ബലമല്ല ആയുധം; പൊലീസിന് ആശ്രയം നിയമം മാത്രം

police
SHARE

സംഘർഷവേളയിലെ സമ്മർദത്തിനിടെ നടപടി സ്വീകരിക്കുമ്പോൾ ഒരു ചുവട് അങ്ങോട്ടു മാറിയാൽ അതു പൊലീസ് അതിക്രമമാകാം; ഇങ്ങോട്ടു മാറിയാൽ പൊലീസ് നിഷ്ക്രിയത്വവും. രണ്ടിനും ഇടയിൽ ശരിയായ ഇടം കണ്ടെത്തി അതു പ്രായോഗികമാക്കുക എന്നതാണ് പൊലീസ് നിരന്തരം അഭിമുഖീകരിക്കുന്ന വെല്ലുവിളി. നിയമം നൽകുന്ന അധികാരം വിനിയോഗിക്കുമ്പോൾ പൊലീസുദ്യോഗസ്ഥർ അതീവ ശ്രദ്ധാലുക്കളായിരിക്കണം

പൊലീസ് അതിക്രമം പാടില്ലെന്നും അതു വച്ചുപൊറുപ്പിക്കില്ലെന്നുമല്ലാതെ, അതിനു വിരുദ്ധമായി ഒരു ആഭ്യന്തര മന്ത്രിയും ഒരു കാലത്തും പൊലീസ് യോഗങ്ങളിൽ പറഞ്ഞതായി ഞാൻ കേട്ടിട്ടില്ല. പൊലീസ് മേധാവിമാരും പൊതുവേ ഈ നിലപാടുകാർ തന്നെ. പക്ഷേ, പൊലീസ് അതിക്രമം കാലാകാലങ്ങളിൽ വാർത്തയാകാറുണ്ട്. അടുത്തിടെ അത് ആവർത്തിക്കപ്പെടുന്നു.

സമൂഹമാധ്യമങ്ങളും ഡിജിറ്റൽ സാങ്കേതികവിദ്യയും ശക്തിപ്രാപിച്ച ഇക്കാലത്ത് അതിക്രമവാർത്തകൾ പൊതുമണ്ഡലത്തിലുണ്ടാക്കുന്ന കോലാഹലം വലുതായിരിക്കും. അധികാരം കയ്യാളുന്നവർ പരിധി വിടുന്നുണ്ടോ എന്നു നിരീക്ഷിക്കേണ്ടത് ജനാധിപത്യത്തിൽ മാധ്യമങ്ങളുടെ പ്രധാനധർമമാണ്. നിയമംമൂലം ബലപ്രയോഗത്തിനു വരെ ചുമതലപ്പെടുത്തിയിട്ടുള്ള പൊലീസിന്റെ പ്രവർത്തനം സൂക്ഷ്മമായും, ഒരുവേള വിമർശനബുദ്ധിയോടെയും മാധ്യമങ്ങൾ പരിശോധിക്കുന്നതു കേരളീയ സമൂഹത്തിന്റെ കരുത്തു തന്നെയാണ്. ചില വീഴ്ചകൾ സംഭവിച്ചിട്ടുണ്ടെന്നു തന്നെയാണു പൊലീസ് സംവിധാനത്തിൽ നിന്നു സ്വീകരിച്ച നടപടികൾ സൂചിപ്പിക്കുന്നത്. 

തികച്ചും തൊഴിൽപരമായ വീക്ഷണത്തിലൂടെ ഇതു പരിശോധിക്കുമ്പോൾ ഫീൽഡ് തലത്തിൽ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർ അഭിമുഖീകരിക്കുന്ന സാഹചര്യങ്ങളുടെ സങ്കീർണത കൂടി കണക്കിലെടുക്കണം. സംഘർഷവേളയിലെ സമ്മർദത്തിനിടെ നടപടി സ്വീകരിക്കുമ്പോൾ ഒരു ചുവട് അങ്ങോട്ടു മാറിയാൽ അതു പൊലീസ് അതിക്രമമാകാം; ഇങ്ങോട്ടു മാറിയാൽ പൊലീസ് നിഷ്ക്രിയത്വവും. രണ്ടിനുമിടയിൽ ശരിയായ ഇടം കണ്ടെത്തി അതു പ്രായോഗികമാക്കുക എന്നതാണു പൊലീസുകാരും എസ്ഐമാരും മറ്റും നിരന്തരം അഭിമുഖീകരിക്കുന്ന വെല്ലുവിളി. 

പൊലീസ് ഉദ്യോഗസ്ഥന്റെ നടപടി ചോദ്യം ചെയ്യപ്പെട്ടാൽ നിയമം മാത്രമാണ് അയാൾക്കാശ്രയം. നിയമത്തിന്റെ അതിരുകൾക്കുള്ളിൽനിന്നു പ്രവർത്തിക്കാൻ പൊലീസ് ബാധ്യസ്ഥമാണ്. നിയമം നൽകുന്ന അധികാരം വിനിയോഗിക്കുന്നതിൽ പൊലീസുദ്യോഗസ്ഥൻ അതീവ ശ്രദ്ധാലുവായിരിക്കണം. നിയമങ്ങൾക്കും ചട്ടങ്ങൾക്കും സർക്കുലറുകൾക്കും അധികാരവും അതിന്റെ വിനിയോഗവും സംബന്ധിച്ച പൊതുതത്വങ്ങൾ വ്യക്തമാക്കാനേ കഴിയൂ. 

വ്യത്യസ്ത മാനുഷിക സാഹചര്യങ്ങളിൽ അധികാരം എങ്ങനെ പ്രയോഗിക്കണം എന്നതിന്റെ വിശദാംശങ്ങളിലേക്കു കടക്കുക അസാധ്യമാണ്. ട്രെയിൻ യാത്രക്കാരിയായ പെൺകുട്ടിയെ ക്രൂരമായി കൊലപ്പെടുത്തുന്ന കുറ്റവാളിയുടെ പ്രവൃത്തിയും ദുസ്സഹമായ ജീവിതാവസ്ഥയിൽനിന്നു മോചനംനേടാൻ സ്വന്തം കുഞ്ഞിനൊപ്പം മരിക്കാൻ ശ്രമിച്ചിട്ടു കുട്ടി മരിക്കുകയും അമ്മ രക്ഷപ്പെടുകയും ചെയ്യുമ്പോൾ ആ അമ്മയുടെ പ്രവൃത്തിയും നിയമത്തിൽ കൊലപാതകം എന്ന നിർവചനത്തിൽ വരുന്നതുതന്നെ. പക്ഷേ, രണ്ടു സാഹചര്യങ്ങളിലും പൊലീസിന്റെ പ്രതികരണം ഒന്നാകാൻ പാടില്ലല്ലോ. 

police-cap

നല്ല മാതൃകകളുണ്ട്; കണ്ടുപഠിക്കണം

പൊലീസിന്റെ അധികാര വിനിയോഗത്തിൽ ഏറ്റവും അവധാനത പുലർത്തേണ്ടതു ബലപ്രയോഗത്തിന്റെ കാര്യത്തിലാണ്. ബലപ്രയോഗം ആവശ്യമായിരുന്നോ, അതു പരിധി കടന്നോ തുടങ്ങിയ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ പൊലീസിനു ബാധ്യതയുണ്ട്. വർഗീയ സംഘട്ടനം പോലുള്ള ചില സന്ദർഭങ്ങളിൽ ശക്തവും സത്വരവുമായ ബലപ്രയോഗം സമാധാനം നിലനിർത്താൻ ആവശ്യമാണ്. അത്തരം അപൂർവം സന്ദർഭങ്ങളൊഴികെ പൊതുവേ ബലപ്രയോഗത്തിന്റെ കാര്യത്തിൽ ആക്രമണോത്സുകത ഒഴിവാക്കി പരമാവധി സംയമനം പാലിക്കണം എന്നതാണു പൊതുതത്വം. ഇതെല്ലാം പൊലീസ് പരിശീലനത്തിൽ പഠിപ്പിക്കുന്നുമുണ്ട്. ഇതു പ്രയോഗത്തിൽ വരുത്തുന്നതിലാണ് ഒരു ഉദ്യോഗസ്ഥന്റെ പ്രഫഷനൽ  മികവു പ്രകടമാകേണ്ടത്. 

വലിയ പ്രകോപനത്തിനു മുന്നിലും തികഞ്ഞ സംയമനം പാലിച്ചു പ്രവർത്തിക്കുന്നതിൽ മാതൃകയാക്കാവുന്ന ഒട്ടേറെ ഉദ്യോഗസ്ഥർ സേനയിലുണ്ട്. പുതിയ സേനാംഗങ്ങൾക്കു തുടക്കത്തിൽ അത്തരക്കാരോടൊപ്പം പ്രവർത്തന പരിശീലനം നൽകണം. ഒരു മദ്യപൻ ലക്കില്ലാതെ എന്തോ പറഞ്ഞതിനെ വലിയ അഭിമാന പ്രശ്നമായിക്കണ്ട് നേരിട്ട്, നിയമത്തിന്റെ മുഴുവൻ ശക്തിയും പ്രകടിപ്പിക്കുന്ന പൊലീസ്മാതൃകകളും ഇവിടെയുണ്ട്. വകുപ്പുതലത്തിലുള്ള ഇടപെടൽ ആവശ്യമായ പ്രശ്നമാണതെല്ലാം. വടകരയിലെ എന്റെ പൊലീസ് സ്റ്റേഷൻ പരിശീലനകാലത്തുണ്ടായ സംഭവം ഓർക്കുന്നു. മദ്യലഹരിയിൽ ഏതാനും കോളജ് വിദ്യാർഥികൾ പൊലീസുമായി കശപിശയുണ്ടാക്കി. 

ആദ്യം അതു വലിയകേസും ചില പൊലീസുകാർക്ക് അഭിമാനപ്രശ്നവുമൊക്കെയായി. വിദ്യാർഥികൾ അവരുടെ തെറ്റു മനസ്സിലാക്കിയതോടെ പൊലീസ്തന്നെ അവരെ താക്കീതുനൽകി വിട്ടയച്ചു. വർഷങ്ങൾക്കുശേഷം അതിലൊരാൾ കേന്ദ്രസേനയിൽ ഉയർന്ന റാങ്കുള്ള പൊലീസ് ഉദ്യോഗസ്ഥനായി. എന്നെ കണ്ടപ്പോൾ അദ്ദേഹം ഈ സംഭവം അനുസ്മരിച്ചു. അന്നു കേസെടുത്തിരുന്നുവെങ്കിൽ അയാളുടെ ഭാവി മറ്റൊന്നാകുമായിരുന്നു. 

മാധ്യമങ്ങളിലൂടെ പുറത്തുവരുന്ന സംഭവങ്ങളിൽ മുൻവിധി കൂടാതെ സ്വതന്ത്ര അന്വേഷണം നടത്തി മാത്രമേ നടപടി സ്വീകരിക്കാവൂ. സംഭവത്തിന്റെ എല്ലാ വശങ്ങളും സൂക്ഷ്മമായി പരിശോധിച്ചു ബോധ്യപ്പെട്ട്, അതിൽ തീരുമാനമെടുത്ത് ഭാവിയിലേക്കുള്ള പാഠങ്ങൾകൂടി ഉൾക്കൊള്ളണം. അതിനു പകരം, വിവാദ വിഷയം ചർച്ചചെയ്യുന്നത് അവസാനിപ്പിക്കാൻവേണ്ടി മാത്രം സ്വീകരിക്കുന്ന നടപടി ഗുണത്തെക്കാൾ ദോഷം ചെയ്യും. 

hemachandran
എ.ഹേമചന്ദ്രൻ

സാങ്കേതികവിദ്യയുടെ സഹായം തേടണം

തെറ്റായ ആക്ഷേപങ്ങളെ പ്രതിരോധിക്കുന്നതിനു സാങ്കേതികവിദ്യയുടെ സഹായം കൂടുതൽ പ്രയോജനപ്പെടുത്തണം. പൊലീസിനു നേരെ മനഃപൂർവം  പ്രകോപനം സൃഷ്ടിക്കാൻ ചിലർ ശ്രമിച്ച സന്ദർഭങ്ങളിൽ‌ പൊലീസ് തന്നെ സമയോചിതമായി മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്താൻ തുടങ്ങിയപ്പോൾ പ്രശ്നക്കാർ പിന്തിരിഞ്ഞ സന്ദർഭങ്ങൾ ഞാനോർക്കുന്നു. ദേഹത്തു യൂണിഫോമിനൊപ്പം ധരിക്കാവുന്ന ക്യാമറകൾ ( Body worn camera) വിദേശ രാജ്യങ്ങളിൽ വ്യാപകമാണ്. പൊതുജനങ്ങളുമായി അടുത്തിടപഴകേണ്ടി വരുമ്പോൾ ഇതു തൊഴിൽപരമായ ആവശ്യങ്ങൾക്കു പുറമേ അനാവശ്യമായ ആക്ഷേപങ്ങൾ ഒഴിവാക്കാനും പ്രയോജനപ്പെടും. കേരളവും ഇതു വാങ്ങിയിട്ടുണ്ടെങ്കിലും കാര്യമായി ഉപയോഗിച്ചുതുടങ്ങിയിട്ടില്ല.

അടിസ്ഥാനപരമായ ഒരു വസ്തുത കൂടി ചൂണ്ടിക്കാണിക്കേണ്ടതുണ്ട്. പൊലീസ് സംവിധാനത്തിൽ നിയമപരമായി എല്ലാ പ്രധാന അധികാരങ്ങളും കേന്ദ്രീകരിച്ചിരിക്കുന്നതു സ്റ്റേഷനുകളിലാണ്. എന്നാൽ, സ്റ്റേഷൻ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥന്റെ എല്ലാ അധികാരങ്ങളും ഉയർന്ന റാങ്കിലുള്ള പൊലീസ് ഉദ്യോഗസ്ഥർക്കു വിനിയോഗിക്കാം. അവിടെയാണു പൊലീസിലെ അധികാര ശ്രേണിയുടെ പ്രസക്തി മനസ്സിലാക്കേണ്ടത്. 

പൊലീസ് സ്റ്റേഷനിൽ നൽകിയിരിക്കുന്ന അധികാരം ശരിയാവണ്ണം സമൂഹത്തിന് ഉപയുക്തമായ രീതിയിൽ വിനിയോഗിക്കുന്നെന്ന് ഉറപ്പു വരുത്തേണ്ട ചുമതല ഡിവൈഎസ്പി, എസ്പി തുടങ്ങി മുകളിലോട്ടുള്ള അധികാര ശ്രേണിക്കുണ്ട്. എവിടെ അതു വഴിതെറ്റുന്നോ അവിടെ സജീവമായി ഇടപെടാൻ ഉയർന്ന ഉദ്യോഗസ്ഥർക്കു കഴിയണം. 

ഉയർന്ന ഉദ്യോഗസ്ഥരുടെ കാര്യക്ഷമമായ നിരീക്ഷണവും മേൽനോട്ടവും ഇടപെടലും ഉണ്ടെങ്കിൽ അധികാര ദുർവിനിയോഗം നടക്കില്ല. നിരന്തരമായ ഈ പ്രക്രിയയിലൂടെ ചെറുതും വലുതുമായ തെറ്റുതിരുത്തലുകൾ സേനയിൽ നടക്കും. പൊലീസ് അതിക്രമമെന്ന ആക്ഷേപം ക്രമേണ ഒഴിവാക്കാനും കഴിയും. ഇക്കാര്യത്തിൽ പ്രധാനപങ്കു വഹിക്കേണ്ട ഉയർന്ന ഉദ്യോഗസ്ഥർ പക്ഷേ, സമൂഹത്തിലെ പുഴുക്കുത്തുകളിൽനിന്നു വിട്ടു നിൽക്കണമെന്നു പ്രത്യേകിച്ചു പറയേണ്ടതില്ലല്ലോ.

(മുൻ ഡിജിപിയാണു ലേഖകൻ)

English Summary: Kerala Police; Role and Allegations 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA