ADVERTISEMENT

വെറും ചെറുബോട്ടുകൾ അയച്ച് ശത്രുവിന്റെ പ്രധാന നാവികത്താവളവും നാവികവ്യൂഹവും തകർക്കാൻ ഇന്ത്യൻ നാവികസേനയ്ക്കു കരുത്തായത് രണ്ടു കാര്യങ്ങളാണ് – ആത്മവീര്യവും തന്ത്രജ്ഞതയും.

ഡിസംബർ പന്ത്രണ്ടോടെ ഇന്ത്യൻ സൈന്യം കിഴക്കൻ പാക്കിസ്ഥാൻ തലസ്ഥാനമായ ഡാക്ക വളഞ്ഞുതുടങ്ങി. തോൽവി സമ്മതിച്ചു വെടിനിർത്തൽ ആവശ്യപ്പെടാൻ കിഴക്കൻ പാക്ക് അധികൃതർ അഭ്യർഥിച്ചെങ്കിലും പ്രസിഡന്റ് യാഹ്യാ ഖാൻ ചെവിക്കൊണ്ടില്ല. പസിഫിക്കിൽനിന്നു പുറപ്പെട്ട അമേരിക്കൻ കപ്പൽപ്പട എത്തിയാൽ അവരുടെ പിന്തുണയോടെ വെടിനിർത്തൽ ആവശ്യപ്പെടാമെന്നായിരുന്നു യാഹ്യായുടെ കണക്കുകൂട്ടൽ.

അപ്പോൾ പാക്ക് നാവികസേന എവിടെപ്പോയി? അതിനുത്തരം പറയുന്നതിനുമുൻപ് ഒരാളെക്കുറിച്ചു പറയട്ടെ. അങ്കമുണ്ടെങ്കിൽ അതിൽ താനുമുണ്ടാകുമെന്നു വാശിപിടിച്ചിരുന്ന ഒരാളാണ് അന്ന് ഇന്ത്യൻ നാവികസേനയെ നയിച്ചിരുന്നത്. വ്യോമയുദ്ധവും കരയുദ്ധവും ആരംഭിച്ചയുടൻ പൊടുന്നനെ ഒരു രാത്രിയിൽ കറാച്ചിയിലേക്ക് ഏതാനും കുള്ളൻ ബോട്ടുകളയച്ചു പാക്ക് നാവികസേനയെ തകർത്ത് ഒരു പോറലുമേൽക്കാതെ അവരെ തിരിച്ചുവീട്ടിലെത്തിച്ച അഡ്മിറൽ എസ്.എം.നന്ദ.

1965ലെ ഇന്ത്യ–പാക്ക് യുദ്ധകാലത്തു കരസേനയും വ്യോമസേനയും ഓപ്പറേഷനുകൾ നടത്തിയപ്പോഴും നാവികസേന ഒരു ഓപ്പറേഷനും തുനിയരുതെന്നായിരുന്നു പ്രതിരോധമന്ത്രാലയത്തിൽനിന്നുള്ള നിർദേശം. അന്നത്തെ നാവികസേനാ മേധാവി വൈസ് അഡ്മിറൽ ബി.എസ്.സോമൻ പ്രതിരോധമന്ത്രി വൈ.ബി. ചവാനെയും പ്രധാനമന്ത്രി ലാൽ ബഹാദൂർ ശാസ്ത്രിയെയും കണ്ടെങ്കിലും തീരുമാനത്തിൽ മാറ്റമുണ്ടായില്ല. നാവികസേനയെ ഓപ്പറേഷനയച്ചാൽ യുദ്ധം വിപുലമാകുമെന്നായിരുന്നു അവരുടെ ഭയം.

അന്നു നാവികസേനയുടെയും വ്യോമസേനയുടെയും തലവന്മാർ കരസേനാ മേധാവിയെക്കാൾ ഒരു റാങ്ക് താഴെയുള്ളവരുമായിരുന്നു. സോമനു ശേഷം നാവികസേനയുടെ തലപ്പത്തെത്തിയ എ.കെ.ചാറ്റർജിയുടെ കാലത്താണു മേധാവിയുടെ റാങ്ക് ഉയർത്തിയത്. അതിനുശേഷം തലപ്പത്തെത്തിയ അഡ്മിറൽ എസ്.എം. നന്ദ, ഇനിയൊരു യുദ്ധം വന്നാൽ തന്റെ സൈന്യവും അങ്കത്തിനിറങ്ങുമെന്നു തീരുമാനിച്ചെന്നു മാത്രമല്ല, ഒരിക്കൽ പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു.

യുദ്ധം അടുത്തുവരികയാണെന്നു ബോധ്യമായതോടെ റഷ്യയിൽനിന്ന് ഏതാനും മിസൈൽ ബോട്ടുകൾ ആവശ്യപ്പെട്ടു. അതിനുമുൻപ് ഇന്ത്യൻ നാവികസേന മിസൈൽ ബോട്ടുകൾ ഉപയോഗിച്ചിട്ടില്ലാത്തതിനാൽ ഏതാനും ഓഫിസർമാരെ റഷ്യയിലയച്ചു പരിശീലിപ്പിക്കുകയും ചെയ്തു. പക്ഷേ, റഷ്യക്കാർക്കുപോലും സംശയം. മിസൈൽ ബോട്ടുകൾ പ്രതിരോധത്തിനേ ഉതകൂ. ആഴക്കടലിലൂടെ വേഗത്തിൽപോയാൽ മുങ്ങിപ്പോയെന്നുവരെ വരും. ശത്രുവിന്റെ താവളത്തിലെത്തി ആക്രമിച്ചു മടങ്ങിവരാനുള്ള ശേഷിയൊന്നും അവയ്ക്കില്ല. ഇന്ത്യൻ നേവി ഇനിയും പ്രതിരോധത്തിനേ തയാറാകുന്നുള്ളോ?

kuruvila
എസ്.എം.നന്ദ, എസ്.എൻ. കോഹ്‍ലി, ഇ.സി. കുരുവിള

മിഷൻ കറാച്ചി

യുദ്ധം അടുത്തതോടെ താൻ കറാച്ചി തകർക്കുമെന്നു നന്ദ തീരുമാനമെടുത്തു. കറാച്ചി ആക്രമിക്കുകയോ? അറബിക്കടൽ സംരക്ഷിക്കുന്ന ബോംബെയിലെ പടിഞ്ഞാറൻ നാവിക കമാൻഡിന്റെ തലവൻ വൈസ് അഡ്മിറൽ എസ്.എൻ. കോഹ്‍ലിക്കുപോലും സംശയമായി. പാക്ക് കപ്പൽപ്പടയുടെ കോട്ടയാണു കറാച്ചി. വൻ പടക്കപ്പലുകളാണു കറാച്ചിക്കു കാവൽ.

‘‘അതുകൊണ്ടുതന്നെയാണ് അതു തകർക്കേണ്ടത്. ശത്രുവിന്റെ താവളത്തിൽപോയി തകർത്താലേ അവൻ പിന്നെ തലപൊക്കാതിരിക്കൂ. വീട്ടിൽ പോയി പ്രഹരിക്കണം’’ – നന്ദ വാദിച്ചു.

അതിനുതകുന്ന പടക്കപ്പലുകൾ എവിടെ? നമുക്കു കൂടുതലുള്ളതു തീരസംരക്ഷണത്തിനുപയോഗിക്കാവുന്ന മിസൈൽ ബോട്ടുകളാണ്. ആകെയുള്ള വിമാനവാഹിനി വിക്രാന്തിനെ അയയ്ക്കുമോ?

ഇല്ല. വിക്രാന്ത് കിഴക്കൻ കടലിലായിരിക്കും. അതുകൊണ്ടു പലതുണ്ട് കാര്യം. കിഴക്കൻ പാക്കിസ്ഥാനിലേക്കു സൈനികസാമഗ്രികൾ എത്തുന്നതു തടയാം. കിഴക്കൻ പാക്കിസ്ഥാനിലെ പാക്ക് പടയെ സഹായിക്കാൻ വരുന്ന അമേരിക്കൻ കപ്പൽപ്പടയെ കുറച്ചുനേരത്തേക്കെങ്കിലും തടഞ്ഞിടാം. ഇതെല്ലാം കൂടാതെ, വിക്രാന്ത് കിഴക്കോട്ടു പോയെന്നറിഞ്ഞാൽ പാക്ക് നാവികസേന പടിഞ്ഞാറുള്ള കറാച്ചിയിലെ ജാഗ്രത കുറയ്ക്കും. ആ സമയത്ത് അവർ പ്രതീക്ഷിക്കാത്ത ചെറിയ മിസൈൽ ബോട്ടുകൾ  അയച്ചു കറാച്ചി തകർക്കാമെന്നായി നന്ദ.

paper

കറാച്ചി തകർക്കാൻ മിസൈൽ ബോട്ടുകൾ പോയാൽ ബോംബെ തുറമുഖം ആരു സംരക്ഷിക്കും? – പലർക്കും സംശയം ബാക്കി. നിങ്ങൾ തന്നെ അതിനുത്തരം പറഞ്ഞല്ലോ, നന്ദ തിരിച്ചടിച്ചു. പാക്ക് പടക്കപ്പലുകൾ കറാച്ചിക്കു കാവൽ കിടക്കുകയാണെങ്കിൽ ബോംബെ ആക്രമിക്കാൻ അവർ വരില്ലല്ലോ.

നന്ദയുടെ യുക്തി പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിക്കു ബോധിച്ചു. കറാച്ചി ആക്രമണത്തിന് അവർ അനുമതി നൽകി. അന്നും ഇന്നും ഇന്ത്യൻ സൈന്യങ്ങൾക്ക് ഒരു പ്രത്യേകതയുണ്ട്. സമർഥമായ പ്രയോഗതന്ത്രം (Tactics) വികസിപ്പിച്ചെടുത്താൽ ശേഷി കുറഞ്ഞ ആയുധം ഉപയോഗിച്ചും ശത്രുവിന്റെ മികച്ച ആയുധത്തെ നേരിടാമെന്ന വിശ്വാസം. 1965ലെയും 1971ലെയും യുദ്ധങ്ങളിൽ പഴഞ്ചൻ വാംപയർ, കുള്ളൻ നാറ്റ് എന്നീ വിമാനങ്ങൾ ഉപയോഗിച്ചു പാക്കിസ്ഥാന്റെ അത്യാധുനിക സേബർജെറ്റുകൾ തകർത്തതും പുതുക്കിയെടുത്ത പഴഞ്ചൻ മിഗ്–21 പറത്തി 2019ൽ അഭിനന്ദൻ വർധമാൻ പാക്കിസ്ഥാന്റെ എഫ്–16 വീഴ്ത്തിയതും ഓർത്താൽ മതി. നന്ദയും അതുതന്നെ ചെയ്തു.

നന്ദ പ്രതീക്ഷിച്ചതു തന്നെ സംഭവിച്ചു. ഡിസംബർ 3 രാത്രി വ്യോമയുദ്ധവും തുടർന്നു കരയുദ്ധവും ആരംഭിച്ചതിനുമുൻപുതന്നെ മിസൈൽ ബോട്ടുകളെ പ്രധാനതാവളമായ ബോംബെയിൽനിന്നു ഗുജറാത്ത് തീരത്തേക്കു മാറ്റി. വിക്രാന്ത് കിഴക്കൻ കടലിലായതോടെ തങ്ങൾ സുരക്ഷിതരാണെന്നു കരുതിയ പാക്ക് നേവി കറാച്ചിയിലെ ജാഗ്രത കുറച്ചു. ആ തക്കം നോക്കി ഡിസംബർ 4ന് രാത്രിയിലും 8ന് രാത്രിയിലുമായി രണ്ടു മിസൈൽ ബോട്ട് ആക്രമണങ്ങൾ നടത്തി ഇന്ത്യൻ നാവികസേന കറാച്ചി തുറമുഖം മാത്രമല്ല പാക്ക് നാവികപ്പടയെത്തന്നെ തകർത്തു. ആദ്യ ആക്രമണത്തിൽ ആദ്യം തകർന്നത് 1965ലെ യുദ്ധത്തിൽ ഗുജറാത്ത് തീരം ആക്രമിച്ച ഖൈബർ എന്ന നശീകരണക്കപ്പലായിരുന്നു! ആക്രമണത്തിനു ചുക്കാൻ പിടിച്ചതു പടിഞ്ഞാറൻ നാവികവ്യൂഹത്തിന്റെ തലവനായിരുന്ന മലയാളി റിയർ അഡ്മിറൽ ഇ.സി കുരുവിളയായിരുന്നു.

ആക്രമണത്തിന്റെ ഉപഗ്രഹചിത്രം അന്നു രാത്രിതന്നെ റഷ്യൻ നാവികസേനാ മേധാവി അഡ്മിറൽ ഗോർഷ്ക്കോവിനു ലഭിച്ചുവെന്നാണു പറയപ്പെടുന്നത്. ചിത്രങ്ങൾ കണ്ട് അദ്ദേഹം വിശ്വസിച്ചില്ല. താൻ നൽകിയ കുള്ളൻ ബോട്ടുകൾ ഉപയോഗിച്ച് ഇന്ത്യൻ നേവി ശത്രുവിന്റെ പ്രധാന നാവികത്താവളവും നാവികവ്യൂഹവും തകർത്തോ? ഓപ്പറേഷൻസ് റൂമിലിരുന്നു നാലഞ്ചു കവിൾ വോഡ്ക അകത്താക്കി അദ്ദേഹം സഹപ്രവർത്തകരോടൊപ്പം ഡാൻസ് ചെയ്തുവെന്നാണു പറയപ്പെടുന്നത്.

war-ship
റഷ്യൻ നിർമിത സൈനിക ബോട്ട്

മിനുക്കൽ നയതന്ത്രം!

ഇനി കിഴക്കൻ കടലിലേക്കു നോക്കാം. അമേരിക്കയുടെ കപ്പൽപ്പട ബംഗാൾ ഉൾക്കടലിലൂടെ കിഴക്കൻ പാക്കിസ്ഥാനിലെ ചിറ്റഗോങ്ങിലേക്കു നീങ്ങുകയായിരുന്നു. പട എത്തുന്നതിനുമുൻപു കരയുദ്ധവും വ്യോമയുദ്ധവും അവസാനിപ്പിച്ചു ശത്രുവിനെക്കൊണ്ടു കീഴടങ്ങൽ ഉടമ്പടിയിൽ ഒപ്പുവയ്പിക്കാനായിരുന്നു ഇന്ത്യൻ സൈനികനേതൃത്വത്തിന്റെ ശ്രമം. എങ്ങനെയും അതു താമസിപ്പിക്കാനായിരുന്നു ശത്രുവിന്റെയും അവർക്ക് ഉപദേശം നൽകിക്കൊണ്ടിരുന്ന അമേരിക്കൻ നയതന്ത്രജ്ഞന്മാരുടെയും ശ്രമം.

അമേരിക്കൻ പട എത്തിയാൽ താനെന്തുചെയ്യണം? സൈനികമായി തടയണമെങ്കിൽ അതിനു മന്ത്രിസഭയുടെ അനുമതി ആവശ്യമാണ്. കാരണം അതു യുദ്ധനടപടിയായി (Act of war) കണ്ട് അമേരിക്കൻ പട ആയുധപ്രയോഗം നടത്തിയാൽ സംഗതികൾ കൈവിട്ടുപോകൂം. നന്ദ പ്രധാനമന്ത്രിയെ ബന്ധപ്പെട്ടു. ഇന്ദിരയുടെ മറുപടി ഇങ്ങനെയായിരുന്നുവെന്നാണ് നന്ദ ഒരിക്കൽ ഈ ലേഖകനോടു പറഞ്ഞത്: ‘‘അമേരിക്കക്കാർ ഒരു ട്രൈ റൺ (പരീക്ഷണ നടപടി) നടത്തുകയാണ്. അവരെ വിക്രാന്തിലേക്ക് ഒരു ഡ്രിങ്കിനു ക്ഷണിക്കൂ!’’ (ഇന്നത്തെ ഫ്രീക്കൻ മലയാളത്തിൽ പറഞ്ഞാൽ: അവർ പച്ചയാണ്, ഒന്നു ക്ഷണിച്ചു മിനുക്കി അയയ്ക്കൂ.)

അമേരിക്കൻ വ്യൂഹം എത്തുന്നതിനുമുൻപു യുദ്ധം അവസാനിപ്പിക്കാൻ തന്റെ കര–വ്യോമസേനാ മേധാവികൾക്കും അതിനുവേണ്ട നയതന്ത്രനീക്കം നടത്താൻ തന്റെ നയതന്ത്രജ്ഞർക്കും സാധിക്കുമെന്ന് ഇന്ദിരയ്ക്ക് ഉത്തമബോധ്യമുണ്ടായിരുന്നു. പൂർണമായി വളയപ്പെട്ടിട്ടും ഡാക്കയിൽ പാക്ക് നേതൃത്വം കാര്യങ്ങൾ താമസിപ്പിച്ചു രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. കീഴടങ്ങാനാവില്ല, വെടിനിർത്തലിനു തയാറാകാം എന്നായി നിലപാട്. അതായതു തൽക്കാലം യുദ്ധം അവസാനിപ്പിക്കുക. വെടിനിർത്തി ചർച്ചയാവാം.

പ്രധാനമന്ത്രിയുടെ അനുമതിയോടെ മനേക്‌ ഷാ പറഞ്ഞു: ‘‘സാധ്യമല്ല.’’ എങ്കിലും ശത്രുവിന് ആലോചിക്കാൻ സാവകാശം നൽകിക്കൊണ്ട് അദ്ദേഹം തന്റെ ഫീൽഡ് കമാൻഡർമാരോടു തൽക്കാലം വെടിനിർത്താൻ ആവശ്യപ്പെട്ടു. എങ്കിലും പാക്ക് നേതൃത്വം കാര്യങ്ങൾ നീട്ടിക്കിട്ടാൻ ശ്രമിച്ചുകൊണ്ടിരുന്നു. സംഗതി പ്രശ്നമാകുമെന്നു ബോധ്യമായതോടെ വ്യോമസേന രംഗത്തിറങ്ങി. അവിശ്വസനീയ കൃത്യതയോടെ അവർ നടത്തിയ ഒരു പേടിപ്പിക്കൽ നടപടിയിൽ വിറച്ചുപോയ പാക്ക് നേതൃത്വം വരച്ചവരയിൽ വീണു.

അതെക്കുറിച്ച് നാളെ.

∙ ഒരു രാജ്യം പിറന്ന കഥ–1: ഇന്ദിരയും മനേക് ഷായും നയിച്ച 'പെര്‍ഫക്ട് വാര്‍'; ഒടുവില്‍ മുട്ടുകുത്തിച്ചു പാക്കിസ്ഥാനെ

∙ ഒരു രാജ്യം പിറന്ന കഥ–2: ഇന്ദിരയോട് മനേക് ഷാ, സ്വീറ്റീ ഞാന്‍ റെഡി; കത്തിച്ചുകളഞ്ഞ കടലാസുതുണ്ടിലെ രഹസ്യം

∙ഒരു രാജ്യം പിറന്ന കഥ–3: പാരഷൂട്ടില്‍ ഇറങ്ങിയത് 540 ഇന്ത്യന്‍ സൈനികര്‍; പറഞ്ഞത് 5,000: ഞെട്ടി പാക്ക് കമാന്‍ഡര്‍മാര്‍

English Summary: India Pakistan naval war 1971 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com