ADVERTISEMENT

വെള്ളിവെളിച്ചവുമായി കൽപറ്റ നാരായണൻ; മലയാളി മനസ്സിന്റെ സൂക്ഷ്മനിരീക്ഷകനാണ് കവിയും ഗ്രന്ഥകാരനുമായ കൽപറ്റ നാരായണൻ. വേറിട്ട കാഴ്ചകളും കാഴ്ചപ്പാടുകളും കൊണ്ട് മലയാളിയുടെ വിചാരങ്ങളെ നവീകരിക്കുന്ന വാക്കുകൾക്കുടമ. അദ്ദേഹത്തിന്റെ പംക്തി ഇന്നുമുതൽ എല്ലാ വെള്ളിയാഴ്ചയും – വെള്ളിവെളിച്ചം.

അപരവിദ്വേഷം അതിന്റെ പരമാവധിയിലെത്തിയ വർഷമാണ് കടന്നുപോയത്. സമൂഹമാധ്യമങ്ങളെയും അത് ഏതാണ്ട് പൂർണമായിത്തന്നെ ഹൈജാക്ക് ചെയ്തു. അന്യരെ തൊട്ടാൽ കൈ കഴുകണമെന്നു പഠിപ്പിച്ച കോവിഡ് ഈ അപരവിദ്വേഷത്തിന് ശക്തമായ പിന്തുണയും നൽകി. 

കഴിഞ്ഞതൊന്നും കഴിയുന്നില്ല. കഴിഞ്ഞു എന്ന പദത്തിന് പൂർത്തിയായി, നിലവിൽ വന്നു എന്നെല്ലാമുള്ള അർഥങ്ങളും സാന്ദർഭികമായെങ്കിലും ഉണ്ട്. പാലം പണി കഴിഞ്ഞു, പുരപ്പണി കഴിഞ്ഞു എന്നെല്ലാം പറഞ്ഞാൽ പാലാരിവട്ടം പാലാനന്തര കാലത്തും പാലം തകർന്നു, പുര വീണു എന്നല്ലല്ലോ വിവക്ഷ. ഉപയോഗക്ഷമമായി എന്നല്ലേ? നെടുമുടി വേണു, താണു പത്മനാഭൻ, മാധവൻ അയ്യപ്പത്ത്, പി.ടി.തോമസ്, കെ.എസ്. സേതുമാധവൻ എന്നീ ശരീരത്തിൽ കഴിഞ്ഞ, എന്നാൽ ഒരിക്കലും കഴിയാത്ത ചിലരുടെ പേരിലാവാം പോയ വർഷം പലരും ഓർക്കുക. ഉയിർത്തെണീറ്റവരായി നാമിവരെ ഇനി കണ്ടുകൊണ്ടിരിക്കും; പലയിടങ്ങളിലും പല നേരങ്ങളിലും. സ്വപ്നം കാണാൻ കഴിയാത്തത്ര അടുത്തായിരുന്നു ( too near to be dreamed) അവർ ഇതുവരെ നമുക്കെങ്കിൽ ഇനി അവർ നമുക്ക് അവരുടെ യഥാർഥ വൈഭവങ്ങളിൽ.

കോവിഡും കഴിഞ്ഞില്ല രണ്ടു വർഷമായിട്ടും. കാലാനുസൃതമായി വേഗം കൂട്ടി അത് ഒമിക്രോൺ ആയി അപ്ഡേറ്റ് ചെയ്തു. കാലത്തെ രണ്ടായി മുറിച്ച് ആ കാലത്തിന്റെയും ‘ഇ’ കാലത്തിന്റെയും ഇടനാഴിയായി. ഓൺലൈൻ ക്ലാസുകളും യൂ ട്യൂബിന്റെ സാധ്യതകളും സർവജ്ഞനായ മാഷിന്റെ ‘ഹാലോ’ ചവിട്ടിത്തെറിപ്പിച്ച  സർവജ്ഞാനിയായ ഗൂഗിളിന്റെ നാനാവിധമായ ഉപയോഗവും അനൗൺസ് ചെയ്യപ്പെട്ട ജ്ഞാനസംസ്ഥാനവുമെല്ലാം വന്നുകൊണ്ടിരിക്കുന്ന ‘ഇ’ ലോകത്തെ വിളംബരം ചെയ്യുന്നു. ഇതിനെല്ലാം ഒത്താശ ചെയ്തു കോവിഡ്. അനിവാര്യർക്കു മാത്രം ഇടമുള്ള, ഭൂരിപക്ഷംപേരും അസംഗതരാകുന്ന മാറ്റമാണു വരുന്നത്. ശിപായിയും ഗുമസ്തനും പലവിധ വഴികാട്ടികളും അനാവശ്യമാവുകയാണ്. ട്രാഫിക് സിഗ്നലിനടുത്തു നിൽക്കുന്ന നിർവീര്യനായ പൊലീസുകാരനെപ്പോലെ. നിരീക്ഷിക്കാം; വിരട്ടാനാവില്ല.

Poet Kalpatta Narayanan. 25 November 2018 . Photo by Russell Shahul
കൽപറ്റ നാരായണൻ

പോയവർഷം അപരവിദ്വേഷം അതിന്റെ പരമാവധിയിലെത്തി. അപരവിദ്വേഷം സമൂഹമാധ്യമങ്ങളെ  ഏതാണ്ടു പൂർണമായിത്തന്നെ ഹൈജാക്ക് ചെയ്തു. അന്യനെ തൊട്ടാൽ കൈ കഴുകേണ്ടതു മര്യാദയാക്കി മാറ്റിയ കോവിഡ് ഈ അപരവിദ്വേഷത്തിനു ശക്തമായ പിന്തുണ നൽകി. പരസ്പരം കൈ കൊടുക്കാത്ത, വിരുന്നുകാരില്ലാത്ത, ഉത്സവങ്ങളില്ലാത്ത, കൂടിച്ചേരലുകളില്ലാത്ത- അതൊക്കെ കുറ്റകരവുമായ കാലം വെറുപ്പിന്റെ തീവ്രത വർധിപ്പിച്ചു. കൊലപാതകങ്ങൾ മുൻപും നടന്നിട്ടുണ്ടെങ്കിലും ഇതുപോലെ വ്യാപകമായി അരുംകൊലകൾ നടന്ന കാലം ഓർമയിലില്ല. (ഇനി ദൃശ്യത കൂടിയതിനാൽ തോന്നുന്നതാണോ? ). അപരവിദ്വേഷം സ്വജനപക്ഷപാതത്തെയും സ്വജനപക്ഷപാതം അപരവിദ്വേഷത്തെയും ശക്തിപ്പെടുത്തി. പ്രത്യയശാസ്ത്രം നിഷ്കളങ്കമായ സ്വജനപക്ഷപാതമായി. ഭാവിയിലാരു ഭരിച്ചാലും അതിലെ മുഖ്യകക്ഷിയുടെ അനുയായിക്കേ കേരളത്തിൽ അതിജീവിക്കാനാവൂ. 

‘‘ നമ്മളോട് മെരുങ്ങാത്ത നമ്മളല്ലാത്ത കൂട്ടരും 

അതിലൊന്നിലുമില്ലാത്ത നമ്മളല്ലാത്ത കൂട്ടരും  

മനുഷ്യരല്ല, മൃഗവും, മരം കൂടിയുമല്ലിനി’’ 

എന്ന മട്ടിൽ ആവുകയാണോ എന്നെന്നേക്കുമായി? 

കച്ചവടത്തിൽ കബളിപ്പിക്കലിന്റെ ഒരംശം എന്നുമുണ്ടായിട്ടുണ്ടാവും. എന്നാലും മോൻസന്റേതുപോലെ, കബളിപ്പിക്കലല്ലാതെ മറ്റൊരു മുടക്കുമുതലുമില്ലാത്ത കച്ചവടം നമുക്കു പുതുതാണ്. പട്ടാപ്പകൽ പൊലീസ് മേധാവിയെയും രാഷ്ടീയ നേതാക്കളെയും അഭിനേതാക്കളെയും ചരിത്രകാരനെയും കടയിൽനിർത്തി വിക്രമാദിത്യ കഥയിലെ മുഴുക്കള്ളനെപ്പോലെ മോശയുടെ വടിയും വെള്ളിക്കാശും വിറ്റ വിരുതൻ പലരുടെയും പുരാവസ്തുഭ്രമം എന്ന അഭിനയത്തിന്റെ ഉള്ളുകള്ളി പുറത്തുകാട്ടി. പുതിയ കേരളപ്രബുദ്ധതയുടെ പൊള്ളത്തരത്തെ മുൻപാരും ഇങ്ങനെ അനാവരണം ചെയ്തിട്ടില്ല. ഇത് ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തും സാധ്യവുമല്ല. അവർക്കുണ്ടോ നമ്മുടെ ബുദ്ധി!

കർഷകസമരത്തിന്റെ വിജയം ജനാധിപത്യത്തിലുള്ള വിശ്വാസം ഉയർത്തിയതിന്റെ ആശ്വാസമായിരുന്നു പോയ ഭാരതവർഷത്തിലെ നല്ല വാർത്തയെങ്കിൽ കേരളത്തിൽ ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന സിൽവർലൈൻ പദ്ധതിക്കെതിരായ സമരമാണു തുടരുന്ന വാർത്ത. സിൽവർലൈൻ സ്റ്റോപ്പുകളുടെ അടുത്തേക്ക് (ഭാഗ്യവശാൽ അധികം സ്റ്റോപ്പുകളില്ല) കേരളീയരെ മുഴുവൻ മാറ്റിപ്പാർപ്പിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ വമ്പൻ വിജയമാകുമായിരുന്ന പദ്ധതിയാണിത്. സിൽവർലൈൻ റീച്ചിനു പുറത്തുള്ള കേരളീയർക്കു മതിയായ നഷ്ടപരിഹാരം കൊടുത്ത് ഇതു നടപ്പിലാക്കാൻ പ്രയാസവുമില്ല. എത്ര കടവും കിട്ടും. കേരളത്തിന്റെ വികസനത്തിനു മുഴുവൻ ഭൂമിയും ഒഴിഞ്ഞുകിട്ടുകയും ചെയ്യും.

രക്ഷയില്ല, വാതം പിത്തം കഫം ത്രിദോഷങ്ങളും കോപിച്ചിരിക്കയാണ് എന്നു പറഞ്ഞിരുന്ന വൈദ്യനെ അനുകരിച്ചു നമുക്കും പറയാം: മതവും ജാതിയും വെറുപ്പും അപരവിദ്വേഷവും സ്വജനപക്ഷപാതവും ദുരഭിമാനവും പൊലീസിന്റെ ആത്മവിശ്വാസവും എല്ലാം കോപിച്ചിരിക്കുന്നു !

പിൻവെളിച്ചം 

മറ്റുള്ളവർ മിത്രങ്ങളായിരുന്ന നാടിനെ മറ്റുള്ളവർ ശത്രുക്കളായ നാടായി മാറ്റുന്ന പ്രക്രിയ കൂടുതൽ കൂടുതൽ ശക്തിപ്പെടുന്നത് രോഗാതുരമായ ഒരു കാലത്താണ് എന്നതു മറക്കത്തക്കതല്ല.

English Summary: Kalpatta Narayanan writings

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com