സ്ത്രീകളെ തല്ലുന്ന സർവേ

തത്സമയം
survey
SHARE

തീർത്തും സ്ത്രീവിരുദ്ധമായ ചോദ്യങ്ങളാണു ദേശീയ കുടുംബാരോഗ്യ സർവേയിൽ ഉണ്ടായിരുന്നത്. ഭർത്താവിന്റെ നല്ലനടപ്പിനെപ്പറ്റി നിശ്ശബ്ദത പാലിക്കുന്ന സർവേ,  സ്ത്രീ  വ്യക്തിത്വമില്ലാത്ത വെറും ശരീരം മാത്രമാണെന്നു തോന്നിപ്പിക്കുന്നു. പഴയകാലത്ത് പുരുഷന്മാർ സ്ത്രീകൾക്കു നൽകിയിരുന്ന സ്ഥാനം ചോദ്യങ്ങളിലൂടെ ഊട്ടിയുറപ്പിക്കുന്നു. 

ചില സാഹചര്യങ്ങളിൽ ഭാര്യയെ ഭർത്താവ് മർദിക്കുന്നതിനെ ന്യായീകരിക്കാമെന്നു കേരളത്തിലെ 52% സ്ത്രീകൾ പറഞ്ഞതായി ദേശീയ കുടുംബാരോഗ്യ സർവേ (എൻഎഫ്എച്ച്എസ്). സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും ഉൾപ്പെടെ 18 ഇടങ്ങളിൽ നടത്തിയ സർവേയിൽ 14 ഇടങ്ങളിലും 30% സ്ത്രീകളും മർദനത്തിന് അനുകൂലമാണ്. സ്ത്രീകളുടെ അത്ര ഇല്ലെങ്കിലും, പുരുഷന്മാരും പൊതുവേ ഭാര്യമാരെ തല്ലുന്നതു തെറ്റല്ലെന്നു കരുതുന്നു. 

ഒറ്റനോട്ടത്തിൽ ഈ കണക്കു ഞെട്ടിക്കുന്നതാണ്. എന്നാൽ, ആഴത്തിൽ നോക്കുമ്പോൾ ഈ കണക്കുകളല്ല, അതു കണ്ടെത്തിയ സർക്കാരും അതിന്റെ ഏജൻസിയായ എൻഎഫ്എച്ച്എസുമാണു ഞെട്ടലുണ്ടാക്കുന്നത്. ഈ സർവേ നടക്കുന്നത് 21-ാം നൂറ്റാണ്ടിലാണ്. സ്ത്രീക്കു തുല്യത വേണമെന്നാവശ്യപ്പെട്ടു സ്ത്രീവാദപ്രസ്ഥാനം ആരംഭിച്ചിട്ടു നൂറ്റാണ്ടുകൾ പിന്നിട്ടിരിക്കുന്നു. സ്ത്രീപീഡനാരോപണങ്ങളിൽപെട്ട് പല പുരുഷ വൻമരങ്ങളും നിലംപൊത്തിയ ‘മീ ടൂ’ പ്രതിഷേധങ്ങൾ നടന്നിട്ടു കൊല്ലം രണ്ടോ മൂന്നോ ആയിട്ടേയുള്ളൂ. 

സർവേകൾ പുരുഷകേന്ദ്രീകൃതമാകുന്നതു സംഖ്യാശാസ്ത്രം (സ്റ്റാറ്റിസ്റ്റിക്സ്) നേരിടുന്ന ഒരു പ്രശ്നമാണ്. എൻഎഫ്എച്ച്എസ് നടത്തുന്നതുപോലെയുള്ള ആരോഗ്യസംബന്ധമായ സർവേകളിൽ പ്രത്യേകിച്ചും ലിംഗപരമായ മുൻധാരണകൾ കടന്നുവരാതിരിക്കാൻ ശ്രദ്ധിക്കണം. ചോദ്യങ്ങളിൽ മനഃപൂർവമല്ലാത്ത പുരുഷപക്ഷപാതിത്വം കലരാതിരിക്കാൻ ജാഗ്രത പുലർത്തണമെന്നു സംഖ്യാശാസ്ത്രവിദഗ്ധർ ആഗോളതലത്തിൽ ആവർത്തിച്ചു പറയുന്നു.

ഭാര്യയെ ഭർത്താവ് ഏതൊക്കെ സാഹചര്യങ്ങളിൽ മർദിക്കുന്നതു സംബന്ധിച്ചാണ് എൻഎഫ്എച്ച്എസ് ചോദ്യാവലി തയാറാക്കിയിട്ടുള്ളതെന്നു നോക്കാം. അതിലൊന്ന്, ഭർത്താവിനോടു വിശ്വസ്തത പുലർത്തുന്നില്ല എന്ന സംശയമാണ്. വിവാഹം രണ്ടു വശത്തുനിന്നും നടക്കാവുന്ന പാതയാണെങ്കിലും ഭർത്താവിന്റെ നല്ലനടപ്പിനെപ്പറ്റി സർവേ നിശ്ശബ്ദമാണ്. ഇതുപോലെ സ്ത്രീവിരുദ്ധത പ്രകടമാകുന്നതാണ് ഓരോ ചോദ്യങ്ങളും.

ns-madhavan
എൻ.എസ്.മാധവൻ

ഭർത്താവിന്റെ മാതാപിതാക്കളെ ബഹുമാനിക്കാതിരുന്നാൽ ഭാര്യയെ മർദിക്കാമോ? ഭർത്താവുമായി തർക്കിച്ചാലും ശിക്ഷ അതുതന്നെ. സ്വന്തമായ വ്യക്തിത്വം ഇല്ലാത്ത വെറും ശരീരം മാത്രമാണു സ്ത്രീ എന്ന് ഈ സർവേയിലെ ചോദ്യങ്ങൾ തോന്നിപ്പിക്കുന്നു. ശാരീരികബന്ധത്തിനു വിസമ്മതിക്കുക, ഭർത്താവിനോടു പറയാതെ വീടിനു പുറത്തുപോകുക, വീടിനെയും കുട്ടികളെയും ശ്രദ്ധിക്കാതിരിക്കുക, നന്നായി ഭക്ഷണം പാചകം ചെയ്യാതിരിക്കുക തുടങ്ങിയ സാഹചര്യങ്ങളിലും മർദനം ആകാമോ എന്നാണു ചോദ്യങ്ങൾ. ആധുനിക കുടുംബ സങ്കൽപങ്ങൾക്കു വിരുദ്ധമായി, സ്ത്രീകൾക്കു പഴയകാലത്തു പുരുഷന്മാർ കൽപിച്ചു നൽകിയിരുന്ന സ്ഥാനം ഊട്ടിയുറപ്പിക്കുന്ന രീതിയിലാണ് ഇതിലെ ചോദ്യങ്ങൾ.

അപ്പോൾ, പാതിയിലേറെ സ്ത്രീകൾ കേരളത്തിൽ സ്ത്രീമർദനത്തെ പിന്താങ്ങിയതോ എന്ന ചോദ്യമുദിക്കുന്നു. പുരുഷമേധാവിത്വം കൂടുതൽ സ്വാംശീകരിക്കുന്നതു സ്ത്രീകളാണെന്ന (അബദ്ധ)ധാരണ ശരിവയ്ക്കുന്ന രീതിയിലല്ലേ സർവേ ഫലങ്ങൾ? ‘ഭാര്യയെ തല്ലുന്നതു നിർത്തിയോ’ എന്ന പഴയ കുസൃതിച്ചോദ്യം പോലെ, ഉവ്വ് അല്ലെങ്കിൽ ഇല്ല എന്ന് എന്തുത്തരം പറഞ്ഞാലും വെട്ടിലാവുന്ന രീതിയിലാണ് എൻഎഫ്എച്ച്എസ് സർവേയിലെ ചോദ്യങ്ങൾ തയാറാക്കിയിട്ടുള്ളത്. സാഹചര്യം എത്ര പ്രകോപനപരമായാലും വിവാഹജീവിതത്തിൽ അക്രമത്തിനു സ്ഥാനമുണ്ടോ എന്നൊരു ലളിതചോദ്യം അവർ മുന്നോട്ടുവച്ചിരുന്നെങ്കിൽ സർവേയുടെ ഫലം തന്നെ മറ്റൊന്നാകുമായിരുന്നു. 

അടുപ്പിൽ വേവുന്ന ആശയങ്ങൾ

പൊന്നാനിയിലെ തൃക്കാവ് പ്രദേശത്ത് 10 വീട്ടുകാർ ചേർന്ന് ഒരു പൊതുഅടുക്കള തുടങ്ങിയ വാർത്ത അടുത്തകാലത്തു കണ്ടിരുന്നു. അതിൽ അംഗങ്ങളായ വീട്ടുകാർക്കു കാലത്ത് എട്ടുമണിക്കു മുൻപ് ടിഫിൻ കാരിയറിൽ പ്രാതലെത്തുന്നു. അതുപോലെ ഉച്ചയ്ക്കും വൈകുന്നേരവും വേണ്ട കറികളും സമയത്തെത്തുന്നു. വീടുകളിൽ ചോറും ചായയും മറ്റും വച്ചാൽ മതി. 10 വീടുകളിൽ 10 അടുപ്പ് മൂന്നുനേരവും പുകയുന്നതിനെക്കാൾ എത്രയോ സൗകര്യപ്രദമാണിത്. ഭക്ഷണത്തിന്റെ മെനു തീരുമാനിക്കുന്നതു വീട്ടുകാർ ഒരുമിച്ചാണ്. ഭക്ഷണത്തിനു വരുന്ന ചെലവ് അവർ വിഭജിച്ചെടുക്കുന്നു. ഒരാൾക്കു പ്രതിദിനം ഏകദേശം 70 രൂപ നൽകേണ്ടി വരും. വീട്ടിൽ പാചകം ചെയ്യുന്നതിനു വരുന്ന ചെലവിലും നന്നേ കുറവാണിത്.  

ലോകവ്യാപകമായി ജീവിതശൈലിയിൽ വരുന്ന മാറ്റമാണു പൊന്നാനിയിൽ പ്രതിഫലിക്കുന്നത്. ‘കൂട്ടായ താമസം’ (co-housing) ഇപ്പോൾ പാശ്ചാത്യനാടുകളിലും യുഎസിലും കൂടുതൽ ജനപ്രിയമാകുന്നു. അവിടങ്ങളിൽ കൂട്ടായ താമസത്തിൽ പൊതു അടുക്കളയ്ക്കു പുറമേ വസ്ത്രങ്ങൾ അലക്കാനുള്ള സൗകര്യങ്ങളും ഉൾപ്പെടുന്നു. 1970കളിൽ ഡെന്മാർക്കിലാണ് ഇത്തരം ഒരു വ്യവസ്ഥ നിലവിൽ വന്നത്. അതിനു തുടക്കമിട്ടവർ ചെറുപ്പക്കാരായ ദമ്പതികളായിരുന്നു. ഭാര്യാഭർത്താക്കന്മാർ രാവിലെ തന്നെ ജോലിക്കു പോകേണ്ട കുടുംബങ്ങളിൽ ഭക്ഷണം തയാറാക്കാൻ സമയം കണ്ടെത്തുക പ്രയാസകരമായിരുന്നു. മിക്കവാറും പുറത്തുനിന്നായിരുന്നു അവരുടെ ഭക്ഷണം. 

കുട്ടികൾ കുടുംബത്തിലേക്കു കടന്നുവരുമ്പോൾ ചിത്രം മാറുന്നു. അവർക്കു സമയത്തിനു പോഷകഗുണമുള്ള ആഹാരം നൽകിയേ മതിയാവൂ. എല്ലാറ്റിനും കൂടി സമയം കണ്ടെത്താൻ വലഞ്ഞ ചെറുപ്പക്കാരുടെ ഇടയിലാണു കൂട്ടായ താമസം എന്ന ആശയം ഉടലെടുത്തത്. ഇപ്പോൾ എല്ലാ പ്രായക്കാരും ഈ വ്യവസ്ഥ സ്വീകരിക്കുന്നുണ്ട്. ചില കാര്യങ്ങൾ പൊതുവായി ചെയ്യുന്നുവെന്നൊഴിച്ചാൽ സ്വകാര്യതയെ ബാധിക്കുന്ന ഒരു കാര്യവും കോഹൗസിങ്ങിൽ ഇല്ലെന്നതും ആകർഷകമാണ്. 

ശാരീരിക അകലം സംബന്ധിച്ച വിലക്കുകൾ കോവിഡ്കാലത്തു മനുഷ്യരുടെ ഏകാന്തത വർധിപ്പിച്ചു. കോഹൗസിങ് സാമൂഹികബന്ധങ്ങൾ വർധിപ്പിക്കാൻ ഉതകുന്നതുകൊണ്ടായിരിക്കാം, ഇപ്പോൾ പടിഞ്ഞാറൻ നാടുകളിൽ ഈ ആവാസവ്യവസ്ഥയ്ക്കു വലിയ പിന്തുണയാണു ലഭിക്കുന്നത്. ഇന്ത്യയിൽ ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്, പുണെ, ഗുരുഗ്രാം തുടങ്ങിയ നഗരങ്ങളിൽ കൂട്ടായ ആവാസം ഇപ്പോൾ ഒരു യാഥാർഥ്യമാണ്. റിയൽ എസ്റ്റേറ്റ് കമ്പനികൾ തന്നെയാണ് ഇതിനു മുൻകൈ എടുക്കുന്നത്. കുട്ടികൾ പുറത്തു ജോലി ചെയ്യുന്നതുകൊണ്ട് ഒറ്റയ്ക്കു ജീവിക്കുന്ന മുതിർന്ന പൗരന്മാരും രണ്ടുപേർക്കും ജോലിയുള്ള യുവദമ്പതികളും ധാരാളമുള്ള കേരളത്തിൽ ‘പൊന്നാനി മോഡൽ’ അനുകരണീയമാണ്. 

സ്കോർപിയൺ കിക്ക്

പരാഗ് അഗ്രവാൾ ട്വിറ്ററിന്റെ സിഇഒ. യുഎസിൽ ഇന്ത്യൻ വംശജരായ സിഇഒമാരുടെ പ്രളയം.

പലരും ഐഐ‌ടി പൂർവവിദ്യാർഥികൾ. അവ സ്ഥാപിച്ച നെഹ്റുവിന്റെ കുറ്റം!

English Summary: National Family Health Survey 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിന്നൽ മുരളി 2 ഉണ്ടാകും: ആദ്യമായി പ്രതികരിച്ചു ബേസിലും ടോവിനോയും| Tovino, Basil, Guru| Minnal Murali

MORE VIDEOS
FROM ONMANORAMA