സഹകരണ പ്രസ്ഥാനം തളർന്നു കൂടാ

HIGHLIGHTS
  • റിസർവ് ബാങ്ക് നിയന്ത്രണങ്ങൾക്കെതിരെ ശക്തമായ ഇടപെടൽ ആവശ്യം
rbi-1
SHARE

നമ്മുടെ ഗ്രാമീണ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലാണു സഹകരണമേഖല. അതുകൊണ്ടുതന്നെ, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) കെ‍ാണ്ടുവന്ന കടുത്ത നിയന്ത്രണങ്ങളുടെ പേരിൽ സഹകാരികളിലും നിക്ഷേപകരിലും ഉണ്ടാവുന്ന ആശങ്കയുടെ വ്യാപ്തി വലുതാണ്. ബാങ്ക് എന്ന പേര് പ്രാഥമിക സഹകരണ സംഘങ്ങൾ ഉപയോഗിക്കരുത്, വോട്ടവകാശമില്ലാത്ത അംഗങ്ങളിൽനിന്നു നിക്ഷേപം സ്വീകരിക്കരുത് തുടങ്ങിയ നിയന്ത്രണങ്ങളാണ് റിസർവ് ബാങ്ക് കഴിഞ്ഞ ദിവസം ഇറക്കിയ കുറിപ്പിലൂടെ ആവർത്തിച്ചിരിക്കുന്നത്. റിസർവ് ബാങ്ക് നടപടിക്കെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ്. 

ബാങ്കിങ് നിയന്ത്രണ ഭേദഗതി നിയമം 2020 സെപ്റ്റംബർ 29 മുതൽ പ്രാബല്യത്തിൽ വന്നിട്ടും ചില സൊസൈറ്റികൾ ബാങ്ക് എന്ന പേരിൽ പ്രവർത്തിക്കുന്നതായി ശ്രദ്ധയിൽപെട്ടെന്നും ആർബിഐയുടെ അംഗീകാരമുള്ളവയ്ക്ക് ഒഴികെ മറ്റുള്ളവയ്ക്കു ബാങ്ക് എന്ന പേരിൽ പ്രവർത്തിക്കാനോ പൊതുജനങ്ങൾക്കായി ബാങ്കിങ് ഇടപാടു നടത്താനോ കഴിയില്ലെന്നും ആർബിഐ വ്യക്തമാക്കുന്നുണ്ട്. ഡിപ്പോസിറ്റ് ഇൻഷുറൻസ് ആൻഡ് ക്രെഡിറ്റ് ഗാരന്റി കോർപറേഷൻ (ഡിഐസിജിസി) വഴിയുള്ള ബാങ്ക് നിക്ഷേപസുരക്ഷ ഇത്തരം സൊസൈറ്റികളിലെ ഇടപാടുകൾക്കു ലഭിക്കില്ലെന്നും ആർബിഐ പറയുന്നു. 

കഴിഞ്ഞ വർഷം സഹകരണ സംഘങ്ങൾക്കു ബാങ്കിങ്ങിലും നിക്ഷേപകാര്യത്തിലും നിയന്ത്രണം കൊണ്ടുവന്ന വ്യവസ്ഥകൾ പക്ഷേ കേരളത്തിൽ നിർദേശിക്കപ്പെട്ടതുപോലെ നടപ്പായില്ല. രാജ്യത്ത് ഏറ്റവും ശക്തമായ സഹകരണ മേഖലയാണു കേരളത്തിലുള്ളത്. റിസർവ് ബാങ്കിന്റെ തീരുമാനം 1625 പ്രാഥമിക സഹകരണ സംഘങ്ങളെയും ആയിരക്കണക്കിനു മറ്റു സഹകരണ സംഘങ്ങളെയും ബാധിക്കും. അതുകൊണ്ടുതന്നെ, നിയമത്തിലെ വ്യവസ്ഥകൾ സംബന്ധിച്ചു നിക്ഷേപകർക്കുള്ള തെറ്റിദ്ധാരണകളും ആശങ്കകളും നീക്കാൻ മുൻപുതന്നെ കേരള സർക്കാർ മുൻകയ്യെടുക്കേണ്ടതായിരുന്നു. സുപ്രീംകോടതിയെ സമീപിക്കാൻ ഒരുങ്ങുന്നതിനു പുറമേ, കേരളത്തിലെ സവിശേഷ സാഹചര്യത്തിൽ പ്രാഥമിക സഹകരണ സംഘങ്ങളുടെ പ്രസക്തി ബോധ്യപ്പെടുത്താൻ റിസർവ് ബാങ്കിനെയും സമീപിക്കാനുള്ള കേരളത്തിന്റെ ഇപ്പോഴത്തെ നീക്കം സഹകരണ മേഖലയ്ക്കു പ്രതീക്ഷ നൽകുന്നു. സമാന സാഹചര്യം നേരിടുന്ന മറ്റു സംസ്ഥാനങ്ങളുടെ പിന്തുണ തേടുന്നുമുണ്ട്. 

സർവീസ് സഹകരണ ബാങ്കുകൾ എന്ന പേരിൽ സംസ്ഥാനത്തു പ്രവർത്തിക്കുന്ന പ്രാഥമിക കാർഷിക വായ്പ വിതരണ സഹകരണ സംഘങ്ങൾ വഴിയാണു സഹകരണ മേഖലയിലെ നിക്ഷേപം പ്രധാനമായും വരുന്നത്. വായ്പയും അതുപോലെതന്നെ. നിയമം കർക്കശമായി നടപ്പാക്കാൻ റിസർവ് ബാങ്ക് തീരുമാനിച്ചാൽ താൽക്കാലികമായെങ്കിലും പ്രതിസന്ധിയുണ്ടായേക്കാം. സഹകരണ മേഖലയുടെ താൽപര്യം സംരക്ഷിച്ചുള്ള സുപ്രീം കോടതി വിധി മറികടക്കാനുള്ള ശ്രമമാണ് റിസർവ് ബാങ്ക് നടത്തുന്നതെന്നാണു സംസ്ഥാന സർക്കാർ ആരോപിക്കുന്നത്. നിക്ഷേപകർക്കിടയിൽ ഭീതി പരത്തുന്നതിനെക്കാൾ, സഹകരണ മേഖലയെ സംരക്ഷിച്ചുനിർത്താൻ ആവശ്യമായ ആത്മവിശ്വാസം നൽകാനാണു സർക്കാർ കൂടുതൽ ശ്രദ്ധിക്കേണ്ടത്. 

രണ്ടു പ്രളയങ്ങളിലും ഓഖിയിലും കോവിഡിലും തളർന്നുനിന്ന കേരളത്തിനു സഹകരണ മേഖല നൽകിയ പിന്തുണ വളരെ വലുതാണ്. അതേസമയം, കേരളം കൈവരിച്ച വികസനത്തിൽ വലിയ പങ്കുള്ള സഹകരണപ്രസ്‌ഥാനത്തിന്റെ വളർച്ചയ്‌ക്കു വിഘാതമാവുന്ന തരത്തിൽ അഴിമതിയും സാമ്പത്തിക തട്ടിപ്പുകളും ചിലയിടത്തു നടക്കുന്നതുകൂടി നാം കാണുകയുണ്ടായി. ഒട്ടുമിക്ക സഹകരണസംഘങ്ങളും നല്ലരീതിയിൽ പ്രവർത്തിച്ചു മികവിന്റെ മാതൃകകളാവുമ്പോൾ ഏതാനും സംഘങ്ങളിൽ നടക്കുന്ന അഴിമതിയുടെ പേരിൽ സഹകരണ മേഖലയെ മൊത്തം അടച്ചാക്ഷേപിക്കാൻ അനുവദിക്കുകയുമരുത്. 

സുതാര്യതയും കൃത്യതയും ഉറപ്പാക്കി, നിയമാനുസൃത സേവനങ്ങളിലൂടെ മുന്നോട്ടുപോകാൻ സഹകരണ മേഖലയ്ക്ക് എല്ലാ കൈത്താങ്ങും സർക്കാരിൽനിന്നും പൊതുസമൂഹത്തിൽനിന്നും ഉണ്ടായേതീരൂ. അതുകൊണ്ടുതന്നെ, ഇപ്പോഴത്തെ പ്രതികൂല സാഹചര്യം ഫലപ്രദമായി മറികടക്കാൻ സർക്കാർ നടത്തുന്ന ഇടപെടലുകൾ ശക്തമാകണം. കേരളത്തിന്റെ നിലപാടുകൾ കൃത്യമായും വ്യക്തമായും ബന്ധപ്പെട്ടവരെ ബോധ്യപ്പെടുത്താൻ നമുക്കു കഴിയുകയും വേണം.

English Summary: Reserve Bank rules on Cooperative banks

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സെൻസറിങ് വേണ്ട സെർട്ടിഫിക്കേഷൻ മതി; കമൽഹാസൻ | Kamal Haasan about Movie Vikram and Politics

MORE VIDEOS
FROM ONMANORAMA