ADVERTISEMENT

സർവ അതിരുകളും ഭേദിച്ച് മൃഗങ്ങൾ കൃഷിയിടങ്ങളിൽ എത്തുന്നു. കർഷകന്റെ അധ്വാനത്തിനും ചിലപ്പോൾ ജീവനും അതു ഭീഷണിയാകുന്നു. അതിനു പരിഹാരമുണ്ടാകണം. പക്ഷേ, വന്യജീവികളൊന്നും വേണ്ട എന്ന തരത്തിലുള്ള നിലപാടും അപകടകരമാണ്. 

തിരുവിതാംകൂർ മഹാറാണി 1818ൽ ഒരു വിളംബരമിറക്കി: ‘പ്രജകൾ തോക്ക് മുതലായ ആയുധങ്ങൾ കൈവശം വയ്ക്കുന്നതു കുറ്റമായതിനാൽ ഒളിപ്പിച്ചു വയ്ക്കുന്നു. എന്നാൽ, കൃഷിയിടങ്ങളിൽ വരുന്ന വന്യജീവികൾ കൃ‌ഷി നശിപ്പിക്കുന്നുണ്ട്. കൃ‌ഷി സംരക്ഷിക്കാനുള്ള വെടിയുണ്ടയും മറ്റും ആഫീസുകളിൽ നിന്നു വാങ്ങണം’.

കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടു സംസ്ഥാന സർക്കാർ കേന്ദ്രത്തെ സമീപിക്കുമ്പോൾ നാം മനസ്സിലാക്കേണ്ടത് ഇതു കർഷകർ  നൂറ്റാണ്ടുകളായി അനുഭവിക്കുന്ന പ്രശ്നമാണെന്നതാണ്. ഒരു പുതിയ സംഭവമായി കാണുകയും വന്യജീവികളെ മുഴുവൻ ശത്രുപക്ഷത്തു നിർത്തുകയും ചെയ്യുന്ന സമീപനം വേണ്ടെന്നർഥം. അക്കാലത്തു തന്നെ മദ്രാസ് ഗസറ്റിയറിൽ വയനാടിനെക്കുറിച്ചു പരാമർശിക്കുന്നതു വേലികളുടെയും ഏറുമാടങ്ങളുടെയും നാട് എന്നാണ്. അതായത്, മൃഗങ്ങളിൽ നിന്നു സംരക്ഷണം നേടാനുള്ള സംവിധാനങ്ങൾ അന്നേയുണ്ട്.  

അന്ന് കാടു കൂടുതൽ സമൃദ്ധമായിരുന്നതിനാലും കാടിന്റെ അളവു കൂടുതലായിരുന്നതിനാലും വന്യമൃഗഭീഷണിക്ക് അതിരുകളുണ്ടായിരുന്നു. ഇപ്പോൾ അതില്ല. കാട് നാടിന്റെയത്രപോലും ഫലഭൂയിഷ്ടമല്ലാതായി. സർവ അതിരുകളും ഭേദിച്ചു മൃഗങ്ങളുടെ സാന്നിധ്യം കൃഷിയിടങ്ങളിൽ കാണുന്നു. അതിനാൽ അധ്വാനത്തിനും ചിലപ്പോഴൊക്കെ ജീവനും നാശമുണ്ടാകുന്നു. ഇതിനു പരിഹാരമുണ്ടായേ തീരൂ. കുടിയേറ്റവും കയ്യേറ്റവുമാണു കുറ്റമെന്നു പറയുന്നതിനോടും എനിക്കു യോജിപ്പില്ല. അത് അക്കാലത്തെ ശരിയായിരുന്നു. ഭക്ഷ്യസുരക്ഷയുടെ ഭാഗമായാണ് അന്നു കാടുകൾ വെട്ടിത്തെളിച്ചു കൃഷിയിറക്കേണ്ടി വന്നത്. അന്നത്തെ ശരി ഇന്നത്തെ തെറ്റാണെന്നു വ്യാഖ്യാനിക്കുന്നതിലും അർഥമില്ല.

ഇപ്പോഴത്തെ പ്രശ്നങ്ങൾക്കു പരിഹാരമാണു വേണ്ടത്. ആ അർഥത്തിൽ ഇപ്പോൾ കൃഷിയിടങ്ങളിൽ ഏറ്റവും കൂടുതൽ നഷ്ടമുണ്ടാക്കുന്നതു കാട്ടുപന്നിയാണെന്ന കാര്യത്തിൽ തർക്കമില്ല. ആനയെ പിന്നെയും നേരിടാം, കാട്ടുപന്നിയെ എന്തുചെയ്യുമെന്ന് അറിഞ്ഞു കൂടാ എന്നാണു വയനാട്ടിലുള്ള കർഷകർ പറഞ്ഞത്. ഇവിടെ മാത്രമല്ല, ഇന്ത്യ മുഴുവൻ  കാട്ടുപന്നിയാണു പ്രധാന ശല്യജീവി (ക്ഷുദ്രജീവിയെന്ന വാക്ക് ഞാൻ ഉപയോഗിക്കുന്നില്ല). വന്യജീവി ആക്രമണം എന്നു പറയുന്നതു തന്നെ ശരിയല്ലെന്നാണ് എന്റെ പക്ഷം. നമ്മുടെ വാഹനം ഒരു കല്ലിൽത്തട്ടി മറിഞ്ഞു പരുക്കേറ്റാൽ ‘കല്ലിന്റെ ആക്രമണം’ എന്നു പറയാനാകുമോ? ഭക്ഷണം തേടിയിറങ്ങുന്ന കാട്ടുപന്നിയോ ആനയോ മൂലമുണ്ടാകുന്ന ‘അപകടം’ എന്നതാണു ശരി. ഇന്ന് ഒരു മനുഷ്യനെ കൊല്ലണം എന്ന ഗൂഢാലോചനയോടെ ഒരുമൃഗവും കാടിറങ്ങാറില്ല. അങ്ങനെ കരുതിക്കൂട്ടി ആക്രമണം നടത്തുന്ന ഒരേയൊരു ജീവി ചിലപ്പോൾ മനുഷ്യനാകാം. 

esa
പി.എസ്.ഈസ

ഗുജറാത്തിൽ ലിറ്റിൽ റാൻ ഓഫ് കച്ചിൽ കാട്ടുപന്നിയെ കൊല്ലണമെന്നു നാട്ടുകാർ ഒന്നു ചേർന്ന് ആവശ്യപ്പെട്ടിരുന്നു. നാട്ടിലെ ചെറിയ കുറ്റിക്കാടുകളിൽ പോലും ഒന്നു പത്തായും പത്തു നൂറായും പെരുകാവുന്ന ജനിതകരീതിയാണു കാട്ടുപന്നിയുടേത്. കാട്ടുപന്നിയെ ശല്യജീവിയായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി കേന്ദ്രത്തെ സമീപിച്ചതു നല്ല നീക്കമാണ്. ഹിമാചലിൽ കുരങ്ങ് ശല്യജീവിയാണ്. ബിഹാറിലും ഗുജറാത്തിലുമടക്കം പല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും കാട്ടുപന്നി ശല്യജീവിയാണ്. പക്ഷേ, ആ പ്രഖ്യാപനം കൊണ്ടുമാത്രം ഇവയെ നിയന്ത്രിക്കാൻ കഴിഞ്ഞിട്ടുണ്ടോയെന്ന ചോദ്യം പ്രസക്തമാണ്. പല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും കാട്ടുപന്നിയെ കൊല്ലാനറിയാത്ത കർഷകരുണ്ട്. ആന്ധ്രയിൽ നിന്നും മറ്റും ‘ഷൂട്ടർ’മാരെ കൊണ്ടുപോയി താമസിപ്പിച്ചു പരമാവധി കൊന്നൊടുക്കുന്ന രീതി വരെ അവിടെയുണ്ടായി. അതും പൂർണമായി ഫലപ്രദമായില്ല.

കേന്ദ്രത്തെ സമീപിക്കുന്നതിനു മുൻപ് സംസ്ഥാന സർക്കാർ കുറെ ഗൃഹപാഠം ചെയ്യേണ്ടിയിരുന്നു എന്നാണെന്റെ പക്ഷം. കേരളത്തിലെവിടെയും കാട്ടുപന്നിയെ കണ്ടാൽ വെടിവച്ചു കൊല്ലാവുന്ന വിധത്തിലുള്ളൊരു പ്രഖ്യാപനത്തിലേക്കു പോകാനാവില്ല. കേന്ദ്രം അങ്ങനെ കണ്ണടച്ചൊരു ഉത്തരവു നൽകുകയുമില്ല. കാടിന്റെ സാമീപ്യവും കൃഷിയുടെ രീതിയും മറ്റും പരിഗണിച്ചു മേഖലകളായി വേർതിരിച്ചാണു കാട്ടുപന്നിയെ ശല്യജീവിയായി പ്രഖ്യാപിക്കുക. അതും പ്രത്യേക കാലാവധിയിലേക്കു മാത്രം.

ഏതു സ്ഥലം, എത്ര കാലത്തേക്ക് എന്നതു പരിഗണിച്ചേ കേന്ദ്രം ഉത്തരവിറക്കുകയുള്ളൂ. ഉദാഹരണത്തിന് ഇടുക്കിയിലും വയനാട്ടിലുമൊക്കെ കാടിനുള്ളിൽ മനുഷ്യവാസമുള്ള സ്ഥലങ്ങളിൽ കാട്ടുമൃഗങ്ങളുമുണ്ട്. ഇവയെ കാട്ടുമൃഗമെന്നു വിളിക്കുമോ നാട്ടുമൃഗമെന്നു വിളിക്കുമോ എന്നതു പ്രസക്തമാണ്. ശല്യജീവിയായി പ്രഖ്യാപിക്കപ്പെട്ടുവെന്നു തന്നെ ഇരിക്കട്ടെ. ഇവയെ കൊല്ലാൻ ലൈസൻസുള്ള തോക്കുള്ളവർ എത്രയുണ്ട്? എങ്ങനെ ഇവയുടെ എണ്ണം കുറയ്ക്കും എന്നതൊക്കെ സർക്കാർ ചർച്ച ചെയ്യേണ്ടി വരും. റൈഫിൾ ക്ലബ്ബുകാരെ ഉപയോഗിക്കുന്നതു വരെ പരിഗണിക്കേണ്ടിവരും. ജനജാഗ്രതാസമിതികളെ ശക്തിപ്പെടുത്തി തദ്ദേശസ്ഥാപനങ്ങൾക്ക് ഉചിത പരിഹാരമാർഗം തേടാനുള്ള അവസരവും വേണം. 

ഇതൊക്കെയാണെങ്കിലും കാട്ടുപന്നിയെ ശല്യജീവിയായി പ്രഖ്യാപിക്കണമെന്ന ആവശ്യമുയർന്നതോടെ വന്യജീവികളൊന്നും വേണ്ട എന്ന തരത്തിൽ ശത്രുതാമനോഭാവത്തോടെയുള്ള സമീപനവും കാണുന്നുണ്ട്. അതു വലിയ അപകടം ചെയ്യും. ജനങ്ങളുടെയും പ്രകൃതിയുടെയും അതിജീവനത്തെയാകും അതു ബാധിക്കുക എന്ന കാര്യത്തിൽ തർക്കമില്ല. കൃഷി ലാഭകരമല്ലാതായൊരു സാഹചര്യത്തിൽ കർഷകരുടെ കണ്ണീരു തന്നെ പ്രധാനം. അതേസമയം മറ്റു ജീവജാലങ്ങൾ നമ്മുടെ ആവാസവ്യവസ്ഥയിൽ നിലനിൽക്കേണ്ടതും അനിവാര്യം.  

കാടിനകത്തോ കാടിനടുത്തോ കൃഷി ചെയ്തിരുന്ന മുൻതലമുറയ്ക്ക് അവിടെ എങ്ങനെ സഞ്ചരിക്കണം, എങ്ങനെ പെരുമാറണം എന്നറിയാമായിരുന്നു. കണ്ണും മൂക്കും ചെവിയും തുറന്നുവച്ച്, വായ അടച്ചുവച്ച് എന്നൊരു രീതി തന്നെയുണ്ടായിരുന്നു. ഇപ്പോൾ അതില്ല. കാട്ടാന ഇറങ്ങുന്ന റബർ പ്ലാന്റേഷനിൽ അതിരാവിലെ ഇരുട്ടത്തു തന്നെ ടാപ്പിങ്ങിനു പോയേ തീരൂ എന്നുണ്ടോ? കുറച്ചൊക്കെ പോംവഴി നമ്മളും കണ്ടെത്തണം. പശ പുറപ്പെടുവിക്കുന്ന ചെത്തിക്കൊടുവേലി ഉപയോഗിച്ചു കർഷകർ കാട്ടുപന്നി ശല്യത്തെ കുറെയൊക്കെ പ്രതിരോധിക്കുന്നുണ്ട്. ശല്യജീവിയെ കൊന്നു നിയന്ത്രിക്കുന്നതിനൊപ്പം അത്തരം സാധ്യതകൾ കൂടി പ്രയോജനപ്പെടുത്തണം.

(ഇന്റർനാഷനൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചറിന്റെ ഏഷ്യൻ എലിഫന്റ് സ്പെഷലിസ്റ്റ് ഗ്രൂപ്പ് അംഗമാണു ലേഖകൻ)

English Summary: Wild boar menace Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com