ADVERTISEMENT

നവകേരളം പുതിയകാലത്തെയും ലോകത്തെയും അഭിമുഖീകരിക്കുമ്പോൾ സാധാരണക്കാരുടെ ജീവിതങ്ങൾ ഇപ്പോഴും ഫയൽക്കൂമ്പാരങ്ങളിൽ ശ്വാസംമുട്ടി പിടയുന്നത് അത്യധികം നിർഭാഗ്യകരമാണ്. 5 വർഷം മുൻപു ഹൃദയ ശസ്ത്രക്രിയയ്ക്കു ചെലവാക്കിയ തുക മെഡിക്കൽ റീഇംബേഴ്സ്മെന്റ് ഇനത്തിൽ അനുവദിക്കണമെന്നാവശ്യപ്പെട്ടുള്ള റിട്ട. ഹെഡ്മാസ്റ്ററുടെ അപേക്ഷ പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഓഫിസിലെ ഫയൽക്കൂനയിൽനിന്നു മന്ത്രി വി.ശിവൻകുട്ടി കണ്ടെത്തിയത് ഇതിനു വേദനാജനകമായൊരു സാക്ഷ്യം തരുന്നു. 

പതിനയ്യായിരത്തോളം ഫയലുകൾ കെട്ടിക്കിടക്കുന്നതായാണ് ആ ഓഫിസിലെ പ്രാഥമിക പരിശോധനയിൽ മന്ത്രി കണ്ടെത്തിയത്. പെൻഷൻ അപേക്ഷകൾ, അധ്യാപക പുനർവിന്യാസം, സംരക്ഷണം തുടങ്ങിയവയുടെയൊക്കെ ഫയലുകൾ അവിടെ കെട്ടിക്കിടക്കുന്നുണ്ട്. ഒരു മന്ത്രി തന്റെ കീഴിലുള്ള ഒരു ഓഫിസിൽ നടത്തിയ പരിശോധനയിലാണ് ഇതു കണ്ടെത്തിയത്. ഇങ്ങനെ, ഫയൽക്കൂമ്പാരങ്ങളിൽ ജീവിതങ്ങൾ ഞെരുങ്ങുന്ന എത്ര വകുപ്പുകൾ, എത്രയെത്ര ഓഫിസുകൾ... കേരളത്തിൽ വിവിധ തലങ്ങളിലായുള്ള സർക്കാർ ഓഫിസുകളിലെല്ലാമായി ലക്ഷക്കണക്കിനു ഫയലുകൾ ചുവപ്പുനാടക്കുരുക്കിലും മറ്റുമായി തീർപ്പാകാതെ കെട്ടിക്കിടക്കുന്നുണ്ടെന്നതു നിർവികാരമായാണോ നാം കേൾക്കേണ്ടത്? 

ഭൂമി തരംമാറ്റ അപേക്ഷകളിൽ തീരുമാനമെടുക്കാതെ സംസ്ഥാനത്തെ ആർഡിഒ ഓഫിസുകളിലായി പതിനായിരക്കണക്കിന് അപേക്ഷകളാണു കെട്ടിക്കിടക്കുന്നത്. വീടുവയ്ക്കാനും ചെറിയ വ്യാപാര സ്ഥാപനങ്ങൾ നിർമിക്കാനുമുള്ള അപേക്ഷകളാണു മൂന്നും നാലും വർഷമായി തീരുമാനമാവാതെ കിടക്കുന്നവയിൽ ഭൂരിഭാഗവും. ഭൂമി തരംമാറ്റിയില്ലെങ്കിൽ ഇവിടെ നിർമിക്കുന്ന കെട്ടിടങ്ങൾ നിയമപ്രകാരമാവില്ല. ഭൂമി തരംമാറ്റാനുള്ള അപേക്ഷകളിൽ പരമാവധി വേഗത്തിൽ തീർപ്പുണ്ടാക്കുമെന്നും സേവനാവകാശ നിയമത്തിന്റെ കാലപരിധിക്കുള്ളിൽ ഇത്തരം അപേക്ഷകളിൽ നടപടി സ്വീകരിക്കുമെന്നും മന്ത്രി കെ.രാജൻ നിയമസഭയിൽ അറിയിച്ചതു നവംബറിലാണ്. എന്നിട്ടും, ഫയൽ തീർപ്പാക്കൽ എവിടെയെത്തിനിൽക്കുന്നു എന്ന കാര്യത്തിൽ ബന്ധപ്പെട്ടവർക്കു പരിശോധനയും ആത്മപരിശോധനയും നടത്താവുന്നതാണ്. 

ഫയൽ തീർപ്പാക്കുന്നതിലുള്ള കാലതാമസം ഒഴിവാക്കണമെന്നും ഒരാളുടെ കൈവശം എത്രനാൾ ഫയൽ വയ്ക്കാമെന്നതിനു പരിധി നിശ്ചയിക്കണമെന്നും കഴിഞ്ഞ മേയിൽ വകുപ്പു സെക്രട്ടറിമാരുടെ യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചിരുന്നു. ഇതിനായി ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ പുതിയ സംവിധാനം ഉണ്ടാക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഫയൽ തീർപ്പാക്കൽ പരിപാടി സ്ഥിരനടപടിയാക്കണമെന്നും സങ്കടഹർജികൾ, പരാതികൾ എന്നിവ പരിഹരിക്കുന്നതിലെ പോരായ്മ സെക്രട്ടറിമാർ വിശകലനം ചെയ്യണമെന്നുമൊക്കെയുള്ള അദ്ദേഹത്തിന്റെ അന്നത്തെ നിർദേശങ്ങളുടെ തുടർനടപടികൾ എന്തൊക്കെയാണെന്ന് അറിയാൻ ജനങ്ങൾക്കു തീർച്ചയായും അവകാശമുണ്ട്. സെക്രട്ടേറിയറ്റിൽ കെട്ടിക്കിടക്കുന്ന ഫയലുകൾ ഓരോ മാസവും നിശ്ചിത എണ്ണം തീർപ്പാക്കാനുള്ള കർമപദ്ധതി നടപ്പാക്കാൻ മുഖ്യമന്ത്രി ചീഫ് സെക്രട്ടറിക്കു 2020 ഓഗസ്റ്റിൽ നൽകിയ നിർദേശവും ചുവപ്പുനാടയിൽ കുരുങ്ങിയോ?

സർക്കാർ ഓഫിസുകളിലെ ഫയൽക്കൂമ്പാരങ്ങളും ചുവപ്പുനാടക്കുരുക്കുകളും കേരളം കണ്ടുതുടങ്ങിയിട്ടു കാലമേറെയായി. ഇതിനകം സംസ്ഥാനം ഭരിച്ച വിവിധ സർക്കാരുകളിലായി പല മന്ത്രിമാരും ഫയൽനീക്കത്തിനു വേഗം കൂട്ടാനുള്ള നടപടികൾ കൈക്കൊണ്ടിട്ടുണ്ടെങ്കിലും അതിൽ വലിയ കാര്യമുണ്ടായില്ലെന്നതാണു വാസ്തവം. കൈക്കൂലി വാങ്ങുകയും അഴിമതിക്കു കുടപിടിക്കുകയും ചെയ്യുന്നവരുടെ എണ്ണം വളരെക്കുറവാണെങ്കിലും അവർ ചെയ്യുന്ന അധാർമിക കാര്യങ്ങൾ സത്യസന്ധരായ സർക്കാർ ഉദ്യോഗസ്ഥരെക്കൂടി വല്ലാതെ നാണംകെടുത്തുന്നത് ഇതോടു ചേർത്തോർമിക്കാം.

ജനജീവിതവുമായി ബന്ധപ്പെട്ട ലക്ഷക്കണക്കിനു പരാതികൾ പരിഹാരമില്ലാതെ കെട്ടിക്കിടക്കുമ്പോൾ നാടു നേടുന്ന വികസനത്തിനും സൽപേരിനും പിന്നെയെന്തർഥം? സംസ്ഥാനത്തെ എല്ലാ സർക്കാർ ഓഫിസുകളിലും കെട്ടിക്കിടക്കുന്ന ഫയലുകളുടെ ചുവപ്പുനാട അഴിക്കേണ്ടത് അത്യധികം മാനുഷികത ആവശ്യമായ ജനകീയയജ്ഞം എന്ന നിലയിൽവേണം സർക്കാർ ഉദ്യോഗസ്ഥർ കാണേണ്ടത്. ഓരോ ഫയലും ഓരോ ജീവിതമാണെന്ന്, കഴിഞ്ഞ മന്ത്രിസഭ അധികാരമേറ്റപ്പോൾതന്നെ സർക്കാർ ജീവനക്കാരോടായി പറയുകയും പിന്നീടു പലതവണ ആവർത്തിക്കുകയും ചെയ്ത മുഖ്യമന്ത്രിക്ക് കുറ്റമറ്റ ഫയൽതീർപ്പാക്കൽ യജ്ഞത്തിനു മേൽനോട്ടം വഹിക്കേണ്ട ഭരണപരവും ധാർമികവുമായ ബാധ്യതയുണ്ട്.

English Summary: Files pending without Solutions

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com