സ്മാർട്ടാകണം, കേരളം

indore
ഇൻഡോറിലെ ആദർശ് ബാക്ക്‌ലൈൻസിന്റെ ചിത്രമാണിത്. വീടുകളുടെ ഉമ്മറം പോലെ തന്നെ പിന്നാമ്പുറം വൃത്തിയായി സൂക്ഷിക്കാൻ ഇവർ പ്രതിജ്ഞാബദ്ധരാണ്. ചിത്രം: ടോണി ഡൊമിനിക് ∙മനോരമ
SHARE

ലോകം മാറുമ്പോൾ മാലിന്യ സംസ്കരണവും സ്മാർട്ടാകുകയാണ്. മാലിന്യ നീക്കത്തിനുവേണ്ടി കമാൻഡ് ആൻഡ് കൺട്രോൾ റൂമുകൾ പല നഗരങ്ങൾക്കുമുണ്ട്. ‌മാലിന്യം ശാസ്ത്രീയമായി തരംതിരിക്കാൻ നിർമിതബുദ്ധിപ്രയോജനപ്പെടുത്തുന്നു

ഇൻ‍ഡോറിലെ കമാൻഡ് ആൻഡ് കൺട്രോൾ സെന്ററിലെ മോണിറ്ററിലേക്ക് ഉറ്റുനോക്കി കൺട്രോൾ റൂം ഇൻ ചാർജ് ദീപക് പവാർ പറഞ്ഞു: ‘‘നഗരത്തിലെ മാലിന്യനീക്കം മുഴുവൻ ഇവിടെക്കാണാം. തകരാറു കാരണം ഒരു വാഹനം റോഡിൽ കിടന്നാൽപോലും ഉടനറിയും’. ഓരോ വാഹനത്തിന്റെയും തൽസ്ഥിതി മോണിറ്ററിൽ അപ്ഡേറ്റ് ചെയ്തുകൊണ്ടേയിരിക്കുന്നു.

മുൻകൂട്ടി നിശ്ചയിച്ച വഴികളിൽനിന്നു വാഹനം വഴിമാറിയാൽ, ൈവകിയാൽ, നേരത്തെയായാൽ ജിപിഎസ് സംവിധാനം വഴി തത്സമയം കൺട്രോൾ റൂമിൽ അറിയും. ഇൻഡോറിനുവേണ്ടി വികസിപ്പിച്ച ഇന്റഗ്രേറ്റഡ് സോളിഡ് വേസ്റ്റ് മാനേജ്മെന്റ് (ഐഎസ്ഡബ്ല്യുഎം) എന്ന സോഫ്റ്റ്‌വെയർ വഴിയാണു നിരീക്ഷണം. ശുചിത്വ പരിപാലനരംഗത്തു മുന്നിലുള്ള സൂറത്ത്, വിജയവാഡ തുടങ്ങിയ നഗരങ്ങളിലും ഇത്തരം കൺട്രോൾ സെന്ററുകളുണ്ട്. 

മാലിന്യം തരംതിരിക്കാൻ പല കമ്പനികളും നിർമിതബുദ്ധിയും മെഷീൻ ലേണിങ്ങും പ്രയോജനപ്പെടുത്തിത്തുടങ്ങി. ഇൻഡോറിലെ മെറ്റീരിയൽ റിക്കവറി കേന്ദ്രത്തിൽ ഖരമാലിന്യത്തിൽനിന്നു ലോഹങ്ങളും കടലാസുകളും മറ്റും തരംതിരിക്കാൻ ഇത്തരം സങ്കേതങ്ങൾ ഉപയോഗിക്കുന്നുണ്ട്.

indore-office
ഇൻഡോറിലെ കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ. ചിത്രം: മനോരമ

ഇവിടെ എല്ലാം കടലാസിൽ

സ്മാർട് സിറ്റി പദ്ധതിയുടെ ഭാഗമായി കൊച്ചിയിൽ ആധുനിക ഇന്റഗ്രേറ്റഡ് കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ സജ്ജമാക്കിയിട്ടുണ്ടെങ്കിലും മാലിന്യനീക്കം ഇതുമായി ബന്ധിപ്പിച്ചിട്ടില്ല. മാലിന്യം ശേഖരിക്കുന്ന വാഹനങ്ങൾക്കു ജിപിഎസ് ഏർപ്പെടുത്തണമെന്നു നിർദേശമുണ്ടെങ്കിലും ആരും അതൊന്നും ഉറപ്പാക്കാറില്ല. തിരുവനന്തപുരത്തു കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ തുടങ്ങിയിട്ടുമില്ല.

vijayawada-cleaning
വിജയവാഡയിൽ ക്യുആർ കോഡ് സ്കാനറുമായി ശുചീകരണത്തൊഴിലാളി.

വിജയവാഡ: മാലിന്യത്തിനും ക്യുആർ കോഡ്

നാളെ, കയ്യിലൊരു ക്യുആർ കോഡ് സ്കാനറുമായി വീട്ടിലേക്കു കയറിവരുന്ന ശുചീകരണത്തൊഴിലാളിയെ കണ്ടാൽ അദ്ഭുതപ്പെടരുത്. ആന്ധ്രപ്രദേശിലെ വിജയവാഡയിൽ ശുചീകരണത്തൊഴിലാളികൾ ഇങ്ങനെ സ്മാർട്ടായിട്ടു കുറെക്കാലമായി. എല്ലാ കെട്ടിടങ്ങളുടെയും മുന്നിൽ ആർഎഫ്ഐഡി (റേഡിയോ ഫ്രീക്വൻസി ഐഡി) ക്യുആർ കോഡ് ടാഗുണ്ട്. തൊഴിലാളികളുടെ കൈവശം ക്യുആർ കോഡ് റീഡറും. മാലിന്യം ശേഖരിച്ച ശേഷം ഈ ക്യുആർ കോഡ് സ്കാൻ ചെയ്യും. ഇതോടെ ആ കെട്ടിടത്തിൽനിന്നു മാലിന്യം ശേഖരിച്ചതായി രേഖപ്പെടുത്തും.   2018 മുതൽ വിജയവാഡയിൽ ഈ സംവിധാനമുണ്ട്. ക്യുആർ കോഡിലെ വിവരങ്ങളെല്ലാം കൺട്രോൾ റൂമിലെ ഡാഷ്ബോർഡിൽ തത്സമയം ലഭിക്കും. ഏതു കെട്ടിടത്തിൽ നിന്നാണു മാലിന്യം ശേഖരിക്കാത്തതെന്നു മനസ്സിലാക്കാനാകും– വിജയവാഡ കോർപറേഷൻ അഡീഷനൽ കമ്മിഷണർ (പ്രോജക്ട്സ്) യു.ശാരദ ദേവി പറഞ്ഞു.

prasanna
പ്രസന്ന വെങ്കടേഷ്, വിജയവാഡ മുനിസിപ്പൽ കമ്മിഷണർ

‘വാട്സാപ് സന്ദേശം മതി കാര്യങ്ങൾ മാറാൻ’

ഒരു വാട്സാപ് സന്ദേശത്തിൽ പ്രശ്ന പരിഹാരം– മാലിന്യ സംസ്കരണത്തിൽ വിജയവാഡ കോർപറേഷന്റെ രീതിയാണ്. പൊതുജനങ്ങൾക്കു വാട്സാപ്, ടെലിഗ്രാം എന്നിവ വഴി കോർപറേഷനു പരാതി നൽകാം. കൺട്രോൾ റൂമിൽനിന്നു പരാതി പ്രത്യേക സോഫ്റ്റ്‌വെയർ വഴി ബന്ധപ്പെട്ട ഉദ്യോഗസ്ഥനു കൈമാറും. 

ഓരോ പരാതിയും പരിഹരിക്കാൻ നിശ്ചിത സമയമുണ്ട്. അതിനുള്ളിൽ പരാതി പരിഹരിച്ച് അതിന്റെ ചിത്രം അപ്‌ലോഡ് ചെയ്യണം. കൺട്രോൾ റൂമിൽനിന്ന് ഈ ചിത്രം പരാതിക്കാരനു ഷെയർ ചെയ്യും. അതു കണ്ട് പരാതിക്കാരനു തൃപ്തി വന്നാലേ നടപടികൾ അവസാനിപ്പിക്കൂ. മുനിസിപ്പൽ കമ്മിഷണറുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് ഈ പരാതി പരിഹാര സംവിധാനം.

സമൂഹ മാധ്യമ പരാതി പരിഹാരസെൽ വലിയ വിജയമാണ്. ജനങ്ങൾക്കു തൃപ്തികരമായ രീതിയിൽ, പരമാവധി വേഗത്തിൽ പരാതി പരിഹരിക്കാം. ഡിജിറ്റൽ സാങ്കേതികവിദ്യകളിലൂടെ മാലിന്യ സംസ്കരണവും കുറ്റമറ്റതാക്കാം.

പ്രസന്ന വെങ്കടേഷ്, വിജയവാഡ മുനിസിപ്പൽ കമ്മിഷണർ

മനോഹരമാകട്ടെ പിന്നാമ്പുറങ്ങൾ ‌ഇൻഡോർ

ആളുകൾ കയറി വരുന്ന വീടിന്റെ മുൻവശം നമ്മൾ വൃത്തിയാക്കി വയ്ക്കും. എന്നാൽ പിന്നാമ്പുറത്തേക്കു നോക്കാറുണ്ടോ?. യഥാർഥത്തിൽ വൃത്തിയാകേണ്ടതു വീടുകളുടെ പിന്നാമ്പുറങ്ങളാണെന്നു തിരിച്ചറിഞ്ഞ ഇൻഡോർ കോർപറേഷൻ നടപ്പാക്കിയ പദ്ധതിയാണു മാതൃകാ പിന്നാമ്പുറങ്ങൾ (ആദർശ് ബാക്ക്‌ലൈൻസ്). ഈ പിന്നാമ്പുറ പരിപാലനച്ചുമതല റസിഡന്റ്സ് അസോസിയേഷനുകൾക്കാണ്. സാനിറ്ററി ഇൻസ്പെക്ടർമാർ ഇടയ്ക്കിടെ ഇവിടങ്ങളിലെത്തി പരിശോധിച്ചു മാർക്കിടും. മികച്ച പിന്നാമ്പുറങ്ങൾക്കു സമ്മാനവും നൽകും.

പിഴയ്ക്കാതിരിക്കാൻ പിഴയും ശിക്ഷ

കുറച്ചു വർഷം മുൻപാണ് ആ സംഭവം. ഇൻഡോറിലെ അന്നത്തെ മേയർ മാലിനി ഗൗഡിന്റെ (ഇപ്പോൾ എംഎൽഎ) കാറിനു മുകളിലേക്കു മുൻപിൽ പോയ ബസിൽ നിന്നു മാലിന്യം വീണു. മേയർ വിട്ടില്ല. പിന്തുടർന്നു ബസിനെ പിടികൂടി. കോർപറേഷൻ അധികൃതർ ബസ് ഡ്രൈവർക്കു പിഴയിട്ടു– 2,500 രൂപ. ബസിൽ വേസ്റ്റ് ബിൻ സൂക്ഷിക്കാത്തതിനായിരുന്നു പിഴ. 

പൊതുഗതാഗത വാഹനങ്ങളിൽ വേസ്റ്റ് ബിൻ വേണമെന്നു നിർബന്ധമാണ്. ഇൻഡോറിലെ കാറുകളിൽപോലും ചെറിയ വേസ്റ്റ് ബിന്നുകളുണ്ട്.

വീടുകളിൽനിന്നു മാലിന്യം വേർതിരിച്ചു നൽകിയില്ലെങ്കിൽ 1000 രൂപയാണു പിഴ. മാലിന്യം കൂട്ടിക്കലർത്തി തള്ളിയാലും പിഴ കിട്ടും. കെട്ടിട നിർമാണ അവശിഷ്ടങ്ങൾ തുറസ്സായ സ്ഥലത്തു തള്ളിയാൽ 5000 രൂപയാണു പിഴ. മാലിന്യം ശരിയായി സംസ്കരിച്ചില്ലെങ്കിൽ പിഴയീടാക്കാൻ കേരളത്തിലും നിയമമുണ്ടെങ്കിലും പലപ്പോഴും വളരെ കുറച്ചുപേരേ മാത്രമാണു പിടികൂടുന്നത്.

library

നന്മ പകരുന്ന മതിൽ

ഹിന്ദിയിൽ ‘ദീവാർ’ എന്നാൽ മതിൽ. ഇൻഡോറിലെ ഈ ദീവാർ പരസ്പര സ്നേഹത്തിന്റെ പുതിയ മതിലാണു പണിയുന്നത്; ഒപ്പം പുനരുപയോഗമെന്ന ആശയവും. ഉപയോഗം കഴിഞ്ഞ വസ്ത്രങ്ങളും പുസ്തകങ്ങളുമെല്ലാം തെരുവിൽ ഉപേക്ഷിക്കുന്ന ശീലം മാറ്റാൻ ഇൻഡോർ മുനിസിപ്പൽ കോർപറേഷൻ പണിതതാണ് ഈ നന്മയുടെ മതിൽ. പ്രധാന റോഡുകളിൽ ഇൻഡോർ മുനിസിപ്പൽ കോർപറേഷന്റെ ‘നേക്കി കി ദീവാറും’ ‘ശിക്ഷാ കി ദീവാറും’ കാണാം.

നേക്കി കി ദീവാർ (നന്മയുടെ മതിൽ)– നമ്മൾ ഉപേക്ഷിക്കുന്ന വസ്ത്രങ്ങൾ ഇവിടെ വയ്ക്കാം. ആവശ്യക്കാർക്ക് എടുക്കാം. ശിക്ഷാ കി ദീവാർ (പഠനത്തിന്റെ മതിൽ)– ഉപയോഗം കഴിഞ്ഞ പാഠപുസ്തകങ്ങൾ ആവശ്യക്കാർക്കായി ഇവിടെ വയ്ക്കാം. നമ്മൾ അന്വേഷിക്കുന്ന പുസ്തകം ഇല്ലെങ്കിൽ പേരും ഫോൺ നമ്പറുമെഴുതി പെട്ടിയിൽ നിക്ഷേപിക്കുക. പുസ്തകമെത്തുമ്പോൾ വിളി വരും.

നമ്മളും മാറും, മാറിയേ തീരൂ

നീതി ആയോഗും സെന്റർ ഫോർ സയൻസ് ആൻഡ് എൻവയൺമെന്റും ചേർന്നു മാലിന്യ സംസ്കരണത്തിലെ മികച്ച മാതൃകകൾ തയാറാക്കിയതിൽ കേരളത്തിലെ രണ്ടു പദ്ധതികളും ഉൾപ്പെട്ടിരുന്നു. തിരുവനന്തപുരം കോർപറേഷന്റെ സുസ്ഥിരവും വികേന്ദ്രീകൃതവുമായ മാലിന്യ സംസ്കരണ പദ്ധതിയും ആലപ്പുഴ നഗരസഭയുടെ സ്രോതസ്സിൽ തന്നെ മാലിന്യം തരംതിരിക്കുന്ന ‘ക്ലീൻ ഹോം, ക്ലീൻ സിറ്റി’ പദ്ധതിയുമാണവ.

ഇലക്ട്രോണിക്സ് ആൻഡ് ഐടി മന്ത്രാലയം പുറത്തിറക്കിയ ഡിജിറ്റൽ ഇന്ത്യയിലെ 75 വിജയകഥകളിൽ തിരുവനന്തപുരത്തെ സ്മാർട് ട്രിവാൻഡ്രം ആപ്ലിക്കേഷൻ വഴിയുള്ള ശുചിമുറി മാലിന്യനീക്കത്തിനുള്ള ക്വിക് പാസ് സംവിധാനവും ഇടം നേടി. മാലിന്യ സംസ്കരണരംഗത്തു നൂതനാശയങ്ങൾ ഉൾക്കൊണ്ടു നമ്മളും മാറുന്നുവെന്നതിന്റെ ശുഭസൂചനകളാണിത്.

മാലിന്യ പരിപാലന നിയമാവലിക്കു കൊച്ചി കോർപറേഷൻ അംഗീകാരം നൽകിയത് അടുത്തിടെയാണ്. വികേന്ദ്രീകൃത മാലിന്യ സംസ്കരണം ലക്ഷ്യമിട്ടു ഹീൽ (ഹെൽത്ത്, എൻവയൺമെന്റ്, അഗ്രികൾചർ, ലൈവ്‌ലിഹുഡ്) പദ്ധതിക്കും കോർപറേഷൻ രൂപം നൽകിയിട്ടുണ്ട്.

ൈജവമാലിന്യ സംസ്കരണത്തിനു തുമ്പൂർമുഴി എയ്റോബിക് മാതൃക സംസ്ഥാനത്തു പലയിടങ്ങളിലും നടപ്പാക്കിയിട്ടുണ്ട്. എന്നാൽ, തുമ്പൂർമുഴി വിനോദ കേന്ദ്രത്തിലെ എയ്റോബിക് കംപോസ്റ്റ് സംവിധാനം തന്നെ പരിപാലനമില്ലാതെ നോക്കുകുത്തിയായ നിലയിലാണ്. വയനാട്ടിലെ ബത്തേരി നഗരസഭ നടപ്പാക്കിയ ‘ഗ്രീൻ സിറ്റി– ക്ലീൻ സിറ്റി– ഫ്ലവർ സിറ്റി’ പദ്ധതിയും പല നഗരങ്ങളും മാതൃകയാക്കുന്നു. ബത്തേരിയിൽ പൊതുസ്ഥലത്തു തുപ്പുന്നതിനു മുൻപു പോക്കറ്റിൽ പൈസയുണ്ടെന്ന് ഉറപ്പാക്കണം. 500 രൂപയാണു പിഴ. നാട്ടുകാരും വ്യാപാരികളും നഗരസഭയും ചേർന്ന കൂട്ടായ്മയാണ് ബത്തേരി വൃത്തിയാക്കിയത്.

തുടക്കം നന്നായി എന്നതിലല്ല ഇൻഡോർ വിജയിച്ചത്; അതു നിലനിർത്തി എന്നതിലാണ്. മികച്ച പദ്ധതികൾ ഉണ്ടായതു മാത്രമല്ല, വൃത്തിയെന്നതു ജനങ്ങളുടെ ശീലവും മനോഭാവവുമായി മാറി. നമുക്കും മാറാതിരിക്കാനാകില്ല.

കണ്ടാൽ കൊതിക്കും വൃത്തി; കണ്ടുപഠിക്കുമോ നമ്മൾ–3: മാലിന്യമല്ല; മാർഗം

കണ്ടാൽ കൊതിക്കും വൃത്തി; കണ്ടുപഠിക്കുമോ നമ്മൾ-2: പ്ലേഗിന് മുന്നിൽ പകച്ചു, എസി മുറിയിലുറങ്ങിയ ജോലിക്കാർ പുറത്തിറങ്ങി; സൂറത്ത് മാതൃക

കണ്ടാൽ കൊതിക്കും വൃത്തി; കണ്ടുപഠിക്കുമോ നമ്മൾ-1: ഇൻഡോറിനു തിളക്കമായ് വൃത്തിയെന്ന നന്മ

(പരമ്പര അവസാനിച്ചു)

English Summary: Kerala to improve in waste management

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA