ADVERTISEMENT

ഒരു മിഠായിക്കടലാസ് പോലും ഇൻഡോറുകാർ റോഡിലേക്ക് എറിയാറില്ല. വൃത്തി തങ്ങളുടെ ഉത്തരവാദിത്തമാണെന്ന് അവർക്കറിയാം. വീട്ടിലെ മാലിന്യം കവറിലാക്കി റോ‍‍ഡിലേക്കോ തൊട്ടടുത്ത പറമ്പിലേക്കോ വലിച്ചെറിയാൻ മടിയില്ലാത്ത നമുക്ക് ഇൻഡോറിൽനിന്ന് ഒട്ടേറെ കാര്യങ്ങൾ പഠിക്കാനുണ്ട്.

വൃത്തിയുള്ള നഗരത്തിനുള്ള പുരസ്കാരം ഏറ്റുവാങ്ങാൻ മധ്യപ്രദേശിലെ ഇൻഡോർ കോർപറേഷൻ അധികൃതർ ഡൽഹിയിലേക്കു പോകുമ്പോൾ ഇന്ദിര ആദിവാലിനെയും (50) കൂടെക്കൂട്ടിയിരുന്നു; ഒരു നാടിനെ മുഴുവൻ സുന്ദരമാക്കിയവരുടെ പ്രതിനിധിയായി. ഇൻ‍ഡോറുകാരുടെ പ്രിയപ്പെട്ട ‘രംഗോലി ദീദി’യാണ് ഇന്ദിര. നഗരത്തിന്റെ തെരുവുകൾ വൃത്തിയായി സൂക്ഷിക്കാൻ രാപകൽ അധ്വാനിക്കുന്ന സഫായി മിത്രങ്ങളിൽ ഒരാൾ (ശുചീകരണ തൊഴിലാളികളെ അവർ അങ്ങനെയാണു വിളിക്കുന്നത്).

ഇന്ദിരയെ കാണുമ്പോൾ ഇൻഡോർ നാരായണബാഗിലെ വീടുകൾക്കു മുന്നിൽ അവർ രംഗോലി വരയ്ക്കുകയായിരുന്നു. തെരുവു വൃത്തിയാക്കിയശേഷം വീടുകൾക്കു മുന്നിൽ ഇന്ദിര മനോഹരമായി കോലം വരയ്ക്കും. 24 വർഷമായി മുടക്കാത്ത ശീലം. വൃത്തിയെന്ന നന്മ ഇൻഡോറുകാരെ പഠിപ്പിച്ചതിൽ ഇന്ദിരയുടെ രംഗോലിക്കും പങ്കുണ്ട്. രംഗോലി നിറങ്ങൾ വാങ്ങാൻ സ്വന്തം കയ്യിൽനിന്നു പണമെടുക്കും. ‘ഞാൻ ജോലി ചെയ്യുന്നതു കൈകൾ കൊണ്ടല്ല, മനസ്സുകൊണ്ടാണ്’– ഇന്ദിര ആദിവാൽ പറഞ്ഞു. ഒരിക്കൽ, ഇന്ദിര വൃത്തിയാക്കുന്ന തെരുവിലെ താമസക്കാർ അവരുടെ വീട്ടിലെത്തി. വീടിന്റെ അവസ്ഥ കണ്ടപ്പോൾ അവരെല്ലാം ചേർന്നു തീരുമാനിച്ചു– ഇന്ദിരയ്ക്ക് ഒരു പുതിയ വീടുവച്ചു നൽകണം. അതിനായി അവർ സ്ഥലം വാങ്ങി. ഇനി വീടിനു വായ്പ കിട്ടണം.

നാട് വൃത്തിയായി സൂക്ഷിക്കുന്നവരുടെ നന്മയെ നാട്ടുകാർ ചേർത്തു പിടിക്കുന്ന സ്നേഹം പറയാൻ കൂടിയാണ് ഇന്ദിരയിൽനിന്നു പറഞ്ഞുതുടങ്ങിയത്. ഇൻഡോറിലെ ചുവരെഴുത്തുകളിൽ കക്ഷിരാഷ്ട്രീയമില്ല. അവ പറയുന്നതു വൃത്തിയുടെ രാഷ്ട്രീയമാണ്. വൃത്തിയുള്ള ചുവരുകളിൽ ഓരോ വർഷവും അവർ പുതിയ മുദ്രാവാക്യങ്ങൾ എഴുതും. ഇത്തവണ എഴുതി ‘പഞ്ച് ലഗായെഗാ ഇൻഡോർ, സ്വച്ഛതാ കാ പഞ്ച്’.

2016ൽ രാജ്യത്തു വൃത്തിയുടെ കാര്യത്തിൽ ഇരുപത്തഞ്ചാം സ്ഥാനത്തായിരുന്നു ഇൻഡോർ. എന്നാൽ, അടുത്തവർഷം അവർ ഒന്നാമതെത്തി. പിന്നീട് ആർക്കും ഒന്നാം സ്ഥാനം വിട്ടുകൊടുത്തുമില്ല. നഗരത്തിനുവേണ്ടി വ്യത്തിയുടെ സന്ദേശഗാനവും തയാറാക്കിയിട്ടുണ്ട്. ബോളിവുഡ് ഗായകൻ ഷാനാണു ഗാനം പാടിയിരിക്കുന്നത്; ഒരു നാടു മുഴുവൻ അദ്ദേഹത്തിന്റെ കൂടെ പാടുന്നു.

പണം നൽകുന്ന ജൈവ മാലിന്യം

ഇൻഡോറിലെ ചോയ്ത്രം പച്ചക്കറി, പഴം മാർക്കറ്റിൽ പ്രതിദിനമുണ്ടാകുന്നത് 20–25 മെട്രിക് ടൺ ജൈവ മാലിന്യം. മാർക്കറ്റിനോടു ചേർന്നുതന്നെ ഇൻഡോർ കോർപറേഷനും മഹീന്ദ്ര ആൻഡ് മഹീന്ദ്രയുമായി ചേർന്നു പിപിപി മാതൃകയിൽ സ്ഥാപിച്ച പ്ലാന്റിലൂടെ പ്രതിദിനം 800 കിലോ ബയോ സിഎൻജി ഉൽപാദിപ്പിക്കുന്നു. കോർപറേഷന്റെ 15 സിറ്റി ബസുകൾക്ക് ഇന്ധനച്ചെലവിൽ പ്രതിദിനലാഭം 1.35 ലക്ഷം രൂപയാണ്. രാജ്യത്തെ ഏറ്റവും വലിയ ബയോ സിഎൻജി പ്ലാന്റിന്റെ നിർമാണം ദേവ്ഗുറാഡിയയിൽ പുരോഗമിക്കുകയാണ്. പ്രതിദിനം 500 മെട്രിക് ടൺ ജൈവ മാലിന്യം സംസ്കരിക്കാൻ കഴിയും. 130 കോടി രൂപ ചെലവ്. പ്രതിദിനം 17,500 കിലോ സിഎൻജി ഉൽപാദിപ്പിക്കാനാകും.

മാലിന്യ നിർമാർജനത്തിന്റെ ഇൻഡോർ മാതൃക

∙ വീടുകളിൽ മാലിന്യം ആറു രീതിയിൽ തരംതിരിക്കുന്നു
1. അടുക്കള മാലിന്യം, 2. മറ്റു ഖരമാലിന്യങ്ങൾ, 3. പ്ലാസ്റ്റിക് മാലിന്യം, 4. സാനിറ്ററി മാലിന്യം, 5. ഹാനികരമായ മാലിന്യം, 6. ഇ– മാലിന്യം.
∙ മാലിന്യം ശേഖരിക്കാൻ വരുന്ന വാഹനത്തിനും 6 ഭാഗങ്ങളുണ്ട്. വാഹനത്തിന്റെ വരവറിയിച്ചുകൊണ്ട് വൃത്തിയുടെ സന്ദേശഗാനം മുഴങ്ങും.
∙ വീടുകളിൽനിന്ന് ആളുകളെത്തി വാഹനത്തിന്റെ വശങ്ങളിൽ സജ്ജീകരിച്ചിട്ടുള്ള അറകളിലേക്കു മാലിന്യമിടും. വീടിനു പുറത്തു വിവിധ നിറങ്ങളിലുള്ള ബിന്നുകളിൽ മാലിന്യം തരംതിരിച്ചുവച്ചാൽ തൊഴിലാളികൾ വന്നെടുത്തുകൊള്ളും.
∙ വാഹനം ഗാർബേജ് ട്രാൻസ്ഫർ സ്റ്റേഷനുകളിലേക്ക് (ജിടിഎസ്). മാലിന്യങ്ങൾ ഇവിടെ നിന്നു വലിയ കണ്ടെയ്നറുകളിൽ സംസ്കരണ കേന്ദ്രത്തിലേക്ക് അയയ്ക്കും.
∙ ഖരമാലിന്യം മെറ്റീരിയൽ റിക്കവറി ഫെസിലിറ്റി കേന്ദ്രത്തിൽ എത്തിച്ചു വേർതിരിക്കും.
∙ ജൈവ മാലിന്യം ബയോഗ്യാസ് പ്ലാന്റുകളിലേക്ക്. ബയോ സിഎൻജി ബസുകൾക്ക് ഇന്ധനമായി ഉപയോഗിക്കുന്നു.
∙ ചെറു പാർക്കുകളിൽ കംപോസ്റ്റ് പിറ്റ് സജ്ജമാക്കി പ്രദേശത്തെ ഖര ജൈവ മാലിന്യം അവിടെത്തന്നെ വളമാക്കി മാറ്റുന്നു.
∙ ശുചിമുറി മാലിന്യം സംസ്കരണത്തിനായി 3000 കിലോ മീറ്റർ പൈപ്പ് ശൃംഖല. 10 സൂവിജ് ട്രീറ്റ്മെന്റ് പ്ലാന്റുകൾ; ശേഷി 412.5 ദശലക്ഷം ലീറ്റർ.

Indore-waste-disposal-2
ഇൻഡോറിൽ വീടുകളിൽ നിന്നു മാലിന്യം ശേഖരിക്കാനെത്തുന്ന വാഹനം.

വൃത്തിയുള്ള ജിടിഎസ്

ഇൻഡോർ സ്റ്റാർ സ്ക്വയറിലെ ഗാർബേജ് ട്രാൻസ്ഫർ സ്റ്റേഷന്റെ (ജിടിഎസ്) മേൽ‌നോട്ടം അർച്ചന ലാഞ്ചേവാറിനാണ്. കംപ്യൂട്ടർ സയൻസ് ബിരുദധാരി. പ്രതിദിനം ടൺ കണക്കിനു മാലിന്യം കൈകാര്യം ചെയ്യുന്ന സ്ഥലമാണെന്നു പറയുകയേയില്ല. അത്രയേറെ വൃത്തി. ഇൻഡോർ നഗരത്തിൽ ഇങ്ങനെ 10 ജിടിഎസുകളുണ്ട്. ഓരോ ജിടിഎസിന്റെയും നിർമാണച്ചെലവ് 5 കോടി രൂപ. ജൈവ, അജൈവ മാലിന്യങ്ങൾ‌ ഇവിടെനിന്നാണു സംസ്കരണ കേന്ദ്രത്തിലേക്ക് അയയ്ക്കുന്നത്.

തരംതിരിച്ച് കമ്പനികളിലേക്ക്

മെറ്റീരിയൽ റിക്കവറി ഫെസിലിറ്റി കേന്ദ്രത്തിൽനിന്ന് പ്ലാസ്റ്റിക്, കടലാസ്, ലോഹം, റബർ തുടങ്ങി 12 ഇനങ്ങളായി ഖരമാലിന്യം വേർതിരിച്ചു വിവിധ കമ്പനികൾക്കു പുനരുപയോഗത്തിനു കൈമാറും. ബാക്കി വരുന്നവ റെഫ്യൂസ് ഡിറൈവ്ഡ് ഫ്യുവൽ (ആർഡിഎഫ്) ആയി സിമന്റ് കമ്പനികളിലും വൈദ്യുതി പ്ലാന്റുകളിലും ഇന്ധനമായി ഉപയോഗിക്കുന്നു.

ഇൻഡോർ കോർപറേഷനും സ്വകാര്യ കമ്പനിയും ചേർന്നു പിപിപി മാതൃകയിൽ 55 കോടി രൂപ ചെലവിൽ 2019ൽ ആരംഭിച്ച ഈ കേന്ദ്രത്തിൽ പ്രതിദിനം 300 ടൺ മാലിന്യം വേർതിരിക്കാം. പ്രതിവർഷം ഒന്നരക്കോടി രൂപയാണ് ഇൻഡോർ കോർപറേഷന് ഇതിൽ നിന്നുള്ള വരുമാനം.

മാലിന്യ സംസ്കരണം: ഈ നഗരങ്ങൾ മുന്നിൽ

റാങ്ക് 1 - ഇൻഡോർ (മധ്യപ്രദേശ്)
ജനസംഖ്യ: 19.64 ലക്ഷം
പ്രതിദിന മാലിന്യം: 1100 ടൺ

റാങ്ക് 2 - സൂറത്ത് (ഗുജറാത്ത്)
ജനസംഖ്യ: 44.67 ലക്ഷം
പ്രതിദിന മാലിന്യം: 1800 ടൺ

റാങ്ക് 3- വിജയവാഡ (ആന്ധ്ര)
ജനസംഖ്യ: 10.34 ലക്ഷം
പ്രതിദിന മാലിന്യം: 550 ടൺ

നമ്മൾ ഇവിടെ

റാങ്ക് 234- ആലപ്പുഴ
ജനസംഖ്യ: 1.74 ലക്ഷം
പ്രതിദിന മാലിന്യം:
65 ടൺ

റാങ്ക് 335-കൊച്ചി
ജനസംഖ്യ: 6.02 ലക്ഷം
പ്രതിദിന മാലിന്യം:
305 ടൺ

റാങ്ക് 344-കോഴിക്കോട്
ജനസംഖ്യ: 4.31 ലക്ഷം
പ്രതിദിന മാലിന്യം: 290 ടൺ

റാങ്ക് 357-തിരുവനന്തപുരം
ജനസംഖ്യ: 7.43 ലക്ഷം
പ്രതിദിന മാലിന്യം: 325 ടൺ

* ജനസംഖ്യ 2011ലെ സെൻസസ് അടിസ്ഥാനമാക്കി

Indore-waste-disposal-3
ഇൻഡോർ ദേവ്ഗുറാഡിയയിലെ അത്യാധുനിക മെറ്റീരിയൽ റിക്കവറി ഫെസിലിറ്റി സെന്റർ

എപ്പോൾ ശരിയാകും നമ്മുടെ റാങ്ക്

കേരളത്തിൽ പ്രതിദിനം ഉണ്ടാകുന്നത് 10,044* ടൺ മാലിന്യം. ജൈവമാലിന്യം– 7,734 ടൺ (77%), അജൈവ മാലിന്യം– 2,310 ടൺ (23%) * 2020ലെ കണക്ക്)

‘വേസ്റ്റ് ബിന്നുകളില്ലാത്ത’ നഗരമായി പ്രഖ്യാപിച്ചയിടമാണു കൊച്ചി. പക്ഷേ, ‘ബിൻ’ മാത്രമാണു പോയത്. ‘വേസ്റ്റ്’ അവിടെത്തന്നെ കിടന്നു. കോടികൾ ചെലവാക്കിയിട്ടും ചീത്തപ്പേരിന്റെ ‘നാറ്റം’ മാത്രം പോയില്ല. സഹികെട്ട് കഴിഞ്ഞ ദിവസം കോർപറേഷൻ സെക്രട്ടറി പറഞ്ഞു: ‘മാലിന്യത്തിന്റെ പേരിലുള്ള കൊള്ളയടി അവസാനിപ്പിക്കാതെ രക്ഷയില്ല’.

കൊച്ചി വില്ലിങ്ഡൻ ദ്വീപിൽപോലും മാലിന്യം തള്ളുന്നു. കോർപറേഷൻ വീടുകളിൽനിന്നു ശേഖരിക്കുന്ന മാലിന്യത്തിന്റെ കാര്യമോ? ബ്രഹ്മപുരത്തു കൊണ്ടുപോയി കൂട്ടിയിടുന്നതല്ലാതെ ഒന്നും നടക്കുന്നില്ല. ജൈവമാലിന്യ സംസ്കരണ പ്ലാന്റൊക്കെ പൊളിഞ്ഞു വീഴാറായി. അഞ്ചര ലക്ഷം ഘനമീറ്റർ മാലിന്യമാണ് അവിടെ കുന്നുകൂടി കിടക്കുന്നത്. ഇതു നീക്കാൻ കരാറായിട്ടുണ്ടെങ്കിലും പണി തുടങ്ങിയിട്ടില്ല.

കേരളത്തിലെ മാലിന്യ സംസ്കരണത്തെക്കുറിച്ച് 2020 ജനുവരിയിൽ ലോകബാങ്ക് അവതരിപ്പിച്ച റിപ്പോർട്ടിൽ പറഞ്ഞത് നഗരങ്ങളിലെ ജൈവ മാലിന്യത്തിന്റെ 80.5 ശതമാനവും ശാസ്ത്രീയമായി സംസ്കരിക്കുന്നില്ലെന്നാണ്. അത് എവിടെയെങ്കിലും കുന്നുകൂട്ടിയിടുന്നു, അല്ലെങ്കിൽ കത്തിക്കുന്നു. പിന്നെയെങ്ങനെ മെച്ചപ്പെടും നമ്മുടെ റാങ്ക് ! 1994ൽ പ്ലേഗ് എന്ന പകർച്ചവ്യാധിക്കു മുന്നിൽ തകർന്നടിഞ്ഞ സൂറത്ത് എങ്ങനെയാണു രാജ്യത്തെ വൃത്തിയുള്ള നഗരങ്ങളിലൊന്നായത്. അതെക്കുറിച്ചു നാളെ.

English Summary: Indore Model of Waste Management- Part One

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com