ഹുങ്കാര ശബ്ദത്തോടെ വിമാനങ്ങൾ, വിറച്ച് പാക്കിസ്ഥാൻ; വിസ്മയമായി കലാശക്കൊട്ട്

niyasi
തോൽവിയുടെ ഭാരം: കീഴടങ്ങിയ ശേഷം പാക്ക് കമാൻഡർ ലഫ്.ജനറൽ എ.കെ. നിയാസി (വലത്ത്) ഇന്ത്യയുടെ ലഫ്. ജനറൽ ജഗജിത് സിങ് അറോറയ്ക്കൊപ്പം.
SHARE

യുദ്ധത്തിന്റെ ആസൂത്രണത്തിലും നടത്തിപ്പിലും ഒടുവിൽ വിജയത്തിലും തെളിഞ്ഞുനിന്നു ഇന്ത്യൻ നാനാത്വത്തിന്റെ കരുത്ത്

പടിഞ്ഞാറൻ മേഖലയിൽ പാക്കിസ്ഥാൻ നടത്തിയ ശക്തമായ വ്യോമാക്രമണമായിരുന്നു ബംഗ്ലദേശ് വിമോചന യുദ്ധത്തിനു തുടക്കംകുറിച്ചതെങ്കിൽ കിഴക്ക് ഇന്ത്യൻ വ്യോമസേനയുടെ ഇന്നും വിസ്മയമായി നിൽക്കുന്ന ഒരു പ്രഹരമായിരുന്നു കലാശക്കൊട്ട്.  

കിഴക്ക് ഇന്ത്യയ്ക്കു മുൻതൂക്കമുണ്ടാകുമെന്നു ബോധ്യമുണ്ടായിരുന്ന പാക്ക് നേതൃത്വം, പടിഞ്ഞാറ് നേട്ടമുണ്ടാക്കിക്കൊണ്ടു പൊരുതാനായിരുന്നു ഉദ്ദേശിച്ചിരുന്നത്. അതിനാൽ ഇന്ത്യയുടെ പടിഞ്ഞാറൻ മേഖലയിലെ ഒട്ടേറെ വ്യോമതാവളങ്ങളും അവിടെയുണ്ടായിരുന്ന പോർവിമാനങ്ങളും അതിർത്തി റഡാറുകളും തകർത്തുകൊണ്ടാണ് അവർ യുദ്ധം ആരംഭിച്ചത്. ഏതാനും പാക്ക് വിമാനങ്ങളെ തടയാനും വീഴ്ത്താനും സാധിച്ചെങ്കിലും, കാര്യമായ പ്രത്യാക്രമണം നടത്താൻ ഇന്ത്യൻ വ്യോമസേനയ്ക്കു സാധിച്ചില്ല. 

എന്നാൽ, ഡിസംബർ 8ന് ഏതാനും പഴയ ഹണ്ടർ വിമാനങ്ങൾ ഉപയോഗിച്ച് മുരീദിലെ താവളം ആക്രമിച്ചു. ശത്രുവിന്റെ അഞ്ച് അമേരിക്കൻ എഫ്–86 വിമാനങ്ങൾ നിലത്തുവച്ചു തകർത്തതോടെ രംഗം മാറി. ഇന്ത്യ ശക്തമായ തിരിച്ചടി തുടങ്ങി. പാക്ക് മുന്നേറ്റങ്ങൾ ഇതോടെ കുറഞ്ഞുതുടങ്ങി. 

flight
ഇന്ത്യൻ വ്യോമസേനയുടെ മുന്നേറ്റം.

കിഴക്ക് ഡാക്ക വിമാനത്താവളത്തിൽ നടത്തിയ ആക്രമണത്തിൽ അമേരിക്കൻ വ്യോമസേനയുടെ ലെയ്സൺ ഓഫിസറുടെ വിമാനം പോലും ഇന്ത്യൻ പോർവിമാനങ്ങൾ തകർത്തു. നിലത്തുകിടന്നാലും രക്ഷയില്ലെന്നു മനസ്സിലാക്കിയ പാക്ക് വ്യോമസേനാധികൃതർ തങ്ങളുടെ ഏതാനും വിമാനങ്ങൾ ഇറാനിലേക്കു മാറ്റുക വരെ ചെയ്തു. അതിനിടയിൽ, രാജസ്ഥാനിലെ ലോംഗേവാലയിലേക്കു കയറിവന്ന വൻ ടാങ്ക് വ്യൂഹത്തെ ബോംബിട്ടു തകർത്തതോടെ പടിഞ്ഞാറൻ മേഖലയിൽ ഇന്ത്യൻ സൈന്യം കരയിലും ആകാശത്തും മേൽക്കൈ നേടി.

പാക്ക് വ്യോമസേനയ്ക്കു മറ്റൊരു പ്രശ്നവുമുണ്ടായിരുന്നു. പൈലറ്റുമാർ മിക്കവരും പടിഞ്ഞാറുനിന്നുള്ളവരായിരുന്നെങ്കിലും ടെക്നിഷ്യന്മാർ കൂടുതലും ബംഗാളികളായിരുന്നു. അവരാകട്ടെ നല്ലൊരു ശതമാനം കിഴക്കിന്റെ വിമോചന സൈനിക വിഭാഗങ്ങളിൽ ചേർന്നുകഴിഞ്ഞിരുന്നു. മറ്റു കുറെപ്പേർ യുദ്ധമാരംഭിച്ചപ്പോൾ ഇന്ത്യയിലേക്കും ബർമയിലേക്കും രക്ഷപ്പെട്ടിരുന്നു. ചുരുക്കത്തിൽ ഓരോ പറക്കലും കഴിഞ്ഞു വിമാനം പരിശോധിച്ച് അടുത്ത ദൗത്യത്തിനു തയാറാക്കാൻ പോലും വേണ്ടത്ര ആളില്ലാതായി. 

അങ്ങനെ, ഇന്ത്യൻ കരസേന കഴിയുന്നത്ര രക്തച്ചൊരിച്ചിൽ ഒഴിവാക്കി ഇടറോഡുകളിലൂടെയും പാടങ്ങളിലൂടെയും കുതിച്ച് ഡിസംബർ 13നു പുലർച്ചെയോടെ ഡാക്ക വളഞ്ഞുതുടങ്ങി. അന്നു വൈകിട്ടോടെ അമേരിക്കൻ നാവികവ്യൂഹം ആൻഡമാൻ കടലിലെത്താറായിരുന്നു. യുദ്ധം എത്രയും വേഗം അവസാനിപ്പിച്ചേ പറ്റൂ. മൂന്നു ദിക്കുകളിൽ നിന്നെത്തിയ മൂന്ന് ഇന്ത്യൻ സേനാ കോറുകൾക്കും ഡാക്കയിൽ പ്രവേശിക്കാൻ ധ‍ൃതിയായി. എന്നാൽ അവരെ വിലക്കിക്കൊണ്ട് മനേക്‌ ഷാ വീണ്ടും പാക്ക് സൈന്യത്തോടു കീഴടങ്ങാൻ ആവശ്യപ്പെട്ടു.

യോഗം ‘കലക്കൽ’ ദൗത്യം! 

അതിനിടെ കിഴക്കൻ പാക്കിസ്ഥാനിലെ ഗവർണർ എ.എം. മാലിക്ക് തന്റെ ഉപദേശകരുടെ യോഗം 14ന് ഉച്ചകഴിഞ്ഞു വിളിച്ചിരിക്കുന്നതായും അതിലേക്ക് ഐക്യരാഷ്ട്രസംഘടനയുടെ ഡാക്കയിലെ പ്രതിനിധിയായ ജോൺ കെല്ലിയെ ക്ഷണിച്ചിരിക്കുന്നതായും ഇന്റലിജൻസ് വിവരം ലഭിച്ചു. വെടിനിർത്തൽ നടപ്പാക്കാൻ പാക്ക് നേതൃത്വം ഐക്യരാഷ്ട്രസംഘടനയോട്  ഔദ്യോഗികമായി ആവശ്യപ്പെട്ടാൽ കാര്യങ്ങൾ കൈവിട്ടുപോകുമെന്ന് ഇന്ത്യൻ നേതൃത്വത്തിനു ബോധ്യമായി. ഒപ്പം അമേരിക്കൻ നാവികപ്പട എത്തിയാലുള്ള സ്ഥിതിയും. യോഗം തകർത്തേ പറ്റൂ. അതിനു വ്യോമസേനയെയാണു ചുമതലപ്പെടുത്തിയത്: ആർക്കും അപായമുണ്ടാവുകയും ചെയ്യരുത്.

ഗുവാഹത്തിയിലെയും ഹഷിമാരയിലെയും വ്യോമസേനാതാവളങ്ങൾക്ക് ഉത്തരവു കിട്ടുമ്പോൾ ഡാക്കയിൽ യോഗം ആരംഭിക്കാൻ കഷ്ടിച്ച് ഒരു മണിക്കൂറേ ബാക്കിയുള്ളൂ. നാല് മിഗ്–21 വിമാനങ്ങളും രണ്ട് ഹണ്ടർ വിമാനങ്ങളും മിനിറ്റുകൾക്കുള്ളിൽ തയാറായി. അപ്പോഴാണോർത്തത് – ഡാക്കയുടെ സൈനികമാപ്പ് പോലും കൈവശമില്ല. എവിടെനിന്നോ കിട്ടിയ ടൂറിസ്റ്റ് മാപ്പുകൾ പൈലറ്റുമാർക്കു നൽകി. സർക്യൂട്ട് ഹൗസിലായിരിക്കും യോഗമെന്നായിരുന്നു വിവരം ലഭിച്ചിരുന്നത്. പൈലറ്റുമാർ വിമാന എൻജിനുകൾ സ്റ്റാർട്ട് ചെയ്തുകഴിഞ്ഞാണ് അറിയുന്നത്, സർക്യൂട്ട് ഹൗസിലല്ല, ഗവർണറുടെ ഓഫിസിൽ തന്നെയാണു യോഗമെന്ന്. 

indira
നായകർ: ഇന്ദിരാ ഗാന്ധിയും ഷെയ്ഖ് മുജീബുർ റഹ്മാനും

ഏതായാലും ടൂറിസ്റ്റ് മാപ്പിൽ ഗവർണറുടെ വസതി രേഖപ്പെടുത്തിയിരുന്നതിനാൽ കാര്യം കുറച്ച് എളുപ്പമായി. വലിയ താഴികക്കുടമുള്ള കെട്ടിടം ആകാശത്തുനിന്നു കണ്ടുപിടിക്കാൻ ബുദ്ധിമുട്ടുണ്ടായില്ല. ആളപായമുണ്ടാക്കാതെ കെട്ടിടത്തിലേക്ക് ആയുധപ്രയോഗം നടത്തി യോഗം കലക്കണം. അതിനവർ യുക്തി പ്രയോഗിച്ചു. കെട്ടിടത്തിലെ പ്രധാന കോൺഫറൻസ് റൂം താഴികക്കുടത്തിനു നേരെയാവാനാണു സാധ്യത. ചെറിയൊരു ആംഗിളിൽ കൃത്യമായി മിഗ് വിമാനങ്ങളിൽനിന്നു റോക്കറ്റുകൾ തൊടുത്തുവിട്ടു. പിന്നാലെയെത്തിയ ഹണ്ടറുകളുടെ പീരങ്കികളിൽനിന്നു ഷെല്ലിങ്ങും നടത്തി. 

ഹുങ്കാരശബ്ദത്തോടെ പറന്നെത്തിയ ആറു വിമാനങ്ങൾ മേൽക്കൂരയിൽ നിരനിരയായി ദ്വാരങ്ങൾ വീഴ്ത്തിക്കൊണ്ടു നടത്തിയ ആക്രമണത്തിൽ പാക്ക് നേതൃത്വം വിറച്ചുപോയി. മേശയ്ക്കടിയിലേക്കു നൂഴ്ന്നിറങ്ങിയ ഗവർണർ അവിടെക്കിടന്ന കടലാസുതുണ്ടിൽത്തന്നെ രാജി എഴുതിവച്ച് ഐക്യരാഷ്ട്ര സംഘടനാ പ്രതിനിധിയുടെ ഓഫിസിലേക്കു പലായനം ചെയ്തു. 

ഇവിടെ ഒരു കാര്യം ഓർക്കേണ്ടതുണ്ട്. ഇന്ത്യൻ വ്യോമസേനയുടെ ആദ്യത്തെ ശബ്ദാതിവേഗ (സൂപ്പർ സോണിക്) വിമാനമായിരുന്നു യുദ്ധത്തിന് ഏതാനും മാസം മുൻപു മാത്രം ലഭിച്ച് മിഗ്–21. കാര്യമായ പരിചയം പോലുമില്ലാത്ത വിമാനത്തിൽനിന്നാണ് ഇന്നത്തെ ലേസർ– ഗൈഡഡ് മിസൈലിന്റെ കൃത്യതയുള്ള ആക്രമണം, 50 കൊല്ലം മു‍ൻപു വെറും ഫ്രീ ഫയറിങ് റോക്കറ്റുകളും പീരങ്കികളും ഉപയോഗിച്ച് ഒരാളപായവും വരുത്തിവയ്ക്കാതെ ഇന്ത്യൻ പൈലറ്റുമാർ നടത്തിയത്. 

പാക്ക്  കീഴടങ്ങൽ 

യുദ്ധം നിർത്താൻ തയാറാണെന്ന് ഇതോടെ കിഴക്കൻ പാക്ക് സൈന്യം അറിയിച്ചു. കീഴടങ്ങലിനു വേണ്ടതെല്ലാം ചെയ്യാൻ കിഴക്കൻ കമാൻഡിൽ ലഫ്.ജനറൽ ജഗജിത് സിങ്  അറോറയുടെ ചീഫ് ഓഫ് സ്റ്റാഫ് ആയ മേജർ ജനറൽ ജെ.എഫ്.ആർ. ജേക്കബിനോടു മനേക്‌ ഷാ ആവശ്യപ്പെട്ടു. പാക്ക് കമാൻഡർ ലഫ്.ജനറൽ എ.കെ.നിയാസിയുമായി ബന്ധപ്പെട്ട ജേക്കബ് ഡിസംബർ 16നു രാവിലെ ചടങ്ങു നടത്താൻ തയാറാകാൻ അറിയിച്ചു. പിന്നാലെ ഡാക്കയിലെത്തിയ ജേക്കബാണു വെടിനിർത്തലല്ല, കീഴടങ്ങൽ മാത്രമേ ഇന്ത്യയ്ക്കു  സ്വീകാര്യമാകൂ എന്നു നിയാസിയെ പറഞ്ഞു മനസ്സിലാക്കിയത്.      

മനേക്‌ ഷാ തന്നെ ഡാക്കയിലെത്തി കീഴങ്ങൽ ചടങ്ങിൽ സംബന്ധിക്കാനാണു പ്രധാനമന്ത്രി ഉപദേശിച്ചത്. എന്നാൽ ആ ബഹുമതിക്കു കിഴക്കൻ കമാൻഡിന്റെ മേധാവി അറോറയാണ് അർഹനെന്നു മനേക്‌ ഷാ മറുപടി നൽകി.

എങ്കിലും മറ്റു സേനാവിഭാഗങ്ങളുടെ പ്രതിനിധികളായ വൈസ് അഡ്മിറൽ നീലകണ്ഠ കൃഷ്ണൻ,  എയർ മാർഷൽ ഹരി ചന്ദ് ദിവാൻ എന്നിവരുടെയും ലഫ്. ജനറൽ സാഗത് സിങ്, മേജർ ജനറൽ ജേക്കബ്  തുടങ്ങിയവരുടെയും സാന്നിധ്യത്തിലാണു നിയാസി കീഴടങ്ങൽ രേഖയിൽ ഒപ്പുവച്ചത്. തുടർന്ന് 93,000 പാക്ക് ഭടന്മാർ കിഴക്കൻ പാക്കിസ്ഥാന്റെ വിവിധ ഭാഗങ്ങളിൽ തൊട്ടടുത്തുള്ള ഇന്ത്യൻ സൈനികർക്കു മുന്നിലും കീഴടങ്ങി – ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും വലിയ കീഴടക്കൽ. 

jacob
ജെഎഫ്ആർ ജേക്കബ്, ഹരി ചന്ദ് ദിവാൻ, നീലകണ്ഠ കൃഷ്ണൻ, സാഗത് സിങ്

നാനാത്വത്തിന്റെ വിജയം

1947ലെ വിഭജനസമയത്തു മതത്തിന്റെ പേരിൽ രൂപീകൃതമായ പാക്കിസ്ഥാൻ അതോടെ ഭാഷയുടെ പേരിൽ രണ്ടായി. പാക്കിസ്ഥാൻ കോൺസ്റ്റിറ്റ്യുവന്റ്  അസംബ്ലിയിൽ 1948ൽ കിഴക്കൻ പാക്കിസ്ഥാനിൽനിന്നുള്ള ഒരംഗം ബംഗാളി കൂടി പാക്കിസ്ഥാന്റെ ഔദ്യോഗികഭാഷയാക്കണമെന്ന ആവശ്യം ഉയർത്തിയതിന്റെ ഓർമയ്ക്കാണ് ഫെബ്രുവരി 21 ഇന്ന് ഐക്യരാഷ്ട്രസംഘടനയുടെ ആഭിമുഖ്യത്തിൽ രാജ്യാന്തര മാതൃഭാഷാദിനമായി ആഘോഷിക്കുന്നത്.

ബംഗ്ലദേശ് വിമോചന യുദ്ധം മേഖലയിലെ നിർണായക ശക്തിയെന്ന നിലയിൽ ഇന്ത്യയുടെ വരവുമറിയിച്ചു.  യുദ്ധത്തിന്റെ ആസൂത്രണത്തിലും നടത്തിപ്പിലും ഒടുവിൽ വിജയത്തിലും തെളിഞ്ഞുനിന്നു ഇന്ത്യയുടെ നാനാത്വം. യുദ്ധത്തിനു രാഷ്ട്രീയനേതൃത്വം നൽകിയത് ഇന്ദിരാ ഗാന്ധി എന്ന കശ്മീരി ബ്രാഹ്മണ വനിത. അതിനു വേണ്ട സംവിധാനങ്ങൾ തയാറാക്കിയതു ദലിതനായ പ്രതിരോധമന്ത്രി ജഗ്ജീവൻ റാം. യുദ്ധത്തിന്റെ മേൽനോട്ടം വഹിച്ചത് സാം മനേക്‌ ഷാ എന്ന പാഴ്സി. കിഴക്ക് ഓപ്പറേഷന്റെ മേൽനോട്ടം ഒരു സർദാർ, പടിഞ്ഞാറ് ഒരു മലയാളി. കീഴടങ്ങൽ ചടങ്ങിന്റെ നടത്തിപ്പ് ജേക്കബ് എന്ന ജൂതനും. ഫീൽഡ് കമാൻഡർമാരും സൈനികരുമായി ഒട്ടേറെ ഹിന്ദുക്കളും മുസ്‍ലിംകളും ക്രിസ്ത്യാനികളും.

(പരമ്പര അവസാനിച്ചു)

∙ ഒരു രാജ്യം പിറന്ന കഥ–1: ഇന്ദിരയും മനേക് ഷായും നയിച്ച 'പെര്‍ഫക്ട് വാര്‍'; ഒടുവില്‍ മുട്ടുകുത്തിച്ചു പാക്കിസ്ഥാനെ

∙ ഒരു രാജ്യം പിറന്ന കഥ–2: ഇന്ദിരയോട് മനേക് ഷാ, സ്വീറ്റീ ഞാന്‍ റെഡി; കത്തിച്ചുകളഞ്ഞ കടലാസുതുണ്ടിലെ രഹസ്യം

∙ഒരു രാജ്യം പിറന്ന കഥ–3: പാരഷൂട്ടില്‍ ഇറങ്ങിയത് 540 ഇന്ത്യന്‍ സൈനികര്‍; പറഞ്ഞത് 5,000: ഞെട്ടി പാക്ക് കമാന്‍ഡര്‍മാര്‍

∙ഒരു രാജ്യം പിറന്ന കഥ–4:  ആത്മവീര്യത്തിന്റെ കടൽക്കുതിപ്പ്

English Summary: 1971 war: Indian victory

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

‘ആളുകൾ തിരിച്ചറിയാതിരുന്നാൽ അവിടെത്തീർന്നു താര പദവി’ | Indrans Interview

MORE VIDEOS
FROM ONMANORAMA