ADVERTISEMENT

1947ൽ നിലവിൽ വന്നതു മുതൽ കിഴക്കൻ പാക്കിസ്ഥാനും പടിഞ്ഞാറൻ പാക്കിസ്ഥാനും ഭൂമിശാസ്ത്രപരമായി മാത്രമല്ല, മാനസികമായും വേറിട്ടാണു നിന്നിരുന്നത്. സാമ്പത്തികമായും സാമൂഹികമായും രാഷ്ട്രീയമായും കടുത്ത വിവേചനമാണു കിഴക്കൻ പാക്കിസ്ഥാനിലെ ജനങ്ങളോടു ഭരണവും സൈന്യവും നിയന്ത്രിച്ച പടിഞ്ഞാറൻ പാക്കിസ്ഥാൻ അനുവർത്തിച്ചു പോന്നത്. ഇതിനോടുള്ള കിഴക്കൻ പാക്കിസ്ഥാൻകാരുടെ ചെറുത്തുനിൽപും അതിജീവന പോരാട്ടവും അതിനെ അടിച്ചമർത്താൻ പാക്കിസ്ഥാൻ കാണിച്ച സമാനതകളില്ലാത്ത ക്രൂരതകളുമാണ് 1971ലെ യുദ്ധത്തിലേക്കു നയിച്ചത്.

1971ൽ  കിഴക്കൻ പാക്കിസ്ഥാനിൽ മുജീബുർ റഹ്മാന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യപ്പോരാട്ടം ശക്തമായി. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള അവാമി ലീഗിന്റെ പ്രവർത്തകർക്കെതിരെ പാക്കിസ്ഥാനിലെ ഭരണകൂടം കടുത്ത സൈനിക നടപടികൾ ആരംഭിച്ചു. ഇതോടെ, ഇന്ത്യയുടെ ഭാഗമായ ബംഗാളിലേക്ക് അഭയാർഥി പ്രവാഹം തുടങ്ങി. സംഘർഷം മുറ്റിനിന്ന പശ്ചാത്തലത്തിൽ ഇന്ത്യ ഔദ്യോഗികമായി സൈനിക നടപടികൾ ആലോചിക്കുന്നതിനിടെ, പാക്ക് വ്യോമസേന ശ്രീനഗർ, അവന്തിപുർ , അമൃത്‍സർ, പത്താൻകോട്, അംബാല, ജോധ്പുർ, പോട്ട, ആഗ്ര എന്നിവിടങ്ങളിലെ ഇന്ത്യൻ വ്യോമതാവളങ്ങൾ ആക്രമിച്ചു.1971 ഡിസംബർ 3ന് ഇന്ത്യ യുദ്ധം പ്രഖ്യാപിച്ചു. ആ യുദ്ധത്തുടക്കത്തിന്റെ 50 –ാം വാർഷികമാണ് ഇന്ന്. ബംഗ്ലദേശ് വിമോചന യുദ്ധത്തിന്റെ ചരിത്രത്തിലേക്ക് ‘ദ് വീക്ക്’ സീനിയർ കോ–ഓർഡിനേറ്റിങ് എഡിറ്റർ ആർ. പ്രസന്നൻ നടത്തുന്ന യാത്ര ഇന്നു മുതൽ. 

1947ൽ രണ്ടു രാജ്യങ്ങളായാണ് ഇന്ത്യയും പാക്കിസ്ഥാനും സ്വാതന്ത്ര്യം നേടിയതെങ്കിലും മൂന്നു ഭൂവിഭാഗങ്ങളായാണു രാജ്യങ്ങൾ കിടന്നിരുന്നത്; ഭൂമിശാസ്ത്രപരമായി മാത്രമല്ല, മാനസികമായും: ഇന്ത്യ, പാക്കിസ്ഥാൻ, ഇന്നു ബംഗ്ലദേശ് എന്നു വിളിക്കുന്ന കിഴക്കൻ പാക്കിസ്ഥാൻ.

തുടക്കം മുതൽ തന്നെ പാക്കിസ്ഥാന്റെ രണ്ടു ഭാഗങ്ങൾ – കിഴക്കും പടിഞ്ഞാറും – തമ്മിൽ ഉരസലായിരുന്നു. കാർഷിക, വ്യാവസായിക ഉൽപാദനത്തിൽ കിഴക്കൻ പാക്കിസ്ഥാൻ മുന്നിലായിരുന്നെങ്കിലും സാമ്പത്തിക വികസനം പടിഞ്ഞാറായിരുന്നു കൂടുതൽ. വിദ്യാഭ്യാസത്തിൽ കിഴക്ക് മുന്നിൽ; പക്ഷേ, സർക്കാർ ജോലികളിലും സൈന്യത്തിലും 90 ശതമാനത്തോളം പടിഞ്ഞാറുനിന്നുള്ളവർ. പടിഞ്ഞാറുകാരുടെ ഉറുദു ദേശീയ ഭാഷയായി പ്രഖ്യാപിക്കുകകൂടി ചെയ്തതോടെ കിഴക്കുഭാഗത്തുള്ളവർ പിണങ്ങിത്തുടങ്ങി. ജനസംഖ്യയിൽ കൂടുതലുള്ള തങ്ങളുടെ മാതൃഭാഷയായ ബംഗാളി രണ്ടാം ദേശീയ ഭാഷയെങ്കിലുമാക്കാനുള്ള അഭ്യർഥന സൈനികഭരണകൂടം നിരാകരിച്ചതോടെ പിണക്കം പൂർണമായി.

collage-
സാം മനേക് ഷാ, പ്രതാപ് ചന്ദ്ര ലാൽ, എസ്.എം. നന്ദ, ജഗ്ജീവൻ റാം, സ്വരൺ സിങ്, ഷെയ്ഖ് മുജീബുർ റഹ്മാൻ, യാഹ്യാ ഖാൻ, സുൾഫിക്കർ അലി ഭൂട്ടോ

1970ൽ ജനറൽ യാഹ്യാ ഖാന്റെ സൈനികഭരണകൂടം പാക്കിസ്ഥാൻ ദേശീയ അസംബ്ലിയിലേക്കു (പാർലമെന്റ്) തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചു. കിഴക്കൻ പാക്കിസ്ഥാനിലെ 169 സീറ്റിൽ 167 എണ്ണം അവിടെ സ്വാധീനമുണ്ടായിരുന്ന ഷെയ്ഖ്  മുജീബുർ റഹ്മാന്റെ നേതൃത്വത്തിലുള്ള അവാമി ലീഗ് നേടി. അതോടെ 313 സീറ്റുള്ള ദേശീയ അസംബ്ലിയിൽ അവർക്കു ഭൂരിപക്ഷം ഉറപ്പായി. സൈനിക ഭരണാധികാരികളുടെ ഇഷ്ടതോഴനും മുൻ വിദേശകാര്യമന്ത്രിയുമായ സുൾഫിക്കർ അലി ഭൂട്ടോ നയിക്കുന്ന പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടി വെറും 88 സീറ്റുമായി രണ്ടാം സ്ഥാനത്തും.

അധികാരം കിഴക്കുള്ളവർക്കു കൈമാറേണ്ടിവരുമെന്നു കണ്ടതോടെ യാഹ്യാ ഖാന്റെ ഭാവം മാറി. അവാമി ലീഗിന്റെ ആവശ്യങ്ങൾ രാജ്യദ്രോഹമായി മുദ്രകുത്തി. കിഴക്ക് പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടു.അടിച്ചമർത്താൻ യാഹ്യാ സൈന്യത്തെ അയച്ചതോടെ പ്രശ്നം രൂക്ഷമായി.

ഇതിനിടെ, 1971 ജനുവരിയിൽ കശ്മീരി വിഘടനവാദികൾ ഇന്ത്യൻ യാത്രാവിമാനം റാഞ്ചി പാക്കിസ്ഥാനിലെ ലഹോറിൽ കൊണ്ടുപോയി യാത്രക്കാരെ വിട്ടയച്ച ശേഷം കത്തിച്ചത് ഇന്ത്യയെ പ്രകോപിപ്പിച്ചു. പാക്ക് വിമാനങ്ങൾ ഇന്ത്യൻ വ്യോമാതിർത്തിയിലൂടെ പറക്കുന്നത് ഇന്ത്യ നിരോധിച്ചു. അതോടെ പാക്ക് വിമാനങ്ങൾക്കു സൈനികരും സാമഗ്രികളുമായി കിഴക്ക് എത്തിച്ചേരാൻ ബുദ്ധിമുട്ടായി. ഇന്ത്യൻ ഉപഭൂഖണ്ഡം ചുറ്റി, ശ്രീലങ്ക വഴി പറക്കണമെന്നായി. ഇന്ത്യയുടെ ചാര സംഘടനയായ റിസർച് ആൻഡ് അനാലിസിസ് വിങ് (റോ) നടത്തിയ നാടകമായിരുന്നു ഈ റാഞ്ചലെന്നാണു പലരും കരുതുന്നത്.

ഇതിനിടെ, ഇന്ത്യൻ പാർലമെന്റിൽ ഭൂരിപക്ഷമില്ലാതിരുന്ന ഇന്ദിരാഗാന്ധി ഇടക്കാല തിരഞ്ഞെടുപ്പു നടത്തി വൻ ഭൂരിപക്ഷം നേടി 1971 മാർച്ച് 18ന് വീണ്ടും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. 1962ലെ യുദ്ധത്തിൽ ചൈനയോടു പരാജയപ്പെടുകയും 1965ലെ യുദ്ധത്തിൽ പാക്കിസ്ഥാനുമായി സമനിലയിലെത്തുകയും ചെയ്ത ഇന്ത്യയെ ദക്ഷിണേഷ്യയിലെ പ്രധാനശക്തിയാക്കുക എന്ന ഉദ്ദേശ്യത്തോടെ ഇന്ദിര കരുക്കൾ നീക്കിത്തുടങ്ങി.

indira
ഇന്ദിരാ ഗാന്ധി, മാർഗരറ്റ് താച്ചർ

‘പെർഫക്ട് വാർ’

കുറ്റമറ്റ യുദ്ധം അല്ലെങ്കിൽ തികഞ്ഞ യുദ്ധം എന്നൊന്നുണ്ടോ? യുദ്ധത്തിന്റെ നന്മ–തിന്മകളെക്കുറിച്ചല്ല പറയുന്നത്;അതിന്റെ നടത്തിപ്പിനെക്കുറിച്ചാണ്. അനിവാര്യമായ ഒരു യുദ്ധത്തിന്റെ നടത്തിപ്പ് രാഷ്ടീയ– നയതന്ത്ര– സൈനിക കാഴ്ചപ്പാടിൽ കുറ്റമറ്റതാക്കാൻ കഴിയുമോ?

സൈനികതന്ത്രജ്ഞരുടെ പാഠപുസ്തകങ്ങളിലുള്ളതും യഥാർഥ ലോകത്തു വിരളമായി സംഭവിക്കുന്നതുമാണു കുറ്റമറ്റ യുദ്ധം അല്ലെങ്കിൽ പെർഫെക്ട് വാർ. രാഷ്ട്രീയ നേതൃത്വം, നയതന്ത്ര നേതൃത്വം, സൈനിക നേതൃത്വം, സൈനിക വിഭാഗങ്ങൾ, പോർമുന്നണിയിലെ കമാൻഡർമാർ, ആയുധനിർമാതാക്കൾ, എണ്ണയും ഭക്ഷണവുമെത്തിക്കുന്നവർ, റെയിൽവേ, റോഡ് ഗതാഗത അധികൃതർ‌ തുടങ്ങിയവരെല്ലാം തയാറാക്കിയ പദ്ധതികൾ സംയോജിപ്പിച്ച്, തുടക്കം മുതൽ ഒടുക്കംവരെ പൂർണമായ സമന്വയത്തോടെ ചുവടുവച്ച്, തങ്ങളുടെ താളത്തിനനുസരിച്ചു ശത്രുവിനെപ്പോലും തുള്ളിച്ച്, ഉദ്ദേശിച്ച രാഷ്ട്രീയലക്ഷ്യവും നയതന്ത്രലക്ഷ്യവും സൈനികലക്ഷ്യവും നേടിയെടുത്തു പരിപൂർണവിജയം പ്രഖ്യാപിക്കുന്നതാണു തികഞ്ഞ യുദ്ധം അല്ലെങ്കിൽ പെർഫെക്ട് വാർ.

india-bangladesh

ഇത്തരത്തിൽ ‘പെർഫെക്ട് വാർ’ എന്നു വിളിക്കാവുന്ന മൂന്നു യുദ്ധങ്ങൾ രണ്ടാം ലോകയുദ്ധത്തിനുശേഷം നടന്നിട്ടുണ്ടെന്നാണു കരുതുന്നത്. 1967ൽ ഇസ്രയേൽ നടത്തിയ യുദ്ധം, 1971ൽ ഇന്ത്യയുടെ ബംഗ്ലദേശ് യുദ്ധം, 1982ൽ ബ്രിട്ടന്റെ ഫോക്‌‌ലൻഡ് യുദ്ധം. ഇതിൽ രണ്ടെണ്ണം നയിച്ചതു വനിതകളായിരുന്നു: ബംഗ്ലദേശ് യുദ്ധം ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയും ഫോക്‌ലൻഡ് യുദ്ധം ബ്രിട്ടിഷ് പ്രധാനമന്ത്രി മാർഗരറ്റ് താച്ചറും.

എങ്ങനെയാണ് 1971 യുദ്ധം കുറ്റമറ്റതായത്? പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി, പ്രതിരോധമന്ത്രി ജഗ്ജീവൻ റാം, വിദേശകാര്യമന്ത്രി സ്വരൺ സിങ്, കരസേനാമേധാവി ജനറൽ സാം മനേക് ഷാ, വ്യോമസേനാമേധാവി എയർ ചീഫ് മാർഷൽ പ്രതാപ് ചന്ദ്ര ലാൽ, നാവികമേധാവി അഡ്മിറൽ എസ്.എം. നന്ദ ഇവരുടെയെല്ലാം ആസൂത്രണ ഉദ്യോഗസ്ഥരും ഫീൽഡ് കമാൻഡർമാരും ചേർന്നു പദ്ധതിയിട്ടു നടത്തിയ യുദ്ധം പാഠപുസ്തകത്തിൽ പറഞ്ഞതുപോലെയായിരുന്നു. 

ഇവർ തമ്മിൽ അഭിപ്രായവ്യത്യാസങ്ങളുണ്ടായില്ല എന്നല്ല, അവ അതതു സമയത്തുതന്നെ ചർച്ചചെയ്തു സമന്വയമുണ്ടാക്കി മുന്നോട്ടുപോയി, ഒടുവിൽ ശത്രുവിനെ തങ്ങൾ ഉദ്ദേശിച്ചിടത്തു വരുത്തി പരാജയപ്പെടുത്താൻ അവർക്കു സാധിച്ചു.

mujeebur
വിമോചന ശബ്ദം: 1971 ഫെബ്രുവരിയിൽ ബംഗ്ലദേശിലെ റാലിയിൽ ഷെയ്ഖ് മുജീബുർ റഹ്മാൻ പ്രസംഗിക്കുന്നു.

യുദ്ധത്തിന് ഇന്ത്യയ്ക്ക് മൂന്ന് ലക്ഷ്യങ്ങൾ

1: രാഷ്ടീയ ലക്ഷ്യം

പടിഞ്ഞാറൻ പാക്കിസ്ഥാന്റെ ക്രൂര സൈനികഭരണത്തിൽനിന്നു മോചിപ്പിച്ച്, രാഷ്ടീയ സ്വാതന്ത്ര്യം നേടാൻ കിഴക്കൻ പാക്കിസ്ഥാനെ സഹായിക്കുക.

2: നയതന്ത്ര ലക്ഷ്യം

അമേരിക്കയുടെയും ചൈനയുടെയും കടന്നുകയറ്റത്തെ ചടുലമായ നീക്കങ്ങളിലൂടെ തടയുകയോ ബാലൻസ് ചെയ്യുകയോ ചെയ്തുകൊണ്ട്, ഇന്ത്യയ്ക്കു ചുറ്റുമുള്ള ശാക്തിക ഭീഷണികൾ മാറ്റിയെടുക്കുക. ഒപ്പം ദക്ഷിണേഷ്യയിൽ ഇന്ത്യയെ പ്രമുഖശക്തിയാക്കുക.

3: സൈനിക ലക്ഷ്യം

ബാഹ്യശക്തികൾക്ക് ഇടപെടാൻ സമയം നൽകാതെ ദ്രുതഗതിയിൽ ഓപ്പറേഷൻ നടത്തി, കിഴക്കൻ പാക്കിസ്ഥാനിലെ പാക്ക് സൈന്യത്തെ തകർക്കുക, കീഴടക്കുക. പടിഞ്ഞാറ്, പാക്ക് സൈന്യം ഇങ്ങോട്ട് ആക്രമിക്കാതിരിക്കാൻ അവരെ അവരുടെ മണ്ണിൽ തളച്ചിടുക. 1965ലെ യുദ്ധത്തിൽ നഷ്ടമായ കശ്മീരിലെ  ചില കുന്നുകൾ തിരിച്ചുപിടിച്ച് ഇന്ത്യൻ സൈന്യത്തിനു മേൽക്കൈയുണ്ടാക്കുക.

English summary: 50th anniversary of 1971 India-Pakistan war

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com