‘സാറേ, ഇതു ഞങ്ങൾ ഉറങ്ങുന്ന സമയമാണ്’: പബ്ജിയോട് ഏറ്റുമുട്ടി അധ്യാപകർ

school-pubg
SHARE

സ്കൂളുകൾ തുറന്നെങ്കിലും മനസ്സുകൊണ്ട് കുട്ടികൾ ‘ക്ലാസിലെത്തിയോ’ ? കോവിഡ് അനന്തര വെല്ലുവിളികളെ എങ്ങനെ നേരിടാം ? ആദ്യ ആഴ്ചകളിലെ അനുഭവങ്ങൾ, വെല്ലുവിളികൾ...

നവംബർ ഒന്നിലെ ആദ്യ പീരിയഡ്. ക്ലാസിൽ ഓരോരുത്തരായി കോവിഡ്കാല അനുഭവങ്ങൾ പങ്കുവയ്ക്കുകയാണ്. യുട്യൂബ് ചാനൽ ആരംഭിച്ചുപൊളിഞ്ഞത്, സാമ്പാറുണ്ടാക്കാൻ ശ്രമിച്ചത്, ക്രാഫ്റ്റ്‌വർക്കിലൂടെ കാശുണ്ടാക്കിയത്, പച്ചക്കറിക്കൃഷി തുടങ്ങിയത്, സൈക്കിൾ ഓടിക്കാൻ പഠിച്ചത്... അങ്ങനെ വ്യത്യസ്ത അനുഭവങ്ങൾ. രസകരമായ അനുഭവ വിവരണങ്ങൾക്കിടയിലും ആൺകുട്ടികളിൽ ചിലർ ഉറക്കം തൂങ്ങുന്നതു ശ്രദ്ധയിൽപെട്ടു. ചോദിച്ചപ്പോൾ അവർ സത്യസന്ധമായി പറഞ്ഞു – ‘‘സാറേ, ഇതു ഞങ്ങൾ ഉറങ്ങുന്ന സമയമാണ്.’’

കൂടുതൽ ചോദിച്ചപ്പോൾ അറിഞ്ഞു. രാത്രി മുഴുവൻ അവർ പബ്ജിയോ ഫ്രീഫയറോ പോലുള്ള ഗെയിമുകൾ കളിച്ചിരിക്കും. ഉറങ്ങുന്നതു വെളുപ്പിനു നാലിനോ അഞ്ചിനോ ആണ്; എഴുന്നേൽക്കുന്നത് ഉച്ചയോടെയും. കോവിഡ്കാലത്ത് താളംതെറ്റിയ ബയളോജിക്കൽ ക്ലോക്ക് പ്രകാരം അവരിപ്പോൾ ഉറങ്ങേണ്ട സമയമാണ് ! ഇവരെ ക്ലാസ്റൂമിൽ ‘തിരിച്ചെത്തിക്കാൻ’ എന്താണു ചെയ്യേണ്ടത് ? സ്കൂൾ തുറന്നിട്ടു മൂന്നാഴ്ച പിന്നിടുമ്പോൾ കേരളത്തിലെ മിക്ക അധ്യാപകരും സ്വയം ചോദിച്ചിരിക്കാനിടയുള്ള ചോദ്യമാണിത്.

student-book

സ്കൂൾ തുറന്നപ്പോൾ

സ്കൂൾ തുറന്ന ശേഷമുള്ള ആദ്യ ആഴ്ചയിലെ അനുഭവങ്ങളിൽനിന്ന് നാം ശ്രദ്ധയൂന്നേണ്ട നാലു പ്രധാന മേഖലകൾ ഇവയാണ്.

∙ വിവിധ കാരണങ്ങളാൽ എല്ലാ കുട്ടികളും സ്കൂളുകളിൽ തിരിച്ചെത്തിയിട്ടില്ല. മലയോര, ആദിവാസി മേഖലകളിലും ഭാഷാന്യൂനപക്ഷ പ്രദേശങ്ങളിലും ഇങ്ങനെ ആയിരക്കണക്കിനു കുട്ടികളുണ്ട്. അവരെ തിരിച്ചെത്തിക്കാൻ കർമപദ്ധതി വേണം.

∙ ഒന്നര വർഷത്തെ സ്കൂൾ അടച്ചിടൽ മൂലം വലിയ തോതിൽ പഠനനഷ്ടം (Learning Loss) സംഭവിച്ചിട്ടുണ്ട്. വായന, എഴുത്ത്, ഗണിതം എന്നീ അടിസ്ഥാനശേഷികളിൽ കുട്ടികൾ എവിടെ നിൽക്കുന്നുവെന്ന് അറിയാൻ അക്കാദമിക നിലവാര പരിശോധന വേണം. 

∙ ഓഫ്‌ലൈൻ -ഓൺലൈൻ പഠനരീതികളുടെ ഫലപ്രദമായ സംയോജനം വേണം. സ്കൂളിലെത്തുന്ന കുട്ടികളെയും വീട്ടിലിരിക്കുന്ന കുട്ടികളെയും ഒരേസമയം പഠിപ്പിക്കാൻ ലൈവ് സ്ട്രീമിങ് സാധ്യതകൾ പരിഗണിക്കാം.

∙ അടച്ചിടൽകാലത്തെ മൊബൈൽ/ കംപ്യൂട്ടർ ഉപയോഗത്തിന്റെ ബാക്കിപത്രമായ സ്ക്രീൻ അഡിക്‌ഷനും ശാരീരിക-മാനസിക- വൈകാരിക സമ്മർദങ്ങളും മറികടക്കാനുതകുന്ന അക്കാദമിക തന്ത്രങ്ങൾ വേണം.

സ്കൂൾ തുറന്നശേഷമുള്ള ആദ്യ രണ്ടാഴ്ചത്തേക്കുള്ള മാർഗരേഖ സർക്കാർ ഇറക്കിയിരുന്നു. എന്നാൽ ഇനിയുള്ള മാസങ്ങളിലേക്കുള്ള അക്കാദമിക മാർഗരേഖ തയാറായിട്ടില്ല. സംസ്ഥാന തലത്തിലും വികേന്ദ്രീകൃതമായി സ്കൂൾ തലത്തിലും മാർഗരേഖ അനിവാര്യമാണ്. സ്കൂൾ തലത്തിൽ സ്റ്റുഡന്റ്സ് പ്ലാൻ, ടീച്ചേഴ്സ് പ്ലാൻ, പേരന്റ്സ് പ്ലാൻ എന്നിവയും ആവശ്യമായിവന്നേക്കാം. രക്ഷിതാക്കളെക്കൂടി കുട്ടിയുടെ പഠന പ്രക്രിയയുടെ ഭാഗമാക്കുന്നതിനുള്ള പ്രായോഗിക സമീപനം പേരന്റ്സ് പ്ലാനിലൂടെയുണ്ടാവണം.

teacher-student

കാപ്പ്, ചെറിയാക്കര മാതൃകകൾ

പഠനനഷ്ടം നികത്താൻ ദേശീയ അധ്യാപക അവാർഡ് ജേതാവായ പ്രധാനാധ്യാപകൻ വിധു പി.നായരുടെ നേതൃത്വത്തിൽ എറണാകുളം മൂവാറ്റുപുഴയ്ക്കടുത്ത് കാപ്പ് എൻഎസ്എസ് എൽപിഎസ് മുന്നോട്ടുവച്ച മാതൃക ശ്രദ്ധേയമാണ്. സ്കൂൾ തുറന്നശേഷം അവർ ആദ്യം ചെയ്തത് അടിസ്ഥാന അറിവുകൾ ഓരോ കുട്ടിയിലും എത്രകണ്ട് ഉണ്ടെന്നു പരിശോധിക്കുകയായിരുന്നു. 50 % കുട്ടികൾക്ക് അടിയന്തര പിന്തുണയും പുനർപഠനവും ആവശ്യമാണെന്നു തിരിച്ചറിഞ്ഞു. ഇതു പരിഹരിക്കാനുള്ള പഠന പാക്കേജും തയാറാക്കി. 

ഒരേ പഠനപ്രശ്നങ്ങൾ നേരിടുന്ന കുട്ടികളുടെ ക്ലസ്റ്ററുകൾ രൂപീകരിച്ചു. ഉദാ: 15 കുട്ടികൾക്കു കൂട്ടക്ഷരപ്രശ്നമുണ്ടെങ്കിൽ അവരുടെ ക്ലസ്റ്റർ, സംഖ്യാബോധത്തിന്റെ പ്രശ്നമെങ്കിൽ മറ്റൊരു ക്ലസ്റ്റർ. വെള്ളി, ശനി ദിവസങ്ങളിൽ പ്രത്യേക ക്ലാസുകൾ. ഡിസംബർ അവസാനം പ്രതീക്ഷിതനിലവാരം ഉറപ്പാക്കിയശേഷം മുഖ്യധാരാ അധ്യയനത്തിലേക്കു കടക്കും. 

കാസർകോട് ചെറിയാക്കര ഗവ.എൽപിഎസ് പഠനം ഓഫ്‌ലൈൻ– ഓൺലൈൻ ബ്ലെൻഡഡ് പഠന രീതി നടപ്പാക്കിക്കഴിഞ്ഞു. ക്ലാസിൽ പഠിപ്പിക്കുന്ന കാര്യങ്ങൾ വീടുകളിലിരിക്കുന്ന 50% കുട്ടികൾക്ക് അപ്പോൾ തന്നെ ലൈവ് സ്ട്രീമിങ്ങിലൂടെ ലഭിക്കുന്നു. ദേശീയ അധ്യാപക അവാർഡ് ജേതാവ് എം. മഹേഷ് കുമാറിന്റെ നേതൃത്വത്തിലാണു പ്രവർത്തനങ്ങൾ.

teacher

ഹാപ്പിനെസ് കരിക്കുലം, ബ്രിജിങ്

എല്ലാ സ്കൂളുകളിലും ഒന്നു മുതൽ പന്ത്രണ്ടു വരെ ക്ലാസുകളിൽ എല്ലാ വിഷയങ്ങളിലും കരിക്കുലത്തിനു പുറമേ, ഇതുവരെയുള്ള പഠനനഷ്ടം പരിഹരിക്കാൻ സഹായകരമായ ബ്രിജ് (bridge) കോഴ്സുകളും രൂപപ്പെടുത്തേണ്ടതുണ്ട്. സാമൂഹികമായും ഭൂസ്ഥിതിപരമായും സാമ്പത്തികമായും പിന്നാക്കമുള്ള മേഖലകളിൽ ബ്രിജിങ്ങിന് ഏറെ പ്രാധാന്യമുണ്ട്. വരുന്ന അക്കാദമിക വർഷം പരീക്ഷകളുടെ വർഷമല്ല, മറിച്ച് സ്കൂളുകളുടെ സന്തോഷ സൂചിക (Happiness index ) ഉറപ്പു വരുത്താനുതകുന്ന ഹാപ്പിനെസ് കരിക്കുലത്തിന്റെ വർഷമാകണം. 

പാലക്കാട് ജില്ലയിലെ ആനക്കര ഗവ. ഹൈസ്കൂളിൽ അധ്യാപകൻ തോംസൺ കുമരനല്ലൂരിന്റെ നേതൃത്വത്തിൽ തുടങ്ങിയ ‘റേഡിയോ പോപ്പിൻസ്’ എന്ന ആപ് അധിഷ്ഠിത സ്കൂൾ റേഡിയോ സംവിധാനം മൗലികമായ ഇടപെടലാണ്. വിദ്യാർഥികൾ തന്നെയാണു റേഡിയോ ജോക്കികൾ. സ്കൂളിലെ മ്യൂസിക് ടീച്ചറായ തെരേസ തദേവൂസാണു തീംസോങ് ചിട്ടപ്പെടുത്തിയത്. 

നാൽപത്തിയഞ്ചോളം ദേശീയ ശാസ്ത്ര വെബിനാറുകൾ ഉൾപ്പെടെ വിവിധ പരിപാടികളുമായി കോഴിക്കോട് ബാലുശ്ശേരി ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപകൻ യു.കെ. ഷജിലിന്റെ നേതൃത്വത്തിലുള്ള എജ്യുമിഷൻ സ്കിൽ ഡവലപ്മെന്റ് പ്രോഗ്രാം,  തിരുവനന്തപുരം നേമം ജിയുപിഎസിൽ പ്രധാനാധ്യാപകൻ എ.എസ്. മൻസൂറിന്റെ നേതൃത്വത്തിൽ ആവിഷ്കരിച്ച ‘പുസ്തകച്ചുമരുകൾ’ (ക്ലാസ് മുറിയിൽ തന്നെ ഗ്രന്ഥപ്പുര) എന്നിവ നല്ല മാതൃകകളിൽ ചിലതു മാത്രം. 

student

വ്യത്യസ്ത  ഇടപെടലുകൾ

∙ പഠനനഷ്ടം പരിഹരിക്കാൻ പ്രത്യേക പാക്കേജ്: മൂവാറ്റുപുഴ കാപ്പ് എൻഎസ്എസ് എൽപിഎസ്

∙ ലൈവ് സ്ട്രീമിങ്ങിലൂടെ ഓഫ്‌ലൈൻ– ഓൺലൈൻ സംയോജനം: കാസർകോട് ചെറിയാക്കര ഗവ.എൽപിഎസ് 

∙ ആപ് അധിഷ്ഠിത സ്കൂൾ റേഡിയോ: പാലക്കാട് ആനക്കര ഗവ. ഹൈസ്കൂൾ

∙ നാൽപത്തിയഞ്ചോളം ശാസ്ത്ര വെബിനാറുകൾ: കോഴിക്കോട് ബാലുശ്ശേരി ഗവ. ജിഎച്ച്എസ്എസ്

∙ ക്ലാസ് മുറിയിൽ  ഗ്രന്ഥപ്പുര: തിരുവനന്തപുരം നേമം ജിയുപിഎസ്

പാൻഡമിക് + പെഡഗോജി = പാൻഡമഗോജി

മഹാമാരിക്കു (പാൻഡമിക്) ശേഷമുള്ള കാലഘട്ടത്തിലെ ബോധനപ്രക്രിയയാണു പാൻഡമഗോജി. കോവിഡ് സൃഷ്ടിച്ച പ്രതിസന്ധികളെ കൂട്ടായി മറികടക്കാനുള്ള മാനസിക- വൈകാരിക - ശാരീരികാരോഗ്യ പാഠങ്ങളും ക്രിയാത്മക ജീവിത സമീപനങ്ങളും ശുഭാപ്തിവിശ്വാസവും നിറയ്ക്കുന്ന ബോധന സമീപനമാണത്. വിദ്യാർഥിയെ ചേർത്തുപിടിക്കുകയും പഠനത്തെ സന്തോഷപ്രദമായ അനുഭവമാക്കി മാറ്റുകയും ചെയ്യുന്ന പാൻഡമഗോജിയാണ് ഇപ്പോൾ വേണ്ടത്.

സ്റ്റുഡന്റ് വെൽഫെയർ ടീം: ഫിൻലൻഡ് മാതൃക

തിമോത്തി ഡി.വാക്കർ എഴുതിയ ‘ടീച്ച് ലൈക്ക് ഫിൻലൻഡ്’ എന്ന പുസ്തകത്തിൽ ആ രാജ്യത്തെ സ്റ്റുഡന്റ് വെൽഫെയർ ടീമിനെക്കുറിച്ചു സൂചിപ്പിക്കുന്നുണ്ട്. പ്രിൻസിപ്പൽ, ക്ലാസ് ടീച്ചർ, മനഃശാസ്ത്രജ്ഞ / മനഃശാസ്ത്രജ്ഞൻ, സാമൂഹിക പ്രവർത്തക/സാമൂഹിക പ്രവർത്തകൻ, നഴ്സ്, ഭിന്നശേഷി വിദ്യാർഥികളെ പഠിപ്പിക്കുന്ന റിസോഴ്സ് ടീച്ചർ എന്നിവരാണ് ആ ടീമിലുള്ളത്. കുട്ടികളുടെ അക്കാദമിക പുരോഗതിക്കൊപ്പം ശാരീരിക-മാനസിക- വൈകാരിക ആരോഗ്യവും ഉറപ്പു വരുത്തുകയാണു ലക്ഷ്യം. കൃത്യമായ ഇടവേളകളിൽ ഓരോ കുട്ടിയുടെയും സന്തോഷ സൂചിക പരിശോധിച്ചു പരിഹാര നിർദേശങ്ങൾ നൽകും. കേരളത്തിൽ പിടിഎ പ്രസിഡന്റ്, സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി ചെയർപഴ്സൻ, വിദ്യാർഥി പ്രതിനിധി, ഭിന്നശേഷി വിദ്യാർഥികളുടെ രക്ഷാകർതൃ പ്രതിനിധി എന്നിവരെ ഉൾപ്പെടുത്തി ടീം വിപുലീകരിക്കാവുന്നതാണ്. 

manoj
കെ.വി.മനോജ്

അധ്യാപകർക്ക് മാർക്കിടുമ്പോൾ

പുതിയ ദേശീയ വിദ്യാഭ്യാസ നയപ്രകാരം അധ്യാപകർക്കും നിലവാരപരിശോധന വരികയാണ്. നാഷനൽ കൗൺസിൽ ഫോർ ടീച്ചർ എജ്യുക്കേഷൻ (എൻസിടിഇ) തയാറാക്കിയ കരടു മാർഗരേഖയിൽ പൊതുസമൂഹത്തിന്റെ അഭിപ്രായം തേടിയിരിക്കുകയാണ്. ഇത്തരം വിലയിരുത്തൽ എങ്ങനെ നടത്തുന്നു എന്നതാണു പ്രധാനം. ഫിൻലൻഡും മറ്റുചില നോർഡിക് രാജ്യങ്ങളും ഇതിനു ശാസ്ത്രീയവും വികേന്ദ്രീകൃതവുമായ രീതി അവലംബിക്കുന്നുണ്ട്. മുൻകൂട്ടി തയാറാക്കുന്ന മികവു മാനദണ്ഡങ്ങൾ അധ്യാപകരെ അറിയിച്ചും അതിനനുസൃതമായി അവരെ സജ്ജരാക്കിയും സാങ്കേതികവും അക്കാദമികവും ബോധനശാസ്ത്രപരവുമായ പിന്തുണ നൽകിയുമാണ് അവിടങ്ങളിലെ വിലയിരുത്തൽ. പൊതുപരീക്ഷയിലെ ഫലത്തെക്കാളുപരി, വിദ്യാർഥിയുടെയും സ്കൂളിന്റെയും സമഗ്രപുരോഗതിയാണു മാനദണ്ഡം. ഏകീകൃതമോ കേന്ദ്രീകൃതമോ ആയല്ല, പ്രാദേശിക ഘടകങ്ങൾ കൂടി പരിഗണിച്ചുള്ള വിലയിരുത്തലാണു നടക്കുന്നത്. ഇവിടെയും ഇതുസംബന്ധിച്ച ചർച്ചകൾ കേരളത്തിന്റെ അക്കാദമിക വ്യവസ്ഥയെയും ഫെഡറൽ സ്വഭാവത്തെയും മുൻനിർത്തി നടക്കേണ്ടതുണ്ട്.

അധ്യാപകരുടെ മാനസികാരോഗ്യം

സ്കൂളുകൾ അടഞ്ഞുകിടന്ന കാലത്ത് ലോകമെങ്ങും അധ്യാപകരും മാനസിക സമ്മർദവും ഒറ്റപ്പെടലും അനുഭവിച്ചതായി യുനെസ്കോയുടെ പഠനം സൂചിപ്പിക്കുന്നു. കേരളത്തിൽ എസ്‌സിഇആർടിയും തിരുവനന്തപുരം ഗവ. വിമൻസ് കോളജ് മനഃശാസ്ത്ര വകുപ്പും ചേർന്നു നടത്തിയ പഠനത്തിലെ ചില കണ്ടെത്തലുകൾ ഇങ്ങനെ: 

∙ ഒറ്റപ്പെടൽ അനുഭവിക്കുന്ന അധ്യാപകർ 25.73 % 

∙ വിഷാദ ലക്ഷണങ്ങളുള്ളവർ 12.86 %

∙ ഉത്കണ്ഠകൾ അലട്ടുന്നവർ 11.89 %

∙ അസ്വസ്ഥതകൾ നേരിടുന്നവർ 10.68 %

കേരളത്തിലെ 48 % അധ്യാപകരും സംതൃപ്തരല്ലെന്നു 2017ലെ നാഷനൽ അച്ചീവ്മെന്റ് സർവേയിൽ കണ്ടെത്തിയിരുന്നു. അധ്യാപകപരിശീലന പരിപാടികളിൽ ശാരീരിക- മാനസിക- വൈകാരികാരോഗ്യ സെഷനുകൾ അനിവാര്യമാണ്.  ഒറ്റ ദിവസത്തെ അധ്യാപക പരിശീലനത്തിലൂടെ ഇതു സാധ്യവുമല്ല.

ഹൈബ്രിഡ് ക്ലാസിലെ വെല്ലുവിളികൾ

മൾട്ടിടാസ്കിങ് ജോലിയായി അധ്യാപനം നേരത്തേ തന്നെ മാറിയിട്ടുണ്ട്. അക്കാദമിക പ്രവർത്തനങ്ങൾക്കു പുറമേ ഐടി അധിഷ്ഠിത പ്രവർത്തനങ്ങൾ, പ്രഭാത - ഉച്ചഭക്ഷണ വിതരണം, യൂണിഫോം വിതരണം, സ്റ്റുഡന്റ്സ് പൊലീസ്, എൻസിസി, സ്കൗട്സ് ആൻഡ് ഗൈഡ്‌സ്, റെഡ്ക്രോസ് തുടങ്ങിയവയുടെ ചുമതലകൾ എന്നിവയും അധ്യാപകർക്ക് ഏറ്റെടുക്കേണ്ടതായിട്ടുണ്ട്. ഇതിനിടെ, പുലർച്ചെയും വൈകിട്ടും രാത്രിയുമായുള്ള ഓൺലൈൻ ക്ലാസുകളുമുണ്ട്. വിദ്യാർഥികളെ ക്ലാസ് മുറിയിലേക്കു തിരിച്ചെത്തിക്കാൻ ചുമതലപ്പെട്ടവരാണെങ്കിലും, അധ്യാപകരുടെ സ്ഥിതി അത്ര ഭദ്രമല്ലെന്നു ചുരുക്കം. 

(വയനാട് അമ്പലവയൽ ജിവിഎച്ച്എസ്എസിലെ പൊളിറ്റിക്കൽ സയൻസ് അധ്യാപകനായ ലേഖകൻ ഫുൾബ്രൈറ്റ് സ്കോളറും എസ്‌സിഇആർടി മുൻ റിസർച് ഓഫിസറുമാണ്)

English summary: Challenges after reopening schools in Kerala

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നിങ്ങൾ എപ്പോഴും ഒരുമിച്ചാണോ? ചിരിപ്പിച്ച് സജിയേട്ടനും അസിസ്റ്റന്റും | Jan E Man | Manorama Online

MORE VIDEOS
FROM ONMANORAMA