യുഎഇക്ക് അൻപതിന്റെ പൊൻതിളക്കം; 35 ലക്ഷത്തിലേറെ ഇന്ത്യക്കാരുടെ പോറ്റമ്മ

uae-flag
ദുബായ് എക്സ്പോ വേദിക്കു സമീപം ഫോട്ടോയ്ക്കു പോസ് ചെയ്യുന്നവർ. ചിത്രം:എഎഫ്പി. യുഎഇ പതാക
SHARE

1971 ഡിസംബർ 2ന് പിറവിയെടുത്ത യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ) വികസനത്തിന്റെ അതിവേഗ മാതൃകയാണ്. 35 ലക്ഷത്തിലേറെ ഇന്ത്യക്കാരുടെ പോറ്റമ്മ. വരണ്ട മരുപ്രദേശത്തുനിന്ന് 50 വർഷംകൊണ്ട് യുഎഇ സ്വന്തമാക്കിയതു ലോകം കൊതിക്കുന്ന അദ്ഭുതക്കാഴ്ചകളും പുരോഗതിയും

മണൽക്കാറ്റിൽ മരുഭൂമിയിലെ മണൽക്കൂനകളുടെ ആകൃതികൾ മാറുന്നതു പോലെയാണ് ദീർഘവീക്ഷണവും നിശ്ചയദാർഢ്യവും ഒന്നിച്ചുചേരുന്ന കാറ്റിൽ യുഎഇയുടെ മുഖഛായയും മാറിമറിഞ്ഞത്. 1971 ഡിസംബർ രണ്ടിനു ബ്രിട്ടിഷുകാരിൽനിന്നു വിടുതൽ നേടുമ്പോൾ ട്രൂഷ്യൽ സ്റ്റേറ്റുകൾ എന്നറിയപ്പെട്ടിരുന്ന 6 എമിറേറ്റുക‍ൾ കൈകോർക്കാൻ തീരുമാനിക്കുകയായിരുന്നു. അബുദാബി, ദുബായ്, ഷാർജ, ഉമ്മുൽഖുവൈൻ, അജ്മാൻ, ഫുജൈറ എന്നിവയ്ക്കൊപ്പം അടുത്തവർഷം റാസൽഖൈമയും സഖ്യത്തിലായി. സപ്ത എമിറേറ്റുകളുടെ രാജ്യത്തിന് അന്നുണ്ടായിരുന്നതു വിശാലമായ മരുഭൂമികൾ മാത്രം. അങ്ങിങ്ങു ചില എണ്ണക്കിണറുകളും. 

യുഎഇ രാഷ്ട്രപിതാവും അബുദാബി ഭരണാധികാരിയുമായിരുന്ന ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ നിശ്ചയദാർഢ്യവും ദുബായ് ഭരണാധികാരിയായിരുന്ന ഷെയ്ഖ് റാഷിദ് ബിൻ സയീദ് അൽ മക്തൂമിന്റെ ഇച്ഛാശക്തിയും ചേർന്നാണു രാജ്യത്തിന്റെ കുതിപ്പിന് അടിത്തറയിട്ടത്. മീൻപിടിത്തവും മുത്തുവാരലും ജീവിതോപാധിയായിരുന്ന ജനതയ്ക്കു നിർണായകമായത് 1958ൽ അബുദാബി മേഖലയിൽ എണ്ണയുടെ വൻശേഖരം കണ്ടെത്തിയതു തന്നെയാണ്. പക്ഷേ, മരുഭൂമിയിൽ റോഡുകൾ ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുക, പാർപ്പിട കേന്ദ്രങ്ങൾ നിർമിക്കുക, മറ്റു രാജ്യങ്ങളെ ആകർഷിക്കുന്ന പദ്ധതികൾ തയാറാക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ നേടാൻ എണ്ണപ്പണം മാത്രമല്ല, കൃത്യമായ ആസൂത്രണവും സമയബന്ധിത പദ്ധതികളും കാലോചിത മാറ്റങ്ങളുമാണു യുഎഇക്കു വിജയമന്ത്രമായത്.

UAE-HISTORY-POLITICS-50TH-ANNIVERSARY
ദുബായ് എക്സ്പോ വേദിക്കു സമീപം ഫോട്ടോയ്ക്കു പോസ് ചെയ്യുന്നവർ. ചിത്രം:എഎഫ്പി

ദുബായ് എന്ന വിസ്മയം

എണ്ണസമ്പത്ത് കുറവാണെങ്കിലും വൻകിട വിനോദസഞ്ചാര, വ്യവസായ സൗഹൃദ പദ്ധതികളിലൂടെ ദുബായ് പുരോഗതിയിൽ ഏറ്റവും മുന്നിലെത്തി. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബു‍ർജ് ഖലീഫ പോലെ വിസ്മയക്കാഴ്ചകളുടെ പരമ്പരയാണിവിടെ. 6 മാസം മുൻപു മരുപ്രദേശമായിരുന്നിടത്തു പെട്ടെന്ന് അംബരചുംബികൾ ഉയരും. നിരത്തുവക്കുകളിലെ ചെടികൾ പോലും 3 മാസം കൂടുമ്പോൾ മാറ്റും. ഇളകുന്ന മണ്ണിൽ പറ്റില്ലെന്നു പറഞ്ഞ മെട്രോ ട്രെയിൻ 45 സ്റ്റേഷനുകൾ താണ്ടി 75 കിലോമീറ്റർ ദൂരം കുതിക്കുകയാണ്. ലോകത്തിൽ ഏറ്റവും ആഴത്തിൽ മുങ്ങാംകുഴിയിടാവുന്ന കുളം ‘ഡീപ് ഡൈവ് ദുബായ്’,ഏറ്റവും വലിയ മനുഷ്യനിർമിത തുറമുഖം ‘ജബൽ അലി’, ഏറ്റവും വലിയ ജയന്റ് വീൽ ‘ഐൻ ദുബായ്’, ഇന്നലെകളുടെ കാഴ്ചകളും ഇന്നത്തെ മാറ്റങ്ങളും ഒരുമിച്ചു കാണാനാകുന്ന ദുബായ് ഫ്രെയിം, വൻകിട കമ്പനികളുടെ കേന്ദ്രങ്ങൾ... അങ്ങനെ ദിവസവും മുന്നോട്ടുള്ള കുതിപ്പിലാണു ദുബായ്. 

അറുപതുകളിൽ അൽഐനിൽ നിന്ന് അബുദാബിയിലെത്താൻ ആറര മണിക്കൂർ വേണ്ടിയിരുന്ന സ്ഥാനത്ത് ഇപ്പോൾ 59 മിനിറ്റ് മതി. ദുബായിൽ നിന്ന് അബുദാബിയിലെത്താൻ ഇപ്പോൾ ഒന്നരമണിക്കൂറിലധികം വേണ്ടത് ട്യൂബിനുള്ളിലൂടെയുള്ള അതിവേഗ യാത്രാമാർഗമായ ഹൈപ്പർ ലൂപ്പിലൂടെ 12 മിനിറ്റ് ആക്കുന്നതാണു രാജ്യം സ്വപ്നം കാണുന്നത്. 

കോവിഡ് കടന്ന്

ദുബായ് എക്സ്പോ 2020 നടക്കില്ലെന്നുറപ്പിച്ച ലോകത്തിനു മുന്നിൽ ഒരു വർഷം കഴിഞ്ഞാണെങ്കിലും നടത്തിയിരിക്കും എന്നു ശക്തമായി പ്രഖ്യാപിച്ചു. ഇപ്പോൾ അതു നടപ്പാക്കുകയും ചെയ്തു. രാജ്യത്തെ മുഴുവൻ പേർക്കും കോവിഡ് വാക്സീൻ സൗജന്യമായി നൽകുന്നു. മുഴുവൻ  പേരും ഒരു ഡോസെങ്കിലും വാക്സീനെടുത്ത് ഇക്കാര്യത്തിലും ലോകത്ത് ഒന്നാമതായി. എക്സ്പോയിൽ 2 മാസത്തിനിടെ 45 ലക്ഷത്തിലധികം പേരെത്തി. ഇതോടെ വ്യോമയാന മേഖലയും ഉഷാറായി. ഇതിനിടെ, 148 രാജ്യങ്ങളിൽ നിന്ന് 1200 കമ്പനികൾ പങ്കെടുത്ത സാങ്കേതികവിദ്യാ മേളയിൽ 28,600 കോടി ഡോളറിന്റെ കരാറുകളാണ് ഒപ്പിട്ടത്. ഇതു കൂടാതെ ലോക കരാട്ടെ ചാംപ്യൻഷിപ്, ടി20 ക്രിക്കറ്റ് ലോകകപ്പ് എന്നിവയും നടത്തി. സ്കൂളുകളും സജീവമായതാണു മറ്റൊരു പ്രധാന കാര്യം. വ്യോമമേഖലയിലെന്ന പോലെ വിദ്യാഭ്യാസ മേഖലയിലും പുതിയ റിക്രൂട്മെന്റുകൾ നടക്കുന്നു.  

അവസരങ്ങൾ, സാധ്യതകൾ

ബഹിരാകാശത്ത് ആദ്യമായി ആളെ എത്തിച്ച അറബ് രാജ്യമായ യുഎഇ ഇനി ചൊവ്വയിലേക്കുള്ള കുതിപ്പിന്റെ ഒരുക്കത്തിലാണ്. ദീർഘകാല വീസ പദ്ധതിയിലൂടെ പ്രഫഷനലുകൾ, നിക്ഷേപകർ, സംരംഭകർ, കലാകാരന്മാർ തുടങ്ങിയവരെ രാജ്യത്തെത്തിക്കുന്ന പദ്ധതിയും പുരോഗമിക്കുന്നു. സഹിഷ്ണുതയ്ക്കു പ്രത്യേക മന്ത്രിയും സന്തോഷത്തിനു മാത്രമായി മന്ത്രാലയവുമുള്ള യുഎഇയിൽ ജൂതദേവാലയവും മധ്യപൂർവദേശത്തെ ഏറ്റവും വലിയ ഹിന്ദുക്ഷേത്രവും നിർമാണത്തിലാണ്. മാർപാപ്പയെ വരവേറ്റും ഇസ്രയേലിനു കൈകൊടുത്തും നടത്തിയ നിർണായക നീക്കങ്ങളും ശ്രദ്ധേയം. സ്ത്രീകൾക്ക് ഏറ്റവും സുരക്ഷിതമായ രാജ്യമെന്ന പെരുമയ്ക്കു പുറമേ, വിവിധ ആഗോള സൂചികകളിലും യുഎഇ ഒന്നാം സ്ഥാനത്താണ്. 

ആരോഗ്യ ‌രംഗത്ത് സ്വപ്നസമാന വളർച്ച കൈവരിച്ച മറ്റൊരു രാജ്യം ഉണ്ടാകില്ല. 1967ൽ ആണു ഡോക്ടറായി ഇവിടെയെത്തിയത്. ചിക്കൻപോക്സ് മുതൽ കോവിഡ് വരെ തടയുന്നതിലുള്ള ആർജവം നേരിട്ടുകണ്ടു. ശിശുമരണനിരക്കു കുറയ്ക്കുന്നതിലും കുട്ടികളുടെയും സ്ത്രീകളുടെയും ആരോഗ്യം ഉറപ്പാക്കുന്നതിലും യുഎഇ സ്വീകരിച്ച പദ്ധതികൾ മാതൃകാപരമാണ്. യുഎഇ രാഷ്ട്രപിതാവിന്റെ നിർദേശാനുസരണം മെഡിക്കൽ രംഗത്തെ ആദ്യഘട്ട പദ്ധതികളിൽ മുതൽ സഹകരിച്ചു. ഇപ്പോഴത്തെ പ്രസിഡന്റിന്റെയും രാജകുടുംബാംഗങ്ങളുടെയും ഡോക്ടറായി തുടരുന്നതിൽ അഭിമാനമുണ്ട്.

ഡോ. ജോർജ് മാത്യു , പത്തനംതിട്ട തുമ്പമൺ സ്വദേശി.(യുഎഇയിലെ ആദ്യ മെഡിക്കൽ ഡയറക്ടർ. യുഎഇ പൗരത്വവും ഉന്നത സിവിലിയൻ ബഹുമതിയും ലഭിച്ചു.)

george
ഡോ.ജോർജ് മാത്യു

ഇന്ത്യയുടെ സുഹൃത്ത്

ആയിരക്കണക്കിനു വർഷം മുൻപേ ആരംഭിച്ച ഇന്ത്യ– യുഎഇ ബന്ധം വ്യാപാര പങ്കാളിത്തത്തിൽ ഉൾപ്പെടെ അതിശക്തമായി മുന്നോട്ടുപോകുന്നു. 35 ലക്ഷത്തിലധികം പേരുമായി യുഎഇയിലെ ഏറ്റവും വലിയ പ്രവാസി സമൂഹവും ഇന്ത്യക്കാരാണ്. ഇതിൽത്തന്നെ 60% മലയാളികളും. ദിർഹത്തിനു മുൻപ് ഇന്ത്യൻ രൂപ തന്നെയായിരുന്നല്ലോ യുഎഇയുടെയും കറൻസി. 

ഗാന്ധിജിയുടെ 150-ാം ജന്മവാർഷികത്തിന്റെ ഭാഗമായി വൻ ആഘോഷങ്ങളാണ് യുഎഇയിൽ നടന്നത്. ഗാന്ധിജിയുടെ സ്റ്റാംപും പുറത്തിറക്കി. 2019ൽ ഇസ്‌ലാമിക  രാജ്യങ്ങളുടെ സംഘടനയുടെ (ഒഐസി) ഉച്ചകോടിയിൽ പാക്കിസ്ഥാന്റെ എതിർപ്പു മറികടന്ന് ഇന്ത്യയെ പ്രത്യേക ക്ഷണിതാവാക്കി. യുഎഇയുടെ രണ്ടാമത്തെ വലിയ വ്യാപാര പങ്കാളി കൂടിയാണ് ഇന്ത്യ. മലയാളികളെക്കുറിച്ച് ആദരവോടെയാണ് എല്ലായ്പോഴും യുഎഇ ഭരണാധികാരികൾ സംസാരിച്ചിട്ടുള്ളത്. കേരളത്തിൽ പ്രളയം നാശം വിതച്ചപ്പോൾ ഉടൻ സഹായം വാഗ്ദാനം ചെയ്തതും മലയാളികളോടുള്ള സ്നേഹം കൊണ്ടുതന്നെ. 

uae

ഖോർഫക്കാനിലെ അടയാളപ്പാറ

ഷാർജയുടെ കിഴക്ക്, ഒമാൻ കടലിടുക്കുമായി അതിർത്തി പങ്കിടുന്ന ഖോർഫക്കാൻ തീരത്താണു സ്വപ്നഭൂമി ലക്ഷ്യമിട്ടു പ്രവാസികൾ ആദ്യമെത്തിയിരുന്നത്. ഇവിടത്തെ അടയാളപ്പാറയ്ക്കു ലക്ഷക്കണക്കിനു പ്രവാസികളുടെ ജീവിതത്തിന്റെ നിറമാണ്. ഉരുവിൽ രണ്ടാഴ്ചയിലേറെ യാത്ര ചെയ്ത് അടയാളപ്പാറയ്ക്കു സമീപമെത്തി കടലിലേക്കു ചാടി നീന്തി കരപറ്റുന്നതായിരുന്നു രീതി. ആ യാത്രയ്ക്കിടെ ജീവിതം കടലിലൊടുങ്ങിയവരും ധാരാളം.

അറുപതുകളിലും മറ്റും ഇവിടെ നീന്തിക്കയറിയവരെ സ്വീകരിക്കാൻ തിരൂർ സ്വദേശി കുഞ്ഞുമൗലാനയുടെ കഞ്ഞിക്കടയുണ്ടായിരുന്നു. എത്തിയവർക്കെല്ലാം അദ്ദേഹം അന്നവും അഭയവുമേകി. അദ്ദേഹത്തിന്റെ ജോലിക്കാരനായെത്തി 1977ൽ കട വാങ്ങിയ പാലക്കാട് പെരുമണ്ണൂർ ചാലിശേരി പടാട്ടിൽ സിദ്ദീഖ് ഇപ്പോൾ കടയിൽ ആളുകളെ വരവേൽക്കുന്നു. പഴയ കഞ്ഞിക്കട കാലിക്കറ്റ് റസ്റ്ററന്റായി. ഖോർഫക്കാൻ ഇന്ന് പാരാഗ്ലൈഡിങ്ങും വാട്ടർ സ്പോർട്സും കൃത്രിമവെള്ളച്ചാട്ടവും ആംഫി തിയറ്ററുമൊക്കെയുള്ള പുതിയ തീരമാണ്. 

English Summary: 50th UAE National Day

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA