെ വിജയത്തിന്റെയും കഥയാണിത്. കോവിഡ്കാലത്തു ജോലി നഷ്ടപ്പെട്ട് ഒന്നര വർഷമായി നാട്ടിലായിരുന്ന ഉനൈസിനു സിംഗപ്പൂരിൽ ജോലി ശരിയായി. നെടുമ്പാശേരി വിമാനത്താവളത്തിലേക്കു പോകാൻ, നാട്ടിൽനിന്നു മംഗളൂരു–തിരുവനന്തപുരം മലബാർ എക്സ്പ്രസിലാണു യാത്ര തിരിച്ചത്. അങ്കമാലി സ്റ്റേഷനിലിറങ്ങി, വിമാനത്താവളത്തിലെത്തിയ ഉനൈസ് ഞെട്ടലോടെ തിരിച്ചറിയുന്നു: പാസ്പോർട്ട് വച്ച പഴ്സ് കാണാനില്ല. 

ജോലി കൈവിട്ടുപോകുമെന്ന ആശങ്കയിൽ പഴ്സ് തേടി തിരികെ റെയിൽവേ സ്റ്റേഷനിലെത്തി സ്റ്റേഷൻ മാസ്റ്റർ സാജു ജേക്കബിനോടു വിവരം പറഞ്ഞു. ഉടനെ, തിരുവനന്തപുരം റെയിൽവേ കൺട്രോൾ റൂം ഉണർന്നുപ്രവർത്തിച്ചു. സിംഗപ്പൂരിലേക്കു വിമാനമുയരാൻ ഏറെസമയം ബാക്കിയുണ്ടായിരുന്നില്ല. സമയത്തിന്റെ വില തിരിച്ചറിഞ്ഞ റെയിൽവേ ഉദ്യോഗസ്ഥർ അതിവേഗം രംഗത്തിറങ്ങി. ട്രെയിനിൽനിന്ന് ടിടിഇ പത്മകുമാർ പഴ്സ് കണ്ടെത്തി. അപ്പോഴേക്കും ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിലെത്തിയ ട്രെയിനിൽനിന്നു പഴ്സ് ഏറ്റുവാങ്ങിയ സ്റ്റേഷൻ സൂപ്രണ്ട് കെ.ജി.ഉണ്ണിത്താൻ സ്റ്റേഷൻ വളപ്പിലെ ടാക്സി ഡ്രൈവർ ആർ.ബിജുവിനെ പഴ്സ് ഏൽപിച്ചു. രണ്ടു മണിക്കൂർ 15 മിനിറ്റ് കൊണ്ട് ആ കാർ നെടുമ്പാശേരിയിലെത്തി. പഴ്സ് ഏറ്റുവാങ്ങിയ ഉനൈസ് സിംഗപ്പൂരിലുമെത്തി. 

പ്രമുഖ ഹൃദയശസ്ത്രക്രിയാ വിദഗ്ധൻ ഡോ. ജോസ് ചാക്കോ പെരിയപ്പുറം കഴിഞ്ഞ വർഷം മലയാള മനോരമ ‘ഞായറാഴ്ച’യിൽ എഴുതിയ അനുഭവക്കുറിപ്പുകളിൽ, ജീവിതത്തിന്റെ വിലയുള്ള ഒരു യാത്രയ്ക്കു തൊട്ടുമുൻപ് തന്റെ പാസ്പോർട്ട് നഷ്ടപ്പെട്ടതിനെക്കുറിച്ചു പറയുന്നുണ്ട്. അയർലൻഡിലെ ഡബ്ലിനിലുള്ള റോയൽ കോളജിൽ എഫ്ആർസിഎസ് കോഴ്സിലേക്ക്, 1986ൽ അദ്ദേഹത്തിനു പ്രവേശനം കിട്ടിയ വേള. കൊച്ചിയിലെ ട്രാവൽ ഏജന്റിനെ കാണാൻ കോട്ടയത്തുനിന്നു ട്രെയിനിൽ പുറപ്പെടുന്നതിനിടെയാണു പാസ്പോർട്ട് നഷ്ടപ്പെട്ടുപോയത്. അതു ഡോ. ജോസിനു തിരികെ നൽകിയത് അന്നു കോട്ടയം റെയിൽവേ സ്റ്റേഷനിൽ ടാക്സി ഓടിച്ചിരുന്ന കെ.കെ.തോമസ് എന്ന ബേബിയാണ്. ‘പിന്നീടൊരിക്കലും എനിക്കു കാണാൻ കഴിയാത്ത ആ വ്യക്തി എന്റെ കാവൽമാലാഖയായിരുന്നുവെന്നു ഞാൻ കരുതുന്നു’ എന്നാണ് അദ്ദേഹം എഴുതിയത്. പക്ഷേ, ആ അനുഭവം പ്രസിദ്ധീകരിച്ചശേഷം, കളഞ്ഞുപോയ ആ ജീവിതം തിരിച്ചുകൊടുത്തയാളെ മൂന്നര പതിറ്റാണ്ടിനുശേഷം  ഡോക്ടർ വീട്ടിലെത്തി കണ്ടു, നന്ദി അറിയിച്ചു. 

ഈ പാസ്പോർട്ടുകൾ പ്രതീകങ്ങളാണ്; വറ്റാത്ത നന്മയും സ്നേഹവുമാണ്. നിശ്ചയദാർഢ്യവും കൈകോർക്കലുകളുമുണ്ടെങ്കിൽ വലുതും ചെറുതുമായ സാഫല്യങ്ങൾ നമുക്കു സാധ്യമാക്കാമെന്ന ഓർമപ്പെടുത്തലുമാണ്. 

സഹജീവിയുടെ നഷ്ടങ്ങളും സങ്കടങ്ങളും തിരിച്ചറിഞ്ഞ്, അതു പരിഹരിക്കുന്നവർ ഏതൊരു സമൂഹത്തിന്റെയും സൗഭാഗ്യമാണ്. ഈ സൗഭാഗ്യം നമ്മോടുകൂടി എന്നുമുണ്ടായിരിക്കട്ടെ. ഇവരെപ്പോലുള്ളവർ ഒപ്പമുള്ളതുകൊണ്ടുകൂടിയാണല്ലോ ഏതു പ്രളയത്തെയും രോഗത്തെയും ചെറുത്തുതോൽപിക്കാനുള്ള ആത്മവിശ്വാസം നമുക്കു കൈവരുന്നതും.

English Summary: Passport missing cases in train at Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com