ADVERTISEMENT

വനത്തിനുള്ളിലെ സ്വകാര്യഭൂമികളിൽ കാലങ്ങളായി താമസിക്കുന്ന ആദിവാസികളല്ലാത്ത വിഭാഗങ്ങളെ നഷ്ടപരിഹാരം നൽകി കാടിനു പുറത്തു പുനരധിവസിപ്പിക്കാനുള്ള പദ്ധതിയിൽ അഴിമതി നിറഞ്ഞുവെന്നതു ഞെട്ടിക്കുന്ന വിവരമാണ്. വനത്തിനുള്ളിൽ താമസിക്കുന്നവരെ വന്യജീവികളുടെ ആക്രമണത്തിൽനിന്നു രക്ഷിക്കാനും വികസനം സാധ്യമായ പ്രദേശങ്ങളിലേക്കു മാറ്റിപ്പാർപ്പിക്കാനും ലക്ഷ്യമിട്ടു കേന്ദ്ര സർക്കാർ ആവിഷ്കരിച്ച പദ്ധതി കേരളത്തിൽ ‘റീബിൽഡ് കേരള’ പദ്ധതിയിൽപെടുത്തി നടപ്പാക്കുന്നതിലാണ്, അഴിമതിക്കഥകൾ പുറത്തുവരുന്നത്. മലയാള മനോരമ പ്രസിദ്ധീകരിച്ച വാർത്തകളെത്തുടർന്ന്, ഇതുസംബന്ധിച്ച് അടിയന്തര റിപ്പോർട്ട് സമർപ്പിക്കാൻ വനംമന്ത്രി എ.കെ.ശശീന്ദ്രൻ നിർദേശിച്ചിരിക്കുകയാണ്. 

ലോകബാങ്കിന്റെയും കിഫ്ബിയുടെയുമൊക്കെ സഹായത്തോടെ, സ്വയംസന്നദ്ധ പുനരധിവാസത്തിനും ഒഴിപ്പിച്ചെടുക്കുന്ന ഭൂമിയിൽ മരങ്ങൾ വച്ചുപിടിപ്പിച്ചു വനമാക്കി മാറ്റുന്നതിനടക്കമുള്ള കാര്യങ്ങൾക്കുമായി 7 വർഷം കൊണ്ട് ആകെ 803.25 കോടി ചെലവഴിക്കാനാണു തീരുമാനം. ആദ്യഘട്ടത്തിനു മാത്രം 130.4 കോടി മാറ്റിവച്ചിട്ടുണ്ട്. ഇതിൽ 105.92 കോടിയും താമസക്കാരെ ഒഴിപ്പിക്കാനാണ്. പദ്ധതിപ്രകാരം കൊല്ലം, ഇടുക്കി, വയനാട്, കാസർകോട് ജില്ലകളിലുള്ള നാലു വനം ഡിവിഷനുകളിലെ താമസക്കാരെയാണ് ആദ്യഘട്ടത്തിൽ ഒഴിപ്പിക്കുന്നത്. 

വനത്തിനുള്ളിലോ വനാതിർത്തിയിലോ വനത്തോടു ചേർന്നോ ആയ സ്വകാര്യ ഭൂമിയിൽ താമസിക്കുന്നവർ സ്വയം ഒഴിഞ്ഞുപോകാൻ സന്നദ്ധരാണെങ്കിൽ മതിയായ നഷ്ടപരിഹാരം നൽകി മാറ്റിപ്പാർപ്പിക്കുന്ന പദ്ധതി കേന്ദ്ര സർക്കാരാണ് ആവിഷ്കരിച്ചത്. കേന്ദ്ര ഫണ്ട് ഉപയോഗിച്ചു സംസ്ഥാനത്തു ചിലയിടങ്ങളിൽ പദ്ധതി നടപ്പാക്കിയെങ്കിലും പിന്നീടുള്ളവ റീബിൽഡ് കേരളയിൽ പെടുത്തി നടപ്പാക്കാൻ തീരുമാനിക്കുകയായിരുന്നു. ഇതനുസരിച്ച്, രണ്ടു ഹെക്ടർ വരെ ഭൂമിയുള്ള ഓരോ കുടുംബത്തിനും 15 ലക്ഷം രൂപ വീതം നൽകും. ഭൂമിയുടെ വിസ്തൃതി കൂടുന്നതിനനുസരിച്ചു നഷ്ടപരിഹാരത്തുകയിൽ വ്യത്യാസങ്ങളുണ്ട്.

രണ്ടു ഹെക്ടർ വരെ ഭൂമിയുള്ളവർക്ക് അടിസ്ഥാന നഷ്ടപരിഹാരം 15 ലക്ഷം രൂപയായതിനാൽ നിലവിലുള്ള ഭൂമി തുണ്ടുതുണ്ടുകളായി വിഭജിച്ചു പ്രത്യേകം ആധാരങ്ങളാക്കി റജിസ്റ്റർ ചെയ്തും റേഷൻ കാർഡിൽ പുതിയ അംഗങ്ങളെ ചേർത്തുമാണു വനം– റവന്യു ഉദ്യോഗസ്ഥരുടെ ഒത്താശയോടെ തട്ടിപ്പിന് അരങ്ങൊരുക്കിയത്. പദ്ധതിയുടെ ഗുണഭോക്താക്കളെ നിശ്ചയിക്കുന്നതിൽ വ്യാപകമായ രാഷ്ട്രീയ– ഉദ്യോഗസ്ഥ താൽപര്യങ്ങളും കടന്നുവന്നു. താമസക്കാരെ ഒഴിപ്പിക്കാൻ ഉദ്ദേശിക്കുന്ന പ്രദേശങ്ങൾ നിർണയിക്കുന്നതിലും മാനദണ്ഡങ്ങൾ ലംഘിക്കപ്പെട്ടു. വനമേഖലയിൽ സ്ഥിരതാമസക്കാരല്ലാത്തവരെ സ്ഥിരതാമസക്കാരായി കണക്കാക്കി നഷ്ടപരിഹാരത്തിന് അർഹരാക്കി കമ്മിഷൻ ഉറപ്പിച്ച കഥകളും പുറത്തുവന്നിട്ടുണ്ട്.  

കൃത്യമായ ആസൂത്രണത്തോടെ നടപ്പാക്കേണ്ട പദ്ധതികൾ സർക്കാർ തികഞ്ഞ ലാഘവബുദ്ധിയോടെ കൈകാര്യം ചെയ്തതിലെ വൻവീഴ്ചകളാണ് അഴിമതികളായി തെളിഞ്ഞുവരുന്നത്. ആദ്യഘട്ടമായി പുനരധിവാസം നടപ്പാക്കുന്ന മേഖലകളിൽ കൊല്ലം കുളത്തൂപ്പുഴ ഗ്രാമപ്പഞ്ചായത്തിലെ റോസ്മലയിലും കട്ടിളപ്പാറയിലുമുണ്ടായ  ക്രമക്കേടുകൾ മാത്രം മതി സർക്കാർ കാട്ടിയ അനാസ്ഥ വ്യക്തമാകാൻ. ശെന്തുരുണി വന്യജീവി സങ്കേതത്തിൽപെട്ട റോസ്മലയിൽ റോഡ്, ഭൂഗർഭ കേബിളിലൂടെ വൈദ്യുതി, ബിഎസ്എൻഎൽ ടവർ, അപ്ഗ്രേഡ് ചെയ്ത സ്കൂൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ 12 കോടി ചെലവിൽ നടപ്പാക്കിയിട്ട് അധികകാലമായിട്ടില്ല. എന്നിട്ടും, സ്വയം സന്നദ്ധ പുനരധിവാസ പദ്ധതിയിൽപെടുത്തി റോസ്മല നിവാസികളെ കുടിയൊഴിപ്പിക്കാനുള്ള ശ്രമം സംശയങ്ങളുയർത്തുന്നു.

ഉത്തരവാദികളെ വെള്ള പൂശുന്ന അന്വേഷണ റിപ്പോർട്ടാവും പുറത്തുവരാൻ പോകുന്നതെന്നും ആശങ്കയുണ്ട്. ക്രമക്കേടു നടത്തിയവരെ സംരക്ഷിച്ചുനിർത്തേണ്ടതു സർക്കാരിന്റെകൂടി താൽപര്യമായി മാറുമോ എന്നാണ് ഇനി അറിയാനുള്ളത്. 803 കോടിയുടെ പദ്ധതിയിൽ ഇതുവരെ നടപ്പാക്കിയവ സംബന്ധിച്ചു കൃത്യമായ പരിശോധന അടിയന്തരാവശ്യമായിരിക്കുന്നു. ഇനി നടപ്പാക്കാൻ ഉദ്ദേശിക്കുന്നവയ്ക്കു വ്യക്തമായ ആസൂത്രണവും കാഴ്ചപ്പാടും ഉണ്ടാവുകയും വേണം. അതിനു വഴിയൊരുക്കുന്ന നടപടിയാണു സർക്കാരിൽനിന്നു പ്രതീക്ഷിക്കുന്നത്.

English Summary: Corruption in forest village resettlement Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com