ADVERTISEMENT

ലോകത്തിലെ മറ്റു പല ഭരണഘടനകളുടെയും നിറം മങ്ങിയിട്ടും നമ്മുടെ ഭരണഘടന കാലാതീതമായി നിലകൊള്ളുന്നു എന്നതിൽത്തന്നെയുണ്ട് അതിന്റെ മൂല്യവും സർവകാലപ്രസക്തിയും. അതേസമയം, മഹനീയമായ നമ്മുടെ ഭരണഘടനയെ ആധാരശിലയാക്കുന്ന പാർലമെന്റിനെപ്പോലും അധികാരരാഷ്ട്രീയം  നോക്കുകുത്തിയാക്കുമ്പോൾ നാം നെഞ്ചേറ്റുന്ന ജനാധിപത്യത്തിലാണു വിള്ളൽ വീഴുന്നത്. പാർലമെന്റിൽ വിയോജനസ്വരങ്ങൾ നിശ്ശബ്ദമാക്കപ്പെടുകയും  ലോക്സഭയിലെ വൻ ഭൂരിപക്ഷത്തിന്റെ ബലത്തിൽ തീരുമാനങ്ങൾ അടിച്ചേൽപിക്കപ്പെടുകയും ചെയ്യുന്നതു ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിനു ഭൂഷണമേയല്ല. വിവാദമായ മൂന്നു കൃഷിനിയമങ്ങൾ പിൻവലിക്കുന്ന ബിൽ കേന്ദ്രസർക്കാർ പാർലമെന്റിന്റെ ഇരുസഭകളിലും ചർച്ചയില്ലാതെ പാസാക്കിയതാണ്  അധികാരക്കോയ്മയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം. 

ചർച്ച വേണമെന്ന പ്രതിപക്ഷ ആവശ്യം തള്ളി, ശബ്ദവോട്ടോടെ ലോക്സഭ 5 മിനിറ്റിലും രാജ്യസഭ 9 മിനിറ്റിലുമാണ് ഈ ബിൽ പാസാക്കിയത്. ഒരു വർഷമായി പ്രക്ഷോഭം നടത്തുന്ന കർഷകരുടെ മുഖ്യ ആവശ്യമാണു ചരിത്രം കുറിച്ചു യാഥാർഥ്യമായതെങ്കിലും ചർച്ചയില്ലാതെ ബിൽ പാസാക്കിയത് അതിന്റെ ശോഭ കെടുത്തിയെന്നതിൽ സംശയമില്ല. ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ഏകാഭിപ്രായമായതിനാൽ ചർച്ച ആവശ്യമില്ലെന്നായിരുന്നു ബിൽ അവതരിപ്പിച്ച കൃഷിമന്ത്രി നരേന്ദ്ര സിങ് തോമറിന്റെ വാദം. 

നിയമങ്ങൾ കൊണ്ടുവരാനും പിൻവലിക്കാനുമുണ്ടായ സാഹചര്യങ്ങൾ ചർച്ച ചെയ്യണമെന്ന പ്രതിപക്ഷ നിലപാട് അവഗണിക്കപ്പെട്ടതിനെതിരെ കടുത്ത പ്രതിഷേധമാണു പാർലമെന്റിലുണ്ടായത്. പിൻവലിക്കൽ ബില്ലുകളിൽ മുൻപു ചർച്ച നടത്തിയ ഉദാഹരണങ്ങൾ പ്രതിപക്ഷം ചൂണ്ടിക്കാട്ടുകയുമുണ്ടായി. പാർലമെന്റ് സമ്മേളനത്തിൽ എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാനും ചോദ്യങ്ങൾക്ക് ഉത്തരം നൽകാനും കേന്ദ്ര സർക്കാർ തയാറാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയ്ക്കു പിന്നാലെയാണ് അതിനു വിരുദ്ധമായവിധം ബിൽ പാസാക്കിയത്. 

ലോക്സഭയിലെ വലിയ ഭൂരിപക്ഷത്തിന്റെയും രാജ്യസഭയിൽ നേടിയെടുക്കുന്ന ഭൂരിപക്ഷത്തിന്റെയും ബലത്തിൽ ഭരണഘടനാ ഭേദഗതികൾ ഉൾപ്പെടെ പാസാക്കാമെങ്കിലും അതിൽ ജനാധിപത്യസ്വഭാവം എത്രയുണ്ട് ? പാർലമെന്റിന്റെ സ്ഥിരം സമിതികളുടെയോ സിലക്ട് കമ്മിറ്റിയുടെയോ പരിശോധനയില്ലാതെ ബില്ലുകൾ‍ പാസാക്കിയെടുക്കുന്നുവെന്ന പ്രതിപക്ഷ വിമർശനം ശക്തമാണ്.  

പാർലമെന്റ് പാസാക്കുന്ന നിയമങ്ങളിൽ പലതിലും വ്യക്തതയില്ലെന്നും നിലവിൽ പാർലമെന്റിലെ സ്ഥിതി ദയനീയമാണെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ.വി. രമണ വിമർശിച്ചത് ഇക്കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തിലാണ്. നിയമങ്ങൾ സംബന്ധിച്ചു ശരിയായ രീതിയിലുള്ള സംവാദങ്ങൾ പാർലമെന്റിൽ നടക്കുന്നില്ലെന്നും പല നിയമങ്ങളുടെയും ആവശ്യം പോലും നമുക്കു മനസ്സിലാവുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടതു വീണ്ടും ഓർമിക്കാവുന്നതാണ്. 

ബഹളം നടക്കുമ്പോൾ സുപ്രധാന ബില്ലുകൾ ചർച്ച ചെയ്യാതെ പാസാക്കുന്ന രീതി സഭകളിലെ അവകാശങ്ങളുടെ മാത്രമല്ല, ഭരണഘടനയുടെതന്നെ ലംഘനമാണ്. തലയെണ്ണത്തിന്റെ ബലത്തിൽ നിയമനിർമാണയന്ത്രം പോലെ പാർലമെന്റിനെ പ്രവർത്തിപ്പിക്കുമ്പോൾ ലഭിക്കുന്ന ഫലങ്ങൾ ഈടുനിൽക്കണമെന്നില്ല. വേണ്ടത്ര ചർച്ചയും സൂക്ഷ്മപരിശോധനയുമില്ലാതെ പാസാക്കിയ ചില ഭരണഘടനാഭേദഗതികൾ പോലും സുപ്രീം കോടതിയുടെ പരിശോധനയിൽ പരാജയപ്പെട്ട സമീപകാല ചരിത്രവും നമുക്കു മുന്നിലുണ്ട്. 

നമ്മുടെ ഭരണഘടനാ സഭയുടെ പ്രവർത്തന രേഖകൾ പരിശോധിച്ചാലറിയാം, ഭരണഘടനയിലെ ഓരോ വാക്കും എത്ര നീണ്ട ആലോചനകൾക്കുശേഷം ഉൾപ്പെടുത്തിയവയാണെന്ന്. ആ സൂക്ഷ്മത തന്നെയാണ് ഓരോ ഭരണഘടനാഭേദഗതിയും നിയമനിർമാണവും പരിഗണിക്കുമ്പോൾ പാർലമെന്റിനു മാതൃകയാകേണ്ടത്. നിയമനിർമാണത്തിൽ പാലിക്കപ്പെടേണ്ട ഉയർന്ന നിലവാരം പാർലമെന്റ് അംഗങ്ങളെ തിരഞ്ഞെടുത്തുവിടുന്ന പൗരജനത്തിന്റെ അവകാശംതന്നെയാണ്. വിയോജനസ്വരങ്ങളെ ഭൂരിപക്ഷത്തിന്റെ ഉരുക്കുമുഷ്ടികൊണ്ടു കീഴ്പ്പെടുത്തുമ്പോൾ നമ്മുടെ ജനാധിപത്യമാണു ലജ്ജിക്കുന്നത്; പരാജയപ്പെടുത്തുന്നതു നമ്മുടെ ഭരണഘടനയെയും.

English Summary: Passing bills without discussion is not democracy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com