സഹകരണമേഖല തകർക്കരുത്

rbi-2
SHARE

എന്തുകൊണ്ടാണു കേരളത്തിലെ സഹകരണ സംഘങ്ങളെ തുടർച്ചയായി ആർബിഐയും കേന്ദ്ര സർക്കാരും ഉന്നം വയ്ക്കുന്നത്? സഹകരണ മേഖലയെ ഇങ്ങനെ നിരന്തരം ഭയപ്പെടുത്തി നശിപ്പിച്ചാൽ ആർക്കാണു ലാഭം?

സംസ്ഥാനത്തെ സഹകരണ പ്രസ്ഥാനത്തെ വിശ്വസിച്ചു മുന്നോട്ടുപോകുന്ന ജനങ്ങളെ ആശങ്കപ്പെടുത്തുന്ന വിധത്തിലാണു കഴിഞ്ഞ ദിവസം റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുന്നറിയിപ്പു വന്നത്. ആർബിഐ ലൈസൻസ് ഇല്ലാത്ത സഹകരണ സംഘങ്ങൾ പേരിനൊപ്പം ബാങ്കെന്ന് ഉപയോഗിക്കരുതെന്നും ഇത്തരം സ്ഥാപനങ്ങളിൽ നിക്ഷേപിക്കുന്ന തുകയ്ക്ക് ബാങ്കിങ് ഇൻഷുറൻസ് ലഭിക്കില്ലെന്നുമായിരുന്നു കത്തിലെ മുന്നറിയിപ്പ്. സഹകരണ ബാങ്കുകളിലെ ഇടപാടുകാരിൽ ആശങ്കയ്ക്കും ആശയക്കുഴപ്പത്തിനും ഇതു കാരണമായിട്ടുണ്ട്.

എന്നാൽ, ഈ കത്തുകൊണ്ട് ഒരു തരത്തിലുള്ള ആശങ്കയും നിക്ഷേപകർക്ക് ആവശ്യമില്ല. ‘ബാങ്ക്’ എന്നു പേരിനൊപ്പം ചേർക്കരുതെന്ന് ഇപ്പോൾ മാത്രമല്ല, ഇതിനു മുൻപും പറഞ്ഞിട്ടുണ്ട്. ഇപ്പോൾ വീണ്ടും പത്രക്കുറിപ്പോടു കൂടി ശക്തിപ്പെടുത്തിയെന്നേയുള്ളൂ. മറ്റൊന്ന്, നിക്ഷേപങ്ങൾക്ക് ആർബിഐ ഇൻഷുറൻസ് ഏർപ്പെടുത്തുന്നതിന് എത്രയോ മുൻപു നിക്ഷേപ ഗാരന്റി സ്കീം നടപ്പാക്കിയ സംസ്ഥാനമാണു കേരളം. അതിനാൽ, നിക്ഷേപത്തിന്റെ സുരക്ഷ സംബന്ധിച്ചും ജനങ്ങൾക്ക് ആശങ്കയുടെ കാര്യമില്ല. കേരള ബാങ്കിന് അനുമതി നൽകുമ്പോൾ ഇനി കേരള ബാങ്കിൽ റജിസ്റ്റർ ചെയ്യുന്ന സംഘങ്ങളുടെ പേരിനൊപ്പം ബാങ്ക് എന്ന് ഉണ്ടാകരുതെന്നു റിസർവ് ബാങ്ക് ആവശ്യപ്പെട്ടിരുന്നു. അതായത്, അതുവരെയുള്ള സർവീസ് സഹകരണ ബാങ്കുകളെ അംഗീകരിക്കുന്നുവെന്നായിരുന്നു അന്നത്തെ ആർബിഐ നിലപാട്. 

സാധാരണ ബാങ്കുകൾ നിക്ഷേപം സ്വീകരിക്കലും വായ്പ നൽകലും മാത്രം ചെയ്യുമ്പോൾ, കേരളത്തിലെ സർവീസ് സഹകരണ ബാങ്കുകൾ അതു മാത്രമല്ല ചെയ്യുന്നത്. സാധാരണക്കാരന്റെ നിത്യജീവിതവുമായി ഇത്രയേറെ ബന്ധപ്പെടുന്ന മറ്റൊരു സ്ഥാപനമില്ല. നീതി മെഡിക്കൽ സ്റ്റോറുകൾ, ഹോട്ടലുകൾ, ടൂറിസം മേഖലയിലെ സംരംഭങ്ങൾ, ആശുപത്രികൾ തുടങ്ങി അനേകം സ്ഥാപനങ്ങളാണു സഹകരണ ബാങ്കുകൾ നടത്തിക്കൊണ്ടു പോകുന്നത്. അതിനാൽ സർവീസ് സഹകരണ ബാങ്കുകളെ മറ്റു ബാങ്കുകൾ പോലെ റിസർവ് ബാങ്ക് കാണരുത്. അവയെ അതതു സംസ്ഥാനങ്ങളിൽ സ്വതന്ത്രമായി തുടർന്നു പോകാൻ അനുവദിക്കുകയാണ് ആർബിഐ ചെയ്യേണ്ടത്. വേണമെങ്കിൽ 400–500 കോടിക്കു മുകളിൽ നിക്ഷേപമുള്ള സംഘങ്ങളെ ബാങ്കിങ് ലൈസൻസ് നൽകി ആർബിഐ നിയന്ത്രിക്കട്ടെ. അതിൽത്താഴെ നിക്ഷേപമുള്ളവയെ സർവീസ് സഹകരണ ബാങ്കായി തുടരാൻ അനുവദിക്കണം. 

vijayakrishnan
സി.എൻ.വിജയകൃഷ്ണൻ

ആർബിഐയുടെ നിരന്തരമുള്ള ഈ മുന്നറിയിപ്പിൽ ഗൗരവമായി ശ്രദ്ധിക്കേണ്ട മറ്റു ചില കാര്യങ്ങളുണ്ട്. എന്തുകൊണ്ടാണു കേരളത്തിലെ സഹകരണ സംഘങ്ങളെ തുടർച്ചയായി ആർബിഐയും കേന്ദ്ര സർക്കാരും ഉന്നം വയ്ക്കുന്നത് എന്നതു ഗൗരവമായി പരിശോധിക്കപ്പെടണം. സഹകരണ മേഖലയെ ഇങ്ങനെ നിരന്തരം ഭയപ്പെടുത്തി നശിപ്പിച്ചാൽ ആർക്കാണു ലാഭം? നാട്ടിൻപുറങ്ങളിൽ സർവീസ് സഹകരണ ബാങ്കുകളുടെയൊക്കെ മുൻപിൽ ‘നിധി’ എന്ന പേരിലും മൾട്ടി സ്റ്റേറ്റ് കോ–ഓപ്പറേറ്റീവ് സംഘം എന്ന പേരിലും സംഘങ്ങൾ വന്നു. ഇവിടെയൊന്നും ഒരു നിയന്ത്രണവുമില്ല. ഒട്ടേറെ സ്വകാര്യ നിക്ഷേപ കേന്ദ്രങ്ങൾ കോടിക്കണക്കിനു രൂപയുടെ നിക്ഷേപം തട്ടിച്ചു. ഇതിലും നടപടികളുണ്ടാകുന്നില്ല. എന്നിട്ടും, കേരള സർക്കാരിന്റെ കൃത്യമായ ഓഡിറ്റ് സംവിധാനത്തിനു കീഴിൽ പ്രവർത്തിക്കുന്ന കേരളത്തിലെ സഹകരണ മേഖലയ്ക്കെതിരെ നിരന്തരം കണ്ണുരുട്ടുകയും വടിയെടുക്കുകയും ചെയ്യുന്നതിന്റെ ഉദ്ദേശ്യമെന്താണ്? 

കേരളത്തിന്റെ സഹകരണ മേഖലയിൽ വൻ നിക്ഷേപമുണ്ട്. ഇതു മറ്റു പല സ്വകാര്യ മേഖലകളിലേക്കും എത്തിക്കാനുള്ള ശ്രമങ്ങൾ കോർപറേറ്റുകളുടെ അണിയറയിൽ സജീവമാണ്. ആർബിഐയുടെ ഇടയ്ക്കിടെയുള്ള ഇത്തരം മുന്നറിയിപ്പുകൾ അവരെ മാത്രമേ സഹായിക്കൂ. കേരളത്തിലെ സഹകരണ മേഖലയും രാഷ്ട്രീയവും തമ്മിലുള്ളത് അഭേദ്യമായ ബന്ധമാണ്. കേരളത്തിലെ പ്രധാന മുന്നണികളായ എൽഡിഎഫും യുഡിഎഫും സഹകരണ മേഖലയുമായി നേരിട്ടു ബന്ധപ്പെട്ടു കിടക്കുന്നു. കേരളത്തിലെ സഹകരണ ബാങ്കുകളിൽ 55 ശതമാനം എൽഡിഎഫും 40 ശതമാനം യുഡിഎഫുമാണു കൈകാര്യം ചെയ്യുന്നത്. ഇവരെ തകർക്കണമെങ്കിൽ സഹകരണ മേഖലയെ തകർക്കണം എന്ന ആലോചനയുണ്ടായേക്കാം. കേന്ദ്ര സർക്കാരിന്റെ പുതിയ നിയമപ്രകാരം എല്ലാ സംസ്ഥാനങ്ങളിലും ഒരു  സഹകരണ ശൃംഖല ഉണ്ടാക്കണമെന്ന് അവർ ലക്ഷ്യം വയ്ക്കുന്നുണ്ടാകും. 

സഹകരണ ബാങ്കിൽ നിക്ഷേപിച്ച ഒരു പൈസപോലും പോകില്ല എന്നു മുഖ്യമന്ത്രി പിണറായി വിജയൻ നോട്ടുനിരോധന കാലത്ത് സർക്കാരിന്റെ ഭാഗത്തുനിന്നു ശക്തമായ ഉറപ്പു നൽകിയിരുന്നു. ഇതു സഹകരണ മേഖലയ്ക്ക് ഏറെ ഗുണം ചെയ്തു. ഇത്തരം ഒരു ഉറപ്പാണ് ഇടപാടുകാർക്കു സർക്കാർ ഇപ്പോൾ നൽകേണ്ടത്. സംസ്ഥാനത്തു നിലവിലുള്ള നിക്ഷേപ ഗാരന്റി സ്കീമിലെ സുരക്ഷ 10 ലക്ഷമാക്കി ഉയർത്തുകയും വേണം. കേരളത്തിലെ സഹകരണ മേഖലയിൽ അന്ധമായ രാഷ്ട്രീയം ഇനി പറ്റില്ല. കേരളത്തിന്റെ സഹകരണ മേഖലയെ തകർക്കാനുള്ള നീക്കങ്ങളെ രാഷ്ട്രീയം മാറ്റിവച്ചു നേരിടാൻ സർക്കാർ മുൻകയ്യെടുക്കണം.

എല്ലാ പാർട്ടിയിലും ഉൾപ്പെടുന്ന സഹകാരികളുടെ അടിയന്തര സർവകക്ഷി യോഗം വിളിച്ചു പ്രശ്നം ചർച്ച ചെയ്യണം. കേന്ദ്രത്തിൽ പ്രധാനമന്ത്രിയെയും സഹകരണ മന്ത്രിയെയും കണ്ട് ബാങ്കിങ് നിയന്ത്രണ ഭേദഗതി ആക്ടിന്റെ അപകടം ബോധ്യപ്പെടുത്തണം. പാർലമെന്റിൽ സമ്മർദം ചെലുത്താൻ എംപിമാരുടെ യോഗം വിളിച്ച് ആവശ്യപ്പെടണം. സംസ്ഥാന സഹകരണ നിയമത്തിലെ വകുപ്പുകൾ സ്ഥാപിച്ചു കിട്ടാൻ സുപ്രീംകോടതിയെ സമീപിക്കണം. പ്രഫഷനലായി മുന്നോട്ടു നീങ്ങിയാൽ കേരളത്തിലെ സഹകരണ മേഖലയ്ക്ക് അനന്തസാധ്യതകളാണു വരാനിരിക്കുന്നത്. അതിനാൽ സഹകരണ മേഖലയെ തകർക്കാനുള്ള ശ്രമങ്ങളെ ഒറ്റക്കെട്ടായി നേരിടാൻ ഇപ്പോൾ കേരളത്തിനു കഴിയണം.

( കേരള സഹകരണ ഫെഡറേഷൻ ചെയർമാനാണ് ലേഖകൻ)

English Summary: RBI tightens norms for cooperative banks

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA