ADVERTISEMENT

അതീവ നിസ്സഹായമായ ജീവിതാവസ്ഥകളിൽ സർക്കാർ സംവിധാനങ്ങളുടെ ആലംബം തേടിയ രണ്ടു വനിതകളുടെ കഠിനാനുഭവങ്ങൾ കേരളം കേട്ടുകഴിഞ്ഞു. ഗാർഹികപീഡനത്തെക്കുറിച്ചു പരാതിപ്പെട്ടെങ്കിലും പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ കുറ്റകരമായ അനാസ്ഥകൂടിയായപ്പോൾ അവരിലൊരാൾ, മോഫിയ പർവീൺ എന്ന നിയമ വിദ്യാർഥിനി ജീവിതം ഒടുക്കിയതു നമ്മുടെ സങ്കടമാവുകയാണ്. തന്റെ കുഞ്ഞിനെത്തേടി അനുപമ എസ്.ചന്ദ്രൻ നടത്തിയ ദീർഘശ്രമമാകട്ടെ, ഒടുവിൽ വിജയിച്ചെങ്കിലും ഇതിനകം സർക്കാർ ഏജൻസികളിൽനിന്നുണ്ടായ നിന്ദ്യമായ നിരാകരണം ഏറെ ചോദ്യങ്ങളുയർത്തുകയും ചെയ്യുന്നു.

മോഫിയ ആത്മഹത്യ ചെയ്ത സംഭവത്തിൽ സ്ത്രീധന മരണം, ആത്മഹത്യാപ്രേരണ, വിവാഹിതയ്ക്കെതിരെയുള്ള ക്രൂരത തുടങ്ങിയ കുറ്റങ്ങൾ ചുമത്തി ഭർത്താവ്, ഭർതൃമാതാവ്, ഭർതൃപിതാവ് എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഹൃദയവിലാപങ്ങളോടെ നമ്മുടെ പെൺകുട്ടികൾ ജീവനൊടുക്കുന്ന പല സംഭവങ്ങളിലും ജീവിതപങ്കാളികൾ തന്നെയാണു കാരണക്കാരെന്നു വരുന്നതു കേരളത്തിനുമേൽ വലിയ കളങ്കമാവുകയാണ്. ഇങ്ങനെയെത്രയോ പെൺകുട്ടികൾ സമീപകാലത്തുമാത്രം ദുഃഖസ്മൃതിയായിത്തീർന്നുവെന്നതു നാടിന്റെ ഉറക്കം കളയേണ്ടതുതന്നെ. ഇന്നു സംസ്ഥാന സ്ത്രീധന വിരുദ്ധദിനമാണെന്നതുകൂടി ഓർമിക്കാം. 

നിസ്സഹായ വനിതകൾക്കൊപ്പം കൂടെയുണ്ടാകേണ്ട പൊലീസ് മുഖംതിരിക്കുകകൂടി ചെയ്യുമ്പോൾ ദുരന്തം പൂർത്തിയാവുന്നു. വീഴ്ചകളുടെ പരമ്പര തന്നെയാണു മോഫിയ പർവീണിന്റെ ആത്മഹത്യയിലേക്കു നയിച്ച സംഭവങ്ങളിൽ ആലുവ പൊലീസിനുണ്ടായത്. ഗാർഹികപീഡനം ആരോപിച്ചുള്ള മോഫിയയുടെ പരാതിയിന്മേൽ ഒരുമാസത്തിലേറെ പൊലീസ് അടയിരുന്നു എന്നതാണ് ആദ്യത്തെ വീഴ്ച. ഇത്തരം പരാതികളിൽ 24 മണിക്കൂറിനുള്ളിൽ കേസെടുക്കണം എന്ന ചട്ടം നിലനിൽക്കെയാണു വീഴ്ച വരുത്തിയത്. ഗത്യന്തരമില്ലാതെ, റൂറൽ എസ്പിക്കും സംസ്ഥാന മനുഷ്യാവകാശ കമ്മിഷനും ദേശീയ മനുഷ്യാവകാശ കമ്മിഷനും മോഫിയ പരാതി നൽകി. എസ്പിയും സംസ്ഥാന മനുഷ്യാവകാശ കമ്മിഷനും അന്ന് അനങ്ങിയില്ലെങ്കിലും ദേശീയ മനുഷ്യാവകാശ കമ്മിഷൻ ഇടപെട്ടു. 

ഇതിന്റെ ഫലമായാണു മോഫിയയെയും പിതാവിനെയും ആലുവ സ്റ്റേഷനിലേക്ക് ഇൻസ്പെക്ടർ സി.എൽ.സുധീർ വിളിച്ചുവരുത്തിയത്. സ്റ്റേഷനിലെത്തിയ അവർ നേരിട്ടതു കടുത്ത അധിക്ഷേപമാണ്. മധ്യസ്ഥ ചർച്ചയ്ക്കായി, പരാതിക്കാരെ മുൻകൂട്ടി അറിയിക്കാതെ എതിർകക്ഷികളെക്കൂടി സ്റ്റേഷനിലേക്കു വിളിച്ചുവരുത്തിയിരുന്നു ഇൻസ്പെക്ടർ. കേസ് ഒത്തുതീർപ്പാക്കാനും ഭർത്താവിനൊപ്പം വീട്ടിലേക്കു പോകാനുമായിരുന്നു ഇൻസ്പെക്ടറുടെ ഉപദേശം. ഇതിനു തയാറല്ലെന്നും ഗാർഹിക പീഡന നിയമപ്രകാരം േകസെടുക്കണമെന്നുമുള്ള നിലപാടിൽ ഉറച്ചുനിന്ന മോഫിയയെ ഇൻസ്പെക്ടർ പരസ്യമായി അധിക്ഷേപിക്കുകയായിരുന്നുവെന്നു പിതാവ് പറയുന്നു. ഒടുവിൽ, തന്റെ പരാതിയിൽ കേസെടുക്കില്ലെന്നും പൊലീസിൽനിന്നു നീതികിട്ടില്ലെന്നും  ഉറപ്പായതോടെയാണു മോഫിയ മരണത്തിൽ അഭയം പ്രാപിച്ചത്. പൊലീസ് കേസെടുത്തതാവട്ടെ, മോഫിയയുടെ മരണത്തിനുശേഷവും.             

മോഫിയ പർവീണിന്റെ മരണക്കുറിപ്പിൽ പേരു പരാമർശിക്കപ്പെട്ട ഇൻസ്പെക്ടർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള സമരച്ചൂടിലാണ് ആലുവ. ഇൻസ്പെക്ടറെ പൊലീസ് ആസ്ഥാനത്തേക്കു സ്ഥലംമാറ്റിയിട്ടുണ്ടെങ്കിലും കർശന നടപടി വേണമെന്ന ആവശ്യമാണ് ഉയർന്നിട്ടുള്ളത്. ഈ ഇൻസ്പെക്ടർ കൊല്ലം അഞ്ചൽ സ്റ്റേഷനിൽ ജോലി ചെയ്യുമ്പോൾ ഗുരുതരമായ കൃത്യവിലോപം കാട്ടിയതിനു നടപടി നേരിട്ടയാളാണ്. ഉത്ര കേസിന്റെ അന്വേഷണത്തിലും ഗുരുതരമായ വീഴ്ച വരുത്തിയതായി ആക്ഷേപം ഉയർന്നിരുന്നു. മോഫിയയുടെ പരാതിയുമായി ബന്ധപ്പെട്ട പെ‍ാലീസ് നടപടിക്രമങ്ങളിൽ പിഴവുണ്ടായിട്ടുണ്ടെന്നു പറഞ്ഞ് ഡിവൈഎസ്പി നൽകിയ അന്വേഷണ റിപ്പോർട്ട്, ഇൻസ്പെക്ടറെ ഒരു പരിധിയോളം സംരക്ഷിക്കുന്നതുമാണ്. മോഫിയ ജീവനൊടുക്കിയ കേസ് എറണാകുളം റൂറൽ ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുക.

ജനിച്ചു മൂന്നാം നാൾ വേർപെടുത്തിയ സ്വന്തം കുഞ്ഞിനെത്തേടിയുള്ള അന്വേഷണത്തിൽ പൊലീസും ശിശുക്ഷേമ സമിതിയും ചൈൽഡ് വെൽഫെയർ കമ്മിറ്റിയും ഭരിക്കുന്ന പാർട്ടിയും വരെ എതിരുനിന്നെങ്കിലും ഒടുവിൽ ഡിഎൻഎ പരിശോധനയിലൂടെ മാതൃത്വം സ്ഥാപിച്ചെടുത്ത അനുപമ പറയുന്നതും അവഗണനയുടെ കഥതന്നെ. ഏതു സാഹചര്യത്തിലും നീതിക്കൊപ്പമുണ്ടാകേണ്ട പൊലീസ്, കുഞ്ഞിനെ കാണാതായതുമായി ബന്ധപ്പെട്ട് അനുപമ നൽകിയ പരാതികൾ ആവശ്യസമയത്ത് അവഗണിച്ചുവെന്നത് അങ്ങേയറ്റം അപലപനീയമാണ്. വഴിവിട്ട ചെയ്തികളുമായി പൊലീസിൽ പ്രവർത്തിക്കുന്നവർ കുറച്ചുപേരേയുള്ളൂവെങ്കിലും അവരുണ്ടാക്കുന്ന കളങ്കം എളുപ്പത്തിൽ മായുന്നതല്ല.

English Summary: Aluva student suicide; Police responsibility

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com