വ്യവസായ സൗഹൃദം മുഖമുദ്രയാകട്ടെ

SHARE

ഭൂമിശാസ്ത്രപരമായ അനുകൂല ഘടകങ്ങളും ഉയർന്ന സാക്ഷരതയും സാമൂഹിക നിലവാരവും രാജ്യാന്തര വിമാനത്താവളങ്ങളും തുറമുഖവുമെല്ലാം ഉണ്ടായിട്ടും കേരളം എന്തുകൊണ്ടു വ്യവസായ – നിക്ഷേപസൗഹൃദ സമീപനത്തിൽ പിന്നാക്കമായെന്ന പഴയ ചോദ്യത്തിന് ഇനിയും പ്രസക്തിയില്ല; നമ്മുടെ അയൽസംസ്ഥാനം തന്നെ അതിനുള്ള ഉത്തരം പറഞ്ഞുതരുന്ന സാഹചര്യത്തിൽ വിശേഷിച്ചും. അധികാരമേറ്റ് 6 മാസത്തിനിടെ തമിഴ്നാട് സർക്കാർ സൃഷ്ടിച്ചത് 80,000 കോടിയിലേറെ രൂപയുടെ നിക്ഷേപവും ഒരു ലക്ഷത്തോളം തൊഴിലവസരങ്ങളുമാണെന്നതിൽ തീർച്ചയായും നമുക്കുള്ള പാഠമുണ്ട്. ബിസിനസ് സൗഹൃദമായ അന്തരീക്ഷം ഒരുക്കുകയാണ് സർക്കാരുകളുടെ പ്രധാന ചുമതലയെന്ന്, കെ‍ാച്ചിയിൽ സമാപിച്ച ടൈകോൺ സംരംഭകത്വ സമ്മേളനത്തിൽ തമിഴ്നാട് ധനമന്ത്രി പി.ടി.ആർ. പളനിവേൽ ത്യാഗരാജൻ വ്യക്തമാക്കിയത് അടിസ്ഥാന പ്രമാണമായി കേരളം ഉൾക്കെ‍ാള്ളേണ്ടതുണ്ട്.

കോവിഡ് സൃഷ്ടിച്ച സാമ്പത്തിക ആഘാതങ്ങളിൽനിന്നു കരകയറാനുള്ള ആശയങ്ങൾ പങ്കിടാനുള്ള വേദിയൊരുക്കി, ടൈ കേരള സംഘടിപ്പിച്ച ടൈകോൺ സമ്മേളനം മൂന്നു ദിവസംകെ‍ാണ്ടു പകർന്ന ദിശാവെളിച്ചം തുടർനടപടികൾ ആവശ്യപ്പെടുന്നുണ്ട്. 200 പ്രതിനിധികൾ നേരിട്ടും 1000 പ്രതിനിധികൾ ഓൺലൈനിലും പങ്കെടുത്ത സമ്മേളനത്തിൽ കോവിഡ് അനന്തര കാലത്തെ ബിസിനസ് അവസരങ്ങൾ, സ്റ്റാർട്ടപ് സാധ്യതകൾ, ബിസിനസ് പുനർനിർമാണം, പുതിയ മാർക്കറ്റിങ് തന്ത്രങ്ങൾ, നിക്ഷേപ സാധ്യതകൾ, അനുയോജ്യമായ സാങ്കേതികവിദ്യകൾ തുടങ്ങിയ വിഷയങ്ങളിൽ ആഴത്തിലുള്ള ചർച്ചകൾ നടക്കുകയുണ്ടായി.

വ്യവസായങ്ങളും നിക്ഷേപവും സംരംഭകത്വവുമെല്ലാം നാടിന്റെ പുരോഗതിയിലേക്കുള്ള പടവുകളാണ്. കോവിഡ് അനന്തര കാലത്ത് കേരളത്തിന്റെ വ്യവസായ– നിക്ഷേപ സൗഹൃദ സമീപനം തീർച്ചയായും നവീകരിക്കേണ്ടതുതന്നെ. സൂക്ഷ്മ, ചെറുകിട, ഇടത്തരം (എംഎസ്എംഇ) സംരംഭങ്ങളുടെ അതിജീവനത്തിന് എല്ലാ തലത്തിലും പുതിയ നിലപാടുകൾ ആവിഷ്കരിക്കുകയും വേണം. കോവിഡിനപ്പുറമുള്ള കാലത്തിന്റെ സാധ്യതകൾ ഉൾക്കൊണ്ടു ബിസിനസ് ശൈലി പുനർനിർവചിക്കാൻ സംരംഭങ്ങൾക്കു കഴിയേണ്ടതുണ്ട്. സംരംഭകർക്കു തുല്യനിലയിൽ പ്രവർത്തിക്കാൻ അവസരമെ‍ാരുക്കണമെന്നും അടിസ്ഥാന സൗകര്യങ്ങളും നവ സാങ്കേതികവിദ്യയിലൂടെ വളരാനുള്ള സാഹചര്യങ്ങളും സജ്ജമാക്കണമെന്നും തമിഴ്നാട് ധനമന്ത്രി പറഞ്ഞത് അവരുടെ വിജയാനുഭവപാഠങ്ങളിൽനിന്നാണ്.

കഴിഞ്ഞ ചെ‍ാവ്വാഴ്ച മാത്രം 35,208 കോടിയുടെ പുതിയ ധാരണാപത്രങ്ങളാണ് 59 സ്ഥാപനങ്ങളുമായി തമിഴ്നാട് ഒപ്പുവച്ചത്. റഫാൽ വിമാനങ്ങൾ നിർമിക്കുന്ന ഫ്രാൻസിലെ ഡാസോ ഏവിയേഷന്റെ വെർച്വൽ ഡിസൈൻ കേന്ദ്രവും ജപ്പാനിലെ ഡെയ്സെൽ കോർപറേഷന്റെ വാഹന ഘടക നിർമാണ ഫാക്ടറിയും ഇതിലുൾപ്പെടും. കേന്ദ്ര ഇൻഡസ്ട്രിയൽ പാർക്ക് റേറ്റിങ് സിസ്റ്റം (ഐപിആർഎസ്) തമിഴ്നാടിനെ വ്യവസായ വികസനത്തിൽ ഒന്നാം നമ്പർ സംസ്ഥാനമായി തിരഞ്ഞെടുത്തിരുന്നു. 2030നുള്ളിൽ ഒരു ട്രില്യൺ (ലക്ഷം കോടി) ഡോളർ സമ്പദ്‌വ്യവസ്ഥയാക്കി സംസ്ഥാനത്തെ മാറ്റുകയാണു മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ ലക്ഷ്യം. മേയ് മാസത്തിൽ ഡിഎംകെ സർക്കാർ അധികാരത്തിൽ വന്നതിനു പിന്നാലെ ജൂലൈയിലും സെപ്റ്റംബറിലും നിക്ഷേപ സംഗമങ്ങൾ നടന്നിരുന്നു. 45,000 കോടിയിലധികം രൂപയുടെ ധാരണാപത്രങ്ങളാണ് അന്ന് ഒപ്പുവച്ചത്.

ഒരു വർഷത്തിനകം ഒരു ലക്ഷം സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ സൃഷ്ടിക്കുകയാണു കേരളത്തിന്റെ ലക്ഷ്യമെന്നു ടൈകോൺ സമ്മേളനം ഉദ്ഘാടനം ചെയ്തു മന്ത്രി പി.രാജീവ് പറഞ്ഞതു പ്രതീക്ഷ തരുന്നു. കോവിഡ് മഹാമാരിക്കിടയിലും ഈ വർഷം 4,600 സംരംഭങ്ങൾ ആരംഭിക്കാൻ കഴിഞ്ഞുവെന്നും അദ്ദേഹം പറയുകയുണ്ടായി. ശുദ്ധവായുവും ശുദ്ധജലവും മികച്ച ഓൺലൈൻ കണക്ടിവിറ്റിയുമുള്ളതിനാൽ ‘വർക് ഫ്രം ഹോം’ ഭാവിയിൽ ‘വർക് ഫ്രം കേരള’ ആയി മാറ്റുകയെന്ന സംസ്ഥാനത്തിന്റെ ലക്ഷ്യം യാഥാർഥ്യമാകേണ്ടതുണ്ട്. മഹാനഗരങ്ങളായ ന്യൂഡൽഹി, കൊൽക്കത്ത, മുംബൈ എന്നിവിടങ്ങളിൽ തീവ്രതയേറിവരുന്ന വായു മലിനീകരണം തിരുവനന്തപുരം അടക്കമുള്ള ദക്ഷിണേന്ത്യൻ നഗരങ്ങളിൽ കുറവാണെന്നതും സംരംഭകർക്ക് ആകർഷക ഘടകമാണ്.

കേരളത്തിന്റെ വേറിട്ട സാധ്യതകൾ തിരിച്ചറിഞ്ഞുള്ള ചുവടുവയ്പുകളാണ് അടിയന്തരമായി ഉണ്ടാവേണ്ടത്. ഇന്ത്യയിലെ ആദ്യ ഇലക്‌ട്രോണിക്‌സ് വികസന കോർപറേഷനായ കെൽട്രോണും (1972) ആദ്യ ഐടി പാർക്കായ ടെക്‌നോപാർക്കും (1990) സ്‌ഥാപിച്ചിട്ടും ഇലക്‌ട്രോണിക് – ഐടി വ്യവസായങ്ങൾ തഴച്ചതു മറ്റു സംസ്‌ഥാനങ്ങളിലാണെന്നത് ഓർമിക്കാം. സർക്കാർ സഹായവും നയവും കെട്ടിടവും സംരംഭകരും ഉണ്ടെങ്കിലും ദ്രുതഗതിയിൽ വളരാനുള്ള അനുകൂല സാഹചര്യം ഇവിടെയില്ലെന്നു സംരംഭകർ പറഞ്ഞുകൊണ്ടിരിക്കുന്നതു നാം ഇതുവരെ ഗൗരവത്തോടെ കേട്ടിട്ടുണ്ടോ? മെല്ലെപ്പോക്കും അവഗണനയും കാരണം ഇനിയെങ്കിലും സംസ്‌ഥാനത്തിന്റെ വികസന സ്വപ്‌നങ്ങൾ എരിഞ്ഞുതീരരുത്. അടഞ്ഞ ജാലകങ്ങളൊക്കെ തുറന്നുവച്ച്, നിക്ഷേപ സൗഹൃദ സംസ്‌ഥാനമാണെന്നു ലോകത്തെ ബോധ്യപ്പെടുത്താൻ കേരളം ഇനിയും വൈകിക്കൂടാ.

Content Highlight: Tycoon Entrepreneurship Conference

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ManoramaOnline
We are Sorry! The page you are looking for is not available at the moment.
Some of the following News might be Interesting to You

LATEST NEWS