യുപിയിലെ ‘ബി ടീം’ കളി; ബിജെപിക്ക് വീണ്ടും കളമൊരുക്കുമോ അസദുദ്ദീൻ ഉവൈസി ?

ദേശീയം
owaisi
അസദുദ്ദീൻ ഉവൈസി
SHARE

യുപി തിരഞ്ഞെടുപ്പിൽ 100 സീറ്റുകളിൽ മത്സരിക്കാനാണ് അസദുദ്ദീൻ ഉവൈസിയുടെ എഐഎംഐഎം തീരുമാനം. മുസ്‌ലിം സ്വാധീനമേഖലയിൽ ബിജെപി വിരുദ്ധ വോട്ടുകൾ ഭിന്നിപ്പിക്കാനാണ് ഉവൈസിയുടെ നീക്കമെന്നാണു സമാജ്‌വാദി പാർട്ടിയുടെയും കോൺഗ്രസിന്റെയും ആരോപണം. ബിജെപിയുടെ മറ്റൊരു ബി ടീം ബിഎസ്പിയാണെന്നും സമാജ്‌വാദി പാർട്ടി ആരോപിക്കുന്നു. 

ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ എത്ര ‘ബി ടീം’ ഉണ്ട് ? മറ്റൊരു രാഷ്ട്രീയകക്ഷിയുടെ നിഴലായി പ്രവർത്തിക്കുന്നെന്ന ഗുരുതര ആരോപണം ഇപ്പോൾ നേരിടുന്നതു ഹൈദരാബാദ് ആസ്ഥാനമായ ഓൾ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുൽ മുസ്‌ലിമീൻ (എഐഎംഐഎം) എന്ന കക്ഷിയാണ്. യുപി നിയമസഭയിലെ 403 സീറ്റുകളിൽ 100 എണ്ണത്തിൽ മത്സരിക്കുമെന്നു സംഘടനയുടെ അധ്യക്ഷൻ അസദുദ്ദീൻ ഉവൈസി പ്രഖ്യാപിച്ചതിനു പിന്നാലെയാണ്, ബിജെപി വിരുദ്ധ വോട്ടുകൾ ഭിന്നിപ്പിക്കാനാണ് എഐഎംഐഎം സ്ഥാനാർഥികളെ ഇറക്കുന്നതെന്ന വിമർശനം സമാജ്‌വാദി പാർട്ടിയും കോൺഗ്രസും ഉയർത്തിയത്. 

ഉവൈസിയുടെ ശക്തമായ സാന്നിധ്യം മൂലം 2020ൽ ബിഹാറിൽ യുപിഎയ്ക്കു നിർണായകമായ 10 സീറ്റുകളാണു നഷ്ടമായത്. ഇതുമൂലമാണു ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനും സഖ്യകക്ഷി ബിജെപിക്കും വിജയം നേടാൻ കഴിഞ്ഞത്. 2018ൽ കർണാടക നിയമസഭാ തിരഞ്ഞെടുപ്പിലും എഐഎംഐഎം സ്ഥാനാർഥികൾ ബിജെപി സ്ഥാനാർഥികളുടെ വിജയത്തിനു കാരണമായിത്തീർന്നെന്നു കോൺഗ്രസ് ആരോപിച്ചിരുന്നു. 2018ലെ തിരഞ്ഞെടുപ്പു ഫലം വന്നപ്പോൾ കർണാടകയിൽ ത്രിശങ്കു സഭയായിരുന്നു; ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയും. ഈ വർഷം നടന്ന ബംഗാൾ തിരഞ്ഞെടുപ്പിലാകട്ടെ മമത ബാനർജിക്കുള്ള വൻ അനുകൂല വോട്ടുകളെ കുറയ്ക്കാനും ഉവൈസിയുടെ സ്ഥാനാർഥികൾ ഇടയാക്കി. പക്ഷേ മമത ആരോപിച്ചത്, കോൺഗ്രസും സിപിഎമ്മും ബിജെപിയുടെ ബി ടീം ആയി ബംഗാളിൽ പ്രവർത്തിച്ചെന്നാണ്. കാരണം, അവർ ന്യൂനപക്ഷ വോട്ടുകൾ ലക്ഷ്യമിട്ട് ഇന്ത്യൻ സെക്കുലർ ഫ്രണ്ട് എന്ന പുതിയ കക്ഷിയുമായി മമതയ്ക്കെതിരെ സഖ്യമുണ്ടാക്കിയിരുന്നു.

ഉള്ള കാര്യം വെട്ടിത്തുറന്നുപറയാൻ ധൈര്യമുള്ള ഏക രാഷ്ട്രീയ നേതാവു താനാണെന്നും അതിനാലാണു തനിക്കു രാജ്യമെങ്ങും പിന്തുണ ലഭിക്കുന്നതെന്നുമാണു ഉവൈസിയുടെ മറുപടി. എഐഎംഐഎം ഒഴികെയുള്ള ബിജെപി ഇതര കക്ഷികളിൽ മുസ്‌ലിം സമൂഹം നിരാശരാണ്. കാരണം അവരെല്ലാം ബിജെപിയുടെ ബി ടീം ആയി മാറിക്കഴിഞ്ഞു. മുസ്‌ലിംകൾ മാത്രമല്ല, പാവങ്ങളായ ഹിന്ദുക്കളിലെ പിന്നാക്കവിഭാഗങ്ങളും എഐഎംഐഎമ്മിന്റെ രാഷ്ട്രീയത്തിൽ ആകൃഷ്ടരായിട്ടുണ്ടെന്നും അദ്ദേഹം വാദിക്കുന്നു.

നരേന്ദ്ര മോദിക്കെതിരെ കർഷകരെ സമരരംഗത്തിറക്കി വിജയം നേടിയ രാകേഷ് ടികായത്താണ് ഉവൈസിയുടെ മറ്റൊരു കടുത്ത വിമർശകൻ. അമ്മാവനും അനന്തരവനും തമ്മിലുള്ള ബന്ധം പോലെയാണ് ഉവൈസിയും ബിജെപിയും തമ്മിലുള്ളതെന്നാണു ടികായത്ത് പരിഹസിച്ചത്. പൗരത്വ നിയമ ഭേദഗതി പിൻവലിക്കണമെന്ന് ഉവൈസി പ്രസ്താവനയിറക്കിയപ്പോഴായിരുന്നു ഈ പരാമർശം. പൗരത്വ നിയമം പിൻവലിക്കാൻ ഉവൈസിക്കു തന്റെ അമ്മാവന്മാരോടു ‘സ്വകാര്യമായി’ ആവശ്യപ്പെട്ടാൽ പോരേ എന്നാണു ടികായത്ത് ചോദിച്ചത്.  

bjp-up

എന്നാൽ, പടിഞ്ഞാറൻ യുപിയിലെ പ്രബലരായ ജാട്ട് സമുദായ നേതാവായ ടികായത്തിന് തന്റെ മേഖലയിൽ ഉവൈസിക്കു സ്വാധീനം വർധിക്കുന്നതിന്റെ കുശുമ്പാണു വിമർശനത്തിനു കാരണമെന്ന് എഐഎംഐഎം നേതാക്കൾ തിരിച്ചടിക്കുന്നു. പടിഞ്ഞാറൻ യുപിയിലെ മീററ്റ്, ഗാസിയാബാദ്, സഹറാൻപുർ, മുസാഫർനഗർ എന്നീ ജില്ലകളിലെ മുസ്‌ലിം ഭൂരിപക്ഷ മണ്ഡലങ്ങളിലെല്ലാം എഐഎംഐഎം സ്ഥാനാർഥികളെ നിർത്തുന്നുണ്ട്. 

യുപിയിലെ ബിജെപിയുടെ മറ്റൊരു ബി ടീം ബഹുജൻ സമാജ് പാർട്ടി (ബിഎസ്പി) ആണെന്നാണു മുൻമുഖ്യമന്ത്രി അഖിലേഷ് യാദവ് നയിക്കുന്ന സമാജ്‌വാദിപാർട്ടി (എസ്പി)യുടെ ആരോപണം. താൻ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതു ജയിക്കാനാണെന്നാണു ബിഎസ്പി മേധാവിയും മുൻമുഖ്യമന്ത്രിയുമായ മായാവതിയുടെ മറുപടി. സ്ത്രീ വോട്ടുകൾ പിളർത്തിക്കൊണ്ട് കോൺഗ്രസ്, എസ്പിയുടെ ബി ടീം ആയി പ്രവർത്തിക്കുന്നുവെന്നാണു ബിജെപിയുടെ ആരോപണം. 

പുരുഷസ്ഥാനാർഥികൾക്കു വൻ ആധിപത്യമുള്ള സംസ്ഥാനത്ത് 40 ശതമാനം സീറ്റുകൾ സ്ത്രീകൾക്കു നീക്കിവയ്ക്കുമെന്ന കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ പ്രഖ്യാപനത്തോടുള്ള പ്രതികരണമായാണു ബിജെപി ഇതു പറഞ്ഞത്.

പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനത്തുനിന്നു കോൺഗ്രസ് ഹൈക്കമാൻഡ് പുറത്താക്കിയ അമരിന്ദർ സിങ്, അകാലിദളിനോടും ബിജെപിയോടും മൃദുസമീപനമാണു സ്വീകരിച്ചിരുന്നതെന്ന ആരോപണം പണ്ടേയുള്ളതാണ്. പക്ഷേ സിങ് ഇപ്പോൾ പറയുന്നത് അകാലിദളുമായി ഒരു കൂട്ടുമില്ല, പകരം ബിജെപിയുമായി സഖ്യമാകാം എന്നാണ്. കോൺഗ്രസിനുള്ളിലെ അകാലി, ബിജെപി അനുകൂലിയെന്ന വിമർശനം ദീർഘകാലം സഹിച്ചശേഷം അമരിന്ദർ ഇപ്പോൾ സ്വയം എ ടീം ആയിരിക്കുന്നു. അദ്ദേഹത്തിനു പക്ഷേ എ ക്ലാസ് ഫലം ഉണ്ടാകുമോ എന്നതു കണ്ടറിയണം.

കേരളത്തിൽ സിപിഎം, കോൺഗ്രസ്, ബിജെപി എന്നീ കക്ഷികളെല്ലാം ഓരോ തിരഞ്ഞെടുപ്പു കഴിയുമ്പോഴും വോട്ടു മറിച്ചതിനെപ്പറ്റി പരസ്പരം കടുത്ത ആരോപണങ്ങൾ ഉന്നയിക്കാറുണ്ട്. ഓരോ തിരഞ്ഞെടുപ്പിലും ബിജെപിക്കു ലഭിക്കുന്ന വോട്ടുകളുടെ ശതമാനം വിലയിരുത്തിയാണ് ആർക്കാണു ബിജെപി വോട്ടുകൾ ലഭിച്ചത്, ബിജെപിക്ക് ആരാണു വോട്ടുകൾ മറിച്ചത് എന്നെല്ലാം സംബന്ധിച്ച ആരോപണങ്ങൾ ഉയരുന്നത്. 

ഉവൈസി ഉജ്വല പ്രസംഗകനാണ്. അദ്ദേഹത്തിന്റെ റാലികളിൽ വൻജനാവലിയെത്തുന്നു. തനിക്കു ലഭിക്കുന്ന ജനകീയശ്രദ്ധയിൽ അദ്ദേഹം ആവേശഭരിതനുമാണ്. പക്ഷേ, ഇതു മറ്റു കക്ഷികളുടെയും സ്ഥാനാർഥികളുടെയും ആശങ്കകൾ ഉയർത്തുന്നു. എന്തായാലും എഐഎംഐഎമ്മിന്റെ രാഷ്ട്രീയത്തിൽ അന്തിമമായ തീരുമാനം യുപി വോട്ടർമാരുടേതാണ്.

എഐഎംഐഎം പ്രകടനം

2019 ലോക്സഭ

സീറ്റ്: 2 (തെലങ്കാന)

നിയമസഭ

∙ ബിഹാർ (2020): 5

∙ മഹാരാഷ്ട്ര (2019): 2

∙ തെലങ്കാന (2018): 7

∙ യുപി (2017): 38 സീറ്റിൽ മത്സരിച്ചു. ഒരിടത്തും ജയിച്ചില്ല. 0.24 % വോട്ട് നേടി 

English Summary: Uttar Pradesh election; Asaduddin Owaisi's Politics

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നിങ്ങൾ എപ്പോഴും ഒരുമിച്ചാണോ? ചിരിപ്പിച്ച് സജിയേട്ടനും അസിസ്റ്റന്റും | Jan E Man | Manorama Online

MORE VIDEOS
FROM ONMANORAMA