ജീവനെടുക്കുന്ന അനാസ്ഥ

HIGHLIGHTS
  • മുഖ്യ ഉത്തരവാദിത്തം വൈദ്യുതി ബോർഡിനു തന്നെ
KSEB
SHARE

വൈദ്യുതി കടന്നുവരാനുള്ള വഴികളെല്ലാം അടച്ചെന്ന വിശ്വാസത്തോടെ ലൈൻ അറ്റകുറ്റപ്പണി ചെയ്യുന്ന ലൈൻമാൻമാർ തന്നെ വൈദ്യുതാഘാതമേറ്റു പിടഞ്ഞുമരിക്കുന്ന സാഹചര്യമുണ്ടാകുന്നതു മാപ്പർഹിക്കാത്ത കുറ്റമാണ്. അറ്റകുറ്റപ്പണിക്കിടെ ഇടുക്കി കട്ടപ്പന കെഎസ്ഇബി സെക്‌ഷനിലെ ലൈൻമാൻ എം.വി.ജേക്കബ് മരിച്ചതാണ് ഈ അപകടപരമ്പരയിൽ ഏറ്റവും ഒടുവിലത്തെ സങ്കടം. 

പോസ്റ്റിൽ കയറിനിന്ന് അറ്റകുറ്റപ്പണി ചെയ്യുമ്പോഴാണു ജേക്കബിനു ഷോക്കേറ്റത്. വൈദ്യുതിബന്ധം വിഛേദിച്ച ശേഷമാണു ജീവനക്കാർ അറ്റകുറ്റപ്പണി നടത്തിയതെന്നു കെഎസ്ഇബി അധികൃതർ പറയുന്നു. സ്വകാര്യ സ്ഥാപനത്തിലെ ജനറേറ്ററിൽനിന്നു സർവീസ് വയർ വഴി ലൈനിലേക്കു വൈദ്യുതി പ്രവഹിച്ചതുകൊണ്ടാണു ജേക്കബിനു ഷോക്കേറ്റതെന്നാണു കെഎസ്ഇബിയുടെ കണ്ടെത്തൽ. 

എന്നാൽ, ഇത്തരം സംഭവങ്ങളിൽ അധികൃതരുടെ കണ്ടെത്തലുകൾക്കപ്പുറത്തുള്ള ചില ദുഃഖയാഥാർഥ്യങ്ങളുണ്ട്: ജോലി ചെയ്യാൻ വീട്ടിൽനിന്നിറങ്ങിപ്പോയി തിരിച്ചുവരാത്തവർ, ആ മരണങ്ങളിൽ അനാഥമായിപ്പോവുന്ന കുടുംബങ്ങൾ, അവരുടെ തീരാനഷ്ടങ്ങൾ...കഴിഞ്ഞ വർഷം ജോലിക്കിടെ ഷോക്കേറ്റു മരിച്ച കെഎസ്ഇബി ജീവനക്കാർ 11 പേരാണ്; പരുക്കേറ്റവർ 84 പേരും. കേട്ടുമറക്കാനുള്ള കണക്കാണോ ഇത്? 

ഒഴിവാക്കാവുന്നതായിരുന്നില്ലേ ഇതിൽ പല മരണങ്ങളും? വേണ്ടത്ര സുരക്ഷാസംവിധാനങ്ങളും ചട്ടങ്ങളുടെ പാലനവും പോകട്ടെ, അന്യജീവൻ കാത്തുസൂക്ഷിക്കുന്നതിൽ വേണ്ട കേവലശ്രദ്ധയെങ്കിലും ഉണ്ടായിരുന്നെങ്കിൽ ഇവരിൽ ചിലരെങ്കിലും ഇന്നു നമ്മോടൊപ്പമുണ്ടാകുമായിരുന്നു. മനഃപൂർവമല്ലെങ്കിലും ഇങ്ങനെയുള്ള മരണങ്ങൾക്കു വൈദ്യുതി ബോർഡിനല്ലാതെ മറ്റാർക്കാണു മുഖ്യ ഉത്തരവാദിത്തം? ബോർഡ് ജീവനക്കാരുടെയും കരാർ തൊഴിലാളികളുടെയും മരണങ്ങൾ പതിവായിട്ടും വേണ്ടത്ര അധികൃതശ്രദ്ധ ഉണ്ടാകുന്നില്ല എന്നതു കഷ്‌ടമാണ്. 

സുരക്ഷയ്‌ക്കു വലിയ പ്രാധാന്യമാണു നൽകുന്നതെന്നാണു വൈദ്യുതി ബോർഡിന്റെ അവകാശവാദം. കേരളം പോലെ വർഷത്തിൽ മിക്കപ്പോഴും മഴയും ഇടിമിന്നലുമുണ്ടാവുന്ന സംസ്‌ഥാനത്തു മരം വീണു ലൈൻ പൊട്ടിയും ഇടിവെട്ടേറ്റും മഴയത്ത് ഇൻസുലേഷൻ ദ്രവിച്ചുപോയുമെല്ലാം അപകടം ഉണ്ടാകാം.  കാലവർഷക്കാലത്തു പൊട്ടിവീണു വെള്ളത്തിനടിയിലാവുന്ന ലൈനിൽ തട്ടിയും എത്രയോ അപകടങ്ങൾ ഉണ്ടാകുന്നു. അശ്രദ്ധയും അനാസ്ഥയും മൂലമുള്ള അപകടങ്ങൾ ഇതിനു പുറമേയാണ്. 

ദുരന്തങ്ങളിൽനിന്നു കെഎസ്ഇബി ഒന്നും പഠിക്കാത്തതെന്തുകൊണ്ടാണ്? ലൈൻ പൊട്ടിവീഴുന്നതടക്കം വൈദ്യുതി അനുബന്ധ അപകടങ്ങൾ ഇല്ലാതാക്കി ജനങ്ങളുടെ സ്വത്തിനും ജീവനും സുരക്ഷ ഒരുക്കണമെന്ന ഹൈക്കോടതി ഉത്തരവ് ഓർമിക്കേണ്ട വേളയാണിത്. ഇന്ത്യൻ വൈദ്യുതി നിയമം (1956) അനുശാസിക്കുന്ന മുഴുവൻ സുരക്ഷാനടപടികളും ആറു മാസത്തിനകം സ്വീകരിക്കുമെന്നു ഹൈക്കോടതിയിൽ കെഎസ്ഇബി ഉറപ്പുനൽകിയിട്ടു തന്നെ 15 വർഷം കഴിഞ്ഞു. ഇതിനിടെ അപകടമരണങ്ങൾ പലതുണ്ടായെങ്കിലും സുരക്ഷയൊരുക്കൽ മാത്രം എങ്ങുമെത്തിയില്ല. എല്ലാ തലത്തിലും സുരക്ഷയ്‌ക്കും നവീകരണത്തിനും ഒട്ടേറെ റിപ്പോർട്ടുകളും പഠനങ്ങളും ബോർഡിനു സമർപ്പിക്കപ്പെട്ടിട്ടുണ്ടെങ്കിലും അതിലൊന്നും കാര്യമായ തുടർനടപടികളുണ്ടായിട്ടുമില്ല. 

വൈദ്യുതക്കമ്പി ദേഹത്തേക്കു പൊട്ടിവീണു ഷോക്കേറ്റുള്ള ദാരുണ മരണങ്ങളും ഇവിടെ പതിവാണ്.  വൈദ്യുതലൈനുകൾ പൊട്ടിവീണുള്ള മരണം ഒഴിവാക്കുന്നതിനായി, എന്തുകൊണ്ടു ലൈനുകൾ പൂർണമായും ഭൂഗർഭ കേബിളുകളാക്കി മാറ്റുന്നില്ലെന്ന് ആറു വർഷം മുൻപ് ഹൈക്കോടതി ആരായുകയുണ്ടായി. വിതരണ ലൈനുകൾ പൂർണമായും ഭൂഗർഭ കേബിളുകളാക്കി മാറ്റണമെങ്കിൽ വൈദ്യുതി ബോർഡ് ആയിരക്കണക്കിനു കോടി രൂപ കണ്ടെത്തണമെന്നതു മറ്റൊരു യാഥാർഥ്യം. 

നിരുത്തരവാദിത്തത്തിൽനിന്നുണ്ടായ ജീവഹാനികൾ കെഎസ്ഇബി ചെറുതായി കണ്ടുകൂടാ. വൈദ്യുതിയുമായി ബന്ധപ്പെട്ട മേഖലകൾ അപകടരഹിതമാക്കാൻ വൈകുന്ന ഓരോ ദിവസത്തിനും ജീവൻ കൊണ്ടു നാം വില നൽകേണ്ടിവരുന്ന അവസ്ഥ ഇനിയും തുടരരുത്. സാങ്കേതികത ഇത്രയും വികസിച്ച സാഹചര്യത്തിൽ  അതിന്റെ സാധ്യതകൾ ഉപയോഗിക്കുകയാണു വേണ്ടത്.      

ഏതു കാറ്റിലും മഴയിലും ഇരുട്ടിലും വൈദ്യുതി ബന്ധം പുനഃസ്‌ഥാപിക്കാൻ കഠിനാധ്വാനം ചെയ്യുന്നവരാണു ബോർഡ് ജീവനക്കാർ. വേണ്ടത്ര പരിരക്ഷ കിട്ടുന്നില്ലെന്നത് അവരുടെ നിരന്തര പരാതിയാണ്. ബോർഡ് ജീവനക്കാരുടെ ജോലിക്കുമേൽ ദുരന്തത്തിന്റെ വാൾ എന്നും തൂങ്ങിനിൽക്കുന്നത് ഒഴിവാക്കിയേതീരൂ.

English Summary: KSEB lineman death Kattappana

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നിങ്ങൾ എപ്പോഴും ഒരുമിച്ചാണോ? ചിരിപ്പിച്ച് സജിയേട്ടനും അസിസ്റ്റന്റും | Jan E Man | Manorama Online

MORE VIDEOS
FROM ONMANORAMA