കൊഴിയരുത് പഠനസ്വപ്നങ്ങൾ

HIGHLIGHTS
  • ആദിവാസി വിദ്യാർഥികളുടെ പഠനത്തിന് ഇടർച്ചയുണ്ടായിക്കൂടാ
students
പ്രതീകാത്മക ചിത്രം
SHARE

നമ്മുടെ ആദിവാസിസമൂഹം നേരിടുന്ന സാമൂഹിക, സാമ്പത്തിക, വംശീയ പ്രതിസന്ധികൾ കേരളം ഏറെക്കാലമായി ചർച്ച ചെയ്യുന്നതാണ്. ആദിവാസിമേഖലയിലെ കുട്ടികളുടെ സാർവത്രിക വിദ്യാഭ്യാസമടക്കമുള്ള ബഹുമുഖ മുന്നേറ്റങ്ങളിലൂടെ മാത്രമേ കേരളത്തിന്റെ സാമൂഹിക പരിവർത്തനം സമ്പൂർണമാകൂ എന്ന ബോധ്യവും നമുക്കുണ്ട്. എന്നിട്ടും, സ്കൂൾതലം മുതൽ ഉന്നതവിദ്യാഭ്യാസ രംഗത്തുവരെ ആദിവാസി വിദ്യാർഥികൾ പലതരത്തിലുള്ള സങ്കീർണപ്രശ്നങ്ങൾ നേരിടേണ്ടിവരുന്നതെന്തുകൊണ്ടാണ്? ഇക്കാര്യങ്ങളിൽ സർക്കാരിന്റെയും പൊതുസമൂഹത്തിന്റെയും അടിയന്തരശ്രദ്ധ ആവശ്യമായിരുന്നിട്ടും അതില്ലാതെപോവുന്നതു  നവകേരളത്തെ ലജ്ജിപ്പിക്കുന്നു.

ആദിവാസി വിഭാഗത്തിൽപെട്ട വിദ്യാർഥികളിൽ പലർക്കും കോവിഡ്കാല അടച്ചിടലിനുശേഷം സ്കൂളുകളിലെത്താനാകുന്നില്ലെന്ന കണക്കുകൾ ബന്ധപ്പെട്ട സർക്കാർ സംവിധാനങ്ങളുടെ ഗൗരവശ്രദ്ധ ആവശ്യപ്പെടുന്നു. വയനാട് ജില്ലയിൽ മാത്രം 4428 ആദിവാസി വിദ്യാർഥികളാണു നവംബർ ഒന്നിനുശേഷം ഒരുദിവസം പോലും സ്കൂളിലെത്താത്തത്. ഇതിൽ 2000 പേർ പെൺകുട്ടികളാണ്. സ്കൂളിലെത്താത്ത കുട്ടികളിൽ ഭൂരിപക്ഷവും തോട്ടങ്ങളിൽ പണിക്കു പോവുകയാണെന്ന് ആദിവാസി സംഘടനാ പ്രവർത്തകർ പറയുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകളാണ് അതിനവരെ നിർബന്ധിതരാക്കുന്നത്. ‌ 

സംസ്ഥാനത്തെ പല സ്കൂളുകളിൽനിന്നുമുള്ള ആദിവാസി വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക് കണ്ടിരിക്കാനുള്ളതല്ല. കോവിഡ് അനന്തര സാഹചര്യത്തിൽ യാത്രാ, താമസസൗകര്യങ്ങൾ ഉറപ്പാക്കാനാകാത്തതാണു പ്രധാനപ്രശ്നം. ആദിവാസി കുട്ടികളെ സ്കൂളിൽ തിരികെയെത്തിക്കാൻ പട്ടികവിഭാഗ, വിദ്യാഭ്യാസ വകുപ്പുകളുടെ നേതൃത്വത്തിൽ വയനാട്ടിൽ ഉൾപ്പെടെ ഊരുകൾ കേന്ദ്രീകരിച്ചു നടപ്പാക്കുന്ന പദ്ധതി എത്രയുംവേഗം ഫലവത്താവേണ്ടതുണ്ട്. 

സ്കൂൾ വിദ്യാഭ്യാസത്തിൽ മാത്രമല്ല ഈ നിർഭാഗ്യസാഹചര്യമുള്ളത്. പാലക്കാട് ഐഐടി ഉൾപ്പെടെയുള്ള ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 2016- ’20ൽ പഠനം പൂർത്തിയാക്കാത്ത വിദ്യാർഥികളിൽ 31.5% പേരും ആദിവാസി - ദലിത് വിഭാഗത്തിൽപെട്ടവരാണെന്നു രാജ്യസഭാ രേഖകൾ വ്യക്തമാക്കുന്നു. ആദിവാസി വിദ്യാർഥികളിൽ 4.4% പേർക്കു പഠനം നിർത്തേണ്ടിവന്നു. കോവിഡിനു ശേഷമുള്ള സാഹചര്യം കൂടി കണക്കിലെടുത്താൽ ഈ നിരക്കുയരാനാണു സാധ്യത. കോവിഡ്കാലത്ത് ഹോസ്റ്റലുകളിൽ ഏർപ്പെടുത്തിയ നിയന്ത്രണം നീക്കാത്തതാണു കുട്ടികൾക്കു തിരികെയെത്താനുള്ള പ്രധാന തടസ്സം. 

സ്വകാര്യ ഹോസ്റ്റലുകളിൽ താമസിക്കാനുള്ള സാമ്പത്തിക സാഹചര്യമില്ലാത്തവർ പഠനം നിർത്തേണ്ട ദുരവസ്ഥയിലാണ്. ഓൺലൈൻ പഠനകാലത്തു പരീക്ഷകൾക്കെത്താനോ അസൈൻമെന്റുകളും പ്രോജക്ട് റിപ്പോർട്ടുകളും സമർപ്പിക്കാനോ കഴിയാതെ പഠനം നിർത്തേണ്ടി വരുന്നവരുണ്ട്. മിക്ക കോഴ്സുകൾക്കും പ്രവേശന ഫീസ് അടയ്ക്കേണ്ടത് ഓൺലൈനിലാണ്. അപേക്ഷ നൽകുന്നതിനോ ഫീസ് അടയ്ക്കുന്നതിനോ ആവശ്യമായ സാങ്കേതിക അറിവോ പിന്തുണയോ ഇല്ലാത്തതും വിദ്യാർഥികളെ തുടർപഠനത്തിൽനിന്ന് അകറ്റുന്നു.

പിന്നാക്ക വിദ്യാർഥികൾക്കായുള്ള ഇ–ഗ്രാന്റ്സ് ആനുകൂല്യത്തിന്റെ പരിധിയിൽപെടാത്ത കോഴ്സുകളിൽ പ്രവേശനം നേടിയ ആദിവാസി കുട്ടികളും കോളജ് പഠനം അവസാനിപ്പിക്കേണ്ട അവസ്ഥയിലാണ്. സ്വയംഭരണ, എയ്ഡഡ്, സ്വാശ്രയ കോളജുകൾ നടത്തുന്ന മിക്ക തൊഴിലധിഷ്ഠിത, പുതുതലമുറ കോഴ്സുകളും സർക്കാർ ഇ- ഗ്രാന്റ്സ് പരിധിയിൽപെടുത്തിയിട്ടില്ല. ഇ–ഗ്രാന്റ്സ് ആനുകൂല്യമുള്ള ചുരുക്കം ചില കോഴ്സുകൾക്കുപോലും ട്യൂഷൻ ഫീസിലുൾപ്പെടെ അധികംവരുന്ന 50 ശതമാനത്തോളം തുക വിദ്യാർഥികൾ തന്നെ കണ്ടെത്തേണ്ടിവരുന്നു.

പല ആദിവാസി വിദ്യാർഥികളും ഇതിനകം കൈവരിച്ച അഭിമാനവിജയങ്ങൾ തിളക്കമാർന്നു നമുക്കു മുന്നിലുണ്ട്. കാലങ്ങളായി അവഗണന അനുഭവിക്കുന്ന അരികുജീവിതങ്ങൾക്ക് ഉന്നതനേട്ടങ്ങൾ കൈവരിക്കാനുള്ള ആത്മവിശ്വാസത്തിന്റെ ചൈതന്യം ഇനിയും ആദിവാസിമേഖലയിൽനിന്ന് ഉണ്ടാവണം. സ്കൂളുകളിൽനിന്നുള്ള കൊഴിഞ്ഞുപോക്കിന്റെയും ഉന്നതവിദ്യാഭ്യാസമേഖലയിൽ ആദിവാസി വിദ്യാർഥികൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളുടെയും അടിസ്ഥാന കാരണങ്ങൾ കണ്ടെത്തി അടിയന്തരമായി പരിഹാരം കാണേണ്ടതുണ്ട്. പഠിക്കണമെന്ന് അതിയായി ആഗ്രഹിച്ച് അതു സാധിക്കാതെവരുന്ന ഒരു കുട്ടിയുടെ  കണ്ണീരുപോലും ഇനിയും ഇവിടെ വീഴരുത്. കേരളം കൊട്ടിഘോഷിക്കുന്ന സമൂല സാമൂഹിക പരിവർത്തനവും നവോത്ഥാന മൂല്യങ്ങളും പാഴ്‌വാക്കായിക്കൂടാ.

English Summary: Tribal students education Kerala 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ബാറോസിൽ കാണാൻ പോകുന്നത് മോഹൻലാൽ മാജിക്..! | Santhosh Sivan | Jack and Jill | Manorama Online

MORE VIDEOS
FROM ONMANORAMA