ADVERTISEMENT

കാലാവസ്ഥാ വ്യതിയാനത്തെത്തുടർന്നുള്ള ഗുരുതരപ്രത്യാഘാതങ്ങൾ നേരിടാൻ കേരളം ഒരുങ്ങിയിരിക്കണമെന്നു രാജ്യാന്തര പ്രശസ്തനായ കാലാവസ്ഥാ ശാസ്ത്രജ്ഞനും നെതർലൻഡ്സിലെ ട്വന്റെ യൂണിവേഴ്സിറ്റി പ്രഫസറുമായ ഡോ.മാർട്ടെൻ വാൻ ആൽസ്. തീരദേശ സംസ്ഥാനം എന്ന നിലയിൽ കേരളത്തിനു കൂടുതൽ രൂക്ഷമായ കാലാവസ്ഥാ പ്രതിഭാസങ്ങളെ നേരിടേണ്ടി വരാം. കേരളം കാലാവസ്ഥാ പ്രവചനത്തിനും ദുരന്ത നിവാരണത്തിനും കൂടുതൽ ഊന്നൽ നൽകേണ്ട സമയമായെന്നും മാർട്ടെൻ പറഞ്ഞു. ഇന്റർനാഷനൽ റെഡ്ക്രോസ് ക്ലൈമറ്റ് സെന്റർ ഡയറക്ടറും ഈയിടെ പ്രസിദ്ധീകരിച്ച ഇന്റർഗവൺമെന്റൽ പാനൽ ഓൺ ക്ലൈമറ്റ് ചേഞ്ച് (ഐപിസിസി) റിപ്പോർട്ടിന്റെ കോഓർഡിനേറ്റിങ് ലീഡ് ഓതറുമാണ് ഡോ. മാർട്ടെൻ.   

? കേരളത്തിലെ സമീപകാലത്തെ പ്രകൃതിദുരന്തങ്ങളെക്കുറിച്ചും ദുരന്തനിവാരണ പ്രവർത്തനങ്ങളെക്കുറിച്ചും താങ്കൾ വിശദമായി പഠിച്ചിട്ടുണ്ടല്ലോ. കാലാവസ്ഥാവ്യതിയാനം കേരളത്തിൽ ഉൾപ്പെടെ ഇനിയുണ്ടാക്കാനിടയുള്ള പ്രത്യാഘാതങ്ങൾ എന്തൊക്കെയായിരിക്കും. 

ആഗോള താപനമാണു കാലാവസ്ഥാവ്യതിയാനത്തിന്റെ പ്രധാന കാരണം. ലോകത്തെല്ലായിടത്തുമെന്നപോലെ കേരളത്തിലും ചൂടു കൂടും. പക്ഷേ, അതല്ല വലിയ പ്രശ്നം. ആഗോളതാപനം മൂലം സൃഷ്ടിക്കപ്പെടുന്ന അധിക ഊർജം ഉഷ്ണ തരംഗങ്ങൾക്കും അതിവൃഷ്ടിക്കും വെള്ളപ്പൊക്കത്തിനും ഉരുൾപൊട്ടലിനുമൊക്കെ വഴിയൊരുക്കും. ഇവയുടെ തോതു പലയിടങ്ങളിൽ പലതായിരിക്കും. 

dr-marten
ഡോ.മാർട്ടെൻ വാൻ ആൽസ് (ഇടത്)

? തീരദേശ സംസ്ഥാനം എന്ന നിലയിൽ കേരളത്തിനു മുന്നിലുള്ള വെല്ലുവിളികൾ എന്തൊക്കെയാണ്.  

കടലിലെ ചൂടു കൂടുകയാണ്. അതായത്, കടലിലെ വെള്ളത്തിന്റെ വ്യാപ്തി കൂടുന്നു. കടലിലെ ജലനിരപ്പുയരുന്നതോടെ കടൽത്തീര സംസ്ഥാനമായ കേരളത്തിൽ തീരദേശത്തെ വെള്ളപ്പൊക്കവും കടലാക്രമണവും വ്യാപകമാകും. കടലിലെ ചൂട് കൂടുന്നതോടെ കൂടുതൽ ചുഴലിക്കാറ്റുകൾ രൂപം കൊള്ളും. അടുത്തകാലത്ത് അറബിക്കടലിലെ ചുഴലിക്കാറ്റുകളുടെ എണ്ണം വർധിച്ചത് ഇതിന്റെ സൂചനയാണ്. കേരളം കാലാവസ്ഥാമാറ്റത്തെ കൂടുതൽ ഗൗരവത്തോടെ കാണേണ്ട സമയമായി. ദുരന്തങ്ങളുടെ വ്യാപ്തി കുറയ്ക്കാനുള്ള ശാസ്ത്രീയമായ പദ്ധതികൾ നടപ്പാക്കണം. 

ഇതുവരെയുള്ള നമ്മുടെ അനുഭവങ്ങൾ ഭാവിയിൽ സംഭവിക്കാനിടയുള്ള പ്രകൃതി പ്രതിഭാസങ്ങൾക്ക് വഴികാട്ടിയാകണമെന്നില്ല. ഇതുവരെ കാണാത്ത പലതിനും ഭാവിയിൽ നമ്മൾ സാക്ഷ്യം വഹിക്കേണ്ടി വരാം

Kottamanpara-landslide-bridge
ഫയൽചിത്രം

? കഴിഞ്ഞ 4 വർഷത്തോളമായി മേഘവിസ്ഫോടനവും അതിവൃഷ്ടിയും ഉരുൾപൊട്ടലും വെള്ളപ്പൊക്കവും കേരളത്തിൽ പതിവായിരിക്കുന്നു. വരും വർഷങ്ങളിലും ഇത്തരം പ്രതിഭാസങ്ങൾ ആവർത്തിക്കുമോ. 

ആവർത്തിക്കാനാണ് എല്ലാ സാധ്യതയും. ആഗോളതാപനം അതിശക്തമായ മഴയ്ക്കു വഴിയൊരുക്കും. പക്ഷേ, അതിവൃഷ്ടി എല്ലാ സമയത്തും വെള്ളപ്പൊക്കത്തിനും ഉരുൾപൊട്ടലിനും കാരണമാകണമെന്നില്ല. അപകടസാധ്യതയേറിയ പ്രകൃതി പ്രതിഭാസങ്ങൾ വർധിക്കുമെന്നു മാത്രമാണു കാലാവസ്ഥാശാസ്ത്രം നമുക്കു നൽകുന്ന മുന്നറിയിപ്പ്. അവയെല്ലാം ദുരന്തമായി മാറണമെന്നില്ല. അവയെ ദുരന്തമായി മാറാതെ നോക്കേണ്ടതു നമ്മുടെ കൂടി ഉത്തരവാദിത്തമാണ്. ശാസ്ത്രീയമായ ആസൂത്രണത്തിലൂടെയും തയാറെടുപ്പിലൂടെയും പ്രത്യാഘാതങ്ങൾ കുറയ്ക്കാൻ നമുക്കു കഴിയും. വെള്ളത്തിന്റെ ഒഴുക്ക് നന്നായി കൈകാര്യം ചെയ്യാനായാൽ വെള്ളപ്പൊക്കം മൂലമുള്ള അപകടങ്ങൾ കുറയ്ക്കാം, അതുവഴി ജീവനും സ്വത്തും സംരക്ഷിക്കാനാകും.  

? കേരളത്തിലെ നിലവിലെ ദുരന്തനിവാരണ സംവിധാനങ്ങളെക്കുറിച്ചു താങ്കൾ പഠിച്ചിട്ടുണ്ട്. അതു ശരിയായ ദിശയിലാണോ. 

കേരളത്തിലെ ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന തയാറെടുപ്പുകൾ ശാസ്ത്രീയമാണ്, മികച്ചതും. തദ്ദേശസ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെയുള്ള ദുരന്തനിവാരണ പ്രവർത്തനങ്ങൾ മാതൃകാപരമാണ്. വികേന്ദ്രീകൃതമായ ഈ പദ്ധതി ദുരന്തസാധ്യതയുള്ള മേഖലകളിൽ ജനങ്ങൾക്കു കൂടുതൽ പ്രയോജനപ്പെടും. കേരളത്തിലെ ആയിരത്തിലേറെ തദ്ദേശസ്ഥാപനങ്ങൾ ദുരന്ത നിവാരണ പ്ലാൻ തയാറാക്കി എന്നതും അടിയന്തര പ്രതികരണ സേനകൾക്കു രൂപം നൽകി എന്നതും അഭിനന്ദനാർഹമാണ്. തദ്ദേശസ്ഥാപനങ്ങൾക്കു കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് അവബോധവും അതിനനുസരിച്ചു പദ്ധതികൾ ആസൂത്രണം ചെയ്യാനുള്ള പരിശീലനവും നൽകുന്ന റീജനൽ ക്ലൈമറ്റ് ഡൗൺ സ്കെയിലിങ് എക്സ്പെരിമെന്റ് പദ്ധതിയും ദീർഘവീക്ഷണത്തോടെയുള്ളതാണ്. ഭിന്നശേഷിക്കാരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള കേരളത്തിന്റെ ദുരന്ത ലഘൂകരണ പദ്ധതിയും ദുരന്തസാധ്യതാ മേഖലകളിൽ നിന്നു ജനങ്ങളെ സുരക്ഷിത മേഖലകളിലേക്കു മാറ്റാനുള്ള പദ്ധതിയും അഭിനന്ദനാർഹമാണ്. ദുരന്തസാഹചര്യങ്ങളിൽ ഓരോ വിഭാഗത്തിന്റെയും ഉത്തരവാദിത്തം വിവരിക്കുന്ന ഓറഞ്ച് ബുക്ക് തയാറാക്കിയതും നല്ല സമീപനമാണ്. ഇതെല്ലാം പ്രായോഗികതലത്തിൽ നടപ്പാകേണ്ടതുണ്ട്. ഇനിയും ഒട്ടേറെ കാര്യങ്ങൾ ചെയ്യാനുണ്ട്.  

1248-rain-kerala
ഫയൽചിത്രം

കേരളത്തെ സഹായിക്കാൻ തയാർ

? കാലാവസ്ഥാ ഭീഷണികളെ പ്രതിരോധിക്കാൻ കേരളം ഇനി എന്തൊക്കെ തയാറെടുപ്പുകളാണു നടത്തേണ്ടത്. 

കേരളത്തിലെ വിദഗ്ധർക്ക് ഇക്കാര്യത്തിൽ എന്നെക്കാൾ കൃത്യമായ ധാരണയുണ്ടായിരിക്കുമെന്നാണു ഞാൻ കരുതുന്നത്. പക്ഷേ, ഞാൻ മനസ്സിലാക്കിയ കാര്യങ്ങളിൽ നിന്നു ചില നിരീക്ഷണങ്ങൾ പറയാം. പുതിയ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്ക് അനുമതി നൽകുന്നതിനു മുൻപ് ദുരന്തസാധ്യതാ പരിശോധന നിർബന്ധമാക്കണം. 

പുതിയ വീടുകൾക്കു നിർമാണാനുമതി നൽകുന്നതിനു മുൻപ് ഉരുൾപൊട്ടൽ, വെള്ളപ്പൊക്ക സാധ്യതാ പരിശോധന നിർബന്ധമാക്കണം. ദുരന്തസാധ്യതാ പ്രദേശങ്ങൾ നിർമാണ നിയന്ത്രണ മേഖലകളായി പ്രഖ്യാപിക്കണം.  

Chengannur: Flood affected areas of Chengannur  seen from a Indian Navy helicopter, at Alappuzha district of the Kerala, on Sunday August 19, 2018. (PTI Photo) (PTI8_20_2018_000097B)
ഫയൽചിത്രം

കടലാക്രമണ സാധ്യത കൂടിയ പ്രദേശങ്ങളിലെ ജനങ്ങളെ സുരക്ഷിതമായ മേഖലകളിലേക്കു മാറ്റിത്താമസിപ്പിക്കണം. ദുരന്തനിവാരണം ഏതെങ്കിലും ഒരു വകുപ്പിന്റെ മാത്രം ചുമതലയല്ല. എല്ലാ വകുപ്പുകളുടെയും സഹകരണത്തോടെ നടപ്പാക്കേണ്ട കാര്യമാണ്. ഓരോ പുതിയ പദ്ധതിയിലും ദുരന്തലഘൂകരണം നിർബന്ധിത ഘടകമായി മാറണം. അപ്രതീക്ഷിതമായ പ്രകൃതി പ്രതിഭാസങ്ങൾ എപ്പോൾ വേണമെങ്കിലും ഉണ്ടാകാമെന്ന ധാരണയിൽ കേരളം തയാറായിരിക്കണം.  

നെതർലൻഡ്സ് സർക്കാർ ദുരന്തനിവാരണ മേഖലയിൽ കേരളവുമായി സഹകരിക്കുമെന്നു നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്. യൂണിവേഴ്സിറ്റി ഓഫ് ട്വന്റെയും റെഡ്ക്രോസ് ക്ലൈമറ്റ് സെന്ററും കേരളത്തിന്റെ ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കു സാങ്കേതികമായ സഹായങ്ങൾ നൽകാൻ തയാറാണ്.

English Summary: Kerala climate change

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com