ADVERTISEMENT

സമ്മർദതന്ത്രം കൊണ്ടു വിജയകരമായി പാചകം നടത്താമെന്നു കണ്ടുപിടിച്ചിട്ട് 342 വർഷമായി. ഫ്രാൻസിൽ ഡെനിസ് പാപ്പിൻ എന്ന ശാസ്ത്രജ്ഞൻ പ്രഷർ കുക്കർ കണ്ടുപിടിച്ചത് 1679ൽ ആണ്. പ്രഷർ കുക്കർ എന്ന പേരു പക്ഷേ, അദ്ദേഹം കണ്ടുപിടിച്ചില്ല. തന്റെ യന്ത്രത്തിന് അദ്ദേഹമിട്ട പേര് ആവിദഹനി. ആവിയിൽ വേവിക്കുന്നത്. 

ഇക്കഴിഞ്ഞ മൂന്നര നൂറ്റാണ്ടിനിടെ പ്രഷർ കുക്കറിൽ പല പരിഷ്കാരങ്ങളും വെന്തുപാകമാകുകയും യന്ത്രം അത്യന്താധുനികമായിത്തീരുകയും ചെയ്തു. എന്നാൽ, പ്രഷർ കുക്കറിന്റെ ചരിത്രത്തിൽ മലയാളിത്തനിമ എഴുതിച്ചേർക്കാൻ കഴിഞ്ഞത് ഈ വർഷമാണ്; 2021ൽ. 

വാങ്ങിക്കൂട്ടുന്ന കൈക്കൂലി ഭദ്രമായി സൂക്ഷിച്ചു വയ്ക്കാൻ നമ്മുടെ ഒരു പരിസ്ഥിതി എൻജിനീയർ ഉപയോഗിച്ചതു പ്രഷർ കുക്കർ! കൈക്കൂലി വാങ്ങുമ്പോൾ ഏത് ഉദ്യോഗസ്ഥനും മാനസിക സമ്മർദമുണ്ടാവാം. കൈക്കൂലി നൽകേണ്ടി വരുന്ന ഹതഭാഗ്യന്റെ സാമ്പത്തിക സമ്മർദം വേറെ. കൈക്കൂലിപ്പണം പ്രഷർ കുക്കറിൽ സൂക്ഷിക്കുമ്പോൾ ഇപ്പറഞ്ഞ രണ്ടു സമ്മർദങ്ങളുമാണ് അതിൽ നിറയുന്നത്. പാചകത്തിനു വേറെ മർദം വേണ്ട. 

കൈക്കൂലിക്കു പിടിയിലായ എൻജിനീയർ അവർകൾ പക്ഷേ, പാചകം നടത്തിയതായി കാണുന്നില്ല. കുക്കറിൽ ആവശ്യത്തിനു മർദം നിറയാൻ അദ്ദേഹം കാത്തിരിക്കുകയായിരുന്നിരിക്കണം. കൈക്കൂലിമർദത്തിൽ പ്രവർത്തിക്കുന്ന പ്രഷർ കുക്കർ ഉപയോഗിച്ചാൽ വലിയതോതിൽ ഇന്ധനലാഭമുണ്ടാകും. ജനക്ഷേമകരമായ കണ്ടുപിടിത്തം നടത്തിയ എൻജിനീയറെ അഴിമതിക്കാരനെന്നു വിളിക്കാമോ എന്ന കാര്യത്തിൽ അപ്പുക്കുട്ടനു സംശയമുണ്ട്. 

പരിസ്ഥിതിയിൽ തൊട്ടുകളിക്കുന്ന എൻജിനീയർ എന്ന നിലയിൽ കൈക്കൂലിപോലും പരിസ്ഥിതി സൗഹൃദമായിരിക്കണമെന്നു ബലം പിടിക്കുന്നതു ന്യായമാണ്. മനസ്സിന്റെ സംഘർഷം ഇന്ധനമാക്കുന്ന പ്രഷർ കുക്കർ പരിസ്ഥിതിക്ക് ഒരു കോട്ടവും വരുത്തുന്നില്ലെന്നു നാം ഓർക്കണം. 

അഴിമതി തുടച്ചുനീക്കാൻ പണ്ടേ നാം തീരുമാനിച്ചതായതിനാൽ തുടച്ചു നീക്കലും പരിസ്ഥിതി സൗഹൃദമാകണമെന്നാണ് അപ്പുക്കുട്ടന്റെ പക്ഷം. കൈക്കൂലി ഇലയിൽ വച്ചു നൽകണമെന്നൊരു വ്യവസ്ഥ കൊണ്ടുവരാം. ഇലകൾ പലതുണ്ടെങ്കിലും വെറ്റിലയിൽ വച്ചുനീട്ടിയാൽ അതു കൈക്കൂലിയല്ലാതാവുകയും ദക്ഷിണ എന്ന പേരിൽ അറിയപ്പെടുകയും ചെയ്യും. ദക്ഷിണ ഗുരുകാരണവന്മാർ അംഗീകരിച്ചിട്ടുള്ളതാണ്. അഴിമതി എന്നെന്നേക്കുമായി തുടച്ചുനീക്കപ്പെടുന്നതോടെ വെറ്റിലയിൽ ചുണ്ണാമ്പു തേച്ച് കടുപ്പത്തിലൊന്നു മുറുക്കിത്തുപ്പി നമുക്കു പരിസ്ഥിതി സംരക്ഷിക്കുകയും ചെയ്യാം. 

ചെവിയോർക്കൂ, പ്രഷർ കുക്കറിന്റെ വിസിൽ പോലൊരു ശബ്ദം കേൾക്കുന്നില്ലേ? അതു കൈക്കൂലിമുക്ത കേരളത്തിന്റെ കാഹളമാകുന്നു!

English Summary: Environmental engineer bribe case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com