ADVERTISEMENT

ശിശുമരണങ്ങളുടെ അറുതിയില്ലാത്ത വിലാപങ്ങൾ അട്ടപ്പാടിച്ചുരമിറങ്ങി കേരള മനഃസാക്ഷിയെ പിടിച്ചുലയ്ക്കാൻ തുടങ്ങിയിട്ടു വർഷങ്ങളായി. ആരോഗ്യസൂചികകൾ ചൂണ്ടിക്കാട്ടി മറ്റു നാട്ടുകാർക്കു മുന്നിൽ അഭിമാനം കൊള്ളുന്ന മലയാളികൾക്കു മുന്നിൽ എന്നും ചോദ്യചിഹ്നമാണ് അട്ടപ്പാടിയിലെ കു‍ഞ്ഞുങ്ങളും അമ്മമാരും. അവരുടെ കണ്ണീരൊപ്പാനോ അവരെ ആരോഗ്യമുള്ളവരാക്കാനോ മാറിമാറി വന്ന സർക്കാരുകൾക്കോ അട്ടപ്പാടി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർക്കോ സാധിച്ചിട്ടില്ല.

അട്ടപ്പാടിയിൽ ഓരോ നവജാതശിശു മരിക്കുമ്പോഴും കേരളമാണു കളങ്കിതമാകുന്നത്. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ മാത്രം അഞ്ചു കുട്ടികളുടെയും ഒരു അമ്മയുടെയും ജീവനാണു നഷ്ടമായത്. എട്ടു വർഷത്തിനുള്ളിൽ, സർക്കാർ കണക്കുകളിൽ അട്ടപ്പാടിക്കു നഷ്ടമായത് 121 കുഞ്ഞുങ്ങളാണ്. വിവിധ സന്നദ്ധ സംഘടനകളുടെ റിപ്പോർട്ടനുസരിച്ചാവട്ടെ, മരണം 150നു മുകളിലാണ്. 47 നവജാതശിശുക്കളെ നഷ്ടമായ 2013ലെ ദുരന്തകാലത്തിനു ശേഷം 8 വർഷത്തിനിടെ തദ്ദേശസ്ഥാപനങ്ങൾ വഴി 131 കോടി രൂപ അട്ടപ്പാടിയുടെ സമഗ്രവികസനത്തിനെന്ന പേരിൽ ഒഴുകിയെന്നത് ഇതോടൊപ്പം ചേർത്തുവായിക്കേണ്ടതുണ്ട്. വിവിധ വകുപ്പുകൾ അട്ടപ്പാടിക്കായി വകയിരുത്തിയ തുക കൂടി ചേരുമ്പോൾ ഇത് 200 കോടി കടക്കും.

കുട്ടികളുടെ മരണകാരണങ്ങളിൽ പ്രധാനമായും ആരോഗ്യ വകുപ്പു ചൂണ്ടിക്കാട്ടുന്നത് പോഷകാഹാരക്കുറവാണ്. ഇതു പരിഹരിക്കാൻ 2016ൽ കമ്യൂണിറ്റി കിച്ചൻ ആരംഭിച്ചിരുന്നു. അതിനു വർഷങ്ങൾക്കു മുൻപുതന്നെ അങ്കണവാടികൾ വഴി അമ്മമാർക്കും കുട്ടികൾക്കും പോഷകാഹാരങ്ങൾ വിതരണം ചെയ്തിരുന്നതുമാണ്. എന്നിട്ടും എന്തുകൊണ്ട് അട്ടപ്പാടിക്കാർക്കിടയിലെ പോഷകാഹാരക്കുറവു പരിഹരിക്കാൻ സാധിക്കുന്നില്ല എന്ന അടിസ്ഥാന ചോദ്യത്തിനുള്ള ഉത്തരം സർക്കാരും പൊതുസമൂഹവും കണ്ടെത്തേണ്ടതുണ്ട്. പാർശ്വവൽക്കരിക്കപ്പെട്ട ഒരു ജനതയെയും സമൂഹത്തെയും സഹായിക്കാനെന്ന പേരിൽ അടിച്ചേൽപിക്കുന്ന പരിഷ്കാരങ്ങൾ പലപ്പോഴും അവരെ കൂടുതൽ പ്രയാസത്തിലേക്കാണു തള്ളിവിടുന്നതെന്നതിൽ സംശയമില്ല. അവർക്ക് ആവശ്യമുള്ളതു നൽകി, അവരെ സ്വയംപര്യാപ്തതയിലേക്കു കൈപിടിച്ചുയർത്തുകയല്ലേ വേണ്ടത്?

മൂന്നു കുടുംബാരോഗ്യ കേന്ദ്രങ്ങൾ, ഒരു സാമൂഹികാരോഗ്യകേന്ദ്രം, ട്രൈബൽ സ്പെഷ്യൽറ്റി ആശുപത്രി, അഞ്ചു മൊബൈൽ യൂണിറ്റുകൾ, രണ്ട് ഒപി ക്ലിനിക്കുകൾ, 28 സബ് സെന്ററുകൾ, മൂന്നു വീതം ആയുർവേദ ആശുപത്രികളും ഹോമിയോ ഡിസ്പെൻസറികളും, ഒരു നോഡൽ ഓഫിസർ, 150 ട്രൈബൽ പ്രമോട്ടർമാർ, ഹെൽത്ത് ഇൻസ്പെക്ടർ ഉൾപ്പെടെ സമൃദ്ധമായ ആരോഗ്യസംവിധാനം അട്ടപ്പാടിയുടെ ക്ഷേമപ്രവർത്തനങ്ങൾക്കായി നിലവിലുണ്ട്. എന്നിട്ടും, ശിശുമരണങ്ങൾക്കും പോഷകാഹാര പ്രശ്നങ്ങൾക്കും അറുതിവരുത്താൻ സാധിക്കുന്നില്ലെന്നു വരുമ്പോൾ ഇവിടെയെത്തിയ കോടികൾ പോയ വഴിയും എത്തിപ്പെട്ട കൈകളും കൂടി പരിശോധിക്കപ്പെടേണ്ടതല്ലേ?

വകുപ്പുകളുടെ ഏകോപനം സംബന്ധിച്ച കാര്യത്തിലും ആശങ്ക നിലനിൽക്കുന്നു. ഒരേ പദ്ധതി തന്നെ വിവിധ വകുപ്പുകൾ വിവിധ പേരുകളിൽ നടപ്പാക്കുമ്പോൾ അതിന്റെ യഥാർഥ ഗുണഭോക്താക്കൾ അട്ടപ്പാടിക്കാർ തന്നെയോ എന്ന ചോദ്യം പ്രസക്തമാണ്. മെച്ചപ്പെട്ട ആരോഗ്യ പരിരക്ഷ ഉറപ്പാക്കാൻ അട്ടപ്പാടി കോട്ടത്തറയിൽ ട്രൈബൽ ആശുപത്രി ആരംഭിച്ചിരുന്നു. എന്നാൽ, വിദഗ്ധ ചികിത്സയ്ക്കായി വിവിധ മെഡിക്കൽ കോളജുകളിലേക്കും സ്വകാര്യ ആശുപത്രികളിലേക്കും റഫർ ചെയ്യുന്ന ഒരു ആശുപത്രിയായി ഇതു മാറിയെന്ന ആക്ഷേപം ശക്തമാണ്. കുട്ടികളുടെ ഐസിയു, വെന്റിലേറ്റർ സൗകര്യത്തോടുകൂടിയ ആംബുലൻസ്, കിടത്തിച്ചികിത്സയ്ക്ക് ആവശ്യമായ കിടക്കകൾ, സീനിയർ കൺസൽറ്റന്റിന്റെ സേവനം, താലൂക്ക് ആശുപത്രിയുടെ സൗകര്യം തുടങ്ങി കോട്ടത്തറ മുന്നോട്ടുവച്ച ആവശ്യങ്ങളൊന്നും പരിഗണിക്കപ്പെട്ടിട്ടില്ല.

പ്രശ്നങ്ങൾ പഠിക്കാതെ, മുൻകൂട്ടി തയാറാക്കിയ പരിഹാരം അട്ടപ്പാടിക്കാർക്കു മേൽ അടിച്ചേൽപിക്കുന്ന രീതിയിൽനിന്ന് അധികൃതർ പിൻവാങ്ങണം. ആരോഗ്യ, സാമൂഹിക പ്രശ്‌നങ്ങൾ പരിഹരിക്കാനും സ്വയംപര്യാപ്തത കൈവരിക്കാനുമായി നടപ്പാക്കുന്ന പദ്ധതികൾ വഴി അട്ടപ്പാടിയുടെ സമഗ്രവികസനം ഉറപ്പാക്കണം. ചെലവഴിക്കുന്ന പണത്തിന്റെ ഫലം ജനജീവിതത്തിൽ പ്രതിഫലിക്കുന്നുവെന്ന് ഉറപ്പാക്കുന്ന സംവിധാനം ഉണ്ടായേ തീരൂ. അഴിമതിയും വീഴ്‌ചയും കണ്ടെത്തി മുഖംനോക്കാതെയുള്ള നടപടിക്കു സർക്കാർ തയാറാകേണ്ടതുമുണ്ട്.

Content Highglight: Attappadi Infant Death

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com