ADVERTISEMENT

∙മോഹൻലാൽ: ‘മോഹൻലാൽ ബിസിനസുകാരനാണ്’ എന്നാണ് ഏറ്റവും വലിയ ആക്ഷേപം. സിനിമ വ്യവസായം മാത്രമല്ല, എന്നാൽ വ്യവസായം കൂടിയാണ് എന്നാണു ഞാൻ മനസ്സിലാക്കിയിട്ടുള്ളത്. ഇത്തരമൊരു സിനിമ (മരക്കാർ) സൃഷ്ടിക്കാനുള്ള അധ്വാനവും സമർപ്പണവും നന്നായി അറിയുന്നതുകൊണ്ട് എന്നെക്കുറിച്ചുള്ള ഒരു ആരോപണത്തിനും ഞാൻ മറുപടി പറഞ്ഞില്ല, പറയുകയുമില്ല.

∙ജി.സുരേഷ്കുമാർ: ഒടിടി ലക്ഷ്യമാക്കി താരങ്ങൾ ചെറിയ ബജറ്റിൽ സിനിമ നിർമിച്ച് വൻ തുകയ്ക്കു വിൽക്കുന്നു. നിർമാതാക്കളുടെ പണി ഇല്ലാതാക്കുന്ന പരിപാടിയാണിത്. ഇപ്പോഴത്തെ താരങ്ങളെല്ലാം വളർന്നതു തിയറ്ററുകളിലൂടെയാണെന്ന സത്യം മറക്കരുത്. ജനം തിയറ്ററിൽ വന്നു കയ്യടിച്ചു പ്രോൽസാഹിപ്പിച്ചാലേ ഇവരുടെ താരപദവി നിലനിൽക്കൂ. വീട്ടിലിരുന്നു പടം കാണുന്നവർ കയ്യടിക്കില്ല.

∙ ശ്രീകുമാരൻ തമ്പി: എം.എസ്.വിശ്വനാഥൻ പറഞ്ഞിട്ടുള്ളത്, ‘കണ്ണദാസനും വാലിയുമൊക്കെ 60 ശതമാനം, ഞാൻ 40 ശതമാനം’ എന്നാണ്. കാരണം, വരികളാണു പ്രധാനം. വരിയില്ലെങ്കിൽ പിന്നെ എന്തു പ്രയോജനം? പക്ഷേ, ഇന്നത്തെ സംഗീതസംവിധായകർ അങ്ങനെയല്ല പറയുന്നത്. പാട്ടു വേണ്ട, വാക്കുകൾ മതി. പണ്ട് പാട്ടെഴുത്തുകാരനും സംഗീതസംവിധായകനും തുല്യരായിരുന്നു. ഇന്ന് സംഗീതസംവിധായകൻ മേൽശാന്തിയും പാട്ടെഴുത്തുകാരൻ കീഴ്ശാന്തിയുമാണ്.

∙ പി.പി.രാമചന്ദ്രൻ: എഴുതുന്ന കവിതകളെക്കാൾ ഇനിയുണ്ടാകാൻ പോകുന്നത് പറയുന്ന കവിതകളാകും. ഏറെ ആലോചിച്ചും ധ്യാനിച്ചും എഡിറ്റ് ചെയ്തും എഴുതുന്ന രചനകളുടെ കാലം അസ്തമിക്കുകയാണ്. ഇപ്പോൾത്തന്നെ അച്ചടിമര്യാദകളിൽനിന്നു കവിത കുതറിമാറിക്കഴിഞ്ഞു. സൈബർ സ്പേസും ഡിജിറ്റൽ മാധ്യമങ്ങളും കവിതയെ ഇനിയും മാറ്റിക്കൊണ്ടിരിക്കും.

∙ പി.ഗീത: പെൺകുട്ടികൾ എന്തിനെയാണു പേടിക്കേണ്ടത്? അവർക്കു നല്ല വിദ്യാഭ്യാസമുണ്ട്. അധ്വാനിക്കാൻ അറിയാം. അവരുടെ ഇഷ്ടമനുസരിച്ചു ജീവിക്കാനുള്ള അന്തരീക്ഷം ഇവിടെയുണ്ട്. പഴയകാലത്തെ ഓർത്തുകൊണ്ട് വിധേയരായി ജീവിക്കുന്നത് എന്തിനാണെന്നു പെൺകുട്ടികൾ ചിന്തിക്കണം. കാശുകൊടുത്തിട്ടു മേടിക്കുന്ന ഉൽപന്നം പോലെ ഒരാളെ ജീവിതത്തിലേക്കു കൂട്ടേണ്ടതില്ല. വീട്ടുകാർ നിർബന്ധിച്ചാൽപോലും പെൺകുട്ടികൾ അതിനു തയാറാകരുത്.

∙ പി.ഇ.ഉഷ: കേരളത്തിൽ പ്രണയവിവാഹങ്ങളിൽ അല്ലാതെ ജാതി പരിഗണിക്കാതെ നടക്കുന്ന വിവാഹങ്ങൾ ഒരു ശതമാനം പോലും ഉണ്ടാകുമെന്നു കരുതുന്നില്ല. വലിയ പ്രബുദ്ധത അവകാശപ്പെടുന്ന കേരളത്തിൽ ജനനം, മരണം, വിവാഹം തുടങ്ങിയ സന്ദർഭങ്ങളിലെല്ലാം ജാതി പ്രകടമായി ദൃശ്യമാകും. നമ്മുടെ എല്ലാ തിരഞ്ഞെടുപ്പുകളിലും ജാതിയുണ്ട്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com