ADVERTISEMENT

∙ടോണി തോമസ്: നമ്മുടെ ഉന്നത വിദ്യാഭ്യാസ മേഖല നന്നാകണമെങ്കിൽ പ്രാഥമിക വിദ്യാഭ്യാസം നന്നാകണം. പള്ളിക്കൂടത്തിന്റെ പടിപോലും കാണാത്തവർക്കും എ പ്ലസ് കൊടുത്താൽ, അധ്യാപനം രാഷ്ട്രീയപാർട്ടികൾക്കു യൂണിയൻ വളർത്താനുള്ള  ഉപാധിയാക്കിയാൽ, യൂണിവേഴ്സിറ്റികളിൽ വിസി മുതൽ സിൻഡിക്കറ്റും സെനറ്റും പോലെ എല്ലാ പ്രധാന പദവികളും പാർട്ടി അനുഭാവികൾക്കും അനുഭാവികളുടെ ബന്ധുക്കൾക്കുമുള്ള പാരിതോഷികമായി മാറ്റിയാൽ, മെറിറ്റിന് ഒരു വിലയുമില്ലാതെ സർക്കാർ കുത്തകയിലുള്ള തൊഴിൽ സമ്പ്രദായം നിലനിർത്തിയാൽ, വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടില്ല.  

∙ജി.ബാലമോഹൻ തമ്പി: സോവിയറ്റ് യൂണിയന്റെ തകർച്ചയെത്തുടർന്ന് അവിടത്തെ ഗവൺമെന്റ് ഉദ്യോഗസ്ഥരും കമ്യൂണിസ്റ്റ് നേതാക്കളും പട്ടാളമേധാവികളും ജനങ്ങളുടെ സ്വത്തായിരുന്ന സ്ഥാപനങ്ങളെല്ലാം വെട്ടിപ്പിടിച്ചു തമ്മിൽ പങ്കുവച്ചു കോടീശ്വരന്മാരായി. നമ്മുടെ രാജ്യത്തും മോനിറ്റൈ സേഷൻ (വിറ്റുകാശാക്കുക) എന്നപേരിൽ നടക്കുന്നത് ഇതുതന്നെയല്ലേ?

∙എം.മുകുന്ദൻ: വിദേശത്തെപ്പോലെ ആണും പെണ്ണും സംസാരിച്ചിരിക്കുന്ന കാലം കേരളത്തിലും വരുമോയെന്ന് എഴുതിയിരുന്നു. ഈയടുത്തു ലിറ്ററേച്ചർ ഫെസ്റ്റിവലിൽ പോയപ്പോൾ ഇതു വായിച്ച സ്ത്രീ എന്നെ ചായ കുടിക്കാൻ ക്ഷണിച്ചു. ‘പ്രായം കഴിഞ്ഞുപോയി’ എന്നു ഞാൻ മറുപടി കൊടുത്തു.

∙കെ.ജയകുമാർ: ഇപ്പോൾ ഒരു വാരം നടക്കുന്ന സായാഹ്ന പരിപാടികളിൽ മുപ്പതു ശതമാനവും പുസ്തകപ്രകാശനച്ചടങ്ങുകളാണ്. പ്രകാശനച്ചടങ്ങുകൾ ഏതൊരെഴുത്തുകാരന്റെയും പ്രിയപ്പെട്ട സായാഹ്നങ്ങളാണ്. എഴുത്തുകാരനെക്കുറിച്ചു പ്രഭാഷകർ കുറച്ചൊന്നു മനസ്സിലാക്കിവന്ന് സംസാരിക്കുന്നു. ശ്രോതാക്കൾക്കിടയിൽ ആ ഗ്രന്ഥകർത്താവിന്റെ രചനാജീവിതം (അന്നത്തേയ്ക്കെങ്കിലും) ആലോചനാവിഷയമാകുന്നു. തന്റെ അധ്വാനത്തിന് ഏതോവിധത്തിൽ അംഗീകാരം കിട്ടിയതായി രചയിതാവിന് അനുഭവപ്പെടുന്നു

∙ഡോ. കെ.എസ്.രാധാകൃഷ്ണൻ: വി.എസ്.അച്യുതാനന്ദൻ ചുമതലയേറ്റ ഉടൻ കാലടി സംസ്കൃത സർവകലാശാലയിലെ ഒരു പ്യൂണിനെ തിരുവനന്തപുരത്തേക്കു സ്ഥലം മാറ്റാൻ തീരുമാനിച്ചുകൊണ്ടുള്ള കത്ത് എനിക്ക് അയച്ചു തന്നു. ‘മുഖ്യമന്ത്രിക്കു സർവകലാശാലകളുടെ അധികാരത്തിൽ ഇടപെടാൻ ഒരു വിധ അവകാശവുമില്ലാത്തതിനാൽ ഈ കത്തിനെ അവഗണിക്കുക’യെന്നു ഞാൻ ഫയലിൽ എഴുതി. അതിന്റെ വൈരാഗ്യം അദ്ദേഹത്തിന് എന്നോട് എല്ലാ കാലവും ഉണ്ടായിരുന്നു.

∙എം. ഷാജർഖാൻ: സർവകലാശാലകളെ ‘സഹധർമിണിശാല’കളാക്കി മാറ്റിയത്  അടുത്ത കാലത്താണ്. ഉയർന്ന തസ്തികകളൊക്കെ സഹധർമിണിമാർക്കു വേണ്ടി ‘റിസർവ്’ ചെയ്തു വച്ചിരിക്കുന്ന നടപടിയിൽ പാർട്ടിയിൽ തന്നെ വലിയ എതിർപ്പുയരുന്നുണ്ട്. പ്രത്യേകിച്ചു നല്ല അക്കാദമിക് ചരിത്രമുള്ള യുവാക്കൾക്കിടയിൽ.

∙ഇ.പി.ഉണ്ണി: എണ്ണവില ഏറിയതിന്റെ ഗുണം ഗൾഫ് രാജ്യങ്ങൾ വഴി മലയാളിക്കു കിട്ടിയതുപോലെ ആർക്കും കിട്ടിയിരിക്കില്ല. അങ്ങനെ വന്ന വരുമാനം കൊണ്ട് റോഡുകളിലൊതുങ്ങാത്ത കൂറ്റൻ കാറുകൾ ഹരിതരാഷ്ട്രീയം പറയുന്നവരും ഓടിച്ചുനടക്കുന്നു. എണ്ണയുടെ വിലവിവരം വിടാതെ പിന്തുടരുന്ന ഇവിടത്തെ കാർട്ടൂണിസ്റ്റുകൾ സമൂഹത്തിലെ ഇത്തരം വൈരുധ്യങ്ങൾ ശ്രദ്ധിക്കുന്നില്ല.

∙ജെറി അമൽദേവ്: കുറച്ചു നല്ല പാട്ടുകൾ ചെയ്തു, അതു സാധാരണക്കാർക്ക് ഇഷ്ടപ്പെട്ടു. അതിൽ കൂടുതലൊന്നും ഞാൻ പ്രതീക്ഷിക്കുന്നില്ല. അന്നും ഇന്നും ഞാൻ വിശ്വസിക്കുന്ന ഒരു കാര്യമുണ്ട്. സിനിമയിൽ നിന്ന് എന്നെ പുറത്താക്കാൻ സാധിക്കും. പക്ഷേ, സംഗീതത്തിൽ നിന്നു പുറത്താക്കാൻ സാധിക്കുകയില്ല. 

∙സി.ദിവാകരൻ: മദ്രാസിലെ ജീവിതകാലത്ത് ബിച്ചു തിരുമല താമസിച്ചിരുന്ന ഹോട്ടലിൽ പെട്ടെന്ന് വൈദ്യുതി നിലച്ചു. പ്രകാശമില്ല. സിനിമാ നിർമാതാവ് പാട്ട് എഴുതിക്കിട്ടാൻ തിടുക്കം കൂട്ടി. ബിച്ചു മെഴുകുതിരി കത്തിച്ച് ഗാനരചനയ്ക്കായി ഒരുങ്ങി. തലയ്ക്കു ചുറ്റും മുഴക്കവുമായി കൊതുകുകൾ നിറഞ്ഞു. ആ ശബ്ദം ബിച്ചുവിനെ അസ്വസ്ഥനാക്കി. ആ അസ്വസ്ഥതയുടെ ഫലമായി എഴുതിയ അതിമനോഹരമായ ഗാനമായിരുന്നു ‘ഒറ്റക്കമ്പി വീണാനാദം’.

∙മധു: സിനിമാ അഭിനയത്തിന്റെ തിരക്കുകളിൽ ഞാനഭിനയിച്ച 60 ശതമാനം ചിത്രങ്ങളും കാണാൻ എനിക്കു കഴിഞ്ഞിരുന്നില്ല. കോവിഡ് കാലത്ത് അതിനവസരമുണ്ടായി. മിക്ക ചിത്രങ്ങളിലും നസീറും ഉണ്ടായിരുന്നു. നസീറിലെ നടനോട് ഇപ്പോൾ എന്തെന്നില്ലാത്ത ആരാധനയാണെനിക്ക്. പക്ഷേ, നസീറിലെ വലിയ നടനെ പുറത്തുകൊണ്ടുവരുന്നതിനു പകരം മരംചുറ്റി പ്രണയവും പാട്ടും സ്റ്റണ്ടുമൊക്കെയായി താരത്തെ ആഘോഷിക്കുകയായിരുന്നു ഇവിടെ.

∙ബിനു പപ്പൻ: സിനിമയിൽ അഭിനയം ഏറ്റവും എളുപ്പമുള്ള കാര്യമാണ്. പക്ഷേ, എന്നെ സംബന്ധിച്ചിടത്തോളം കുതിരവട്ടം പപ്പുവിന്റെ മകൻ എന്ന മേൽവിലാസം എനിക്കുണ്ട്. അദ്ദേഹം ഇത്രകാലം മലയാളത്തിൽ ചെയ്ത കഥാപാത്രങ്ങൾ ഇപ്പോഴത്തെ തലമുറയ്ക്കുപോലും ഏറെ ഇഷ്ടമാണ്. ആളുകൾ ഇപ്പോഴും കാണുന്നു. ചിരിക്കുന്നു... ഷെയർ ചെയ്യുന്നു. ടി ഷർട്ടിൽ, കാർട്ടൂണിൽ... അങ്ങനെ പല രൂപങ്ങളിൽ അച്ഛനെ ഇപ്പോഴും ആളുകൾ ആഘോഷിക്കുന്നു. അതുകൊണ്ട് ആ പേര് ഒരിക്കലും മോശമാക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല.

∙സീമ ജി. നായർ: ഒരു സിനിമാനടിയോ സെലിബ്രിറ്റിയോ ആയിക്കഴിഞ്ഞാൽ ബസിലോ ഓട്ടോറിക്ഷയിലോ യാത്ര ചെയ്യാൻ പറ്റാതെ വരും. സ്റ്റേറ്റസ് കീപ് ചെയ്യാനുള്ള നെട്ടോട്ടത്തിലായിരിക്കും. നമ്മൾ ജോലി ചെയ്യുന്നുണ്ട്. പക്ഷേ ഇന്നുവരെ എനിക്ക് തൃപ്തിയായിട്ടുള്ള പ്രതിഫലം കിട്ടിയിട്ടില്ല. ചോദിച്ചാൽ കിട്ടണമെന്നുമില്ല. അഥവാ അബദ്ധത്തിലെങ്ങാനും ചോദിച്ചുപോയാൽ നമ്മൾ കുറ്റക്കാരിയായി... അഹങ്കാരിയായി. പിന്നീട് നമ്മളെക്കുറിച്ചു കേൾക്കുന്നതൊക്കെ വേറെ കഥകളായിരിക്കും. 

English Summary: Politics in Kerala Varsities

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com