സമൂഹമാധ്യമങ്ങൾ ഇതിനു വേണ്ടിയല്ല

HIGHLIGHTS
  • വിദ്വേഷ സന്ദേശങ്ങൾ പ്രചരിപ്പിച്ചാൽ കടുത്ത നടപടി വേണം
phone 1a
SHARE

വിദ്വേഷം വളർത്തുന്ന സന്ദേശങ്ങളും വ്യാജവാർത്തകളും സമൂഹമാധ്യമങ്ങളിൽ പെരുകുന്നത് അങ്ങേയറ്റം ആശങ്കയോടെയേ കാണാനാവൂ. സമൂഹത്തിന്റെ പാരസ്പര്യവും സമാധാനവും കളയുന്ന സാഹചര്യംവരെ ഉണ്ടാക്കാനാവുന്ന നശീകരണശേഷിയോടെയാണ് ഇത്തരക്കാരുടെ വിളയാട്ടം. ഇത്തരം ദുഷ്ചെയ്തികൾ നിർബാധം തുടരുന്നതു വെറുതെ കണ്ടിരിക്കാനുള്ളതല്ല. 

വ്യാജ വ്യക്തിവിവരങ്ങളിൽ മറഞ്ഞിരിക്കുന്നതിന്റെ സുരക്ഷിതത്വത്തിലാണു പലരും ഇത്തരത്തിൽ സാമൂഹിക ദ്രോഹം ചെയ്യുന്നത്. അതുകെ‍ാണ്ടുതന്നെ, സമൂഹമാധ്യമത്തിന്റെ മറവിൽനിന്നു കയ്യോടെ പിടികൂടി, ഇവർക്കെതിരെ മാതൃകാപരമായ നടപടിയെടുക്കണം. വിദ്വേഷ സന്ദേശങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിനു സംസ്ഥാനത്ത് കഴിഞ്ഞയാഴ്ച ഒട്ടേറെ കേസുകൾ റജിസ്റ്റർ ചെയ്തതിൽ വലിയ മുന്നറിയിപ്പുണ്ട്. സാമൂഹിക വിദ്വേഷവും മതസ്പർധയും വളർത്തുന്ന സന്ദേശങ്ങൾ നിരീക്ഷിക്കാനും അതിനു പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താനും പൊലീസ് സംവിധാനം ഒരുക്കിയിട്ടുമുണ്ട്. 

സമൂഹമാധ്യമത്തിൽ മോശം പറഞ്ഞാൽ ആരും ചോദിക്കാനില്ലെന്നു ചിലർ കരുതുന്നത് ഈ കാലഘട്ടത്തിന്റെ ദുരവസ്ഥയാണെന്നു കഴിഞ്ഞ ദിവസം ഹൈക്കോടതി പറയുകയുണ്ടായി. ‘ലൈക്’ നൽകി പ്രോത്സാഹിപ്പിക്കാൻ സൈബർ ‘ഫ്രണ്ട്സ്’ ഉണ്ടാകുമെങ്കിലും ഭവിഷ്യത്ത് അനുഭവിക്കാൻ ആരും ഉണ്ടാകില്ലെന്ന് ഓർമിപ്പിച്ചിട്ടുമുണ്ട്. ഓൺലൈൻ ഇടങ്ങൾ നല്ല കാര്യങ്ങൾക്കായി പ്രയോജനപ്പെടുത്തുന്നവരുണ്ടെങ്കിലും ചിലരെ സംബന്ധിച്ച് അതു തോന്നിയതു പറയാനുള്ള ഇടമാണെന്നു കോടതി വിമർശിക്കുകയും ചെയ്തു.

മാന്യമായ ജീവിതം നയിക്കുന്നവരെ ഏറ്റവും മോശമായ മാർഗങ്ങളിലൂടെ അപമാനിക്കുന്നതു മുതൽ ജീവിച്ചിരിക്കുന്നവരെ പടുവാർത്തകളിലൂടെ ‘കൊല്ലാൻ’വരെ മടിയില്ലാതെ സാമൂഹികവിരുദ്ധർ സൈബർലോകത്തു വിളയാടുന്നുണ്ട്. കയ്യടിക്കും കാശിനും ക്രൂരസംതൃപ്തിക്കും വേണ്ടിയൊക്കെയാണ് ഇവരുടെ സൈബർപേക്കൂത്ത്. സ്ത്രീകൾക്കെതിരെ അപകീർത്തികരമായ വിഡിയോകളും മറ്റും പോസ്റ്റ് ചെയ്യുന്ന നീചന്മാർക്ക് ആവേശം നൽകുംവിധത്തിലാണ് അതു കാണുന്നവരുടെ പ്രതികരണവും. കാഴ്ചക്കാരുടെ എണ്ണം പെരുപ്പിക്കാൻ വൃത്തികേടിന്റെ ഏതറ്റംവരെയും പോകാൻ തയാറാകുന്നവരും കേരളത്തിലുണ്ട്. 

സൈബർ ലോകത്തുനിന്നുള്ള നിന്ദ്യസന്ദേശങ്ങളും വ്യാജവാർത്തകളും തിരിച്ചറിയാനും അതിനെതിരെ പ്രതിരോധം തീർക്കാനുമുള്ള ജാഗ്രത കേരളം നേടുകതന്നെ വേണം. ആധികാരികത ചോദ്യംചെയ്യാൻ തുടങ്ങിയാൽത്തന്നെ ഇങ്ങനെയുള്ളവ പ്രചരിപ്പിക്കുന്നവരിൽ പലരും അത് അവസാനിപ്പിക്കും. കടുത്ത നടപടികൾ ഉണ്ടാവുമെന്നു തിരിച്ചറിഞ്ഞാൽ സാമൂഹികവിരുദ്ധ കാര്യങ്ങളിലേക്കു നീങ്ങാൻതന്നെ ഇത്തരക്കാർ പേടിക്കുമെന്നു തീർച്ച. 

വിവരസാങ്കേതിക വിദ്യയെ വാരിപ്പുണരുന്ന മലയാളിയെ കബളിപ്പിക്കാൻ അതേ വിദ്യകൾതന്നെ രൂപംമാറിയെത്തുമ്പോൾ ഇതിനെതിരെയുള്ള പൊലീസിന്റെ പോരാട്ടതന്ത്രങ്ങൾ കുറ്റമറ്റതാവേണ്ടതുണ്ട്. സമൂഹമാധ്യമങ്ങളിൽ വർഗീയവിദ്വേഷം പരത്തുന്ന സന്ദേശങ്ങളും വ്യാജവാർത്തകളും പ്രചരിപ്പിക്കുന്നവരെ കണ്ടെത്തി നടപടിയെടുക്കുന്നതിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടായിക്കൂടാ. ഇത്തരം ചർച്ചകൾക്ക് അനുവാദം നൽകുന്ന സമൂഹമാധ്യമ ഗ്രൂപ്പുകളിലെ അഡ്മിൻമാരെയും കേസിൽ പ്രതിയാക്കാൻ തീരുമാനമായിട്ടുണ്ട്. 

സമൂഹമാധ്യമങ്ങളെ ക്രൂരസാധ്യതകളിലേക്ക് ഉപയോഗിക്കുന്നവർക്ക് ഇനിയെങ്കിലും തടയിട്ടേതീരൂ. കേരളത്തെ ആശങ്കപ്പെടുത്തുന്ന ഈ വിപത്തിനെതിരെ സർക്കാരും സമൂഹവും ഒറ്റക്കെട്ടായി പോരാടേണ്ടതുണ്ട്. ഇത്തരക്കാർക്കെതിരെ ഇപ്പോൾ ഉണ്ടാവുന്ന പെ‍ാലീസ് നടപടികൾ നിരന്തരം തുടരുകയും വേണം. സമൂഹമാധ്യമങ്ങളെ ഈ വിധം ദുരുപയോഗിക്കുന്നവരെ നിലയ്ക്കുനിർത്താൻ, ബന്ധപ്പെട്ട നിയമങ്ങൾ കാലാനുസൃതമായി പരിഷ്കരിക്കണമെന്നുകൂടി ഇപ്പോഴത്തെ സാഹചര്യം ഓർമിപ്പിക്കുന്നു. അതേസമയം, ഉത്തരവാദിത്തബോധത്തോടെയുള്ള അഭിപ്രായസ്വാതന്ത്ര്യത്തിന് ഒരു കാരണവശാലും പോറലേൽക്കാതിരിക്കാനുള്ള സൂക്ഷ്മശ്രദ്ധയും അധികാരികളിൽനിന്നുണ്ടാവണം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ബാറോസിൽ കാണാൻ പോകുന്നത് മോഹൻലാൽ മാജിക്..! | Santhosh Sivan | Jack and Jill | Manorama Online

MORE VIDEOS
FROM ONMANORAMA