ADVERTISEMENT

ഇന്ദിര ഗാന്ധിയുടെ നേതൃത്വത്തിൽ രാഷ്ട്രീയവും നയതന്ത്രപരവുമായ തയാറെടുപ്പുകൾ; സാം മനേക്‌‌ഷായുടെയും മറ്റും നേതൃത്വത്തിൽ സൈനിക ഒരുക്കങ്ങൾ – ഇന്ത്യ യുദ്ധത്തിലേക്ക്...

ഇന്ത്യൻ രാഷ്ട്രീയ നേതൃത്വം പൊതുതിരഞ്ഞെടുപ്പിൽ മുഴുകിയിരുന്ന അവസരം നോക്കി, പാക്ക് സൈന്യം കിഴക്കൻ പാക്കിസ്ഥാനിൽ അടിച്ചമർത്തലും കൂട്ടക്കൊലയും ആരംഭിച്ചു. തെരുവു പ്രതിഷേധക്കാരെ മാത്രമല്ല, അഭിഭാഷകർ, ഡോക്ടർമാർ, അധ്യാപകർ, ബുദ്ധിജീവികൾ തുടങ്ങിയവരെയൊക്കെ തേടിപ്പിടിച്ചു വധിക്കാനാരംഭിച്ചു. ഒപ്പം സ്ത്രീപീഡനവും കമ്പോളങ്ങളിൽ കൊള്ളയും. കിഴക്കൻ പാക്കിസ്ഥാനിൽനിന്നുള്ളവർ ഇന്ത്യയിൽ അഭയം തേടിത്തുടങ്ങി.

ഇന്ത്യയാകട്ടെ ഒന്നും ചെയ്യാനാകാത്ത അവസ്ഥയിലായിരുന്നു. നാലു വശത്തും ശത്രുക്കൾ. 1960കളുടെ തുടക്കം മുതൽക്കേ പാക്കിസ്ഥാന് അമേരിക്ക ആയുധസഹായം നൽകിക്കൊണ്ടിരുന്നതാണ്. ചൈനയാകട്ടെ 1962ൽ ഇന്ത്യയിൽനിന്നു ഭൂമി തട്ടിയെടുത്തുവെന്നു മാത്രമല്ല, 1964ൽ ഒരു ഭൂമി ഇടപാടിലൂടെ പാക്കിസ്ഥാനുമായി ചങ്ങാത്തത്തിലാകുകയും ചെയ്തു. ഇതുകൂടാതെ സോവിയറ്റ് യൂണിയനെ തളയ്ക്കുക എന്ന ഉദ്ദേശ്യത്തോടെ അമേരിക്ക രഹസ്യമായി ചൈനയുമായി അടുക്കുകയുമായിരുന്നു. ഫലത്തിൽ പടിഞ്ഞാറുനിന്നും കിഴക്കുനിന്നും പാക്കിസ്ഥാന്റെയും വടക്കുനിന്നു ചൈനയുടെയും തെക്കൻ സമുദ്രത്തിൽനിന്ന് അമേരിക്കൻ നാവികശക്തിയുടെയും ഭീഷണി നേരിടുന്ന സ്ഥിതിയിലായിരുന്നു ഇന്ത്യ.

bangal-war
വിമോചന ശബ്ദം: കിഴക്കൻ പാക്കിസ്ഥാനിൽ വിമോചനസമരത്തിന്റെ മുന്നണിയിലുണ്ടായിരുന്ന മുക്തിബാഹിനി സേനയിലെ വനിതകളുടെ മാർച്ച്. സൈനികരും ജനങ്ങളും ഒരുമിച്ചു ചേർന്നതായിരുന്നു മുക്തിബാഹിനി. യുദ്ധത്തിൽ ഇവർ ഇന്ത്യൻ സേനയ്ക്കൊപ്പംനിന്നു.

ഇന്ദിരയുടെ ലക്ഷ്യവും മനേക‍്‍ഷായുടെ ആശങ്കകളും

കിഴക്കൻ പാക്കിസ്ഥാനെ മോചിപ്പിക്കുന്നതോടൊപ്പം ഈ ചുറ്റപ്പെടലും ഭീഷണികളും മാറ്റിയെടുത്തു പുതിയൊരു ശാക്തിക ബാലൻസ് രൂപപ്പെടുത്തുകയായിരുന്നു വൻഭൂരിപക്ഷത്തോടെ വിജയിച്ച് 1971 മാർച്ച് 18നു വീണ്ടും അധികാരത്തിലെത്തിയ ഇന്ദിര ഗാന്ധി ഉദ്ദേശിച്ചത്. ഒരാഴ്ചയ്ക്കുള്ളിൽത്തന്നെ കിഴക്കൻ പാക്കിസ്ഥാനിൽ സൈനികമായി ഇടപെടുന്ന കാര്യം ഇന്ദിര ആലോചിച്ചുതുടങ്ങി. മാർച്ച് 25ന് കരസേനയുടെ ഓപ്പറേഷൻസ് റൂമിൽ അവർ സാം മനേക്‌ഷായുമായി അക്കാര്യം ചർച്ച ചെയ്തു. സാധ്യമല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഏതാനും ദിവസം കഴിഞ്ഞു മന്ത്രിസഭ കൂടി വീണ്ടും സൈനികമേധാവിയുടെ അഭിപ്രായം ആരാഞ്ഞു. മറുപടി പഴയതുതന്നെ. താൻ വേണമെങ്കിൽ രാജിവയ്ക്കാമെന്നുവരെ അദ്ദേഹം പറഞ്ഞുവത്രേ.

പല കാരണങ്ങളാണ് മനേക്‌ഷാ ചൂണ്ടിക്കാട്ടിയത്: തിരഞ്ഞെടുപ്പിനു സുരക്ഷ നൽകാൻ പോയ സൈനികവിഭാഗങ്ങൾ തിരിച്ചെത്തിയിട്ടില്ല. ഏപ്രിൽ–മേയിൽ വടക്കേ ഇന്ത്യയിൽ വിളവെടുപ്പാണ്. ധാന്യം കൊണ്ടുപോകാൻ റെയിൽ വാഗണുകൾ ആവശ്യമായതിനാൽ സൈനികസാമഗ്രികളുടെ നീക്കത്തിനു ലഭിക്കില്ല. അതു കഴിഞ്ഞാൽ മഴക്കാലം. കിഴക്കൻ പാക്കിസ്ഥാനിലെ നദികൾ നിറഞ്ഞൊഴുകുമ്പോൾ ടാങ്കുകൾക്കും കവചിതവാഹനങ്ങൾക്കും നീങ്ങാനാകില്ല. ഹിമാലയത്തിൽ മഞ്ഞുരുകിയിരിക്കയാവും, ചെറിയൊരു കടന്നുകയറ്റം നടത്താൻ ചൈനയ്ക്കു ബുദ്ധിമുട്ടുണ്ടാവില്ല. പാക്കിസ്ഥാന്റെ പക്കലുള്ള ആധുനിക അമേരിക്കൻ ആയുധങ്ങളോടു കിടപിടിക്കുന്ന ആയുധങ്ങൾ വേണം. ഇന്ത്യൻ സൈന്യം കിഴക്കൻ പാക്കിസ്ഥാനിലേക്കു കടക്കുമ്പോൾ ശത്രുവിന്റെ വെടിപ്പുരകളും മറ്റും തകർക്കാൻ ബംഗാളി ഗറില്ലകളെ പരിശീലിപ്പിച്ചയയ്ക്കണം. ഇതിനെല്ലാം സമയമെടുക്കും.

സേനാമേധാവിയുടെ നിലപാട് മിക്ക മന്ത്രിമാരെയും ചൊടിപ്പിച്ചെങ്കിലും അദ്ദേഹത്തിന്റെ കഴിവിൽ വിശ്വാസമുണ്ടായിരുന്ന പ്രധാനമന്ത്രി ഇഷ്ടം പോലെ ചെയ്യാൻ അനുമതി നൽകി.

ഇന്ദിരയുടെ ഒരുക്കങ്ങൾ

സേനാമേധാവിക്ക് ഒരുക്കത്തിനുള്ള സമയം കൊടുത്ത് ഇന്ദിര വെറുതേയിരിക്കുകയായിരുന്നില്ല. അവരും കരുനീക്കമാരംഭിച്ചു. യുദ്ധത്തിനു വെടിക്കോപ്പുകൾ പോലെതന്നെ അത്യന്താപേക്ഷിതമാണ് ഇന്ധനം. പെട്രോളിയം ഉൽപാദകരായ പശ്ചിമേഷ്യയിലെ മുസ്‍ലിം രാജ്യങ്ങൾ പാക്കിസ്ഥാനോടൊപ്പംനിന്ന് ഇന്ധനം നിരസിച്ചാൽ പ്രശ്നമാകും. കുടുംബസുഹൃത്ത് കൂടിയായ നയതന്ത്ര ഉദ്യോഗസ്ഥൻ മുഹമ്മദ് യൂനുസ് ഖാനെ ഇന്ദിര തന്റെ പ്രത്യേക ദൂതനായി കൂടിക്കാഴ്ചകൾക്കയച്ചു. യുദ്ധമുണ്ടായാൽ ഇന്ധനം നിഷേധിക്കില്ലെന്ന് അദ്ദേഹം അവരിൽനിന്ന് ഉറപ്പു നേടിയെടുത്തു.

അമേരിക്കയുടെ നേതൃത്വത്തിലുള്ള സൈനികസഖ്യങ്ങളിൽ അംഗങ്ങളായ ബ്രിട്ടൻ, ഫ്രാൻസ്, ജർമനി തുടങ്ങിയ പാശ്ചാത്യരാജ്യങ്ങളിൽനിന്നു രാഷ്ട്രീയ പിന്തുണയോ സൈനികപിന്തുണയോ ലഭിക്കില്ലെന്നു ബോധ്യമുണ്ടായിട്ടും ഇന്ദിര തന്നെ അവിടമെല്ലാം സന്ദർശിച്ചു. ദേശീയ നേതാക്കളെ കാണുന്നതോടൊപ്പം ആ രാജ്യങ്ങളിലെ പൊതുജനാഭിപ്രായം ഇന്ത്യയ്ക്കനുകൂലമായി രൂപപ്പെടുത്തുകയായിരുന്നു ഉദ്ദേശ്യം. ദേശീയ നേതാക്കളെ കാണുന്നതോടൊപ്പം പത്രസമ്മേളനങ്ങൾ നടത്തിയും അഭിമുഖങ്ങൾ നൽകിയും, കിഴക്കൻ പാക്കിസ്ഥാനിൽ നടക്കുന്ന കൂട്ടക്കൊലയെക്കുറിച്ചു പ്രധാനമന്ത്രിയും ഇന്ത്യൻ നയതന്ത്രപ്രതിനിധികളും പാശ്ചാത്യലോകത്തെ അറിയിച്ചു. കിഴക്കൻ പാക്കിസ്ഥാനിലെ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യാൻ പാശ്ചാത്യ മാധ്യമങ്ങൾ പ്രതിനിധികളെ അയച്ചുതുടങ്ങി. ഇതോടെ ലണ്ടനിലും പാരിസിലും വിയന്നയിലും പാക്ക് നടപടിക്കെതിരെ പ്രതിഷേധറാലികൾ ആരംഭിച്ചു. ഇന്ത്യയുടെ നിലപാടിനെ നീതീകരിച്ചു പാശ്ചാത്യ മാധ്യമങ്ങൾ എഴുതിത്തുടങ്ങി.

മറ്റൊരു ഉദ്ദേശ്യം കൂടിയുണ്ടായിരുന്നു ഇന്ദിരയുടെ സന്ദർശനങ്ങൾക്ക്. അന്ന് ഇന്ത്യയുടെ പക്കലുള്ള ആയുധങ്ങൾ മിക്കവയും ബ്രിട്ടിഷ് അല്ലെങ്കിൽ പാശ്ചാത്യ നിർമിതമായിരുന്നു. ആ രാജ്യങ്ങളുടെ സഹായം ലഭിച്ചില്ലെങ്കിലും കമ്പനികൾ ആയുധങ്ങളുടെ സ്പെയർ പാർട്സ് ഇന്ത്യയ്ക്കു വിൽക്കുന്നത് ആ രാജ്യങ്ങളിലെ ഭരണകൂടങ്ങൾ തടയരുത്. ആ ദൗത്യത്തിലും ഇന്ദിര വിജയിച്ചു.

പാക്ക് പക്ഷത്തേക്കു പൂർണമായും ചാഞ്ഞുകഴിഞ്ഞിരുന്ന അമേരിക്കൻ പ്രസിഡന്റ് റിച്ചഡ് നിക്സനെ സന്ദർശിച്ചതായിരുന്നു മറ്റൊന്ന്. അമേരിക്കൻ നയത്തിനെതിരെ പരസ്യപ്രസ്താവനകൾ നടത്തിയശേഷമാണ് ഇന്ദിര അവിടെനിന്നു മടങ്ങിയത്.

indira-brezhnev
ഇന്ദിരയും ബ്രഷ്നേവും

സോവിയറ്റ് കൂട്ട്

1962ലെയും 1965ലെയും യുദ്ധകാലത്തു നിഷ്പക്ഷമായി നിന്നിരുന്ന വൻശക്തിയായ സോവിയറ്റ് യൂണിയനുമായി സൗഹൃദ ഉടമ്പടി ഉണ്ടാക്കിയതായിരുന്നു നയതന്ത്രത്തിലെ തുറുപ്പുചീട്ട്. നേരത്തേതന്നെ ഇങ്ങനെയൊരു ഉടമ്പടി സോവിയറ്റ് നേതൃത്വം വാഗ്ദാനം ചെയ്തിരുന്നെങ്കിലും ചേരിചേരാ നയം ചൂണ്ടിക്കാട്ടി ഇന്ത്യ ഒഴിഞ്ഞുമാറുകയായിരുന്നു. 1971 ഓഗസ്റ്റിൽ രായ്ക്കുരാമാനം ഈ ഓഫർ സ്വീകരിക്കുക മാത്രമല്ല, സോവിയറ്റ് സൈനികസഖ്യങ്ങളിൽ ചേരാതെതന്നെ ഉഭയകക്ഷി സുരക്ഷാ ഉടമ്പടി തയാറാക്കാൻ ഇന്ത്യയ്ക്കു സാധിച്ചു.

ഉടമ്പടി കയ്യിലെത്തിയതോടെ ഇന്ത്യയ്ക്കുവേണ്ടി ലോകം പിടിച്ചുലയ്ക്കാൻ സോവിയറ്റ് ഭരണാധികാരി ബ്രഷ്നേവ് തയാറായി. ഐക്യരാഷ്ട്ര സുരക്ഷാസമിതിയിൽ ഇന്ത്യയ്ക്കെതിരെ ഉയർന്ന പ്രമേയങ്ങൾ ഒന്നൊന്നായി റഷ്യ വീറ്റോ ചെയ്തു. പാക്കിസ്ഥാനെ സഹായിക്കാൻ ചൈന ഇന്ത്യൻ അതിർത്തി ആക്രമിക്കുമോ എന്ന ആശങ്ക ഇന്ത്യ അറിയിച്ചപ്പോൾ റഷ്യയുടെ വൻ സൈനികവിഭാഗത്തെ ചൈനാ അതിർത്തിയിലേക്കയച്ചു. അതോടെ ചൈന അടങ്ങി. പാക്ക് സൈന്യത്തെ സഹായിക്കാൻ അമേരിക്കയുടെ കൂറ്റൻ നാവികവ്യൂഹം പസിഫിക്കിൽനിന്ന് ഇന്ത്യാസമുദ്രത്തിലേക്കു നീങ്ങിയതോടെ അതിനെ പിന്തുടരാൻ റഷ്യ പടക്കപ്പലുകളും ആണവ അന്തർവാഹിനികളുമയച്ചു. എന്തിന്, സോവിയറ്റ് ആണവമിസൈലുകൾ വരെ അമേരിക്കയ്ക്കെതിരെ തയാറാക്കി നിർത്തിയെന്നാണു പറയപ്പെടുന്നത്.

ഉടമ്പടി ഒപ്പിട്ടതോടെ കമ്പോളവിലയ്ക്കു വാങ്ങിക്കൊണ്ടിരുന്ന സോവിയറ്റ് ആയുധങ്ങളും സാങ്കേതികവിദ്യയും സഹായവിലയ്ക്കു ലഭ്യമാകുമെന്നായി. നേരത്തേതന്നെ ഉടമ്പടി തയാറാക്കിയിരുന്ന മിഗ്–21 വിമാനങ്ങളും മിസൈൽ ബോട്ടുകളും പുതുതായി റോക്കറ്റ് ലോഞ്ചറുകളും കവചിതവാഹനങ്ങളും ദ്രുതഗതിയിൽ നിർമിച്ചയയ്ക്കാനും ചിലത് ഇന്ത്യയിൽ നിർമിക്കാനും സംവിധാനമായി.

indira-sam
ഇന്ദിരയും സാം മനേക്‌ഷായും

സ്വീറ്റി, ഞാൻ റെഡി!

നവംബറോടെ എല്ലാം തയാറായിക്കഴിഞ്ഞപ്പോൾ മനേക്‌‌ഷാ പ്രധാനമന്ത്രിയെ കാണാനെത്തി. ആ കൂടിക്കാഴ്ചയെക്കുറിച്ചു പ്രചരിക്കുന്ന അൽപം അതിശയോക്തി കലർന്ന കഥ ഇതാണ്: ഏതു സ്ത്രീയെയും തമാശയായി ‘സ്വീറ്റി’, ‘ഡാർലിങ്’ എന്നൊക്കെ വിളിച്ചിരുന്ന സാം, വാതിലടച്ചു കുറ്റിയിട്ട ശേഷം ഒരു കള്ളച്ചിരിയോടെ പ്രധാനമന്ത്രിയോടു പറഞ്ഞു: ‘‘സ്വീറ്റി, ഞാൻ റെഡി.’’

തന്റെ ഓഫിസിൽ ചാരപ്രവർത്തനം നടക്കുന്നുണ്ടെന്ന് ആശങ്കയുണ്ടായിരുന്ന ഇന്ദിര മിണ്ടരുതെന്ന് ആംഗ്യം കാട്ടി. എന്നിട്ട്, ഒരു കടലാസുതുണ്ട് സാമിനു നേരെ നീട്ടി. അതിൽ ജനറൽ ഒരു തീയതി എഴുതി. വായിച്ചശേഷം ആ കടലാസുതുണ്ട് ഇന്ദിര കത്തിച്ചുകളഞ്ഞു. ഡിസംബർ 4 എന്നാണ് ആ തുണ്ടിൽ കുറിച്ചിരുന്നതെന്നാണു പറയുന്നത് – യുദ്ധം തുടങ്ങാനുള്ള ദിനം! 

നാലാം തീയതി സന്ധ്യയ്ക്കു യുദ്ധമാരംഭിച്ചാൽ രാത്രി സൈനികനീക്കം നടത്താമെന്നായിരുന്നു കരസേനയുടെ പദ്ധതി. എന്നാൽ, രാത്രി ബോംബിങ് ബുദ്ധിമുട്ടായതിനാൽ പുലർച്ചെ മതിയെന്നായിരുന്നു വ്യോമസേനയുടെ നിലപാട്. സേനകൾക്കിടയിലെ ഈ തർക്കം പരിഹരിക്കാൻ സേനാമേധാവികൾക്ക് ഒട്ടും ബുദ്ധിമുട്ടേണ്ടിവന്നില്ല. കാരണം, ശത്രു – പാക്കിസ്ഥാൻ – അതു പരിഹരിച്ചുകൊടുത്തു.

അതെക്കുറിച്ചും കരയുദ്ധത്തെക്കുറിച്ചും തിങ്കളാഴ്ച.

ഒരു രാജ്യം പിറന്ന കഥ–1: ഇന്ദിരയും മനേക് ഷായും നയിച്ച 'പെര്‍ഫക്ട് വാര്‍'; ഒടുവില്‍ മുട്ടുകുത്തിച്ചു പാക്കിസ്ഥാനെ

English Summary: Indian army preparations for 1971 war indira gandhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com