ADVERTISEMENT

ക്രിപ്റ്റോ കറൻസി നിയന്ത്രണത്തിന് കേന്ദ്രസർക്കാർ തയാറെടുക്കുകയാണ്. കർണാടകയിൽ നടന്നതുൾപ്പെടെ ബിറ്റ്കോയിൻ തട്ടിപ്പുകൾ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച സാഹചര്യത്തിലാണിത്. പുതുതലമുറ നിക്ഷേപകർ ക്രിപ്റ്റോയിലേക്കു തിരിയുന്നെന്ന അഭ്യൂഹവും ശക്തം. ഈ സാഹചര്യത്തിൽ ക്രിപ്റ്റോ കറൻസി നിയന്ത്രണമാണോ നിരോധനമാണോ വേണ്ടതെന്ന ചർച്ച ധനകാര്യ വൃത്തങ്ങളിൽ ചൂടുപിടിക്കുന്നു. ക്രിപ്റ്റോ കറൻസിക്കു വേണ്ടതു നിയന്ത്രണമോ നിരോധനമോ അല്ല, മാർഗനിർദേശമാണെന്ന് യുഎസിലെ കനക്ടികട്ട് ആസ്ഥാനമായ ചാൻസ് റിവർ കമ്പനി സ്ഥാപക സിഇഒയും ക്രിപ്റ്റോ കറൻസി പ്രചാരകനുമായ നിതിൻ ജോർജ് ഈപ്പൻ പറയുന്നു. അതേ സമയം, കറൻസി എന്നു പോലും വിശേഷിപ്പിക്കാൻ സാധിക്കാത്ത ‘സംഭവം’ ആണ് ക്രിപ്റ്റോകറൻസി എന്നാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചീഫ് ജനറൽ മാനേജർ എസ്.ആദികേശവൻ അഭിപ്രായപ്പെടുന്നത്. 

നിരോധിച്ചാൽ നഷ്ടം

നിതിൻ ജോർജ് ഈപ്പൻ (യുഎസിലെ കനക്ടികട്ട് ആസ്ഥാനമായചാൻസ് റിവർ കമ്പനി സ്ഥാപക സിഇഒയും ക്രിപ്റ്റോ കറൻസി പ്രചാരകനും) 

ക്രിപ്റ്റോകറൻസി: വേണ്ടത് നിരോധനമോ നിയന്ത്രണമോ ?

ക്രിപ്റ്റോ കറൻസിക്കു വേണ്ടതു നിയന്ത്രണമോ നിരോധനമോ അല്ല, മാർഗനിർദേശമാണ്. നിരോധനം ഏർപ്പെടുത്താവുന്ന സാങ്കേതികവിദ്യയല്ല ഇത്. ഇന്ത്യയിൽ മാത്രം നിരോധിച്ചിട്ട് എന്തു കാര്യം? ഇന്റർനെറ്റ് വഴി മൂല്യം നിർണയിക്കപ്പെട്ട ഒന്നാണിത്. ഇവിടെ നിരോധിച്ചാലും, ലോകം ക്രിപ്റ്റോയുമായി മുന്നോട്ടുപോകും. ഇവിടെയുള്ളവർക്ക് ഇടപാടു നടത്താനും ക്രിപ്റ്റോ കോയിൻ പുറത്തിറക്കാനുമൊക്കെയുള്ള അവസരം നഷ്ടമാകുമെന്നുമാത്രം. സാധ്യതകൾ പ്രയോജനപ്പെടുത്താനും പ്രോത്സാഹിപ്പിക്കാനും ആകുംവിധമുള്ള മാർഗനിർദേശങ്ങൾ കൊണ്ടുവരികയാണു വേണ്ടത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചീഫ് ജനറൽ മാനേജർ എസ്.ആദികേശവൻ അഭിപ്രായപ്പെടുന്നു.

nithin
നിതിൻ ജോർജ് ഈപ്പൻ

ക്രിപ്റ്റോ‌ മേഖലയിൽ സർക്കാർ നിയന്ത്രണം എത്രത്തോളം‌ ഫലപ്രദമാകും ?

നിരോധനം പ്രായോഗികമാകണമെങ്കിൽ പൊലീസ് സ്റ്റേറ്റ് ആയിരിക്കണം. നമ്മുടേതു ജനാധിപത്യ രാജ്യമാണ്. ജനത്തിനിഷ്ടമുള്ളതു നിരോധിക്കാൻ പോയാൽ ജനം വേറൊരു വഴി കണ്ടെത്തും. ഗാന്ധിജിയുടെ ജന്മസ്ഥലം എന്നതിനാൽ ഗുജറാത്തിൽ മദ്യം നിരോധിച്ചപ്പോൾ എന്താണുണ്ടായത്, അവിടെ കള്ളവാറ്റ് കഴിച്ച് ആളുകൾ അപകടത്തിലാകുന്നില്ലേ? അതായത്, നിരോധനം മോശം ആളുകൾക്ക് അവസരമേകുകയാണ്. ക്രിപ്റ്റോ നിരോധിച്ചാൽ ആ സാങ്കേതികവിദ്യയിൽ ഒരുപാടു സംഭാവനകൾ ചെയ്യാനാകുന്ന ഇന്ത്യൻ പ്രതിഭകൾ, ഐഐടി എൻജിനീയർമാർ തുടങ്ങിയവരൊക്കെ മറ്റേതെങ്കിലും രാജ്യത്തുപോയി ആ പ്രവർത്തനം നടത്തും. നമുക്കു തന്നെ നഷ്ടം. 7 കോടി വോലറ്റുകൾ ക്രിപ്റ്റോ ഇടപാടിന് ഇന്ത്യയിലുണ്ട്. നിരോധിച്ചാൽ, കരിഞ്ചന്ത,  കള്ളക്കടത്ത് തുടങ്ങിയ തെറ്റായ മാർഗത്തിലൂടെ പോകുന്നവരുടെ കയ്യിൽ ക്രിപ്റ്റോ എത്തിപ്പെടുകയേയുള്ളൂ. ഇന്ത്യയിൽ ക്രിപ്റ്റോ രംഗത്തു ബിസിനസും തൊഴിലവസരവും ഉറപ്പാക്കുകയാണു സർക്കാർ ചെയ്യേണ്ടത്. 

ക്രിപ്റ്റോയെ അസറ്റ് ക്ലാസ് (നിക്ഷേപമാർഗം) ആയി അംഗീകരിക്കാമോ ?

ലോകം മുഴുവൻ ക്രിപ്റ്റോ അസറ്റ് ക്ലാസ് ആയി അംഗീകരിച്ചുകഴിഞ്ഞു. യുഎസ്, ചൈന, യുകെ, സിംഗപ്പൂർ എന്നിങ്ങനെ പല രാജ്യങ്ങളിലുള്ളവർ ബ്ലൂംബർഗ് ടെർമിനൽ ഉപയോഗിക്കുന്നു. വാൾസ്ട്രീറ്റ് ജേണൽ ഇതു ദിവസവും ട്രാക്ക് ചെയ്യുന്നു. ജനം വാങ്ങിക്കൊണ്ടേയിരിക്കുന്നു. 100% വളർച്ചയുള്ള വിപണി. അസറ്റ് ക്ലാസ് ആണോ എന്ന ചോദ്യത്തിനുപോലും പ്രസക്തിയില്ല. പഴയ ഒരു തലമുറയ്ക്ക് ഇതു മനസ്സിലാകുന്നില്ല എന്നു പറ‍ഞ്ഞിരിക്കാം എന്നു മാത്രം. 

ക്രിപ്റ്റോ സാമ്പത്തിക അസ്ഥിരത ഉണ്ടാക്കുമെന്ന വാദം‌ ശരിയോ ?

ക്രിപ്റ്റോ സാമ്പത്തിക അസ്ഥിരത ഉണ്ടാക്കുമെന്ന വാദത്തിന് അടിസ്ഥാനമില്ല. 13 വർഷമായി ക്രിപ്റ്റോ നിലവിലുണ്ട്. ഇതുവരെ അതു കാരണം വിപണി തകർന്നിട്ടില്ല. എന്നാൽ ഇക്കാലത്തിനിടയിൽ മറ്റു പല കാരണങ്ങളാലും ലോക സാമ്പത്തികരംഗത്തു വൻ തകർച്ചയുണ്ടായില്ലേ? ഭവന വിപണി, ഡോട്കോം പ്രശ്നം, വായ്പാ പ്രതിസന്ധി എന്നിങ്ങനെ ആഗോള തകർച്ച പല സന്ദർഭങ്ങളിലുണ്ടായി. ഏതൊരു നിക്ഷേപത്തിലുമെന്നപോലെ, ക്രിപ്റ്റോയുടെ മൂല്യം കുറയുകയും കൂടുകയും ചെയ്യും. കുറയുമ്പോൾ വ്യക്തികളുടെ ആസ്തിയിൽ കുറവുണ്ടാകാം. അതു മൊത്തത്തിൽ വിപണിയെയോ രാജ്യങ്ങളെയോ തകർച്ചയിലേക്കു നയിക്കേണ്ട കാര്യമില്ല. സർക്കാരുകൾ വിവേചനരഹിതമായി പണം അച്ചടിക്കുമ്പോഴാണു മൂല്യത്തകർച്ചയും സാമ്പത്തിക അസ്ഥിരതയും പോലുള്ള പ്രശ്നങ്ങളുണ്ടാകുക. ക്രിപ്റ്റോകറൻസിയിൽ പക്ഷേ എണ്ണം നിശ്ചിതമാണ്. കൂടുതൽ പ്രിന്റ് ചെയ്യാനാകില്ല. 

ആർബിഐയുടെ ഡിജിറ്റൽ‌ കറൻസി ക്രിപ്റ്റോയ്ക്ക് ബദലാണോ ?

ആർബിഐയുടെ ഡിജിറ്റൽ കറൻസി ക്രിപ്റ്റോയ്ക്കു ബദലല്ല. അതു രൂപയുടെ ഡിജിറ്റൽ രൂപമാണ്. ഇപ്പോഴും നമ്മൾ ഡിജിറ്റലായി ഇടപാടു നടത്തുന്നുണ്ടല്ലോ. ഇന്ത്യയിലേക്കും പുറത്തേക്കുമുള്ള പണം കൈമാറ്റത്തിനൊരു ഡിജിറ്റൽ വഴി എന്നതു പോലെ എന്തെങ്കിലും നേട്ടമുണ്ടായേക്കാം. എന്തായാലും അത് ക്രിപ്റ്റോ പോലെ ഒരു അസറ്റ് ആയി ഞാൻ വാങ്ങിവയ്ക്കേണ്ട കാര്യമില്ലല്ലോ. രൂപയുടെ മൂല്യം ഉയരും എന്നു കണക്കാക്കി വാങ്ങി സൂക്ഷിക്കാനാണെങ്കിൽ ഇപ്പോഴത്തെ രൂപ തന്നെ മതിയല്ലോ. മാത്രമല്ല, കറൻസി ഡിജിറ്റൽ ആയാലും റിസർവ് ബാ‌ങ്ക് എന്ന ഇടനിലക്കാരൻ ഒഴിവാകുന്നുമില്ല. ക്രിപ്റ്റോയിലാകട്ടെ, ഇടനിലക്കാരില്ല. വികേന്ദ്രീകൃതമാണ്. സിസ്റ്റത്തിൽനിന്ന് ആരെയും തടയാൻ കഴിയില്ല. ഒരു കേന്ദ്ര ബാങ്കിനും ഇടപെടാനാകില്ല. 

ക്രിപ്റ്റോ സുരക്ഷിതമായ‌ നിക്ഷേപ‌ മാർഗമാണോ ?

പണം സുരക്ഷിതമായി നമ്മുടെ കട്ടിലിനടിയിൽ വയ്ക്കാനേ സാധിക്കൂ. ബാങ്കിലിട്ടാൽ പലിശ കിട്ടും. പക്ഷേ, ബാങ്കുതന്നെ പൊളിഞ്ഞുപോകുന്നില്ലേ. കട്ടിലിനടിയിൽ കൊണ്ടുവച്ച പണത്തിന്റെ മൂല്യം പണപ്പെരുപ്പം കാരണം കുറഞ്ഞുകുറഞ്ഞുപോകാനും സാധ്യതയുണ്ടല്ലോ. എണ്ണയോ ഓഹരിയോ സ്വർണമോ എന്നിങ്ങനെ ഏത് അസറ്റ് ആയാലും വില താഴെപ്പോകാം. കഴിഞ്ഞ ഒരു കൊല്ലത്തിനുള്ളിൽ ക്രിപ്റ്റോ വില മൂന്നിരട്ടിയായി.

5 വർഷത്തിനിടയിൽ 100 ഇരട്ടിയായി. ഇതു വളരെ ശൈശവ ദശയിലുള്ള സാങ്കേതിക വിദ്യയാണ്. ലോകത്തെ മാറ്റിമറിച്ചുകൊണ്ടിരിക്കുകയാണ്. കൂടുതൽ ആളുകൾ വരുന്നതോടെ ദീർഘകാലയളവിൽ വില ഉയരാനാണു സാധ്യത.  ഹ്രസ്വകാലത്ത് ചാഞ്ചാട്ടം അതിന്റെ ഭാഗമായിത്തന്നെ കാണും. സുരക്ഷിതമാണോ എന്നു ചോദിച്ചാൽ, ‘ഫ്രീ ലഞ്ച്’ എന്നൊരു സംഗതി ലോകത്തില്ല. ഏതു നിക്ഷേപ മാർഗമെടുത്താലും നഷ്ടസാധ്യതയുണ്ട്. സർക്കാർ ആളുകളെ ബോധവൽക്കരിക്കുക. നിക്ഷേപിക്കുന്നതു വിശ്വസനീയ ക്രിപ്്റ്റോ കറൻസിയിലാണോ തട്ടിപ്പുകാരന്റെ ക്രിപ്റ്റോയിലാണോ എന്നൊക്കെ തിരിച്ചറിയാനുള്ള വിദ്യാഭ്യാസം ജനത്തിനു നൽകുക. അതാണു സർക്കാരിനു ചെയ്യാനാകുന്നത്. 

adikesavan
എസ്.ആദികേശവൻ

യുക്തിയില്ലാത്ത ആശയം

എസ്.ആദികേശവൻ (സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചീഫ് ജനറൽ മാനേജർ. അഭിപ്രായം വ്യക്തിപരം)

ക്രിപ്റ്റോകറൻസി: വേണ്ടത് നിരോധനമോ നിയന്ത്രണമോ ?

കറൻസി എന്നു പോലും വിശേഷിപ്പിക്കാൻ സാധിക്കാത്ത ‘സംഭവം’ ആണ് ക്രിപ്റ്റോകറൻസി. ലോകത്തിൽ ഇന്നുള്ള അംഗീകരിക്കപ്പെട്ട എല്ലാ കറൻസികളും ‘ഫിയറ്റ്’ കറൻസി എന്നാണറിയപ്പെടുന്നത്. ഇറക്കുന്ന സർക്കാരിന്റെ ഉറപ്പ് ഇവയ്ക്കുണ്ടെന്നർഥം.ഒരാശയം എന്ന നിലയിൽ എങ്കിലും ക്രിപ്റ്റോയെ കറൻസി ആയി അംഗീകരിക്കാനുള്ള ഒരു അടിസ്ഥാനം നമുക്കു വേണ്ടേ? ഇത് എന്താണ്, ആരാണ് ഇതിന്റെ പിറകിൽ, മൂല്യനിർണയം എങ്ങനെ എന്നുള്ളതിനൊന്നും വ്യക്തമായ ഉത്തരമില്ലെന്നു മാത്രമല്ല, നമ്മുടെ റിസർവ് ബാങ്കിനു പോലും പൂർണമായും മനസ്സിലാക്കാനോ ഉൾക്കൊള്ളാനോ പറ്റാത്തതാണു ക്രിപ്റ്റോകറൻസി. അപ്പോൾ, നിരോധിക്കണോ നിയന്ത്രിക്കണോ എന്ന ചോദ്യം പോലും അപ്രസക്തമാണ്. ഒരു ദേശീയ കറൻസിക്കു വേണ്ടുന്ന ഒരു അടിസ്ഥാനമോ മൂല്യം നിർണയിക്കാനുള്ള മാർഗമോ എന്തെങ്കിലും യുക്തിയുക്തമായ അടിത്തറയോ ഇല്ലാത്ത ഒരു നവ ലിബറൽ ‘അനാശയം’ ആണ് ക്രിപ്റ്റോ കറൻസി.

ക്രിപ്റ്റോ‌ മേഖലയിൽ സർക്കാർ നിയന്ത്രണം എത്രത്തോളം‌ ഫലപ്രദമാകും ?

നിയന്ത്രണം കൊണ്ടുവരണമെങ്കിൽ തന്നെ ഈ ‘കറൻസികൾ’ എന്നു വിളിക്കപ്പെടുന്നവയ്ക്ക് ഉത്തരവാദപ്പെട്ട, ‘ഇഷ്യൂ’ ചെയ്യുന്ന (പുറത്തിറക്കുന്ന) അംഗീകൃത സംവിധാനം വേണം. ഇന്നു ഡിജിറ്റൽ കറൻസിയെക്കുറിച്ചാണു റിസർവ് ബാങ്ക് പോലുള്ള ദേശീയ ബാങ്കുകൾ ചർച്ച ചെയ്യുന്നത്. ഇത്തരം ഡിജിറ്റൽ കറൻസിക്ക് ‘ക്രിപ്റ്റോ’ വിഭാഗവുമായി ഒരു ബന്ധവുമില്ല.  ലോകത്തുള്ള എല്ലാ കറൻസികൾക്കും അവ പുറത്തിറക്കുന്ന സ്വതന്ത്ര ദേശീയ സ്ഥാപനവും അതുമൂലം തന്നെ നിയമവ്യവസ്ഥയിലൂടെയുള്ള ഒരു ഉറപ്പും ദേശീയ സ്വഭാവവും ഉണ്ട്. ഉദാഹരണമായി ഇന്ത്യൻ രൂപ ഇറക്കുന്നതു റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആണ്. അമേരിക്കൻ ഡോളർ പുറത്തിറക്കുന്നതു ഫെഡറൽ റിസർവ് എന്ന അമേരിക്കൻ കേന്ദ്ര ബാങ്കും.

രാജ്യങ്ങളുടെ കറൻസികളുടെ താരതമ്യേനയുള്ള മൂല്യം (അഥവാ വിനിമയ നിരക്ക്) സമ്പദ് വ്യവസ്ഥയുടെ തോത്, വളർച്ചനിരക്ക്, പലിശ നിരക്ക്, പണപ്പെരുപ്പ നിരക്ക്, കയറ്റുമതി/ഇറക്കുമതി  മുതലായ കണക്കുകളിൽ ആശ്രിതമായിരിക്കും. സ്വതന്ത്ര വിനിമയം (പൂർണമായും നിയന്ത്രണങ്ങളില്ലാതെ മാറ്റിയെടുക്കാവുന്ന) ഉള്ള കറൻസി ആണെങ്കിൽ അവയുടെ മൂല്യം ഒരു പരിധിവരെ വിദേശ വിനിമയ വിപണിയിലെ വ്യാപാരത്തെ (ട്രേഡിങ്) ആശ്രയിച്ചുമിരിക്കും. ഇവ രണ്ടിനെയും കൂട്ടായി ‘ഫണ്ടമെന്റൽസ്’ എന്നും ‘ടെക്‌നിക്കൽസ്’ എന്നും വിശേഷിപ്പിക്കും. ചന്തയിൽ പോയി നിത്യോപയോഗ സാധനങ്ങൾ പോലും വാങ്ങാനാകാത്ത, മിനിമം വേണ്ട ജീവിത നിലവാരം പോലും ഇല്ലാത്ത കോടിക്കണക്കിനാളുകൾ ഉള്ള രാജ്യത്ത് ഇതിനെക്കാൾ പ്രാധാന്യമേകി വികസിപ്പിക്കാനും നിയന്ത്രിക്കാനും എത്ര മേഖലകൾ കിടക്കുന്നു!

A woman shows a keychain during the Latin Bitcoin conference (LABITCONF) in San Salvador, on November 18, 2021. (Photo by Sthanly ESTRADA / AFP)
A woman shows a keychain during the Latin Bitcoin conference (LABITCONF) in San Salvador, on November 18, 2021. (Photo by Sthanly ESTRADA / AFP)

ക്രിപ്റ്റോയെ അസറ്റ് ക്ലാസ്  (നിക്ഷേപമാർഗം) ആയി അംഗീകരിക്കാമോ ?

സ്വർണം, വെള്ളി, അലൂമിനിയം എന്തിന് പലേഡിയം എന്ന ലോഹം വരെ ‘അസറ്റ്’ ആയി നാം അംഗീകരിക്കുന്നു. ഏത് അസറ്റ് ക്ലാസിനും മൂല്യനിർണയത്തിനു സുതാര്യമായ ഒരു അടിസ്ഥാനം വേണമല്ലോ.  കുറഞ്ഞ പക്ഷം, ‘സപ്ലൈ’ എവിടെ നിന്നാണു വരുന്നത്, അതിനു വിപണിയിലെ ചൂതാട്ടത്തിനതീതമായ ഒരു ‘ഡിമാൻഡ്’ ഉണ്ടോ എന്നീ ചോദ്യങ്ങൾക്കെങ്കിലും വ്യക്തമായ ഉത്തരം വേണം. അല്ലെങ്കിൽ ഈ ചോദ്യത്തിനുള്ള ഉത്തരം കുറെ മറുചോദ്യങ്ങൾ മാത്രമാവും.

 ആര്, ഏതു രാജ്യം അല്ലെങ്കിൽ നിയമാനുസൃതമായ ഏതു ധനകാര്യ വ്യവസ്ഥയ്ക്കാണ് ‘ക്രിപ്റ്റോ’ കറൻസികളുടെ ഉത്തരവാദിത്തം? എന്താണ് ഇവയ്ക്കുള്ള നിയമസാധുത?  ഇവയുടെ മൂല്യം എങ്ങനെ നിർണയിക്കും? എന്താണ് ഇതിന്റെ അടിസ്ഥാനം ?  ( ഇപ്പോൾ ഒരു ബിറ്റ്കോയിനു 43.45 ലക്ഷം രൂപ ആണ് ഇതു വിപണനം ചെയ്യുന്നവർ കണക്കാക്കുന്നത്. ഇത് അതിന്റെ വിലയാണ്. പക്ഷേ ഈ വിലയ്ക്കു മൂല്യത്തിന്റെ അസ്തിത്വം ഇല്ല)‘ബ്ലോക്ക് ചെയിൻ’ അല്ലെങ്കിൽ പുതിയ ഏതെങ്കിലും സാങ്കേതിക വിദ്യയുടെ ഉപയോഗത്തിനു വേണ്ടി മാത്രം ഒരു സാങ്കൽപിക കറൻസി സൃഷ്ടിച്ചാൽ അതു നമ്മുടെ സമ്പദ് വ്യവസ്ഥയുടെ ഘടനയെത്തന്നെ ബാധിക്കില്ലേ?

ക്രിപ്റ്റോ സാമ്പത്തിക അസ്ഥിരത ഉണ്ടാക്കുമെന്ന വാദം‌ ശരിയോ ?

ശരിക്കും നല്ല ചർച്ചയ്ക്കു വേണ്ട വിവരങ്ങൾ പോലും ഈ വിഷയത്തെക്കുറിച്ചു നമ്മുടെ കൈവശം ഇന്നില്ല. നമുക്ക് എത്തുംപിടിയും ഇല്ലാത്ത ഒരു വിപണിയും അതിലെ കൈമാറ്റങ്ങളും അസ്ഥിരത തീർച്ചയായും ഉണ്ടാക്കും. ഇതു സർക്കാരിന്റെ ധനനയത്തെയും (ഫിസ്കൽ പോളിസി) റിസർവ് ബാങ്കിന്റെ പണ നയത്തെയും (മോണിറ്ററി പോളിസി) ബാധിക്കും എന്നു തീർത്തു പറയാം. ചോദ്യങ്ങൾക്കൊന്നും വ്യക്തമായ ഉത്തരമില്ലാതെ ‘ക്രിപ്റ്റോ’ കറൻസിക്കു വേണ്ടിയുള്ള പരക്കം പാച്ചിൽ ‘ഇരുട്ടു മുറിയിൽ ഇല്ലാത്ത കറുത്ത പൂച്ചയ്ക്കു വേണ്ടിയുള്ള അന്ധന്മാരുടെ അന്വേഷണം’ പോലെ ആകും.

ആർബിഐയുടെ ഡിജിറ്റൽ‌ കറൻസി ക്രിപ്റ്റോയ്ക്ക് ബദലാണോ ?

ആർബിഐ ഉദ്ദേശിക്കുന്ന ഡിജിറ്റൽ കറൻസി ക്രിപ്റ്റോയ്ക്കു ബദൽ അല്ല. ഉത്തരവാദിത്തമുള്ള ദേശീയ ബാങ്ക് എന്ന നിലയ്ക്കു റിസർവ് ബാങ്ക് ഉദ്ദേശിക്കുന്നത് ഡിജിറ്റൽ മാർഗത്തിൽ മാത്രം കൈമാറ്റം ചെയ്യാവുന്ന ഒരു ലെഡ്ജർ സംവിധാനത്തിനെക്കുറിച്ചാണെന്നാണു മനസ്സിലാക്കാൻ സാധിക്കുന്നത്. പേപ്പർ കറൻസി തത്തുല്യമായി വിപണിയിൽനിന്നു പിൻവലിക്കാൻ സാധിക്കും എന്നാണ് അനുമാനം. ഒരർഥത്തിൽ ഇന്ന് അക്കൗണ്ടിൽനിന്ന് അക്കൗണ്ടിലേക്കു മാറുന്ന ഇടപാടും ‘ഡിജിറ്റൽ’ തന്നെ ആണല്ലോ. പക്ഷേ, എപ്പോൾ വേണമെങ്കിലും അതു പേപ്പർ രൂപത്തിൽ അതിന്റെ ഉടമസ്ഥനു പിൻവലിക്കാൻ സാധിക്കും. ബാങ്കുകൾ തമ്മിലുള്ള ഇടപാടുകൾ, ബാങ്കുകളും സർക്കാരും തമ്മിലുള്ള ഇടപാടുകൾ എന്നിവയിൽ തുടങ്ങി ഇത്തരം സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി വിപണിയിൽ അടുത്ത വർഷം തന്നെ ഇറങ്ങിയേക്കാം. സാങ്കേതികമായി പറഞ്ഞാൽ റിസർവ് ബാങ്ക് ഇറക്കുന്ന ‘ഫിയറ്റ്’ പേപ്പർ കറൻസിക്കു പകരം ഡിജിറ്റൽ ആയി മാത്രം കൈമാറ്റം ചെയ്യാവുന്ന ഒരു വ്യവസ്ഥയാവും എന്നാണ് ഇപ്പോൾ നമുക്കു മനസ്സിലാക്കാൻ സാധിക്കുന്നത്. ഇതു പേപ്പർ കറൻസിയെ പൂർണമായും ഇല്ലാതാക്കുകയും ഇല്ല.  

dollar-bitcoin

ക്രിപ്റ്റോ സുരക്ഷിതമായ‌ നിക്ഷേപ‌മാർഗമാണോ ?

അടിസ്ഥാനമില്ലെങ്കിൽ എന്തു സുരക്ഷിതത്വം ? സർക്കാരോ റിസർവ് ബാങ്കോ രൂപരേഖ ഇറക്കുംവരെ ക്രിപ്റ്റോ എന്നതു സാധാരണക്കാർക്ക് എന്തായാലും പറ്റിയ നിക്ഷേപം അല്ല. അജ്ഞാതവും അവർണനീയവും ആയ ഈ ക്രിപ്റ്റോ വിപണികളിൽ കാശുണ്ടാക്കുന്നവർ ഉണ്ടാക്കട്ടെ. ആട്, തേക്ക്, മാഞ്ചിയം എന്ന അസറ്റ് ക്ലാസിനെ നമുക്കു കാണാനെങ്കിലും കഴിയുമായിരുന്നു!

തയാറാക്കിയത്: എ. ജീവൻകുമാർ

English Summary: Future of Cryptocurrency

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com