ചൂളം വിളിച്ച് വിവാദം

കേരളീയം
silver-line-pinarayi
SHARE

സിൽവർലൈൻ പദ്ധതിക്കായി മുഖ്യമന്ത്രിയും സിപിഎമ്മും ഉറച്ചു തന്നെ. യുഡിഎഫും ബിജെപിയും എതിർപ്പുമായി രംഗത്തുണ്ട്. ശാസ്ത്ര സാഹിത്യ പരിഷത്ത് പോലെയുള്ള ഇടത് അനുഭാവ സംഘടനകളും മിക്ക പരിസ്ഥിതി, സാങ്കേതിക വിദഗ്ധരും സിൽവർലൈൻ കേരളത്തിന് ഗുണകരമോ പ്രായോഗികമോ അല്ലെന്ന വാദക്കാരാണ്. ബംഗാളിലെ നന്ദിഗ്രാം അനുഭവം ഇടതുപക്ഷം മറന്നോയെന്ന പ്രതിപക്ഷത്തിന്റെ ചോദ്യം എൽഡിഎഫിലും അനുരണനങ്ങൾ സൃഷ്ടിക്കുന്നു. 

ചൊവ്വാഴ്ച ചേ‍ർന്ന സിപിഐ നിർവാഹകസമിതി യോഗത്തിൽ പാർട്ടിയുടെ സാംസ്കാരിക സംഘടനയായ യുവകലാസാഹിതി തങ്ങളുടെ പ്രമേയം പരിഗണനയ്ക്കുവച്ചുകൊണ്ട് ഒരാവശ്യം ഉന്നയിച്ചു. അഭിമാന പദ്ധതിയായി എൽഡിഎഫ് സർക്കാർ അവതരിപ്പിക്കുന്ന സിൽവർ ലൈൻ വേഗ റെയിലിനോടുള്ള വിയോജിപ്പായിരുന്നു പ്രമേയത്തിൽ. പദ്ധതിയുടെ വിവിധ വശങ്ങൾ ചർച്ച ചെയ്യുന്ന ജനകീയ കൺവൻഷൻ വിളിക്കാൻ‍ സംഘടന ഉദ്ദേശിക്കുന്നു. പാർട്ടിയുടെ അനുവാദം അതിനു വേണമെന്ന ആവശ്യമാണു യോഗത്തിനു മുന്നിലെത്തിയത്. 

നിർദിഷ്ട പദ്ധതി സംബന്ധിച്ചു ജനങ്ങളിലും അക്കാദമിക് സമൂഹത്തിലും ഉയർന്നിരിക്കുന്ന ആശങ്കകൾ തുടർന്നു ചിലർ പറഞ്ഞു. എന്നാൽ യുവകലാ സാഹിതിയുടെ ആവശ്യം യോഗം തള്ളി. തിരുവനന്തപുരം– കാസർകോട് വേഗ റെയിൽപാത അഥവാ സിൽവർ ലൈൻ പദ്ധതി എൽഡിഎഫ് പ്രകടന പത്രികയിലെ വാഗ്ദാനമാണെന്നു സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ചൂണ്ടിക്കാട്ടി. അതിനു വിരുദ്ധമായ നിലപാട് പാർട്ടിക്കോ അനുബന്ധ സംഘടനകൾക്കോ എടുക്കാൻ കഴിയില്ല. വിഷയം യുവകലാ സാഹിതിയുടെ പ്രവർത്തനപരിധിയിൽ വരുന്നതുമല്ല. 

കഴിഞ്ഞ എൽഡിഎഫ് നേതൃയോഗത്തിൽ ജനതാദൾ(എസ്) സംസ്ഥാന പ്രസിഡന്റ്  മാത്യു ടി.തോമസ് പദ്ധതിയുമായി ബന്ധപ്പെട്ട ആശങ്കകൾ ദുരീകരിക്കണമെന്നു പ്രസംഗത്തിന്റെ ഭാഗമായി ഒരു വരിയിൽ പറഞ്ഞിരുന്നു. എക്സ്പ്രസ് വേയ്ക്കെതിരെ യുദ്ധം നയിച്ച ജനതാദളിന്റെ (എസ്) ഇപ്പോഴത്തെ അമരക്കാരനായ താൻ അത്രയെങ്കിലും പറയണമെന്നു മാത്യു ടി.ക്കു തോന്നിക്കാണും. അധ്യക്ഷനായ മുഖ്യമന്ത്രി പിണറായി വിജയൻ ഗൗനിച്ചില്ല. 

ഒരു വശത്ത് മുഖ്യമന്ത്രിയും സിപിഎമ്മും പദ്ധതിക്കായി ഉറച്ചു തന്നെ. യുഡിഎഫും ബിജെപിയും അരയും തലയും മുറുക്കി എതിർപ്പുമായി രംഗത്തുണ്ട്. ശാസ്ത്ര സാഹിത്യ പരിഷത്ത് പോലെയുള്ള ഇടത് അനുഭാവ അക്കാദമിക് സംഘടനകളും സാമൂഹിക പ്രതിബദ്ധത അവകാശപ്പെടുന്ന മിക്ക പരിസ്ഥിതി, സാങ്കേതിക വിദഗ്ധരും സിൽവർ ലൈൻ കേരളത്തിനു ഗുണകരമോ പ്രായോഗികമോ അല്ലെന്ന വാദക്കാരാണ്. ബംഗാളിലെ നന്ദിഗ്രാം അനുഭവം ഇടതുപക്ഷം മറന്നോയെന്ന പ്രതിപക്ഷത്തിന്റെ ചോദ്യം എൽഡിഎഫിലും അനുരണനങ്ങൾ സൃഷ്ടിക്കുന്നു. വലിയ രാഷ്ട്രീയ വിവാദത്തിന്റെ ചൂളം വിളി ഉയർന്നു കഴിഞ്ഞു. 

സിൽവർലൈൻ ഒറ്റനോട്ടത്തിൽ 

 ആകെ ദൂരം: 529.45 കിലോമീറ്റർ, ചെലവ്: 63,940.67 കോടി രൂപ, വേഗം: മണിക്കൂറിൽ പരമാവധി 200 കിലോമീറ്റർ. തിരുവനന്തപുരം– കാസർകോട് സമയം: മൂന്നു മണിക്കൂർ 52 മിനിറ്റ്, നിർമാണ കാലയളവ്: 2020–25, യാത്രക്കാരുടെ എണ്ണം– 9 ട്രെയിൻ കാറുകളിലായി 675 പേർ. യാത്രാനിരക്ക്: കിലോമീറ്ററിന് 2.75 രൂപ. ഗേജ്: സ്റ്റാൻഡേഡ് ഗേജ്, സ്റ്റേഷനുകൾ– തിരുവനന്തപുരം, കൊല്ലം, ചെങ്ങന്നൂർ, കോട്ടയം, എറണാകുളം, കൊച്ചി എയർപോർട്ട്, തൃശൂർ, തിരൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട്, ഏറ്റെടുക്കേണ്ട സ്ഥലം: 1383 ഹെക്ടർ (3417 ഏക്കർ). 

നിർമാണച്ചെലവ് 1.25 ലക്ഷം കോടി വരെ ഉയരാമെന്നാണു നീതി ആയോഗിന്റെ അനുമാനം. കേരള ചരിത്രത്തിലെ തന്നെ ഏറ്റവും വൻകിട പദ്ധതിയാകും സിൽവർ ലൈൻ. പദ്ധതിയുടെ ചെലവിൽ‍ 33,000 കോടി അഞ്ചു വിദേശ ബാങ്കുകളിൽ നിന്നു വായ്പയായി എടുക്കാനാണ് ഉദേശിക്കുന്നത്. റെയിൽവേയുടെ പരിമിത സഹായം ഒഴിച്ചാൽ മുപ്പതിനായിരം കോടിയോളം കേരളം വീണ്ടും കണ്ടെത്തണം. ജനങ്ങളുടെ എതിർപ്പിനെ അതിജീവിക്കാൻ വിപണി വിലയുടെ ഇരട്ടി നഷ്ടപരിഹാരം വരെ നൽകാൻ ഉദ്ദേശിക്കുന്നു. ഏറ്റെടുക്കേണ്ടതിൽ 1100 ഹെക്ടറോളം സ്വകാര്യ വ്യക്തികളുടേതാണ്.

കാലം മാറി, നയം മാറി 

വിദേശപങ്കാളിത്തമുള്ള വൻകിട പദ്ധതികൾ എക്കാലത്തും സിപിഎമ്മിൽ പ്രത്യയശാസ്ത്ര ചർച്ചകൾക്കും ഭിന്നതയ്ക്കും തിരികൊളുത്തിയിട്ടുണ്ടെങ്കിൽ‍ മുഖ്യമന്ത്രി പിണറായി വിജയനു പിന്നിൽ ഏകശിലയായി പാർട്ടി നിൽക്കുന്ന അനുകൂല സാഹചര്യം മുതലാക്കാനാണു സർക്കാർ ഉദ്ദേശിക്കുന്നത്. ജനകീയ എതിർപ്പ് ശക്തമായാൽ എൽഡിഎഫിൽ വിയോജിപ്പു പറയുമെന്നു സിപിഐ നേതാക്കൾ അവകാശപ്പെടുന്നെങ്കിലും നിലവിൽ ഇടതുമുന്നണിയിലും തിരുവായ്ക്ക് എതിർവായില്ല. 

അടിസ്ഥാന സൗകര്യ– ഉന്നത വിദ്യാഭ്യാസ മേഖലകളിൽ സ്വകാര്യ നിക്ഷേപം പരമാവധി ആകർഷിക്കുന്നതിലേക്കു നയം സിപിഎം മാറ്റുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പ് ഇനി 2026ൽ ആണെന്നതിനാൽ 2025ൽ പൂർത്തീകരിക്കാൻ ലക്ഷ്യമിടുന്ന സിൽവർലൈൻ വീണ്ടും അധികാരത്തിൽ വരാനുള്ള രജതരേഖയായാണു സിപിഎം കാണുന്നത്.  

കടക്കെണിയുടെ ട്രാക്കിൽ 

സാമ്പത്തിക ബാധ്യതയുടെ പേരു പറഞ്ഞ് 6000 കോടിയുടെ ലൈറ്റ് മെട്രോ ഉപേക്ഷിച്ച, മൂന്നു ലക്ഷം കോടി കടമുള്ള സംസ്ഥാനത്തിന് 64,000 കോടിയുടെ പദ്ധതി എങ്ങനെ പ്രായോഗികമാകുമെന്ന ചോദ്യം ശക്തം. പ്രകൃതി ദുരന്തങ്ങൾ കൂടുതൽ പരിസ്ഥിതി അവബോധത്തിലേക്കു സമൂഹത്തെ നയിക്കുമ്പോൾ ഈ വൻകിട നിർമാണം ഉയർത്തുന്ന ആശങ്ക വേറെ. കേരളം നേരിടുന്ന ഗതാഗതക്കുരുക്കിന് ഇതിലും ചെലവു കുറഞ്ഞതും കൂടുതൽ പ്രയോജനപ്രദവുമായ വഴികളുണ്ടെന്നു വാദിക്കുന്ന വിദഗ്ധരുടെ എണ്ണം കൂടി വരുന്നു. ഭൂമി ഏറ്റെടുക്കലിനെതിരെ പ്രാദേശികമായ എതിർപ്പുകളും ഉയരുന്നു. പരിസ്ഥിതി, സാമ്പത്തിക അനുമതികളും നീതി ആയോഗിന്റെ പച്ചക്കൊടിയും കേന്ദ്രമന്ത്രിസഭയുടെ അനുവാദവും ഇനിയുള്ള കടമ്പകളുമാണ്. 

ഒരു വികസന പദ്ധതിയുടെ പേരിൽ കേരളം രാഷ്ട്രീയമായി രണ്ടായി ചേരി തിരിയുകയാണ്. ട്രാക്ടർ തൊട്ട് കംപ്യൂട്ടറിനെ വരെ എതിർത്തെന്നു പേരുദോഷം കേട്ട സിപിഎമ്മാണ് ഇത്തവണ വികസന വക്താക്കൾ എന്നതാണു വലിയ വ്യത്യാസം.

English Summary: Protest against silver line project Kerala

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA