ADVERTISEMENT

വല്ലതും തരണേ എന്നു കേണപേക്ഷിക്കുന്ന ആരെയെങ്കിലും വഴിയിലെങ്ങാൻ കാണാനിടയായാൽ ഓർക്കുക: അവർ ദരിദ്രരല്ല; ഇപ്പോൾ കലോത്സവങ്ങൾ നടക്കാത്തതുകൊണ്ടു നാട്ടിലിറങ്ങി പ്രച്ഛന്നവേഷമാടുകയാണവർ. കേരളത്തിൽ ദാരിദ്ര്യം തീരെക്കുറവാണെന്നു കഴിഞ്ഞ ദിവസവും നമുക്കു ബോധ്യപ്പെട്ടതാണല്ലോ. ജനസംഖ്യയുടെ 0.71% മാത്രം.

കോട്ടയം ജില്ലയിലാണെങ്കിൽ പ്രച്ഛന്നവേഷത്തിൽപോലും ഒരു ദരിദ്രനെ കാണാൻ കിട്ടില്ല. പൂജ്യമാണു ദാരിദ്ര്യ ശതമാനം. കേന്ദ്രംവക നിതി ആയോഗിന്റെ ഈ കണ്ടുപിടിത്തത്തോടെ ദാരിദ്ര്യം ഉണ്ടാകാൻ പോകുന്നതു ഭാഷയ്ക്കാണ്. ദരിദ്രവാസി എന്ന പദം ഭാഷയിൽനിന്നും നിഘണ്ടുവിൽനിന്നും പടിയിറങ്ങിപ്പോകും. 

ലിംഗസമത്വം നിഘണ്ടുവിൽ കയറുന്നതിന് എത്രയോ മുൻപു നടപ്പായ പദമാണു ദരിദ്രവാസി. ദാരിദ്യ്രത്തിൽ വസിക്കുന്നവനായാലും വസിക്കുന്നവളായാലും ദരിദ്രവാസിക്കു മാറ്റമില്ല. ദാരിദ്ര്യവാസി എന്നു മാറ്റിപ്പറഞ്ഞാലും ലിംഗസമത്വം ലംഘിക്കപ്പെടുന്നില്ല. പക്ഷേ, ദരിദ്രനാരായണന് ആ സമത്വ ഭാഗ്യം ഇല്ലാതെപോയി. പരമ ദരിദ്രനാണു ദരിദ്രനാരായണൻ എന്നാണു നിഘണ്ടു പറയുന്നത്. ദാരിദ്യ്രം വിജയകരമായി മറച്ചുവയ്ക്കാൻ സ്ത്രീകൾക്കു കഴിയുന്നതിനാൽ പുരുഷനു മാത്രമേ പരമദരിദ്രനാവാൻ കഴിയൂ എന്നു നമ്മുടെ പൂർവികർ കരുതിയിട്ടുണ്ടാവും. അതുകൊണ്ടു ദരിദ്രനാരായണി എന്നൊരു വാക്കുണ്ടായില്ല. 

നാരായണൻ എന്ന ഒരേയൊരു പേരിനോടുമാത്രം ദാരിദ്ര്യം ചേർത്തുവച്ചതിലുള്ള അനീതിക്കാണിപ്പോൾ അവസാനമാകുന്നത്. ആ പദം തന്നെ ഭാഷയിൽനിന്ന് അപ്രത്യക്ഷമാകും. ഭൂമധ്യരേഖപോലെ നമ്മളെ പ്രലോഭിപ്പിച്ചിരുന്ന ദാരിദ്യ്രരേഖയ്ക്കും ഇതേ ഗതിയാണു വന്നുചേരാൻ പോകുന്നത്. എല്ലാ സംസ്ഥാനങ്ങളിലൂടെയും കടന്നുപോയിരുന്ന ഈ രേഖയിൽതൊട്ട് ആണയിടാത്ത രാഷ്ട്രീയ നേതാക്കളും ഭരണകർത്താക്കളുമില്ല. ആരും ഒരിക്കലും കണ്ടിട്ടില്ലാത്ത ആ രേഖയ്ക്കു ഭംഗി പോരെന്നു പറഞ്ഞ് ആരോ ഓമനരേഖ എന്നു പേരു മാറ്റിയത് അപ്പുക്കുട്ടനോർക്കുന്നു. അതിനു പക്ഷേ, നിഘണ്ടുവിൽ ചാടിക്കയറാനുള്ള മിടുക്കുണ്ടായില്ല. 

അക്ഷരമാലയ്ക്കുപോലും ദാരിദ്ര്യമുള്ള ഒരു ഭാഷയിൽനിന്നു പദങ്ങൾ അപ്രത്യക്ഷമാകുന്നതിൽ അദ്ഭുതപ്പെടാനില്ല. പാഠപുസ്തകങ്ങളിൽ ചേർക്കാനുള്ള അക്ഷരങ്ങൾപോലും നമ്മുടെ വിദ്യാഭ്യാസത്തിൽ സ്റ്റോക്കില്ല. ഓർഡർ ചെയ്തിരിക്കുകയാണെന്നും അടുത്ത അധ്യയനവർഷത്തേക്കു വരുമായിരിക്കും എന്നുമാണു മന്ത്രി പറഞ്ഞത്. 

പൗരജനങ്ങളുടെ ദാരിദ്ര്യം ഇല്ലാതാകുമ്പോൾ പ്രധാനമന്ത്രിയും മുഖ്യമന്ത്രിയുമൊക്കെ ദാരിദ്യ്രത്തിൽ തുടരുന്നല്ലോ എന്നതിലാണു പ്രിയപുത്രി ആകാശകുസുമത്തിനു സങ്കടം. പ്രധാനമന്ത്രിയുടെ ദാരിദ്ര്യ നിർമാർജന പരിപാടി, മുഖ്യമന്ത്രിയുടെ ദാരിദ്ര്യ നിവാരണ പദ്ധതി എന്നൊക്കെപ്പറയുമ്പോൾ ദാരിദ്ര്യം പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കുമാണെന്നു തോന്നില്ലേ എന്ന ചോദ്യത്തിൽ ന്യായദാരിദ്ര്യം കാണാനുമില്ല.

English Summary: Kerala poverty line

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com