അധികാരമേ, അനീതിയരുത്

university-vs-govt
പ്രതീകാത്മക ചിത്രം
SHARE

നമ്മുടെ സർവകലാശാലകൾ സർക്കാർ വകുപ്പുകളായും പൂർണരാഷ്ട്രീയ നിയന്ത്രിത സംവിധാനങ്ങളായും പരിണമിക്കുന്നതിന്റെ അന്തിമഘട്ടത്തിലാണ്. കുറച്ചു മിനുക്കുപണികൾ മാത്രമേ ഇനി അവശേഷിക്കുന്നുള്ളൂ. സർവകലാശാലകളുടെ സ്വയംഭരണത്തെ ഹനിക്കുന്ന ഒരു ഗുരുതരമായ നടപടി ഒരു പ്രതിഷേധവുമില്ലാതെ നടപ്പാക്കിയിട്ട് ഏതാനും വർഷങ്ങളായി. സർവകലാശാലയ്ക്കു സർക്കാർ നൽകേണ്ട ഗ്രാന്റ് സർവകലാശാലാ ഫണ്ടിലേക്കു നിക്ഷേപിക്കുന്നതിനു പകരം ഗുണഭോക്താവിനു നേരിട്ടു ട്രഷറിയിൽനിന്നു നൽകുന്ന രീതി സർവകലാശാലയെ സർക്കാർ വകുപ്പാക്കുന്നതിന്റെ ഏറ്റവും പ്രമുഖ നടപടിയാണ്. 

ഇതിലെ സാമ്പത്തിക മാനേജ്മെന്റ് ബുദ്ധിയെ അഭിനന്ദിക്കുന്നതിനൊപ്പം ഒരു ചോദ്യം ചോദിക്കട്ടെ: കേന്ദ്ര സർക്കാർ കേരളത്തിനു നൽകാനുള്ള ജിഎസ്ടി വിഹിതം  സംസ്ഥാന ജീവനക്കാരുടെ ശമ്പളമായി നേരിട്ടു നൽകിയാൽ കേരള സർക്കാർ അതിനു സമ്മതംമൂളുമോ? ഇത്തരത്തിലുള്ള നടപടികളുടെ പശ്ചാത്തലത്തിൽ കണ്ണൂർ വിസി നിയമനത്തിലെ വിവാദത്തിൽ പുതുമയൊന്നുംതന്നെയില്ല. ഉന്നതവിദ്യാഭ്യാസ മന്ത്രി ചാൻസലർക്കു കത്തു നൽകിയതിൽ എന്തെങ്കിലും ചട്ടലംഘനം കാണുന്നില്ല. എന്നാൽ, നിയമത്തിന്റെയോ ചട്ടത്തിന്റെയോ കീഴ്‌വഴക്കത്തിന്റെയോ പിൻബലവും കാണുന്നില്ല. അതു ഗൗനിക്കാൻ ചാൻസലർ ബാധ്യസ്ഥനല്ലെന്നാണ് എന്റെ പക്ഷം. അത് അദ്ദേഹം പരിഗണിച്ചതോടെയാണു വിവാദം ഉടലെടുത്തത്. അദ്ദേഹത്തിനു തെറ്റുപറ്റി എന്നാണെന്റെ പക്ഷം. 

achuth-sankar
പ്രഫ.അച്യുത്ശങ്കർ എസ്.നായർ

സർവകലാശാലാ നിയമങ്ങളും യുജിസി റഗുലേഷനുംകൂടി കൂട്ടിവായിക്കുമ്പോൾ ഉണ്ടാകുന്ന വൈരുധ്യവും ചിന്താക്കുഴപ്പവും മറയാക്കിയാണു പല തെറ്റായ നടപടികളും ഉണ്ടാകുന്നത്. യുജിസി റഗുലേഷനുകൾ സന്നിവേശിപ്പിച്ചു സർവകലാശാലാ നിയമങ്ങൾ പുതുക്കിയെഴുതാൻ തയാറാകാതിരിക്കുന്നതു വിവാദ തീരുമാനങ്ങൾക്കു വളമിടുന്നു. 

വൈസ് ചാൻസലർ നിയമനത്തെക്കുറിച്ചുള്ള ചർച്ചകൾ എപ്പോഴൊക്കെ ഉയർന്നുവരുന്നോ അപ്പോഴൊക്കെ കേൾക്കുന്ന രണ്ടു കഥകളാണ് ആൽബർട്ട് ഐൻസ്റ്റൈനെ തിരുവിതാംകൂർ സർവകലാശാലാ വിസിയാക്കാൻ ക്ഷണിച്ചതും കേരള സർവകലാശാലാ വിസിയെ മുഖ്യമന്ത്രിയായിരുന്ന ഇഎംഎസ് അങ്ങോട്ടു ചെന്നു സന്ദർശിച്ചതും. ഒന്നാമത്തെ കഥയിലെ ശ്രദ്ധേയമായ കാര്യം ഐൻസ്റ്റൈൻ ക്ഷണം സ്വീകരിച്ചില്ല എന്നുള്ളതുതന്നെ. കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും ഉയർന്ന ബുദ്ധിമാനം (ഐക്യു) ഐൻസ്റ്റൈന്റെ പേരിലാണു രേഖപ്പെടുത്തിയിരിക്കുന്നത് എന്നത് ഇതിനോടു കൂട്ടിവായിക്കാം! 

Kerala-University
കേരള സർവകലാശാല

ഇന്നായിരുന്നു അദ്ദേഹത്തെ ക്ഷണിച്ചു വിസിയാക്കിയിരുന്നതെങ്കിൽ അദ്ദേഹം രാഷ്ട്രീയ നുകംപേറി ഉഴറുന്നതു നാം കാണേണ്ടിവന്നേനേ. വിസിയെ ഇഎംഎസ് ചെന്നുകണ്ട കഥയിൽ വിസിയെ പണ്ഡിതനായും തുല്യനായും ഇഎംഎസ് ബഹുമാനിച്ചിരുന്നു എന്നതാണു കാതൽ. ഈ കഥയുടെ ഗുണപാഠം മുഖ്യമന്ത്രിമാർക്കുള്ളതാണ്; വിസിമാർക്കുള്ളതല്ല. അധികാരത്തിനു മീതെയാണ് അക്കാദമിക്സ് എന്നു രേഖപ്പെടുത്താനാണത്രേ കേരള സർവകലാശാലാ മന്ദിരത്തിന്റെ മണിമേട (ക്ലോക്ക് ടവർ) സെക്രട്ടേറിയറ്റിനെക്കാൾ ഉയർത്തിവച്ചത്. അധികാരത്തോടു സത്യം വിളിച്ചുപറയുന്ന ദർശനമാണ് അതിനു പിന്നിൽ. 

കേരളം ഒരു മനുഷ്യവിഭവ കയറ്റുമതി സംസ്ഥാനമാണ്. സമൂഹപരിണാമത്തിന് ഉതകുന്ന വിജ്ഞാനോൽപാദനവും മനുഷ്യവിഭവ മൂല്യവർധനയും നമ്മുടെ സർവകലാശാലകളിൽ നടക്കുന്നുണ്ടോയെന്നു വിമർശനാത്മകമായി നാം ചിന്തിക്കണം. കയ്യൂക്കിലൂടെയും പ്രചാരണത്തിലൂടെയും മികവു സ്ഥാപിച്ചെടുത്താൽ പോരാ. കംപ്യൂട്ടറിനെ എതിർത്ത സമീപനം തള്ളി ഐടിയെ പ്രോത്സാഹിപ്പിക്കുന്ന നയത്തിലേക്കു തിരിഞ്ഞ രാഷ്ട്രീയ നേതൃത്വങ്ങൾക്ക് ഇതു സാധിക്കുമെന്നാണ് എന്റെ വിശ്വാസം. സർവകലാശാലകളിൽ എന്തു നടക്കുന്നു എന്നു രാഷ്ട്രീയ നേതൃത്വത്തിനു വ്യക്തമായറിയാം. എന്നാൽ, അവയൊക്കെ ഔദ്യോഗിക ചട്ടക്കൂടുകളുടെ തിരശീലയ്ക്കു പിന്നിലായതിനാൽ മിക്കതും തുറന്നു കാണിക്കാൻ സാധാരണക്കാരനു കഴിയില്ല. ഇതിനെല്ലാം പുറമേ നാക് ഗ്രേഡും കേന്ദ്ര സർക്കാരിന്റെ എൻഐആർഎഫ് റാങ്കിങ്ങുമൊക്കെ എന്തിനെയും ന്യായീകരിക്കാവുന്ന പുതിയ ആയുധങ്ങളായി മാറുന്നു. രാഷ്ട്രീയ നേതൃത്വം ആത്മപരിശോധന നടത്തുന്നതുവരെ കാത്തിരിക്കുകയേ നിർവാഹമുള്ളൂ. 

ലോകത്തെ മികച്ച സർവകലാശാലകളുമായി താരതമ്യം ചെയ്താൽ നാം എവിടെ നിൽക്കുന്നെന്നു വസ്തുതാപരമായി പരിശോധിച്ചു ധവളപത്രം പുറപ്പെടുവിക്കാൻ സർക്കാർ നടപടിയെടുത്തില്ലെങ്കിൽ വൈസ് ചാൻസലർമാർ നടപടിയെടുക്കുമോ? അതോ മൂക്കില്ലാ രാജ്യത്തെ മുറിമൂക്കൻ രാജാവാണെന്നു വാദിച്ചെടുത്താൽ മതിയോ? കേരളത്തിന്റെ മനുഷ്യവിഭവശേഷിയോടു ചെയ്യുന്ന കടുത്ത അനീതിയാകും അത്. 

(കേരള സർവകലാശാല 

ബയോ ഇൻഫർമാറ്റിക്‌സ് വകുപ്പ് 

മേധാവിയാണു ലേഖകൻ)

English Summary: Kerala Government vs Universities

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA