ADVERTISEMENT

പ്രളയം വന്നാലും കടൽ കയറിയാലും നമ്മുടെ കായൽക്കരകളിൽ വെള്ളപ്പൊക്കമാണ്. മുൻപ് കുട്ടനാടിനെയാണു കായൽ മുക്കിയിരുന്നതെങ്കിൽ ഇപ്പോൾ വെള്ളത്തിന്റെ ‘പിടി’ കൊച്ചിയിലേക്കും നീളുന്നു. പുന്നമട മുതൽ കോട്ടപ്പുറം വരെ നിവർന്ന് കിടക്കുന്ന വേമ്പനാട്ടുകായൽ ആകെ മാറി. കടലിൽ ഒരു തിരയിളക്കം, അല്ലെങ്കിൽ മലയിലെ ഉരുൾപൊട്ടൽ– ഇത്രയും മതി കായൽ ഇളകിമറിയാൻ.  ഇടക്കൊച്ചി, ചെല്ലാനം, കുമ്പളങ്ങി, വൈപ്പിൻ മേഖലകളിലും പ്രളയം. ജീവിതവും കൃഷിയും വേരറ്റുപോകുന്നതിന്റെ ആകുലതയിലാണ് കായലിന്റെ തീരങ്ങളിലുള്ളവർ. 

പണ്ടൊക്കെ നല്ല മഴക്കാലത്തു വേമ്പനാട്ടു കായൽ നിറയും, കര കവിയും. ഇന്നതല്ല സ്ഥിതി. 2018ലെ പ്രളയത്തിൽ കായൽവെള്ളം വീടുകളിൽ കയറി. ഇതുവരെ ഇറങ്ങിയിട്ടില്ല. മഴ കൂടിയാലും കടൽ പൊങ്ങിയാലും കായൽക്കരയിൽ വെള്ളപ്പൊക്കം. കഴിഞ്ഞ ദിവസങ്ങളിലെ വൃശ്ചിക വേലിയേറ്റത്തിൽ കുട്ടനാട്ടിൽ വീണ്ടും പ്രളയം. താമസക്കാർ വീടുകൾ ഒഴിഞ്ഞു പലായനം ചെയ്തു. സ്കൂളുകൾ അടച്ചു. ഇടക്കൊച്ചി, ചെല്ലാനം, കുമ്പളങ്ങി, വൈപ്പിൻ മേഖലകളിലും  പ്രളയമുണ്ടായി. മുൻ വർഷത്തെക്കാൾ ജലനിരപ്പുയർന്നു. ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ വെള്ളം ഇറങ്ങുന്നതായിരുന്നു പതിവ്. ഇക്കുറി ദിവസങ്ങൾ കഴിഞ്ഞിട്ടും  വെള്ളം ഒഴിയുന്നില്ല.

flood

പലായനം

കുട്ടനാട്ടിൽ പല സ്ഥലത്തും കെട്ടിടങ്ങൾ താഴുന്നു. അവ ഉടമകൾ ഉപേക്ഷിക്കുന്നു. കുട്ടനാട്ടിൽ നിന്നു ചങ്ങനാശേരി, കറുകച്ചാൽ മേഖലകളിലേക്ക് ആളുകൾ താമസം മാറ്റുന്നു. കെട്ടിടം ഉയർത്തുന്നതിലും ലാഭം അതാണ്. 

കൃഷി പ്രതിസന്ധിയിൽ

2018നു ശേഷം വെള്ളം പാടശേഖരങ്ങളിൽ നിന്ന് ഇറങ്ങിയിട്ടില്ല. ഇതുമൂലം അഞ്ചിലൊന്നു പാടശേഖരങ്ങളിൽ വർഷക്കൃഷി ഉപേക്ഷിച്ചു. ഇത്തവണ 13,000 ഹെക്ടറിൽ നെല്ല് കൃഷി ചെയ്തു. മുക്കാൽഭാഗം പാടങ്ങളിൽനിന്നും നെല്ല് കൊയ്തെടുക്കാൻ കഴിയുന്നില്ല. വെള്ളം ഇറങ്ങാത്തതിനാൽ പുഞ്ചക്കൃഷിയും പ്രതിസന്ധിയിൽ. സംസ്ഥാനത്തെ 37 % നെല്ല് വിളയുന്നതു കുട്ടനാട്ടിലാണ്.

ഒരു വീട്ടിൽ ഒരു വള്ളം 

കായൽ മേഖലയിൽ എല്ലാവരും വീട്ടിൽ ചെറുവള്ളം വാങ്ങുന്നു. കന്യാകുമാരി, കൊല്ലം മേഖലകളിൽ നിന്നു വള്ളങ്ങൾ കുട്ടനാട്ടിൽ വിൽക്കുന്ന സംഘങ്ങളും വ്യാപകം. ഒരു ലക്ഷം രൂപ വരെ  മുടക്കിയാണു വള്ളം വാങ്ങുന്നത്. ലക്ഷ്യം ഒന്നു മാത്രം; വെള്ളം പൊങ്ങിയാൽ കരപറ്റണം. 

ഇനി എന്നും സൂനാമിയോ ? 

വൃശ്ചിക വേലിയേറ്റത്തിൽ തിര പൊങ്ങിയത് 70 സെന്റിമീറ്റർ മാത്രം. എന്നാൽ തീരത്തനുഭവിച്ചത് 110 സെന്റിമീറ്റർ തിരയ്ക്കു സമാനമായ ആഘാതമെന്നു വിദഗ്ധർ.  ഇനി മിക്ക വേലിയേറ്റത്തിനും വേമ്പനാട്ടു കായൽ തീരത്തു പ്രളയം ഉണ്ടായേക്കാമെന്നു വിദഗ്ധർ മുന്നറിയിപ്പു നൽകുന്നു.

vembanad

ഇതു പഴയ വേമ്പനാട്ടു കായലല്ല

ഇപ്പോൾ തോട്ടപ്പള്ളി സ്പിൽവേയിലൂടെ വേമ്പനാട്ടു കായലിൽനിന്ന് അറബിക്കടലിലേക്കു സെക്കൻഡിൽ 120 സെന്റിമീറ്റർ വെള്ളം ഒഴുകുന്നുണ്ട്. സ്പിൽവേയുടെ വീതി കൂട്ടും മുൻപു സെക്കൻഡിൽ 40 സെന്റിമീറ്റർ വെള്ളം മാത്രമായിരുന്നു ഒഴുകിയിരുന്നത്. എന്നിട്ടും വേലിയേറ്റത്തിൽ കയറിയ വെള്ളം കായലിൽനിന്ന് ഇറങ്ങുന്നില്ല. കായലിനു സംഭവിച്ച മാറ്റങ്ങളാണു കാരണം. 

ജലശേഷി കുറഞ്ഞു

ജലശേഷി നാലിലൊന്നിലും താഴെയായി. മുൻപ് 2.45 ഘനകിലോമീറ്ററിൽ വെള്ളം ശേഖരിച്ചിരുന്നു. ഇപ്പോൾ ആ സ്ഥാനത്ത് 0.56 ഘനകിലോമീറ്റർ മാത്രം. 

വിസ്തൃതി കുറഞ്ഞു

365 ചതുരശ്ര കിലോമീറ്ററായിരുന്നു കായലിന്റെ വിസ്തൃതി. ഇപ്പോൾ 175 ചതുരശ്ര കിലോമീറ്റർ മാത്രം. കൃഷിക്കായി 55,000 ഹെക്ടർ കായൽ നികത്തിയതും കയ്യേറ്റങ്ങളുമാണ് ഇതിനു കാരണം. 

ആഴം കുറഞ്ഞു

കാലങ്ങൾകൊണ്ട് കായലിന്റെ ആഴം മുക്കാൽ ഭാഗത്തോളം കുറഞ്ഞു. ഓരോ വർഷവും 20 മില്ലിമീറ്റർ വീതം കായലിന്റെ അടിത്തട്ടുയരുന്നു. 2018ലെ പ്രളയത്തിനു ശേഷം കായലിൽ എക്കൽ അടിഞ്ഞുകൂടി. കായലിൽ ഒരു ഹെക്ടറിൽ 25 ടൺ എക്കൽ ശരാശരി എത്തിയെന്നാണു കണക്ക്. പമ്പയുടെ തീരങ്ങളിൽ ഇതു ഹെക്ടറിൽ 130 ടൺ വരെ.

ഒരേ നിരപ്പിലേക്ക്

വേമ്പനാട്ടു കായൽ മേഖലയിൽ കരഭൂമി സമുദ്രനിരപ്പിനെക്കാൾ ശരാശരി 40 സെന്റിമീറ്റർ ഉയർന്നു നിന്നിരുന്നു. സമുദ്രത്തിൽ ജലനിരപ്പ് ഉയർന്നതോടെ ഇപ്പോൾ  വെള്ളവും കരയും ഏതാണ്ട് ഒരേ നിരപ്പിലേക്ക് എത്തുന്നു. പ്രളയജലം തിരിച്ചൊഴുകാൻ ഇതു തടസ്സമാകുന്നു. 

വേമ്പനാട്ടു കായൽ രക്തസാക്ഷിയാകുമോ

ഒട്ടേറെ പഠനങ്ങൾക്കു വേദിയാണു വേമ്പനാട്ടു കായലും കുട്ടനാടും. പക്ഷേ, ഇപ്പോഴത്തെ മാറ്റം എന്തെന്നു പൂർണമായി വിശദീകരിക്കാൻ ശാസ്ത്രസംഘത്തിനും കഴിയുന്നില്ല. ആഗോളതാപനം, കാലാവസ്ഥാ വ്യതിയാനം, മഴയുടെ മാറ്റം, കാർഷിക കലണ്ടറിൽ വന്ന മാറ്റം, കയ്യേറ്റങ്ങൾ അടക്കം മനുഷ്യന്റെ ഇടപെടലുകൾ എന്നിവയാണു വേമ്പനാട്ടു കായലിന്റെ മാറ്റത്തിനു കാരണം. ആഗോളതാപനം മൂലം സമുദ്രജലനിരപ്പ് ഇനിയും ഉയർന്നാൽ കായൽവെള്ളം എവിടെവരെയെത്തും? കാലവസ്ഥാ വ്യതിയാനത്തിന്റെ രക്തസാക്ഷിയാകുമോ വേമ്പനാട്ടു കായൽ?

sea-wave-tide

തിരമാലയുടെ ഉയരവ്യത്യാസം; വെള്ളം കൊച്ചിവരെ

അറബിക്കടലിൽ കൊല്ലത്തും കൊച്ചിയിലും തിരകൾക്ക് 10 സെന്റിമീറ്ററോളം ഉയരവ്യത്യാസമുണ്ട്. കഴിഞ്ഞ 13നു കൊല്ലത്ത് തിരപ്പൊക്കം 80 സെന്റിമീറ്റർ, കൊച്ചിയിൽ ഇത് 70 സെന്റിമീറ്റർ.  കൊല്ലം ഭാഗത്തുനിന്ന് കടൽവെള്ളം  കൊച്ചിയിലേക്കു  ഒഴുകി. ഇതിൽ ഒരു ഭാഗം വെള്ളം കായംകുളം കായലിലൂടെ വേമ്പനാട്ടു കായലിലും എത്തി. വേലിയേറ്റത്തിൽ കുട്ടനാടിനെ രക്ഷിക്കാൻ തണ്ണീർമുക്കം ബണ്ട് അടച്ചതോടെ ബണ്ടിനു വടക്ക് വെള്ളം പൊങ്ങി. കൊച്ചിയും മുങ്ങി.

padmakumar
ഡോ. കെ.ജി. പത്മകുമാർ. ഡോ. ടി.എം. ബാലകൃഷ്ണൻ നായർ. ഡോ. റോക്സി മാത്യു കോൾ. ഡോ. കെ.വി. തോമസ്.

‘കടൽ വെള്ളത്തെ പ്രതിരോധിക്കുന്നത് പുഴകളിൽ നിന്നുള്ള വെള്ളത്തിന്റെ ഒഴുക്കാണ്. ഇപ്പോൾ മഴയ്ക്കു ശേഷം പുഴകളിൽ നിന്ന് കായലിലേക്ക് എത്തുന്ന വെള്ളത്തിന്റെ അളവ് കുറഞ്ഞു. അതോടെ കടൽ കരയിലേക്കു കയറാൻ തുടങ്ങി.’

ഡോ. കെ.ജി. പത്മകുമാർ. ഡയറക്ടർ കുട്ടനാട് കായൽ നില ഗവേഷണ കേന്ദ്രം

‘അറബിക്കടലിൽ കേരള തീരത്ത് തിരകളിൽ വലിയ മാറ്റങ്ങളില്ല. അതേ സമയം കരയിലേക്കു തിരയടിച്ച ശേഷം തിരികെ വെള്ളം കടലിലേക്ക് ഇറങ്ങുന്നില്ലെന്നാണു  കരുതുന്നത്. ‘വേവ് സെറ്റ് അപ് ’ എന്ന ഈ പ്രതിഭാസം 2018 ലെ പ്രളയ കാലത്ത്  രൂപപ്പെട്ടു. അന്നു വേമ്പനാട്ടു കായലിൽ വെള്ളം ഉയരാനുള്ള കാരണങ്ങളിലൊന്ന് ഇതായിരുന്നു. കടലിലെ മാറ്റവും വേമ്പനാട്ടു കായലിൽ അതു വഴിയുണ്ടാകുന്ന മാറ്റങ്ങളും പഠിക്കുന്നുണ്ട്.’

ഡോ. ടി.എം. ബാലകൃഷ്ണൻ നായർ. ഗ്രൂപ്പ് ഡയറക്ടർ, ഇന്ത്യൻ നാഷനൽ സെന്റർ ഫോർ ഓഷൻ ഇൻഫർമേഷൻ സർവീസസ്, ഹൈദരാബാദ്

‘സമുദ്ര ജലനിരപ്പ് കൂടി. കേരള തീരത്ത് വർഷം 3 മില്ലിമീറ്റർ എന്ന തോതിൽ ജലനിരപ്പ് ഉയരുന്നു. ഇതോടെ വേലിയേറ്റത്തിന്റെ ശക്തി കൂടി. ഇപ്പോഴത്തെ പ്രതിഭാസത്തിന് ഇതും കാരണമാകാം.’ 

ഡോ. റോക്സി മാത്യു കോൾ.  കാലാവസ്ഥാ ശാസ്ത്രജ്ഞൻ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മറ്റീരിയോളജി, പുണെ

‘പ്രകൃതിയിലെ പല തരം പ്രതിഭാസങ്ങളാണ് വേമ്പനാട്ടു കായലിൽ വെള്ളപ്പൊക്കം പതിവാകാൻ കാരണം. കറുത്തവാവോ വെളുത്തവാവോ അല്ലാത്ത സമയത്താണു  വേലിയേറ്റമുണ്ടായത്. ഇതു പുതിയ പ്രതിഭാസമാണ്. പല ചോദ്യങ്ങൾക്കും ഉത്തരം കണ്ടെത്തേണ്ടതുണ്ട്.’ 

ഡോ. കെ.വി. തോമസ്. മുൻ ശാസ്ത്രജ്ഞൻ, തീരപഠന വിഭാഗം, ഭൗമശാസ്ത്രപഠന കേന്ദ്രം.

English Summary: Vembanad Backwater Flood 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com