പറന്നുയരുന്ന ഗൾഫ് വിമാനനിരക്ക്; കേന്ദ്ര സർക്കാർ ഇടപെടൽ ശക്തമാക്കണം

flight
SHARE

ഗൾഫ് രാജ്യങ്ങൾ കോവിഡിനെ അതിജീവിച്ചു സാധാരണ സ്ഥിതിയിലേക്കു മടങ്ങുന്നതിനൊപ്പം അവിടേക്കുള്ള യാത്രക്കൂലിയും കുതിച്ചുയരുകയാണ്. പ്രവാസികളുടെ നട്ടെല്ലൊടിക്കുംവിധം മൂന്നും നാലും ഇരട്ടിയാണു വർധന. എക്സ്പോ, ഷോപ്പിങ് ഫെസ്റ്റിവൽ തുടങ്ങിയവയ്ക്കായി ദുബായിലേക്കു പോകുന്നവരുടെ തിരക്കുമുണ്ട്. രാജ്യാന്തര യാത്രാവിമാന സർവീസുകൾ ഡിസംബർ 15ന് പുനരാരംഭിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചതു വലിയ ആശ്വാസം പകരുന്നുവെങ്കിലും ഇന്ത്യ–യുഎഇ സെക്ടറിൽ വിമാനയാത്രക്കൂലി വീണ്ടും കൂടുമെന്ന ആശങ്ക നിലവിലുണ്ട്.

യാത്രക്കാരുടെ വർധനയ്ക്കനുസരിച്ച് ആവശ്യത്തിന് ഇപ്പോൾ വിമാന സർവീസ് ഇല്ലാത്തതാണു യാത്രാനിരക്കു വർധനയുടെ മുഖ്യകാരണം. കോവിഡിനുമുൻപ് എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും ചേർന്ന് യുഎഇയിൽനിന്ന് ആഴ്ചയിൽ 260 വിമാനസർവീസുകൾ നടത്തിയിരുന്ന സ്ഥാനത്ത് ഇപ്പോൾ 210 സർവീസുകളേ ഉള്ളൂ. മിക്ക വിമാനക്കമ്പനികളുടെയും സ്ഥിതി സമാനമാണ്. പല വിമാനങ്ങളിലും ശേഷിയുടെ നിശ്ചിത ശതമാനം മാത്രമേ യാത്രക്കാരെ അനുവദിക്കുന്നുള്ളൂ. ഇതും നിരക്കുവർധനയ്ക്കു കാരണമാകുന്നുണ്ട്.

ദുബായിലും മറ്റും ഒട്ടേറെ തൊഴിലവസരങ്ങൾ വീണ്ടും ലഭ്യമായിത്തുടങ്ങിയതിനാൽ സാധാരണക്കാരും ജോലി നഷ്ടമായി നാട്ടിലേക്കു പോയവരും മടങ്ങാൻ ആഗ്രഹിക്കുന്നുണ്ട്. എന്നാൽ, കഴുത്തറപ്പൻ യാത്രക്കൂലി അവരുടെ പ്രതീക്ഷകളെയും തകർക്കുകയാണ്. ക്രിസ്മസ്-പുതുവർഷ സീസണാകുന്നതോടെ ഇരുഭാഗത്തേക്കും തിരക്കു വർധിക്കും. സ്കൂൾ അവധി കൂടിയാകുമ്പോൾ യാത്രക്കാർ ഇനിയും വർധിക്കുമെന്നുറപ്പ്. ഇതിനനുസരിച്ചു നിരക്ക് ഇനിയും കൂടിയേക്കാമെന്ന് വ്യോമയാന മേഖലയിലുള്ളവർ ചൂണ്ടിക്കാട്ടുന്നു.

യുഎഇയിൽനിന്നു കേരളത്തിലേക്കു മുൻപ് 7000 രൂപയ്ക്കു ലഭിച്ചിരുന്ന ടിക്കറ്റിന് ഇപ്പോൾ 16,000 രൂപയായി. അടുത്ത മാസം ഇതു 30,000 രൂപയ്ക്കു മുകളിലാകാനാണു സാധ്യത. കേരളത്തിൽനിന്നു യുഎഇയിലേക്കുള്ള ടിക്കറ്റ് നിരക്കും ഉയർന്നുനിൽക്കുകയാണ്. മറ്റു ഗൾഫ് രാജ്യങ്ങളിലേക്കും യാത്രാനിരക്കേറുമെന്നു തീർച്ച. കോഴിക്കോട്ടുനിന്നു ഡിസംബർ ഒന്നിനു മസ്കത്തിലേക്ക് (ഒമാൻ) എയർ ഇന്ത്യ എക്സ്പ്രസിൽ 43,971 രൂപയാണു നിരക്ക്. സൗദി അറേബ്യ ഡിസംബർ ഒന്നു മുതൽ ഇന്ത്യക്കാർക്കു നേരിട്ടു യാത്ര അനുവദിച്ചിരിക്കുകയാണ്.

സൗദിയിലേക്കു പോകാൻ കാത്തിരിക്കുന്ന ഒട്ടേറെപ്പേരുണ്ട് വിമാനത്താവളങ്ങളിലെ ആർടിപിസിആർ പരിശോധനയ്ക്ക് ഏർപ്പെടുത്തിയിരിക്കുന്ന വൻഫീസാണു മറ്റൊരു പ്രശ്നം. പുറത്ത് 500 രൂപയ്ക്കു നടത്താവുന്ന ടെസ്റ്റിനു 2500 രൂപയോളമാണു വിമാനത്താവളങ്ങളിൽ ഈടാക്കുന്നത്. കോവിഡ് വ്യാപനം ഇന്ത്യയിൽ ശക്തമായിരുന്ന സാഹചര്യത്തിലാണ് യുഎഇ ഉൾപ്പെടെയുള്ള രാജ്യങ്ങൾ വിമാനത്താവളത്തിലെ പരിശോധന നിർബന്ധമാക്കിയിരുന്നത്. ഇന്ത്യയിലും കോവിഡ് കുറഞ്ഞ സാഹചര്യത്തിൽ ഇക്കാര്യങ്ങൾ ഗൾഫ് രാജ്യങ്ങളെ ബോധ്യപ്പെടുത്താനും കേന്ദ്ര ഇടപെടൽ അനിവാര്യമാണ്.

പുറപ്പെടുന്നതിന് 6 മണിക്കൂർ മുൻപു വിമാനത്താവളത്തിൽ ആർടിപിസിആർ പരിശോധന നടത്തണമെന്ന നിബന്ധന ഒഴിവാക്കാൻ യുഎഇയോട് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിലും വിമാന നിരക്കു നിയന്ത്രിക്കുന്നതിലും കേന്ദ്ര സർക്കാർ തലത്തിലുള്ള ഇടപെടലുകൾ ശക്തമാക്കേണ്ടതുണ്ട്.

English Summary:Editorial on Gulf Flight Rates

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA