പൊലീസിലെ ഏണിയും പാമ്പും കളി

Police-aazhchakurip
SHARE

കേരള സേനയാണോ ചൊറിയൻ ചേനയാണോ മെച്ചമെന്നു ചോദിച്ചാൽ കൃത്യമായ മറുപടി പറയാൻ ആരുമില്ലാത്ത സ്ഥിതിയാണിപ്പോൾ. ഏമാന്മാരുടെ ഏമാനാകാൻ ശ്രമിക്കുന്നവരുടെ യുദ്ധം ഒരു വശത്ത്; സ്റ്റേഷനിൽ അഭയം തേടുന്നവരെ മരണത്തിലേക്കു പോലും തള്ളിവിടാൻ മടിക്കാത്ത ചില ലോക്കൽ ഏമാന്മാർ മറുവശത്ത്. ആഭ്യന്തരം ഭരിക്കുന്ന മേലാളനാകട്ടെ വിവാദ കാര്യങ്ങളിൽ നാലാളു കേൾക്കെ നാലക്ഷരം ഉരിയാടിയിട്ടു മാസങ്ങളും കഴിഞ്ഞു. സ്വന്തം ചോരയിൽ മുങ്ങിയ ഉടുമുണ്ടുമായി 43 വർഷം മുൻപു പൊലീസിനെതിരെ നിയമസഭയിൽ ആക്രോശിച്ച ചരിത്രമൊക്കെയുണ്ടു വിജയേട്ടന്. പറഞ്ഞിട്ടെന്തു കാര്യം? അന്ന് അഴിച്ചെറിഞ്ഞ ആരോപണങ്ങൾ ഇന്നു നെഞ്ചിനു നേരെ വരുമ്പോൾ വിധിയെന്നു കരുതി സമാധാനിക്കാം.

ഏണിയും പാമ്പും കളി കാണണമെങ്കിൽ വഴുതയ്ക്കാട്ടു പോകണം. കൃത്യമായി പറഞ്ഞാൽ തിരുവനന്തപുരത്തെ പൊലീസ് ആസ്ഥാനത്ത്. സുരക്ഷാ ജീവനക്കാരനെ നായയെക്കൊണ്ടു കടിപ്പിച്ച സംഭവത്തോടെ പല്ലു പോയ സുധേഷ്, മുഖ്യന്റെ മുന്നണിപ്പോരാളിയായിരിക്കെ അജ്ഞാത കാരണത്താൽ പിന്നണിയിലായ ഗാനവിശാരദൻ ടോമിൻ, നടനെ വരെ അഴിക്കുള്ളിലാക്കിയ കവിശ്രേഷ്ഠ സന്ധ്യ. ഒരിക്കൽ കൈവിട്ട മേധാവിപദം മൂവരും വീണ്ടും മോഹിച്ചതായിരുന്നു. ഇവരിൽ ആര് ആരെ വിഴുങ്ങും?
ഏണിയി‍ൽ കയറുന്ന ഭാഗ്യവാൻ ആരെന്നു കാക്കിലോകം ഉറ്റുനോക്കുകയായിരുന്നു. ഒരുവിധം ഏണിയിലേക്കു കയറാൻ തുടങ്ങിയതായിരുന്നു ഗാനവിശാരദൻ. അപ്പോളതാ മുകളിൽ പൂർവകഥകളുടെ കെട്ടുമായി വായും തുറന്നു കേന്ദ്ര ഇന്റലിജൻസ്. അതോടെ വിശാരദൻ ഔട്ട്.

ഒടുവിൽ സുധേഷും കവിശ്രേഷ്ഠയും മാത്രം. എന്തുകൊണ്ടോ രണ്ടു പേരെയും വേണ്ടെന്നു മുഖ്യനങ്ങു തീരുമാനിച്ചു. പെൻഷൻ കാലമായിരിക്കെ പായയും തലയണയും പൊതിഞ്ഞെടുക്കുകയായിരുന്ന മേധാവി അനിൽ കാന്തിനോടു വിജയേട്ടൻ ചോദിച്ചു, കുറച്ചുകാലം കൂടി ഇരുന്നുകൂടേ? സന്തോഷം വന്നാലും സങ്കടം വന്നാലും ഒരു ഭാവമേയുള്ളൂ അദ്ദേഹത്തിന്. ഒരു മുദ്രാവാക്യം മാത്രം, അങ്ങനെ തന്നെ സിന്ദാബാദ്. വിരമിക്കുന്നതു മേധാവിയാണെങ്കിൽ 2 വർഷം സർവീസ് ഉറപ്പാക്കാമെന്ന കോടതി വിധിയുടെ പിൻബലത്തിലായിരുന്നു സർവീസ് നീട്ടൽ. സ്ഥാനമോഹികളുടെ തമ്മിലടി കൊണ്ട് ഒരു ഗുണമുണ്ടായി. ജനുവരി ആദ്യം നടക്കേണ്ട പുതിയ മേധാവിയുടെ കാര്യത്തിലെ തീർപ്പ് വിജയേട്ടൻ ഒരു മാസം മുൻപേയെടുത്തു. സ്ഥാനമോഹികൾ പ്രതിനായക–നായികാ വേഷത്തിൽ കഥയിൽ ഉടനീളം ഉണ്ടാകുമെന്നുറപ്പ്.

ആസ്ഥാനത്തു സാറന്മാരുടെ അഭ്യാസം നടക്കുമ്പോൾ ആലുവയിൽ നിന്നൊരു നിലവിളി. ഗാർഹിക പീഡനത്തിനു കേസ് കൊടുക്കാൻ എത്തിയ പെൺകുട്ടിയെ മരണത്തിലേക്കു നയിച്ചതു ലോക്കൽ ഏമാനാണെന്നു കോൺഗ്രസുകാർ. മരണത്തിന്റെ പിറ്റേന്നും ഏമാൻ സ്റ്റേഷൻ ഭരിച്ചു. എംപിയും എംഎൽഎയും ഉൾപ്പെടെ കോൺഗ്രസുകാർ കൂട്ടത്തോടെ സ്റ്റേഷൻ മുറ്റത്തു പായ വിരിച്ച് ഉറങ്ങിയിട്ടും ഏമാൻ കുലുങ്ങിയില്ല. കുമ്പക്കുടിയാശാനും സതീശാദികളും കൂടി ആലുവയ്ക്കു തിരിച്ചെന്ന് അറിഞ്ഞപ്പോൾ ഒടുവിൽ വിജയേട്ടൻ പറഞ്ഞു, അങ്ങനെയെങ്കിൽ അങ്ങ് സസ്പെൻഡ് ചെയ്തേക്ക്! ക്രമസമാധാനക്കസേരയിൽ ഇരുത്തരുതെന്നു കൊല്ലത്തു നിന്ന് ഐജി കുറിച്ചുവിട്ട ഏമാനെ ആലുവയിൽ കുടിയിരുത്തിയതു സഖാക്കൾ തന്നെ ആയിരുന്നു. പൊലീസിന്റെ പോക്ക് അഭിമാനമാണെന്നും അപമാനമാണെന്നും പക്ഷമുള്ളവരുണ്ടു പാർട്ടിയിൽ. ആദ്യ വിഭാഗത്തിനു ജനങ്ങളോടും രണ്ടാം വിഭാഗത്തിന് പാർട്ടിയോടും സത്യം പറയാൻ വയ്യ. കിട്ടുന്ന തല്ലിന് ആരു കണക്കെഴുതും?

അടുക്കുന്തോറും അകലുന്ന കഷണങ്ങൾ

രണ്ടായി ഒ‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ടിഞ്ഞ കാലിൽ പ്ലാസ്റ്റർ ഇടുന്നേരം കട്ടിലിൽനിന്നു വീണു കൈ കൂടി ഒടിഞ്ഞാലോ? ലോക്താന്ത്രിക് ദളും ജനതാദൾ എസും യോജിക്കണമെന്നായിരുന്നു സിപിഎമ്മിന്റെ ശാസന. എസിനു മന്ത്രിയെ കൊടു ത്തു, താന്ത്രികർക്കാകട്ടെ കക്ഷത്തിരുന്ന രാജ്യസഭാ സീറ്റ് എടുത്തിട്ട് അവിടെത്തന്നെ വച്ചുകൊടുത്തു. ഒരുമിച്ചു നിന്നാൽ മന്ത്രിയും എംപിയുമുള്ള കക്ഷിയായില്ലേ? ചോദ്യം ന്യായം, ഉത്തരം കഠിനം.

താന്ത്രികരും എസും അടുക്കുന്തോറും അകലുന്ന കഷണങ്ങളാകയാൽ ഒട്ടിച്ചെടുക്കാൻ ഒട്ടേറെ പണിയുണ്ടെന്നു സിപിഎമ്മിനറിയാം. ഏതെങ്കിലും ഒരു നേരത്ത് ഒട്ടിച്ചേർന്നാലോ! ഭാഗ്യപരീക്ഷണത്തിന്റെ നാളുകളിൽ താന്ത്രിക കൂടാരത്തിൽ നിന്നും ഉഗ്രശബ്ദം. ഒട്ടുന്നതിന്റേതാണോയെന്നു കോടിയേരിക്കൊരു സംശയം. എത്തിനോക്കിയപ്പോഴാണു മനസ്സിലായത്, പൊട്ടുന്നതിന്റെ മുഴക്കമാണത്. പിള്ളയും ഷെയ്ക് പി.ഹാരിസും ഒരു കൊമ്പിൽ, മറ്റേ കൊമ്പിൽ ശ്രേയാംസും മോഹനനും. ചേരിപ്പോരായി, പോർവിളിയായി, ഒടുവിൽ രണ്ടു കഷണവുമായി. തങ്ങളാണ് ഒറിജിനലെന്ന് ഇരുകൂട്ടരും പറയുമ്പോൾ നാവു നുണഞ്ഞ് അരികിൽ നി‍ൽപ്പുണ്ട് എസിന്റെ അഭ്യാസികളായ മാത്യു ടിയും കൃഷ്ണൻകുട്ടിയേട്ടനും.

പിള്ളച്ചേട്ടന്റെ പേരു കേട്ടാലേ കോൺഗ്രസുകാർ തലയിൽ കൈവയ്ക്കും. യുഡിഎഫിലായിരിക്കെ ചേട്ടൻ നേമത്തു മത്സരിച്ചു. അങ്ങനെ ബിജെപിയെ ആദ്യമായി നിയമസഭയിൽ എത്തിച്ചു. വൈകാതെ ചേട്ടൻ വീരമാർഗേ സഞ്ചരിച്ച് ഇടതിൽ തിരികെയെത്തി. രാജേട്ടനെ ജയിപ്പിച്ചെടുത്തതു തങ്ങളാണെന്ന ഇടതിന്റെ പഴി ഇപ്പോഴും ചുമക്കുകയാണു കോൺഗ്രസുകാർ.

പിള്ളച്ചേട്ടനും ഷെയ്ക്കും എവിടേക്കു ചാടും? എസിലേക്കു പോകാം. പക്ഷേ, പാർട്ടിയിൽ ഉയർന്ന സ്ഥാനങ്ങൾ വേണമെന്നാണ് ഡിമാൻഡ്. പോരാത്തതിനു ബോർഡ്, കോർപറേഷൻ അധ്യക്ഷ പദവികളും കയ്യോടെ കൊടുക്കണം. ഇപ്പോഴുള്ളവർക്കു കൊടുക്കാൻ പദവിയില്ലാതെ കറങ്ങുകയാണു കൃഷ്ണൻകുട്ടിയേട്ടൻ. ഗുണിച്ചിട്ടും ഹരിച്ചിട്ടും മാത്യു ടിക്ക് എത്തുംപിടിയും കിട്ടുന്നില്ല. മൂന്നു കാലുള്ള കസേരയും ഇരുകാലുള്ള മേശയുമൊക്കെയേ ഉള്ളൂ. എങ്കിലും കുലുങ്ങാതിരിക്കാൻ ഷെയ്ക്കിനെ ബോർഡിലും പിള്ളച്ചേട്ടനെ പാർട്ടിയിലും ഇരുത്താമെന്നൊക്കെയാണു കണക്കുകൂട്ടൽ. എസിനുള്ളിൽ അടി തുടങ്ങാനുള്ള തീയതി എന്നു കുറിക്കുമോ എന്തോ?

സ്റ്റോപ് പ്രസ്

പത്തനംതിട്ട ജില്ലയിലെ സിപിഎമ്മിൽ കുലംകുത്തികളുണ്ടെന്ന് ജില്ലാ സെക്രട്ടറി

ജില്ല തിരിച്ചും കുത്താൻ തുടങ്ങിയോ...

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS