ADVERTISEMENT

ട്രാൻസ്–പെൺ–ആൺ വേർതിരിവില്ലാതെ മനുഷ്യനു പ്രാധാന്യം നൽകുന്ന സമൂഹമായി കേരളം മാറാൻ കാലമായി. മനോരമ വെബിനാറിൽ ഉയർന്ന നിർദേശങ്ങൾ

ജനുവരിയിൽ നാമൊരു വിഡിയോ കണ്ടു. അതിൽ ആറുവയസ്സുകാരി തെരേസ ചോദിക്കുന്നു: എന്താണു പാഠപുസ്തകത്തിൽ എല്ലാം ‘മാൻമെയ്ഡ്’ (പുരുഷനിർമിതം) എന്നു പറഞ്ഞിരിക്കുന്നത് ? മനുഷ്യനിർമിതം (ഹ്യൂമൻമെയ്ഡ്) എന്നോ ജനനിർമിതം (പീപ്പിൾ മെയ്ഡ്) എന്നോ പറയാത്തതെന്താ? സ്ത്രീകൾ ഒന്നും നിർമിക്കാറില്ലേ?

ഈ ചോദ്യം വിരൽ ചൂണ്ടിയത് അറിഞ്ഞും അറിയാതെയും ഇപ്പോഴും തുടരുന്ന ആൺമേൽക്കോയ്മയിലേക്കാണ്. പാഠപുസ്തകങ്ങളിൽ ‘അവൻ’ ആണു മുഖ്യം. ‘അവൾ’ ഈയിടെയാണ് അൽപമെങ്കിലും വെളിച്ചം കണ്ടുതുടങ്ങിയത്. എന്നാൽ ‘ട്രാൻസ്ജെൻഡർ’ ഇപ്പോഴും പടിക്കു പുറത്താണ്. വിദ്യാഭ്യാസമേഖലയിലും സമൂഹത്തിലും ഭാഷയിലുമെല്ലാം ജെൻഡർ തുല്യത , ജാതി-വർഗഭേദമില്ലാത്ത സമത്വം ഇതാകട്ടെ നമ്മുടെ ലക്ഷ്യം. അതിലേക്കുള്ള ചുവടുവയ്പായി മലയാള മനോരമ സംഘടിപ്പിച്ച ഓൺലൈൻ ചർച്ചയിൽ നിന്ന്.

പങ്കെടുത്തവർ: സാറാ ജോസഫ് (എഴുത്തുകാരി), പീയുഷ് ആന്റണി(സോഷ്യൽ പോളിസി സ്പെഷലിസ്റ്റ്, യുനിസെഫ്), ഡോ. ബർട്ടൺ ക്ലീറ്റസ്( അധ്യാപകൻ, ജെഎൻയു, ഡൽഹി), മൃദുലാദേവി.എസ് (ദലിത് ഫെമിനിസ്റ്റ്, ഗാനരചയിതാവ്), വിജയരാജമല്ലിക (ട്രാൻസ്ജെൻഡർ കവി), പി.വിജി (കോഴിക്കോട് ആസ്ഥാനമായുള്ള അസംഘടിത സ്ത്രീ തൊഴിലാളി കൂട്ടായ്മയായ ‘പെൺകൂട്ടി’ന്റെ സ്ഥാപക), ഡോ. മോഹൻ റോയി ( മനഃശാസ്ത്ര വിഭാഗം അസോഷ്യേറ്റ് പ്രഫസർ & ആർഎംഒ, തിരുവനന്തപുരം മെഡിക്കൽ കോളജ്).

മോഡറേറ്റർ: ഡോ. ആർ.എം. അമൃതരാജ്, വിമൻസ് സ്റ്റഡീസ് സ്പെഷലിസ്റ്റ്, (കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ)

സിലബസ് മാറേണ്ടത് ആദ്യം മനസ്സിൽ

എങ്ങനെ ജീവിക്കണം എന്ന തിരിച്ചറിവ് ഉണ്ടാകേണ്ടതു സ്കൂളുകളിൽ നിന്നു തന്നെയാണ്. പക്ഷേ, നിലവിലുള്ള വ്യവസ്ഥ സ്ത്രീകൾക്ക് എതിരാണോ എന്നു പോലും അറിയാത്ത അധ്യാപകരുണ്ട്. അവരുടെ മനസ്സിൽ ആദ്യം മാറ്റം വരണം. എങ്കിലേ കുട്ടികളിലേക്കും സമത്വചിന്ത പകരാനാകൂ. കണക്കു പഠിക്കുമ്പോൾപോലും രമേഷും മഹേഷും ചന്തയിൽപോയി എന്നാണ് ഉദാഹരണം.

സ്ത്രീ ഉദാഹരണങ്ങൾ കൂടി ഉൾപ്പെടുത്തി പാഠപുസ്തകം മാറ്റി തയാറാക്കിയാലും പഠിപ്പിക്കുന്നത്, മനോഭാവത്തിൽ മാറ്റം വരാത്ത അധ്യാപകരാണെങ്കിൽ തീർന്നില്ലേ? അധ്യാപികമാർ ഉൾപ്പെടെയുള്ളവർ നിലവിലുള്ള വ്യവസ്ഥയാണു ശരിയെന്നു കരുതുന്ന അവസ്ഥ മാറിയില്ലെങ്കിൽ പുസ്തകങ്ങൾ എത്ര മാറിയിട്ടും കാര്യമില്ല. അധ്യാപക പരിശീലനത്തിൽ സർക്കാർ മാറ്റങ്ങൾ വരുത്തണം. മാറ്റങ്ങൾ പലപ്പോഴും സ്കൂളുകളിൽ തട്ടിത്തടഞ്ഞുനിൽക്കുന്നതും ഓർക്കണം. ട്രാൻസ്ജെൻഡറുകളെ പൂർണതോതിൽ അംഗീകരിക്കാത്ത അവസ്ഥയും മാറണം.

ഇപ്പോൾ നടക്കുന്ന യൂണിഫോം ചർച്ചകൾ സ്വാഗതാർഹമാണ്. പക്ഷേ, അധ്യാപികമാർ സാരി തന്നെ ധരിക്കണമെന്നും ചുരിദാർ പാടില്ലെന്നും ശഠിക്കുന്ന സ്കൂൾ മാനേജ്മെന്റുകൾ ഇപ്പോഴുമുണ്ട്. വസ്ത്രധാരണം രാഷ്ട്രീയമാണ്. ഗാന്ധിജി വസ്ത്രത്തെ രാഷ്ട്രീയ ചിഹ്നമായാണ് ഉപയോഗിച്ചത്. ചാന്നാർ ലഹളയും മേൽമുണ്ടു സമരവുമെല്ലാം വസ്ത്രവുമായി ബന്ധപ്പെട്ടു നടന്ന രാഷ്ട്രീയപോരാട്ടങ്ങളാണ്.

പുസ്തകത്തിലെ അച്ഛൻ പത്രം വായിച്ചുതീർന്നില്ലേ ?

നമ്മുടെ വീടുകളിൽ ഇതിനകം സംഭവിച്ച മാറ്റങ്ങൾ പോലും പാഠപുസ്തകങ്ങളിലെത്തിയിട്ടില്ല. പുസ്തകങ്ങളിൽ ഇന്നും സ്ത്രീ മാത്രമാണ് അടുക്കളയിൽ നിൽക്കുന്നത്. കാലക്രമേണ അടുക്കളയുടെ മോടി കൂടിയെന്നല്ലാതെ പാകം ചെയ്യുന്ന അമ്മയ്ക്കോ സഹായിക്കുന്ന മകൾക്കോ മാറ്റമില്ല. അച്ഛൻ അന്നും ഇന്നും പത്രം വായിക്കുന്നു. മകൻ അടുത്തുനിന്ന് ഫുട്ബോൾ കളിക്കുന്നു. അക്ഷരം കൂട്ടിവായിക്കുന്ന പ്രായത്തിൽ പരിചയപ്പെടുന്ന ഈ പുസ്തകക്കാഴ്ചകൾ വിവേചനം കൂടിയാണു പഠിപ്പിക്കുന്നത്.

അച്ഛനോ അമ്മയ്ക്കോ മാത്രമായി ഏതെങ്കിലും തൊഴിൽ നീക്കിവച്ചിട്ടില്ലെന്നും രണ്ടു പേർക്കും ഒരേ അന്തസ്സും മൂല്യവുമാണെന്നും കുട്ടികളെ പഠിപ്പിക്കണം. ‘മിസ്റ്റർ നായർ സ്പീക്സ് ഇംഗ്ലിഷ് വെൽ’ എന്നു പറയുന്നിടത്ത് ഇതുവരെയും ‘മിസ്റ്റർ ഇരുളനോ’ ‘വേട്ടുവനോ’ വന്നിട്ടില്ല. ഇനിയെങ്ങാനും ‘മിസ്റ്റർ പുലയൻ’ വന്നാൽ പോലും അതിൽ വേട്ടുവ സ്ത്രീയോ പുലയ സ്ത്രീയോ വരില്ല. മാറുമറയ്ക്കൽ, കല്ലുമാല സമരങ്ങളിൽ പങ്കെടുത്ത സ്ത്രീകളുടെ കൃത്യമായ പേരുവിവരങ്ങൾ ഇപ്പോഴും ലഭ്യമല്ലല്ലോ. എഴുത്തു മാത്രമല്ല, ചിത്രങ്ങളും കരിക്കുലത്തിന്റെ ഭാഗമാണ്. ഇവയിലും തുല്യത ഉറപ്പാക്കാൻ സർക്കാർ ഇടപെടണം. ‘സോജി’ (Sexual Orientation, Gender Identity and Expression) ആസ്‌പദമാക്കിയാകണം ടെക്സ്റ്റ്‌ ബുക്കിലെ മാറ്റങ്ങൾ; അതും ചെറിയ ക്ലാസുകൾ മുതൽ തന്നെ.

എല്ലാവരും ഒന്നിച്ചിരിക്കട്ടെ

സ്കൂളിൽ ട്രാൻസ്–പെൺ–ആൺ എന്നതിനപ്പുറം മനുഷ്യൻ എന്നതിനാകണം പ്രാധാന്യം. ആരോഗ്യമുള്ള ചങ്ങാത്തങ്ങളുണ്ടാകാൻ എല്ലാവരും ഇടകലർന്നിരുന്നു പഠിക്കണം. ഒരേ യൂണിഫോം എന്ന ആശയം ചർച്ച ചെയ്യുമ്പോഴും പാന്റ്സും ഷർട്ടുമെന്ന ആൺവേഷത്തിലേക്കു പെൺകുട്ടികളെ കൊണ്ടുവരികയാണു പലരും ചെയ്യുന്നത്. ഇതല്ല, സൗകര്യവും തുല്യതയുമാണു നോക്കേണ്ടത്.

ആഴ്ചയിലൊരിക്കൽ ആൺകുട്ടികൾ പാവാട ധരിച്ചാലോ? അതുമൂലം സമൂഹത്തിനു മുറിവുണ്ടാകുന്നുവെങ്കിൽ അതാണു മാറേണ്ടത്. ഒരാൾക്കു കുറവുണ്ടെന്നു വരുത്തിത്തീർക്കാൻ നടപ്പിലും ശബ്ദത്തിലുമുള്ള സ്ത്രൈണത ചൂണ്ടിക്കാട്ടുന്ന നമ്മുടെ സമീപനം മാറണം. ട്രാൻസ്ജെൻഡർ വിദ്യാർഥികളെ എങ്ങനെയാണു മനസ്സിലാക്കുക എന്നു ചോദിക്കുന്ന അധ്യാപകരുണ്ട്. അവരോടു പറയട്ടെ, ക്ലാസുകൾ ജെൻഡർ ന്യൂട്രൽ ആകുകയാണു വേണ്ടത്. എല്ലാവർക്കും വിദ്യാർഥി എന്ന മേൽവിലാസം മതി.

വ്യവസ്ഥിതി മാറാതെ സ്കൂൾ മാറില്ല

വീട്ടിലും നാട്ടിലും നിലനിൽക്കുന്ന അധികാരവ്യവസ്ഥിതിയുടെ തുടർച്ചയാണു സ്കൂളിലും. അതുകൊണ്ടു സ്കൂളിൽ മാത്രമായി പൊളിച്ചെഴുത്തു സാധ്യമല്ല. സ്ത്രീ അധികാരസ്ഥാനത്ത് എത്തിയതുകൊണ്ടു മാത്രം വ്യവസ്ഥിതിയുടെ പുരുഷാധിപത്യ സ്വഭാവം മാറില്ല; അതേസമയം, സ്ത്രീപക്ഷ നിലപാടുള്ള സ്ത്രീ അധികാരസ്ഥാനത്ത് എത്തിയാൽ മാറ്റം വരിക തന്നെ ചെയ്യും. കോളജുകളിൽ സാരി നിർബന്ധമല്ലെന്ന സർക്കാർ ഉത്തരവിൽ അത്തരമൊരു സ്ത്രീപക്ഷ നിലപാടാണു നാം കണ്ടത്.

ആധുനിക വിദ്യാഭ്യാസത്തിന്റെ തുടക്കകാലത്ത് കുട്ടികൾക്കു നൽകുന്ന കളിപ്പാട്ടങ്ങളിലും ആൺകുട്ടികളെ മരപ്പണിയും പെൺകുട്ടികളെ തുന്നലും പഠിപ്പിക്കുന്നതിലും തുടങ്ങിയ വേർതിരിവ് സമൂഹത്തിലുള്ള മേൽക്കോയ്മകളെ ഊട്ടിയുറപ്പിക്കുകയായിരുന്നു.

കളിയിൽ തിരിവ് വേണ്ട; വേണം പുതിയ കഥ

കളികളിലും കായികയിനങ്ങളിലുമുള്ള വിവേചനം അസഹനീയമാണ്. ചില സ്കൂളുകളിൽ പെൺകുട്ടികൾക്കു ഫിസിക്കൽ എജ്യുക്കേഷൻ ക്ലാസ് ഓപ്ഷനായിപ്പോലുമില്ല. കുഞ്ഞുങ്ങൾക്കു പറഞ്ഞുകൊടുക്കാൻ ജെൻഡർ ന്യൂട്രലായ കഥകൾ മലയാളത്തിൽ ഇല്ല. നമ്മുടെ കഥകളിൽ ഒളിഞ്ഞിരിക്കുന്ന വിവേചനങ്ങളും മേൽക്കോയ്മകളും പഠിച്ചിട്ടാണു കുട്ടികൾ സ്കൂളിലെത്തുന്നത്.

ഇതിലെല്ലാം മാറ്റം വരണമെങ്കിൽ സ്കൂളിലെ അധ്യാപകർ മാത്രം മാറിയാൽ പോരാ, സർക്കാർ ഉദ്യോഗസ്ഥർ ഉൾപ്പെടെ സമൂഹത്തിന്റെ എല്ലാ മേഖലകളിലുമുള്ളവർ മാറണം; അതിനുള്ള പരിശീലനം കിട്ടണം. മാറ്റങ്ങൾ പലപ്പോഴും സർക്കാരിന്റെ പൊതുവിദ്യാഭ്യാസ സമ്പ്രദായത്തിൽ മാത്രം ഒതുങ്ങുന്നുവെന്ന പ്രശ്നവുമുണ്ട്. മറ്റു സിലബസുകൾ മേൽത്തട്ടുകാരുടേതാണെന്നാണു മനഃസ്ഥിതി. രണ്ടുതരം പൗരസമൂഹത്തെ സൃഷ്ടിക്കുന്ന വിദ്യാഭ്യാസ രീതിയും മാറണം. തുല്യത ഭരണഘടന ഉറപ്പു നൽകുന്ന അവകാശമാണെന്നും നമുക്കോർക്കാം.

മാറ്റം തിരിച്ചറിയണം, മലയാള ഭാഷയും

ഭാഷയിലെ വാക്കുകളിലും പ്രയോഗങ്ങളിലും സമത്വം ഉണ്ടാകണം. ലിംഗസമത്വമെന്ന വാക്കുപോലും പുരുഷാധിപത്യസ്വഭാവമുള്ള പ്രയോഗമാണ്. കൂട്ടായ ചർച്ചകളിലൂടെ ജെൻഡറിനും ട്രാൻസ്ജെൻഡറിനും ഉൾപ്പെടെ നല്ല വാക്കുകൾ വരണം. ‘ആണും പെണ്ണും കെട്ട’ എന്നു തുടങ്ങി ഒട്ടേറെ മോശം പ്രയോഗങ്ങൾ നിലനിൽക്കുന്നു. പല ജാതികളെയും സ്ത്രീകളെയും തരംതാഴ്ത്താനുപയോഗിക്കുന്ന ചൊല്ലുകളും മാറണം. വിവാഹശേഷമുള്ള ‘അടുക്കളകാണൽ’ എന്ന ചടങ്ങ് നോക്കുക. എന്തൊരു പേരാണത്? വധു എന്തു ജോലി ചെയ്യുന്നയാളായാലും അടുക്കളയിലാണു സ്ഥാനം എന്നുറപ്പിക്കുന്നതു പോലെയല്ലേ ഈ പ്രയോഗം?

പുതുക്കിപ്പണിയണം നമ്മുടെ ‘വീടുകൾ’

വിവേചനങ്ങളെല്ലാം നാം ആദ്യം പഠിക്കുന്നതു കുടുംബത്തിലാണ്, അതുകൊണ്ടു തന്നെ അവിടെ മാറ്റം വരണം. ‘കെട്ടിച്ചുവിടുക’ എന്ന പ്രയോഗം മാറണം. ഇത്തരം മനോഭാവങ്ങൾ നടപ്പാക്കാനുള്ള ഉപകരണമായി വീട്ടിലെ അമ്മയും മാറുന്നു. വിവാഹശേഷം മകളോട് അമ്മ പറയുന്നത് ഇതാണ്– ‘ഇടയ്ക്ക് നീ നിന്റെ ഭർത്താവിനൊപ്പം വരിക. നിങ്ങൾ ഒരുമിച്ചു തിരിച്ചുപോകുക’. അതിനപ്പുറം ആ വീട് അവൾക്ക് അന്യമാകുന്നു.

വിവാഹമാണ് ജീവിതത്തിലെ ഏറ്റവും പ്രധാനം എന്ന കാഴ്ചപ്പാടും മാറണം. വിവാഹമോചിതർ, അവിവാഹിതർ,ട്രാൻസ്ജെൻഡർ, സ്വവർഗാനുരാഗികൾ തുടങ്ങി എല്ലാവർക്കും തുല്യ അന്തസ്സാണെന്ന തിരിച്ചറിവു വരണം.സ്ത്രീശരീരം രഹസ്യസ്വഭാവമുള്ളതാകണമെന്ന ധാരണയും കുടുംബത്തിൽ നിന്നാണു പലർക്കും കിട്ടുന്നത്. ആർത്തവ ദിനങ്ങളെക്കുറിച്ച് തുറന്നു സംസാരിക്കുന്ന സമൂഹം ഇപ്പോഴും ഇല്ല. വീട്ടിലെ കാര്യങ്ങൾ ഒറ്റയ്ക്കു നോക്കുന്ന, എല്ലാം സഹിക്കുന്ന, ഉറക്കെ സംസാരിക്കാത്ത സ്ത്രീയാണു നല്ല സ്ത്രീയെന്ന കാഴ്ചപ്പാടു വളർത്തുന്നത് കുടുംബ വ്യവസ്ഥിതിയാണ്. ജോലി സ്ഥലത്തു നിന്ന് ഒരുമിച്ചു തിരികെയെത്തിയശേഷം, ഭാര്യ അടുക്കളയിൽപോയി ചായയെടുത്ത് കൊണ്ടുവരികയും ഭർത്താവ് ടിവി കണ്ടോ വായിച്ചോ ഇരിക്കുകയും ചെയ്യുന്നതിൽ പലരും ശരികേടു കാണുന്നില്ല. അതു തന്നെയാണ് ഏറ്റവും വലിയ പ്രശ്നം.

മകളുടെ ‘സാരി’ ദുരനുഭവം പങ്കിട്ട് സാറാ ജോസഫ്

മകൾ സംഗീത ശ്രീനിവാസൻ സ്കൂളിൽ അധ്യാപികയായി ചുമതലയേൽക്കാൻ ചുരിദാർ ധരിച്ചാണു പോയത്. സാരിയെക്കാൾ അവൾക്ക് അതായിരുന്നു സൗകര്യപ്രദം. സാരി ഉടുക്കണമെന്നു സ്കൂളിൽനിന്നു നിർദേശം വന്നു. അവിടത്തെ ഹെഡ്മിസ്ട്രസ് തന്നെ വീട്ടിൽ വന്നു. എന്റെ പഴയ വിദ്യാർഥി കൂടിയായിരുന്നു അവർ. സാരി ഉടുത്തുതന്നെ സ്കൂളിൽ വരണമെന്ന് ആവശ്യപ്പെട്ടപ്പോൾ ഞാൻ മകൾക്കൊപ്പം നിന്നു. മാതൃകാപരമല്ലാത്ത എന്താണ് അവൾ ധരിച്ച വസ്ത്രത്തിലുള്ളതെന്നു ചോദിച്ചു. അവൾ ചുരിദാറിട്ടു മാത്രമേ സ്കൂളിൽ വരികയുള്ളൂവെന്നും നിങ്ങൾക്കു സമ്മതമല്ലെങ്കിൽ അതിന്റെ വരുംവരായ്കകൾ നേരിടാൻ തയാറാണെന്നും അറിയിച്ചു.
സാരി മാത്രമാണ് ഉത്തമവേഷമെന്നു കരുതുന്ന രീതി ഇപ്പോഴും നിലനിൽക്കുന്നുണ്ട്. പല സ്വകാര്യ സ്കൂളുകളും ഇപ്പോഴും അധ്യാപകരെ ചുരിദാറിടാൻ സമ്മതിക്കുന്നുമില്ല.

∙ സാറാ ജോസഫ്: ചിന്തയിലും ശരീരഘടനയിലും ആണും പെണ്ണും വ്യത്യസ്തരാണ്. അതേസമയം, പരസ്പര പൂരകങ്ങളുമാണെന്ന തിരിച്ചറിവിൽ കോ–എജ്യുക്കേഷൻ നിർബന്ധിതമാക്കണം. ഒരേ യൂണിഫോം എന്നതുകൊണ്ട് ആണിന്റെ വേഷം പെൺകുട്ടിക്കും എന്നല്ല അർഥം; ട്രാൻസ്ജെൻഡറിനും പെണ്ണിനും ആണിനും സൗകര്യപ്രദമായ വേഷം കണ്ടെത്തുകയാണു വേണ്ടത്. അതു ഖാദിയാക്കാൻ സർക്കാർ ഇടപെട്ടാൽ ഖാദി മേഖലയ്ക്ക് ഉണർവുമാകും.


∙ മൃദുലാദേവി എസ്.: ജെൻഡർ ന്യൂട്രൽ യൂണിഫോമിനെക്കുറിച്ചു നാം സംസാരിക്കുമ്പോൾ യൂണിഫോം പോലും വാങ്ങാനാകാതെ പ്രയാസപ്പെടുന്നവരെക്കുറിച്ചു മറക്കരുത്. ഈ പ്രശ്നം പരിഹരിക്കാൻ പദ്ധതിയുണ്ടാകണം. പുതിയ ശീലമായിട്ടും നമ്മളാരും മാസ്ക്കും സാനിറ്റൈസറും മറക്കാത്തതു സർക്കാർ അതിൽ കൃത്യമായി ഇടപെട്ടതുകൊണ്ടാണ്. ഇതുപോലെ എല്ലാമേഖലയിലും സമത്വം ഉറപ്പാക്കാനും സർക്കാർ മുന്നിട്ടിറങ്ങണം.

∙ വിജയരാജമല്ലിക: ട്രാൻസ്ജെൻഡർ, ഇന്റർസെക്സ് തുടങ്ങിയ വാക്കുകൾക്കു മലയാളം കണ്ടെത്തണം. ‘ജെൻഡറി’ന്റെ ശരിയായ മലയാളമല്ല ‘ലിംഗം’. നമ്മുടെ സങ്കൽപത്തിലെ മാതൃകാ കുടുംബത്തിനു പുറത്താണു ട്രാൻസ്ജെൻഡറുകൾ. ക്വീർ കമ്യൂണിറ്റിയിലുള്ളവരെയും ഉൾപ്പെടുത്തിയാകണം പാഠപുസ്തകത്തിലെ കുടുംബചിത്രീകരണം. ഹാജർ പുസ്തകത്തിൽ ജെൻഡർ വ്യത്യാസമില്ലാതെ അക്ഷരമാലാക്രമത്തിലാകണം പേരുകൾ.

∙ പീയൂഷ് ആന്റണി: പാഠപുസ്തകങ്ങളിൽ വരുത്തുന്ന മാറ്റങ്ങൾ സ്കൂളുകളുടെ അടക്കം ദൈനംദിനപ്രവർത്തനങ്ങളുടെ ഭാഗമാകണം. കുടുംബങ്ങൾക്ക് എന്ന പേരിലുള്ള ഇൻഷുറൻസ് പരിരക്ഷയും ക്വാർട്ടേഴ്സ് അടക്കമുള്ള സൗകര്യങ്ങളും അവിവാഹിതർക്കും അവരുടെ രക്ഷിതാക്കൾക്കും കൂടി ലഭ്യമാകണം. വിവാഹം നിർബന്ധിതമാണെന്ന സാമൂഹികബോധം മാറണം; അതു വ്യക്തികളുടെ തിരഞ്ഞെടുപ്പാകണം.

∙ പി.വിജി: സ്ത്രീ തൊഴിലാളികളെ അംഗീകരിക്കാനും അവർക്കു കുടുംബത്തിലും സമൂഹത്തിലും അർഹമായ സ്ഥാനം ഉറപ്പാക്കാനും സർക്കാർ ഇടപെടണം. പുരുഷന്റെ അധ്വാനത്തിനു മൂല്യം കൽപിക്കുന്നു; സ്ത്രീയുടേതിന് അങ്ങനെയില്ല. തൊഴിലിടങ്ങളിലെ വിവേചനത്തിനെതിരെ നിയമം വരണം. കുടുംബങ്ങളിൽ ജനാധിപത്യം ഉറപ്പാക്കാനായി വിദ്യാഭ്യാസ സമ്പ്രദായത്തിൽ തിരുത്തൽ വരുത്തണം.

∙ ഡോ.മോഹൻ റോയ്: കേരളത്തിൽ ജെൻഡർ സമത്വദിനം ആചരിച്ചുതുടങ്ങണം. വിദ്യാർഥികൾ വീടുകളിൽ ജെൻഡർ ഓഡിറ്റിങ് നടത്തട്ടെ. തുല്യതയ്ക്കു നിരക്കാത്ത ഭാഷ, ശീലങ്ങൾ തുടങ്ങിയവ വീട്ടിൽ തന്നെ മാറണം. തുല്യ യൂണിഫോം, സമത്വസമീപനം തുടങ്ങിയവ നടപ്പാക്കാൻ കൃത്യമായ സമയപരിധി നിശ്ചയിക്കണം.

∙ ഡോ. ബർട്ടൺ ക്ലീറ്റസ്: സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കു കൃത്യമായ നിർവചനമുള്ളതുപോലെ ജെൻഡർ വിവേചനത്തിൽ എന്തൊക്കെ ഉൾപ്പെടുമെന്ന നിർവചനം ക്യാംപസിലും ജോലിസ്ഥലത്തും പൊതുഇടങ്ങളിലും വേണം. ക്യാംപസിൽ ശുചിമുറി ഒഴികെയുള്ള സൗകര്യങ്ങൾ (കന്റീൻ, വിശ്രമമുറി) പൊതുവായിട്ടാകണം. സിസിടിവി ക്യാമറ വയ്ക്കുന്നതിൽ കൃത്യമായ മാനദണ്ഡം വേണം; പ്രവേശനകവാടത്തിലാകാം, വരാന്തയിലോ ക്ലാസിലോ പാടില്ല.

∙ ഡോ.ആർ.എം.അമൃതരാജ്, മോഡറേറ്റർ: നാടിന്റെ വികസനത്തിന്റെ പ്രധാന മാനദണ്ഡങ്ങളിലൊന്നായി ജെൻഡർ തുല്യത കണക്കാക്കപ്പെടണം. വിദ്യാഭ്യാസമേഖലയിൽ ഉറപ്പാക്കാൻ കഴിഞ്ഞാൽ മാത്രമേ അതിനു നിലനിൽപുള്ളൂ. ഇത്തരം കാര്യങ്ങളിൽ മാർഗനിർദേശങ്ങൾക്കു സർക്കാരിന് ഒരു അഡ്വൈസർ പോരാ, വിവിധ മേഖലകളെ പ്രതിനിധീകരിക്കുന്ന വിദഗ്ധർ ഉൾപ്പെടുന്ന അഡ്വൈസറി ബോർഡ് തന്നെ വേണം.

Content Highlight: Gender Neutral Unifrom

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com