ADVERTISEMENT

ഇന്നലത്തെ മലയാള മനോരമയുടെ ‘ബാൽക്കണി’ കോളത്തിൽ പ്രത്യാശയുടെ കൂടാരം പ്രകാശം ചൊരിയുന്നൊരു ചിത്രമുണ്ട്. കോവിഡിനെ തുടർന്ന് 600 ദിവസത്തിലേറെ  പ്രദർശനം മുടങ്ങിയ ജംബോ സർ‌ക്കസ് കായംകുളത്തു വീണ്ടും ആരംഭിച്ചതിന്റെ സന്തോഷചിത്രമാണത്. 2020 ഫെബ്രുവരിയിൽ അവിടെ ആരംഭിച്ച സർക്കസ് അധികം വൈകാതെ നിർത്തിവയ്ക്കുകയായിരുന്നു. വീണ്ടും സർക്കസ് കൂടാരം സജീവമാകുമ്പോൾ പ്രതീക്ഷ വിടരുകയാണ്. അതേസമയം, ഇപ്പോഴും കോവിഡ്കാല പ്രതിസന്ധി അനുഭവിക്കുന്ന സർക്കസ് താരങ്ങൾ അടക്കമുള്ളവർ കേരളത്തിന്റെ സങ്കടമാവുകയും ചെയ്യുന്നു.

കോവിഡ് പ്രതിസന്ധിയുടെ കടുത്ത പ്രഹരം നേരിടേണ്ടിവന്ന മേഖലയാണു സർക്കസ് വ്യവസായം. രാജ്യത്തെ വലിയ സർക്കസ് കമ്പനികളുടെ എണ്ണം കോവിഡിനു മുൻപുതന്നെ പതിനാലിൽനിന്ന് ഒൻപതിലേക്കു ചുരുങ്ങിയിരുന്നു. ഇവയിൽ പലതും അടച്ചുപൂട്ടൽ ഭീഷണിയിലുമാണ്. പ്രദർശന മൈതാനത്തിന്റെ ലഭ്യതക്കുറവ്, ഭീമമായ വാടക, ഇന്ധനച്ചെലവ്, യാത്രച്ചെലവ്, താരങ്ങളുടെ ദൗർലഭ്യം, കാണികളുടെ കുറവ് തുടങ്ങിയവ സർക്കസ് കമ്പനികളെ പ്രതിസന്ധിയിലാക്കി. ഈ കഠിനസാഹചര്യത്തിലായിരുന്നു കോവിഡിന്റെ കടന്നുവരവ്.

അതോടെ, മറ്റു മേഖലകളെപ്പോലെ സർക്കസിനും കൂടാരമഴിക്കേണ്ടിവന്നു. താരങ്ങൾക്കും മറ്റു ജീവനക്കാർക്കും തൊഴിലോ സഹായമോ ഇല്ലാതെ വലയേണ്ടിയും വന്നു. വരുമാനമില്ലാതെ, ബാധ്യതയേറ്റി സർക്കസ് നടത്തിപ്പുകാർ വലഞ്ഞു. ആളും ആരവവും നിറയേണ്ട തമ്പിൽ ആശങ്കയുടെ പട്ടിണിക്കാലമായി പിന്നീട്. മലപ്പുറം കോട്ടയ്ക്കൽ, ആലപ്പുഴ ജില്ലയിലെ കായംകുളം, വയനാട്ടിലെ മാനന്തവാടി എന്നിവിടങ്ങളിൽ നടന്നുവന്ന സർക്കസുകൾ ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ അവസാനിപ്പിക്കേണ്ടിവന്നു. താരങ്ങളും ജീവനക്കാരും പക്ഷികളും മൃഗങ്ങളും ദീർഘകാലം  ക്യാംപുകളിൽ കുടുങ്ങി. നാടു നൽകിയ സഹായഹസ്തത്തിൽ പിടിച്ചാണു സർക്കസിലുള്ളവർ മുന്നോട്ടുപോയത്. 

ഒരുകാലത്ത് ഇന്ത്യൻ സർക്കസിന്റെ തലസ്ഥാനംതന്നെയായിരുന്നു തലശ്ശേരി. ഏറെക്കാലം രാജ്യത്തെ ഏറ്റവും പ്രമുഖ സർക്കസായിരുന്ന ജെമിനി ഉൾപ്പെടെ പിറന്ന കണ്ണൂർ ജില്ലയിൽനിന്ന് ഇപ്പോൾ 3 സർക്കസ് കമ്പനികൾ മാത്രമാണു സജീവമായുള്ളത്: ജംബോ, ഗ്രേറ്റ് ഇന്ത്യൻ, ബോംബെ സർക്കസ് കമ്പനികൾ. കഴിഞ്ഞ രണ്ടു വർഷം നിശ്ചലമായിരുന്നെങ്കിലും ഇപ്പോൾ ഇവർക്കെല്ലാം കളിയുണ്ട്. ബോംബെ സർക്കസ് പുതുച്ചേരിയിലും ഗ്രേറ്റ് ഇന്ത്യൻ സർക്കസ് തമിഴ്നാട്ടിലെ വെല്ലൂരിലും ജംബോ കായംകുളത്തും കൂടാരം നിവർത്തിക്കഴിഞ്ഞു. 

താരങ്ങളെയും സർക്കസിൽ ഉപയോഗിക്കാൻ നിയമം അനുവദിച്ചിട്ടുള്ള മൃഗങ്ങളെയും പക്ഷികളെയുമെല്ലാം സംരക്ഷിക്കാൻ കമ്പനി ഉടമകൾ രണ്ടു വർഷം ഏറെ കഷ്ടപ്പെട്ടു. ദിവസം 40,000 രൂപയോളം ചെലവിടേണ്ടിവന്നിട്ടുണ്ട്. എട്ടു മാസത്തോളം താരങ്ങളെ പൂർണവേതനം നൽകി നിലനിർത്തിയെങ്കിലും നാട്ടിൽ പോകാൻ സന്നദ്ധത അറിയിച്ചവരെ പറഞ്ഞയച്ചു. മറ്റു സംസ്ഥാനങ്ങളിൽനിന്നും വിദേശ രാജ്യങ്ങളിൽനിന്നും സർക്കസ് താരങ്ങളെ തിരികെ കൊണ്ടുവന്നാണു സർക്കസ് പുനരാരംഭിച്ചിരിക്കുന്നത്. ചില വിദേശ രാജ്യങ്ങളിൽനിന്നുള്ളവരെ തിരിച്ചുകൊണ്ടുവരാൻ കഴിഞ്ഞിട്ടുമില്ല. സർക്കസ് പുനരാരംഭിക്കാൻ വൻതുക സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിൽനിന്നു വായ്പയെടുക്കേണ്ടി വന്നിട്ടുണ്ട്. 

സർക്കസ് കളിക്കാൻ തറവാടക നൽകേണ്ട കാര്യത്തിലും പ്രയാസം നേരിടുന്നു. തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ തറവാടക ഒഴിവാക്കാനുള്ള നടപടി ഉണ്ടാകണം. സംരക്ഷിക്കപ്പെടേണ്ട കലയെന്ന പരിഗണന സർക്കസിനു ലഭിക്കേണ്ടതുണ്ട്. സർക്കാരിൽനിന്ന് സാമ്പത്തിക പാക്കേജും വായ്പയും ലഭിച്ചില്ലെങ്കിൽ മുന്നോട്ടുകൊണ്ടുപോകാൻ കഴിയാത്ത സാഹചര്യമാണുള്ളതെന്നു സർക്കസ് മേഖലയിലുള്ളവർ പറയുന്നു.

സമാനസാഹചര്യങ്ങളിൽ, പൊതുവേദികളില്ലാതെ  ജീവിതം വഴിമുട്ടിനിൽക്കുന്ന പല മേഖലകളിലെയും കലാപ്രവർത്തകരുണ്ട്. നാടകം, ഗാനമേള, മിമിക്രി, മാജിക്, കഥാപ്രസംഗം, ബാലെ തുടങ്ങി സ്റ്റേജ് പരിപാടികൾ അവതരിപ്പിച്ചിരുന്നവരിൽ പലരും ജീവിക്കാനായി മറ്റു ജോലികളിലേക്കു നീങ്ങിക്കഴിഞ്ഞു. എത്രയോ പേർ പട്ടിണി നേ‌രിടുന്നു. മേള കലാകാരന്മാരടക്കമുള്ളവരും പ്രതിസന്ധിയിലാണ്. നീണ്ട കഷ്ടകാലത്തിനുശേഷം വീണ്ടും പ്രത്യാശ തളിർക്കുന്നുവെങ്കിലും കോവിഡ് ഇനിയും തീവ്രമായാൽ എന്തു ചെയ്യണമെന്നറിയാത്ത അനിശ്ചിതത്വത്തിലാണ് ഇവരൊക്കെയും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com