മാപ്പില്ലാത്ത പാതകങ്ങൾ

HIGHLIGHTS
  • കേരളത്തെ കുഴിയിൽ വീഴ്ത്താൻ ഇനിയും സമ്മതിക്കരുത്
road
കാരാപ്പുഴ–വാഴവറ്റ–കാക്കവയൽ റോഡ് തകർന്നു നാശമായ നിലയിൽ‌.
SHARE

ആരുടെയൊക്കെയോ അനാസ്ഥയ്ക്കു ജീവന്റെ വില കൊടുത്ത്, റോഡിലെ കുഴിയിൽ നിസ്സഹായതയോടെ അപകടത്തിൽപെടാനുള്ളതാണോ നമ്മുടെയൊക്കെ ജീവിതം? ചട്ടങ്ങളുടെ അഭാവം കെ‍ാണ്ടല്ല നമ്മുടെ നിരത്തിൽ പാതാളക്കുഴികളുണ്ടാകുന്നത്; ബന്ധപ്പെട്ട മേൽനോട്ട സംവിധാനങ്ങളുടെ നിരുത്തരവാദിത്തവും അനാസ്ഥയും കൊണ്ടാണ്. കൊയിലാണ്ടി– താമരശ്ശേരി സംസ്ഥാന പാതയിലെ ചുങ്കം വെഴുപ്പൂരിൽ കലുങ്ക് നിർമാണത്തിനായി എടുത്ത കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരനു ഗുരുതര പരുക്കേറ്റതാണ് ഈ ദുരന്തപരമ്പരയിൽ ഒടുവിലത്തേത്. വലതുകാലിലെ തുടയെല്ലു പൊട്ടിയ കണ്ണോറക്കുഴിയിൽ അബ്ദുൽ റസാഖിന് അടിയന്തര ശസ്ത്രക്രിയ നടത്തേണ്ടിവന്നു. 

അധികൃതരുടെ അനാസ്ഥതന്നെയാണ് അബ്ദുൽ റസാഖിനെ ആ ശസ്ത്രക്രിയാമേശയിൽ കിടത്തിയത്. റോഡ് നവീകരണത്തിന്റെ ഭാഗമായുള്ള കലുങ്കു നിർമാണസ്ഥലത്തു വേണ്ടത്ര സുരക്ഷാക്രമീകരണങ്ങളും മുന്നറിയിപ്പു സംവിധാനവും ഇല്ലാത്തതായിരുന്നു ബുധനാഴ്ച രാത്രിയുണ്ടായ അപകടത്തിനു കാരണം. രാത്രിയിൽ ഇവിടെ ആവശ്യത്തിനു വെളിച്ചമില്ല. ചട്ടമനുസരിച്ച്, കുഴിക്കുസമീപം രാത്രിനേരത്തു വ്യക്തമായി കാണാവുന്ന റിഫ്ലക്ടറുകളടക്കം വേണമെന്നുണ്ടെങ്കിലും  ഇവിടെ അതൊന്നും ഉണ്ടായിരുന്നില്ല. 

അപകടത്തിനുശേഷം റിപ്പോർട്ട് സമർപ്പിക്കാൻ കെഎസ്ടിപി എക്സിക്യൂട്ടീവ് എൻജിനീയറോട് വകുപ്പു മന്ത്രി പി.എ.മുഹമ്മദ് റിയാസ് ആവശ്യപ്പെട്ടിരുന്നു. കരാറുകാരുടെ ഭാഗത്തോ മേൽനോട്ടച്ചുമതലയുള്ള ഉദ്യോഗസ്ഥരുടെ ഭാഗത്തോ വീഴ്ച ഉണ്ടായിട്ടില്ലെന്നും എതിരെ വന്ന വാഹനത്തിന്റെ വെളിച്ചം കണ്ണിലടിച്ചതുകൊണ്ടാണ് ബൈക്ക് യാത്രക്കാരൻ കുഴിയിൽ വീണതെന്നും വാദിച്ച് എൻജിനീയർ റിപ്പോർട്ട് സമർപ്പിച്ചെങ്കിലും  മന്ത്രി അതു തള്ളുകയായിരുന്നു. കുഴിക്കുമുന്നിൽ ഒരു റിബൺ മാത്രമാണു കെട്ടിയിരുന്നതെന്ന് അപകടദൃശ്യങ്ങളിൽ വ്യക്തമാണ്. നാട്ടുകാർ ഇടപെട്ടു ബഹളംവച്ചതിനുശേഷം കരാറുകാർ ബോർഡ് വയ്ക്കുന്നതിന്റെയും ദൃശ്യങ്ങളുണ്ട്. 

പിന്നീട്, മന്ത്രി ചുമതലപ്പെടുത്തിയതു പ്രകാരം, പ്രോജക്ട് ഡയറക്ടര്‍ നൽകിയ വിശദ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടിയുണ്ടായി. കലുങ്ക് നിർമാണസ്ഥലത്തു വേണ്ടത്ര മുൻകരുതൽ നടപടികൾ‌ സ്വീകരിച്ചിരുന്നില്ലെന്നാണ് ഈ റിപ്പോർട്ടിലുള്ളത്. ഈ റോഡിന്റെ ചുമതലയുണ്ടായിരുന്ന കെഎസ്ടിപി അസിസ്റ്റന്റ് എൻജിനീയറെ സ്ഥലം മാറ്റിയിട്ടുണ്ട്; കരാറുകാരനു നോട്ടിസ് നൽകിയിട്ടുമുണ്ട്.  

ആലപ്പുഴ അമ്പലപ്പുഴയിൽ ജല അതോറിറ്റി പൈപ്പ് പെ‍ാട്ടി രൂപപ്പെട്ട്, ഒരു വർഷമായി മൂടാതെകിടന്ന കുഴിയിൽ വീണു പരുക്കേറ്റ സ്കൂട്ടർ യാത്രക്കാരൻ മരിച്ചതു കഴിഞ്ഞ നവംബറിലാണ്. ഈ കുഴി മൂടാൻ ഒരു ജീവൻ പൊലിയുന്നതുവരെ അധികൃതർ കാത്തിരുന്നതു നിരുത്തരവാദിത്തത്തിന്റെ ആഴം വ്യക്തമാക്കുന്നു. അതിനകം 12 പേർ ഈ കുഴിയിൽ വീണ് അപകടത്തിൽപെട്ടിരുന്നെന്നു കൂടി ഓർമിക്കാം.

അടിയന്തരാവശ്യങ്ങൾക്കായി റോഡ് കുത്തിപ്പൊളിക്കേണ്ടി വന്നേക്കാമെന്നു വാദിച്ചാൽത്തന്നെ, ഒട്ടുംവൈകാതെ ഏറ്റവും മികച്ച രീതിയിൽ കുഴികൾ നികത്തി അറ്റകുറ്റപ്പണി നടത്താനും ശ്രദ്ധ കാണിക്കേണ്ടതല്ലേ?  2019ൽ, കൊച്ചി പാലാരിവട്ടത്ത് റോഡിലെ കുഴി ജീവൻ കവർന്ന യുവാവിന്റെ മാതാപിതാക്കളോടു മാപ്പു ചോദിക്കുകയാണെന്നും ലജ്ജിച്ചു തലതാഴ്ത്തുകയാണെന്നും ഹൈക്കോടതിക്കു പറയേണ്ടിവന്നതു നമുക്കു മറക്കാറായിട്ടില്ല. സംസ്ഥാനത്തെ റോഡുകളുമായി ബന്ധപ്പെട്ട പരാതിയിൽ പൊതുമരാമത്ത് എൻജിനീയർമാർക്കു ഹൈക്കോടതിയുടെ രൂക്ഷവിമർശനമുണ്ടായതു കഴിഞ്ഞ മാസമാണ്. രാത്രി കുഴിയിൽവീണു മരിക്കാതെ ജനങ്ങൾക്കു വീട്ടിലെത്താനാകുമെന്ന ഉറപ്പുണ്ടാകണമെന്ന് അന്നു കോടതി ആവശ്യപ്പെട്ടിരുന്നു.  

എന്തുറപ്പാണു ജനങ്ങൾക്കു കിട്ടിയത് ? എന്നിട്ടും എത്രയോപേർ റോഡിലെ കുഴിയിൽ വീണുകൊണ്ടേയിരിക്കുന്നു. ഒട്ടേറെപ്പേർക്കു പരുക്കേറ്റപ്പോൾ ചിലർക്കു ജീവൻതന്നെ നഷ്ടപ്പെട്ടു. ‘സർക്കാർവിലാസം കൊലപാതകം’ എന്നല്ലാതെ, മറ്റെന്തു പറഞ്ഞാണ് ഇത്തരം മരണങ്ങളെ വിശേഷിപ്പിക്കുക ? അപകടത്തെത്തുടർന്നുള്ള റിപ്പോർട്ടുകളിൽവരെ അനാസ്ഥയെ വെള്ളപൂശുമ്പോൾ ദുരന്തം പൂർത്തിയാവുന്നു. പൊളിച്ച റോഡ് എത്രയുംവേഗം പൂർവസ്ഥിതിയിലാക്കുന്നതിലും ആവശ്യമായിടങ്ങളിൽ മുന്നറിയിപ്പു ബോർഡുകൾ സ്ഥാപിക്കുന്നതിലും ഉറപ്പുണ്ടാവാൻ ഇനിയെത്ര അപകടങ്ങൾ കേരളം കാണേണ്ടിവരും?

English Summary: Broken roads and accident in Kerala

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വലവിരിച്ച് ചൈനീസ് ചാരക്കപ്പൽആശങ്കയോടെ ഇന്ത്യ

MORE VIDEOS