ആകാശത്തെ അദ്ഭുതങ്ങൾ

ufo
SHARE

മനുഷ്യന്റെ കൗതുകത്തെയും ഭാവനയെയും എക്കാലവും വിസ്മയിപ്പിച്ചിട്ടുള്ള ഒന്നാണ് പറക്കുംതളികകളും അന്യഗ്രഹജീവികളുമൊക്കെ. ഇംഗ്ലിഷിൽ UFO (Unidentified Flying Object ) എന്നു വിളിക്കുന്ന പറക്കുംതളികകളെ അന്തരീക്ഷത്തിൽ കണ്ടുവെന്ന അവകാശവാദം എല്ലാക്കാലത്തുമുണ്ടായിട്ടുണ്ട്, ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും. ഭൂമിയെ ആക്രമിക്കാൻ വരുന്ന അന്യഗ്രഹജീവികളുടെ യാത്രവാഹനമായൊക്കെ യുഎഫ്ഒകളെ നമ്മൾ എത്രയോ വട്ടം വായിച്ചിട്ടും സിനിമകളിൽ കണ്ടിട്ടുമുണ്ടാകും!

ചിലെയിലെ സാൻ ക്ലമന്റെ നഗരത്തെ ലോകത്തിന്റെ ‘യുഎഫ്ഒ തലസ്ഥാനം’ എന്നു വിശേഷിപ്പിക്കാറുണ്ട്. കാരണം, പറക്കും തളികകൾ കണ്ടുവെന്ന റിപ്പോർട്ടുകൾ ഏറ്റവും കൂടുതൽ വരുന്ന നഗരമാണ് സാൻ ക്ലമന്റെ. ആഴ്ചയിലൊന്നു വീതമെങ്കിലും ഇവിടെ യുഎഫ്ഒകളെ കാണാറുണ്ടത്രേ. ഈർപ്പവും മലിനീകരണവും കുറഞ്ഞ അന്തരീക്ഷവും മറ്റും മൂലം ആകാശത്തെ അദ്ഭുതങ്ങൾ ദൃശ്യമാകാൻ കൂടുതൽ സാധ്യതയുള്ള ഇടമായാണു പൊതുവേ ചിലെയെ കണക്കാക്കുന്നത്. ഇത്തരം പ്രതിഭാസങ്ങളെ നിരീക്ഷിക്കാനും പഠിക്കാനും ചിലെ വ്യോമസേനയുടെ കീഴിൽ ഗവേഷണസ്ഥാപനം തന്നെ നിലവിലുണ്ട്.

ചിലെയുടെ തലസ്ഥാനമായ സാന്റിയാഗോയിൽ വെളിച്ചം പുറപ്പെടുവിക്കുന്ന സിഗരറ്റിന്റെ ആകൃതിയിലുള്ള വസ്തു ആകാശത്തു നീങ്ങുന്നതിന്റെ ദൃശ്യങ്ങൾ ഇക്കഴിഞ്ഞ ദിവസം പുറത്തുവന്നു. സെപ്റ്റംബറിലെ വിഡിയോ ആണ് ഇപ്പോൾ മാധ്യമങ്ങൾ സംപ്രേഷണം ചെയ്തത്. എന്താണ് അന്തരീക്ഷത്തിലൂടെ കടന്നുപോയതെന്ന കാര്യത്തിൽ അവിടെ തർക്കവും പരിശോധനയുമൊക്കെ നടക്കുകയാണ്.

ഫ്രാൻസിലെ പ്രാങ്ക് !

യുഎഫ്ഒകളെക്കുറിച്ചുള്ള ശാസ്ത്രാന്വേഷണവും ഗവേഷണവും ഒരു വഴിക്കു നടക്കുമ്പോൾ പറക്കുംതളികകളുമായി ബന്ധപ്പെട്ടുള്ള വ്യാജപ്രചാരണങ്ങൾ മറ്റൊരു വഴിക്ക് ഊർജിതമായി മുന്നേറുന്നുണ്ട്. അന്തരീക്ഷത്തിലെ അജ്ഞാത വസ്തുക്കളുടെ പേരിലുള്ള തട്ടിപ്പ്/തമാശ കഥകൾ നൂറ്റാണ്ടുകൾക്കു മുൻപേ പ്രചരിച്ചിട്ടുണ്ടെങ്കിലും സമൂഹമാധ്യമങ്ങൾ വന്നതോടെ അവയ്ക്കു വേഗമേറി.

ഈയടുത്ത് ഏറ്റവും രസകരമായ വ്യാജകഥയുണ്ടായതു രണ്ടുമാസം മുൻപു ഫ്രാൻസിലാണ്. ദക്ഷിണ ഫ്രാൻസ് പ്രവിശ്യയായ ഒക്സിടനിയിലെ പല മേഖലകളിലും അന്തരീക്ഷത്തിലൂടെ കടന്നുപോകുന്ന തിളങ്ങുന്ന വസ്തു രാത്രി ആളുകൾ കണ്ടതായി റിപ്പോർട്ട് വന്നു. ട്വിറ്റർ പോലുള്ള സമൂഹമാധ്യമങ്ങളിൽ ഇതേക്കുറിച്ചു പല വ്യാഖ്യാനങ്ങളായി. പ്രവിശ്യയിലെ ഒരു കാലാവസ്ഥാ നിരീക്ഷണ ഏജൻസി പലയിടത്തുനിന്നുള്ള വിഡിയോകൾ ഒരുമിച്ചു ചേർത്ത് ട്വീറ്റു ചെയ്തു. മാധ്യമങ്ങൾ ഇതു വ്യാപകമായി വാർത്തയാക്കുകയും ചെയ്തു.

ഒരാഴ്ച കഴിഞ്ഞാണു സത്യാവസ്ഥ പുറത്തുവന്നത്. റെമി ഗെയ്‌ലിയാർഡ് എന്ന ഹാസ്യാവതാരകൻ (prankster) സ്ഥലത്തെ കാലാവസ്ഥാ ഏജൻസിയുമായി ചേർന്നൊപ്പിച്ച തമാശയായിരുന്നു ആ തിളങ്ങുന്ന യുഎഫ്ഒകൾ! ഫ്രാൻസിലെ വ്യവസ്ഥാപിത മാധ്യമങ്ങളെ കബളിപ്പിക്കുകയായിരുന്നുവത്രേ ലക്ഷ്യം! ഇത്തരം തമാശകളൊപ്പിക്കുന്നതിൽ വിദഗ്ധനാണ് ഗെയ്‌ലിയാർഡ്.

2016ൽ ഉത്തർപ്രദേശിലെ കസ്ഗഞ്ജ് ജില്ലയിലെ മൻപുർ പ്രദേശത്തു പകൽ പ്രത്യക്ഷപ്പെട്ട കൂറ്റൻ പറക്കുംതളിക ഇതുപോലെ സമൂഹമാധ്യമങ്ങളിൽ തരംഗമുണർത്തിയതാണ്. മൊബൈൽ ഫോണിൽ ആരോ പകർത്തിയ ചിത്രത്തിലാണ് അന്തരീക്ഷത്തെ മുഴുവൻ മൂടുന്ന മട്ടിലുള്ള വസ്തുവിനെ കണ്ടത്. ‘ചിത്രമെടുത്ത’ ആൾ ആരാണെന്നറിയില്ലെങ്കിലും സംഗതി മൊബൈൽ ആപ്ലിക്കേഷനിലൂടെ സൃഷ്ടിച്ചതാണെന്ന കാര്യം ഉടൻ പുറത്തുവന്നു! ഇത്തരം നൂറുകണക്കിന് ഉദാഹരണങ്ങൾ ലോകത്തിന്റെ പലഭാഗത്തുനിന്നുമുണ്ട്.

മൊബൈൽ ആപ്ലിക്കേഷനുകളുടെ കാലത്തുനിന്ന് ആർട്ടിഫിഷ്യൽ ഇന്റലിജൻസിലേക്കു (എഐ) സാങ്കേതികവിദ്യ വളർന്നെത്തിയ ഇന്ന്, ഇത്തരം വ്യാജങ്ങൾ സൃഷ്ടിക്കുക ഒട്ടും ബുദ്ധിമുട്ടുള്ള കാര്യമല്ല. യഥാർഥത്തിൽ ഇല്ലാത്ത മനുഷ്യരുടെയും ജീവികളുടെയും മാത്രമല്ല, കൃത്രിമ നഗരങ്ങളുടെ വരെ ചിത്രങ്ങളും മാപ്പുകളും തയാറാക്കാവുന്ന എഐ ആപ്ലിക്കേഷനുകൾ ലഭ്യമാണ്. ഇന്നിപ്പോൾ ഒരു യഥാർഥ യുഎഫ്ഒയിൽ കയറി യഥാർഥ അന്യഗ്രഹജീവി ഭൂമിയിലെത്തിയാൽ താൻ ഒറിജിനലാണോ എന്നു സ്വയം സംശയിച്ചു പോകുന്നത്ര വ്യാജന്മാരുണ്ട് ഇന്റർനെറ്റിൽ!

ALERT

ഈ അറിയിപ്പുകൾ സൂക്ഷിക്കുക

∙ ഇന്ത്യൻ ഓയിൽ കോർപറേഷൻ വാർഷിക സമ്മാനമായി നൽകുന്ന 6000 രൂപ നേടാൻ ഈ ചോദ്യങ്ങൾക്ക് ഉത്തരം നൽകുക എന്ന പേരിൽ വാട്സാപ്പിൽ പ്രചരിക്കുന്ന ലിങ്ക് വ്യാജമാണ്.

∙ പ്രധാൻമന്ത്രി കന്യ ആശിർവാദ് യോജനപ്രകാരം എല്ലാ പെൺകുട്ടികൾക്കും മാസ തോറും 2000 രൂപ വീതം കിട്ടും എന്ന പ്രചാരണം വ്യാജം. ഇങ്ങനെ ഒരു പദ്ധതി കേന്ദ്ര സർക്കാരിനില്ല.

∙ സമഗ്ര ശിക്ഷ അഭിയാന്റെ വ്യാജ വെബ്സൈറ്റിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നതായുള്ള പ്രചാരണം വിശ്വസിക്കരുത്. അഭിയാന്റെ യഥാർഥ സൈറ്റ് ഇതാണ്: www.samagra.education.gov.in

∙ പ്രധാൻമന്ത്രി മുദ്ര യോജനയുടെ കീഴിൽ വായ്പ അനുവദിക്കുന്നു, ലീഗൽ ചാർജായി 4500 രൂപ അടയ്ക്കണം എന്ന രീതിയിൽ കേന്ദ്ര ധനമന്ത്രാലയത്തിന്റെ ലെറ്റർപാഡിലുള്ള ഉത്തരവ് വ്യാജം.

( കേന്ദ്ര സർക്കാരിന്റെ പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ ഫാക്ട് ചെക്ക് വിഭാഗം നൽകുന്ന വിവരങ്ങൾ)

English Summary: Unidentified Flying Objects; Fact check 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അഞ്ജലീ അഞ്ജലീ...

MORE VIDEOS