ADVERTISEMENT

മരുന്നോ മറ്റു ചികിത്സാ പരിഹാരങ്ങളോ ഇല്ലാതെ മഹാമാരിക്കു മുന്നിൽ പകച്ചുനിന്ന ജനതയ്ക്ക് ആശ്വാസം പകർന്നാണ് കഴിഞ്ഞ ജനുവരി 16 മുതൽ കോവിഡ് വാക്സീൻ ലഭിച്ചുതുടങ്ങിയത്. ഒരു മാസംമുൻപ്, രാജ്യത്തു വാക്സീൻ കുത്തിവയ്പ് 100 കോടിയിലെത്തിയത് ആശ്വാസത്തിന്റെയും ആത്മവിശ്വാസത്തിന്റെയും സുപ്രധാന നാഴികക്കല്ലായി മാറുകയും ചെയ്തു. സമയപരിധി കഴിഞ്ഞിട്ടും രണ്ടാം ഡോസ് കോവിഡ് വാക്സീൻ എടുക്കാതെ കേരളത്തിൽ 14.18 ലക്ഷം പേരുണ്ടെന്ന ആരോഗ്യ വകുപ്പിന്റെ റിപ്പോർട്ട് ഇതിനിടെ, അത്യധികം ആശങ്കാജനകമായ വാർത്തയായിത്തീരുന്നു.

ഈ പട്ടികയിലുള്ള 3.02 ലക്ഷം പേർ കോവിഡ് ബാധിച്ചതിനെത്തുടർന്നാണു രണ്ടാം ഡോസ് എടുക്കാൻ വൈകുന്നത്. ഒന്നാം ഡോസിനു ശേഷം വിദേശത്തേക്കു പോയവർ, ആദ്യ ഡോസിനു ശേഷം അലർജി ബാധിച്ചവർ, ആദ്യ ഡോസിനു ശേഷം മരിച്ചുപോയവർ, മറ്റു രോഗങ്ങൾ മൂലം ചികിത്സയിലുള്ളവർ, രണ്ടു ഫോൺ നമ്പർ ഉൾപ്പെടെയുള്ള കാരണങ്ങളാൽ പേര് ഇരട്ടിച്ചവർ തുടങ്ങിയവരൊക്കെ ഇക്കൂട്ടത്തിലുണ്ട്. 

റിപ്പോർട്ടിൽ പറയുന്ന 22,357 പേർ രണ്ടാം ഡോസിനു വിസമ്മതം പ്രകടിപ്പിച്ചവരാണെന്നത് അതീവ ഗൗരവത്തോടെ കാണേണ്ടതുണ്ട്. അതുകൊണ്ടുതന്നെ, സമഗ്രമായ നാടുണർത്തലും ഇവരിൽ ഓരോരുത്തരെയും കണ്ടുള്ള വ്യാപകമായ ബോധവൽക്കരണവും ആവശ്യമായിവരുന്നു. വാക്സീൻ എടുക്കുന്നതു തനിക്കുവേണ്ടി മാത്രമല്ല, മറ്റുള്ളവർക്കു വേണ്ടിക്കൂടിയാണെന്ന തിരിച്ചറിവ് ഓരോരുത്തർക്കും ഉണ്ടായേതീരൂ. പൗരബോധത്തിന്റെയും സാമൂഹിക പ്രതിബദ്ധതയുടെയും അടയാളം കൂടിയാണത്. വാക്സീൻ എടുക്കാതിരിക്കുമ്പോൾ സമൂഹത്തോടുകൂടിയുള്ള ഗുരുതരമായ തെറ്റായി അതു മാറുന്നു.

ആരോഗ്യ വകുപ്പിന്റെ റിപ്പോർട്ട് പ്രകാരം, 6.91 ലക്ഷം പേർക്കു വാക്സീൻ ലഭിച്ചിട്ടില്ല. വാക്സീൻ വിതരണത്തിനു ചുമതലപ്പെട്ട സർക്കാർസംവിധാനങ്ങളുടെ  കാര്യക്ഷമതയില്ലായ്മ അറിയിക്കുന്നതാണിത്. വാക്സീൻ കുത്തിവയ്പിനു കാത്തിരിക്കുന്നവർക്ക് അതു നൽകാതിരിക്കുന്നതിനു ന്യായമില്ല. ഇപ്പോഴുള്ള മന്ദഗതി വെടിഞ്ഞ്, കേരളത്തിൽ വാക്സീൻ വിതരണം വേഗത്തിലാക്കേണ്ടതുണ്ട്. 

കിടപ്പുരോഗികളടക്കം ഒട്ടേറെപ്പേർ സംസ്ഥാനത്തു വാക്സീൻ എടുക്കാതെ വീടുകളിലുണ്ടെന്നതു സർക്കാർ ഗൗരവത്തോടെ കാണണം. വീടുകളിൽ പോയി കോവിഡ് വാക്സിനേഷൻ ഊർജിതമാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഈയിടെ നിർദേശിക്കുകയുണ്ടായി. മതനേതാക്കളുടെയും എൻസിസി, എൻഎസ്എസ് എന്നിവയുടെയും സഹായം തേടാമെന്നും സമയം കഴിഞ്ഞിട്ടും രണ്ടാം ഡോസ് എടുക്കാത്തവരുമായി ബന്ധപ്പെടണമെന്നും അദ്ദേഹം പറയുകയുണ്ടായി. രണ്ടാം ഡോസ് വിതരണത്തിനു പ്രാമുഖ്യം നൽകണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞദിവസം നിർദേശം നൽകിയിരുന്നു. രണ്ടാം ഡോസ് എടുക്കാനുള്ളവരുടെ വിവരം തദ്ദേശസ്ഥാപനങ്ങളിലെ വാർഡ്തല സമിതികളുടെ നേതൃത്വത്തിൽ ശേഖരിക്കാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗം തീരുമാനിച്ചിട്ടുണ്ട്. 

കുത്തിവയ്പിൽ സ്വാഭാവികമായി നഷ്ടപ്പെടാവുന്ന ഡോസ് കൂടി ഉപയോഗപ്പെടുത്തി കൂടുതൽപേർക്കു വാക്സീൻ നൽകാൻ കേരളത്തിനു കഴിഞ്ഞതു രാജ്യശ്രദ്ധയിൽ എത്തിയതാണ്. വാക്സീൻ വിതരണത്തിലെ ദേശീയ ശരാശരിയെക്കാൾ കൂടുതൽ കേരളത്തിനു നൽകാൻ കഴിഞ്ഞതു കൂടുതൽ ഡോസ് കേന്ദ്രം തന്നതുകെ‍ാണ്ടായിരുന്നില്ലെന്നും കിട്ടിയ വാക്സീൻ പാഴാക്കാതെയും കൃത്യമായും ഉപയോഗിച്ചതുകെ‍ാണ്ടാണെന്നും ഓർമിക്കാം. ആ സൂക്ഷ്മശ്രദ്ധയും നിർവഹണ –ഏകോപന മികവും സാർവത്രിക വാക്സീൻ എന്ന ലക്ഷ്യത്തിൽക്കൂടി നാം കാണിക്കേണ്ടതല്ലേ? 

നിയന്ത്രണത്തിൽ വരുത്തിയ ഇളവുകൾ ആഘോഷമാക്കാതിരിക്കാനും കോവിഡിനെതിരെയുള്ള പ്രതിരോധത്തിൽ ചെറുവിള്ളൽ പോലും വരുത്താതിരിക്കാനുമുള്ള  ജാഗ്രത ഓരോരുത്തർക്കും ഉണ്ടാവണം. വാക്സീൻ നൽകിയ ആത്മവിശ്വാസത്തിന്റെ പേരിൽ മാസ്ക് ഉപേക്ഷിക്കുകയും മറ്റും ചെയ്ത ചിലരെങ്കിലും നമുക്കൊപ്പമുള്ളതു നിർഭാഗ്യകരമാണ്. കോവിഡ് മരണകാരണമാകാതിരിക്കാനും രോഗതീവ്രത കുറയ്ക്കാനുമാണു വാക്സീൻ സഹായിക്കുക എന്നതാണ് ഇതിനകം നമുക്കു കൈവന്ന അനുഭവപാഠം.  

കോവിഡിനെതിരെയുള്ള ഏക ആയുധം എല്ലാവരിലേക്കും എത്തിക്കുന്ന കാര്യത്തിൽ ഒരു കാരണവശാലും മെല്ലെപ്പോക്കും അനിശ്ചിതത്വവും ഉണ്ടായിക്കൂടാ. സാർവത്രിക വാക്സീൻ കുത്തിവയ്പ് എന്ന ലക്ഷ്യത്തിലെത്താൻ കേരളം ഇനിയും വൈകരുത്.

 

English Summary: Everyone should take Covid vaccine

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com