ഞെട്ടിച്ച മണിമുഴക്കം

mm-mani
പ്രതീകാത്മക ചിത്രം
SHARE

മണി നല്ലതാണെങ്കിൽ അടിക്കാൻ ആളു വേണമെന്നില്ല. കാറ്റടിച്ചാലും മണി മുഴങ്ങും. അങ്ങനെ മുഴങ്ങുന്ന മണിയാണ് ഇടുക്കി ഗോൾഡായ മണിയാശാൻ. കാറ്റടിച്ചാൽ മുഴങ്ങുന്ന മണിയിലൊന്നു തട്ടുകകൂടി ചെയ്താലോ? നിലയ്ക്കാതെ അടിക്കും. അങ്ങനെയൊന്നു തട്ടിയതിന്റെ തട്ടുകേട് അനുഭവിക്കുകയാണു മുൻ എംഎൽഎ രാജേന്ദ്രൻ. വാട്ടുകപ്പയും കട്ടൻചായയും തങ്കത്തമിഴും മാത്രം അറിയാമായിരുന്ന പയ്യൻ. ഹൈറേഞ്ചിലെ തോട്ടങ്ങൾക്കിടയിൽ ലോ റേഞ്ചിലായിരുന്നു രാഷ്ട്രീയത്തുടക്കം. മണിയാശാന്റെ വായ്മൊഴി വഴക്കവും അംഗവിക്ഷേപങ്ങളും ആസ്വദിച്ചു. ഓരോ വിരലും മാത്രമല്ല കൈ മൊത്തമായും ചലിക്കുന്നതിന്റെ താളം പഠിച്ചു. അർഥം അറിയാൻ പുസ്തകങ്ങൾ പരതേണ്ടി വന്നില്ല. അസഭ്യം, പുലഭ്യം, സർവത്ര പുച്ഛം ഇവയൊക്കെ ആശാനുമേൽ ആരോപിക്കുന്നവരെ ശിഷ്യൻ അടിച്ചോടിച്ചു. തോളിൽ ചെങ്കൊടിയും ചുണ്ടിൽ മുദ്രാവാക്യവുമായി ആശാന്റെ പിന്നാലെ കൂടി. എല്ലാറ്റിനും ആദ്യവും അവസാനവും ആശാൻ മാത്രം. ശിഷ്യനെ ആശാൻ ദേവികുളത്തുനിന്നു വിജയിപ്പിച്ചെടുത്തു. ഒന്നല്ല, മൂന്നു തവണ. അക്കാലം പക്ഷേ, കൈവിട്ടുപോയി.

ആശാനും ശിഷ്യനും അകലത്തിലാണിപ്പോൾ. ആദ്യം തലയ്ക്കു മുകളിലൂടെ ചാടിയത് ആശാൻ സഹിച്ചു. പിന്നെ, കളരിക്കു മുകളിലൂടെയായി. അതു കണ്ടപ്പോൾ ഒരു ചിരി ചിരിച്ചു. കാന്താരിമുളകുപോലെ ഉടയ്ക്കുമെന്ന് അന്നേ ശപഥം ചെയ്തു.

വൺ, ടൂ, ത്രീ പറഞ്ഞതിന് ആശാൻ അഴിക്കുള്ളിലായ കാലം. ഒരു ജയചന്ദ്രൻ ജില്ലയിലെ ചോദ്യമോ ചിഹ്നമോ ഇല്ലാത്ത നേതാവായി. ആശാൻ യുഗം അവസാനിച്ചുവെന്നു പലരും കുറിച്ചു. കൂട്ടത്തിൽ രാജേന്ദ്രനും. അങ്ങനെ ജയപക്ഷത്തു ചേർന്നു. അഴിക്കുള്ളിൽനിന്നു പുറത്തുവന്നപ്പോൾ ആശാൻ കണ്ടു, ശിഷ്യൻ മറുചേരിയിൽ. ശ്രീകോവിലിലെ പൂജാരി ഒപ്പമുണ്ടെങ്കിൽ അടിച്ചുതളിക്കാരെ ഭയക്കണോ? ആശാന് എകെജി സെന്ററിൽ ആളുണ്ടായിരുന്നു. രാജാ വിജയസിംഹൻ. അതോടെ ഉടുമ്പൻചോലയിൽ മത്സരക്കളം കിട്ടി. പിന്നാലെ മന്ത്രിയുമായി.

edit
കാർട്ടൂൺ ചിത്രം

കളം മാറിക്കളിച്ച രാജേന്ദ്രന്റെ കണ്ടകശനിയും അവിടെ ആരംഭിച്ചു. ഞണ്ടിന്റെ കാലൊടിച്ച് ഇടുമല്ലോ അനങ്ങാതിരിക്കാൻ. ആദ്യമേ ആശാൻ അതങ്ങു ചെയ്തു. പാർട്ടിയിലും ഭരണത്തിലും ഒരു പിടിപാടുമില്ലാതെ രാജേന്ദ്രൻ പി‍‍‍ടഞ്ഞു. ആശാന്റെ കാൽക്കൽവീണു സമസ്താപരാധം പറയാൻ ശ്രമിച്ചു. അച്ഛനെയും അമ്മയെയും കുടുംബത്തെയും നോക്കി വീട്ടിലിരിക്കെടാ എന്നു പറഞ്ഞു വിരട്ടിവിട്ടു. ആരു കേട്ടാലും അതൊരു സാരോപദേശമായേ കരുതുമായിരുന്നുള്ളൂ. ഒന്നര പതിറ്റാണ്ടായി തമിഴ്നാട്ടിൽ കഴിയുന്ന അച്ഛനെയും അമ്മയെയും പരിചരിക്കാൻ പോയാൽ ഇടുക്കിയിൽനിന്നു തന്നെ രാജേന്ദ്രനാമം ഇല്ലാതാക്കാം. അതായിരുന്നു ആശാന്റെയുള്ളിൽ.

ജില്ലാ സമ്മേളനം വന്നപ്പോഴും വിട്ടില്ല. ചെമ്പ്, തകിട്, കുട്ട, വട്ടികൾ കാണാതായതുൾപ്പെടെ എല്ലാ കേസുകളും തലയിൽ കെട്ടിവച്ച് പാട്ടയും കൊട്ടി ഓടിച്ചു. രാജേന്ദ്രൻ പക്ഷേ, ഒരുമുഴം മുൻപേ കാര്യങ്ങൾ കണ്ടു. മാർക്സില്ലാ കമ്യൂണിസത്തിലേക്കു രായ്ക്കുരാമാനം വഴിവെട്ടി. അരിവാളിനു കുറുകെയുള്ള ചുറ്റിക എടുത്തെറിഞ്ഞ് അവിടെ നെൽക്കതിർ വച്ചാൽ മതിയല്ലോ. ഇനി കാനച്ചോലയിൽ നിൽക്കും രാജേന്ദ്രൻ; പന്ന്യകേശം തഴുകുകയും ചെയ്യാം.

വയ്യാവേലികളെ വാരിപ്പുണർന്ന്...

വഴിയേ പോയ വയ്യാവേലി, വഴിയിൽ കിടക്കുന്ന പാമ്പ്. ഇതിനെയൊക്കെയെടുത്ത് എങ്ങാണ്ടെങ്കിലും വയ്ക്കുക. എന്നിട്ട് അതിന്റെ പുളച്ചിലിൽ പി‍‍‍‍‍ടഞ്ഞു തുള്ളുക. കോൺഗ്രസിൽ ഇന്നും ഇന്നലെയും തുടങ്ങിയതല്ല ഈ കലാപ്രകടനം. നാളെയൊരു നാൾ ഇത് അവസാനിക്കുമെന്നു പ്രവചിക്കാൻ കെൽപുള്ളവരുമില്ല.

രാജ്ഭവനിൽ നിന്നൊരു കത്ത്. മിസ്റ്റർ മുഖ്യൻ, താങ്കളും പാർട്ടിയും പറയുന്നതിന് അടിയൊപ്പിടാൻ അടിമയല്ല ഞാൻ. ചാൻസലർ സ്ഥാനം നിങ്ങളെല്ലാവരും കൂടി പങ്കിട്ടെടുത്തോളൂ! ഇതോടെ ഗവർണറും മുഖ്യനും തമ്മിലൊരു യുദ്ധം പലരും മനസ്സിൽ കണ്ടു. ആവശ്യനേരങ്ങളിൽ മൗനത്തിന്റെ തണലിൽ ജീവിക്കുന്ന മുഖ്യനുണ്ടോ പക്ഷേ മറുപടി പറയാൻ? ചാൻസലറേ, പിണങ്ങിപ്പോകല്ലേയെന്നു ബാലേഷ്ണൻ സഖാവ്; വേണ്ടെങ്കിൽ കളഞ്ഞിട്ടു പോകട്ടെയെന്നു ചെറിയേട്ടൻ കാനസഖാവ്. ഇതിനിടെ കണ്ണൂർ വിസിയെ അവിടെ തുടരാൻ അനുവദിക്കണമെന്ന ബിന്ദു ടീച്ചറുടെ കത്തും പുറത്ത്. എല്ലാം കൂടി ജഗപൊഗ. സർക്കാരും ഗവർണറും തമ്മിലുള്ള അടി ഉടനെന്നു കുറിച്ച് അക്ഷമയോടെ കാത്തിരിക്കുകയായിരുന്നു നാട്ടുകാർ.

vimathan
പ്രതീകാത്മക ചിത്രം

അപ്പോഴാണു വഴിയേപോയ വയ്യാവേലിയെന്നപോലെ പ്രതിപക്ഷം വേണ്ടാത്തതൊക്കെ എടുത്തു മടിയിൽ വച്ചത്. അതോടെ കണ്ണൂർ വിസിയുടെ പുനർനിയമനവും വെല്ലുവിളിക്കാരും തിരശീലയ്ക്കു പിന്നിൽ. ചട്ടം മറന്നു രാജ്ഭവനിലേക്കു കത്തുമായി ചാടിയ ടീച്ചറെപ്പോലും ജനം മറന്നു. ചെന്നിനായകന്റെ വെളിപ്പെടുത്തലും അനിയൻ സതീശന്റെ പിണക്കവുമൊക്കെയായി പിന്നീടുള്ള വിശേഷങ്ങൾ. രാഷ്ട്രപതിക്കു ഡി ലിറ്റ് കൊടുക്കണമെന്നു കേരള വിസിയോടു ഗവർണർ ആവശ്യപ്പെട്ട രഹസ്യവിവരം സതീശനു കിട്ടിയിരുന്നു. മാലോകരോട് അതു വിളിച്ചുപറയുന്നതിനു മുൻപായി കുളിച്ചൊരുങ്ങാൻ പോയപ്പോഴാണു ചാനലുകളിൽ ബ്രേക്കിങ്! ചെന്നിനായകൻ സതീശനെ കടത്തിവെട്ടുന്നു. ഗവർണറുടെ ആവശ്യവും അതിന്റെ പിന്നാമ്പുറങ്ങളുമൊക്കെ വാരിവലിച്ചിടുകയാണു ചേട്ടൻ. ഉച്ചിയിൽ കൈ വച്ചുപോയി അനിയൻ. സ്വന്തം എക്സ്ക്ലൂസീവ് ചേട്ടൻ അടിച്ചോണ്ടു പോയല്ലോ ഭഗവാനേ!

വിട്ടുകൊടുക്കാൻ തയാറല്ലായിരുന്നു അനിയൻ. ഗവർണറെ അപമാനിച്ചെന്നു ചേട്ടൻ പറഞ്ഞതിനെ അനിയൻ തിരിച്ചുവച്ചു. രാഷ്ട്രപതിക്കു ഡി ലിറ്റ് കൊടുക്കണമെന്നതു വിസിയുടെ ചെവിയിൽ പറയേണ്ട കാര്യമാണോ? ഇതിനൊക്കെ വ്യവസ്ഥകളില്ലേ? വാദിയായി വന്ന ഗവർണറെ ഒറ്റയടിക്കു സതീശൻ പ്രതിയാക്കി മാറ്റി. അപ്പോഴാണു സർവകലാശാലാ ചട്ടങ്ങളിൽ നീരാടിയ കോൺഗ്രസുകാർ അറിവു വിളമ്പിയത്. ഗവർണർ പറഞ്ഞതിൽ തെറ്റില്ല. ഒരാൾക്കു ഡി ലിറ്റ് കൊടുക്കണമെന്ന് ഏതു പൗരനും ആവശ്യപ്പെടാം. 

അനിയനുണ്ടോ സമ്മതിക്കാൻ? കയ്യിലിരിക്കുന്നതിനു മാത്രമല്ല, കൂട്ടിൽ കിടക്കുന്ന മുയലുകൾക്കു വരെ മൂന്നു കൊമ്പുണ്ടെന്ന ഭാവം വിടാതെ ഗവർണറെ ചൊറിഞ്ഞുകൊണ്ടേയിരുന്നു. രാഷ്ട്രീയ സാഗരമേറെ നീന്തിക്കടന്ന ഗവർണറുണ്ടോ വിടാൻ? അനിയനെ ഓടിച്ചിട്ടു തല്ലി. അതു സഹിക്കാമായിരുന്നു. പക്ഷേ, സർക്കാരിന്റെ ആളല്ലേ എന്ന ചോദ്യം മുനവച്ചതായിപ്പോയി. മുഖ്യനാം രാജാവിന്റെ ഭക്തനല്ലേയെന്നും പറഞ്ഞു. പറഞ്ഞു പറഞ്ഞു വിവരമില്ലാത്തവരോട് ഒന്നും പറയാനില്ലെന്നു വരെ പറഞ്ഞുകളഞ്ഞു ഗവർണർ. സ്വന്തം നെഞ്ചിലേക്കു വന്ന കൂരമ്പ് എങ്ങനെ തടയുമെന്നു നിശ്ചയമില്ലാതെ കുഴങ്ങിയിരിക്കുകയായിരുന്നു അതുവരെ രാജാ വിജയസിംഹൻ. അപ്പോഴുണ്ട് അനിയൻ അതു ശിരസ്സിൽ ഏറ്റുവാങ്ങി മുറ്റുത്തുകിടന്നു പിടയ്ക്കുന്നു. ഇതൊക്കെ കാണുമ്പോൾ വിജയസിംഹന് ആകെ കൺഫ്യൂഷൻ –കരയണോ ചിരിക്കണോ?

ഫയൽവാനും മറിമായനും

ആരോഗ്യ ഡയറക്ടറേറ്റിലെ അഞ്ഞൂറിലേറെ ഫയലുകൾ വാനിൽ കയറ്റിക്കൊണ്ടുപോയ ആളെ ഫയൽവാൻ എന്നു വിളിക്കാനാകുമോ? വിളിക്കാം, പക്ഷേ, ആളെ തിരിച്ചറിയേണ്ടേ? അപ്പോഴുണ്ടു സർക്കാരിന്റെ മരുന്നു കോർപറേഷനിൽ നിന്നൊരു നിലവിളി, ഇവിടെ 1,500 ഫയലുകൾ കാണാനില്ല. കംപ്യൂട്ടറിൽനിന്നു ഫയൽ മായ്ച്ച ആളെ മറിമായൻ എന്നു വിളിക്കാമോ?. അവിടെയും പക്ഷേ, ആളെ ഇതുവരെ കണ്ടുകിട്ടിയില്ല.

കോവിഡ്കാലത്തു നാട്ടുകാർക്കു കണ്ണീരും കയ്യും; ഭരിപ്പവർക്കു കയ്യിട്ടുവാരലും കയ്യുറക്കച്ചവടവും! മാറാദുരിതം വന്നപ്പോഴും കോടികളുടെ ഒഴുക്ക്. കേന്ദ്രവും സംസ്ഥാനവും ഖജനാവ് തുറന്നിട്ടു കൊടുത്തതാണ്. കച്ചവടത്തിനു കരാറില്ല, കടലാസുമില്ല. സാറന്മാർക്കു തോന്നിയ വിലയ്ക്കു കമ്മിഷൻ ഉറപ്പിച്ചു. നാടാകെ ആംബുലൻസുകൾ ചീറിപ്പാഞ്ഞപ്പോൾ, ഓഫിസുകളാകെ അടഞ്ഞുകിടന്നപ്പോൾ ആയിരുന്നു കൊള്ള. പുര കത്തുമ്പോഴല്ലേ വാഴ വെട്ടനാവൂ. വാഴത്തോട്ടം തന്നെ അവർ പതിച്ചെടുത്തു. ഡയറക്ടറേറ്റിൽ ഒരാഴ്ചയിലേറെയായി ഫയലുകൾ തപ്പിയത്രേ. ഒരു ഫയൽ അന്വേഷിച്ചു തുടങ്ങിയപ്പോൾ ചെന്നെത്തിയതു കാണാതായ 500 ഫയലുകളിൽ. മോഷ്ടിച്ചവർ തന്നെ മുന്നിൽനിന്നു തപ്പിയെന്നും പറയുന്നുണ്ട്. ഓരോ ഫയലിലും ഓരോ ജീവിതമെന്നൊക്കെ മുഖ്യന്റെ വാക്യം നമ്മൾ ഏറെ കേട്ടതാണ്. അങ്ങനെയെങ്കിൽ എത്ര ജീവിതമാണു മാഞ്ഞുപോയത്.

മരുന്നു കോർപറേഷനു കയ്യുറ വേണം. നാട്ടിലുള്ള കമ്പനികളെല്ലാം 10 രൂപയിൽ താഴെയുള്ള നിരക്കിൽ കൊടുക്കാമെന്നു പറഞ്ഞു. അതിനു കൈ കൊടുത്തില്ല. ഇതുവരെ ഇല്ലാത്ത കമ്പനിയിൽനിന്ന് ഇരട്ടി വിലയ്ക്കു വാങ്ങി. അങ്ങനെ 5 കോടി മറിഞ്ഞപ്പോഴാണു കൊയ്ത്തിനു പാടം പാകമായെന്നു മനസ്സിലായത്. പിപിഇ കിറ്റ് മുതൽ സിറിഞ്ചുവരെ എല്ലാറ്റിനും കമ്മിഷനോടു കമ്മിഷൻ. ഇതിപ്പോൾ ഭരണകക്ഷിക്കാരോടു ചോദിച്ചാൽ അതു കഴിഞ്ഞ സർക്കാരിന്റെ കാലത്തല്ലേ എന്നായിരിക്കും അവരുടെ മറുപടി. കഴിഞ്ഞതും നിങ്ങളുടേതല്ലേയെന്നു വീണ്ടും ചോദിച്ചാൽ കഴിഞ്ഞതു കഴിഞ്ഞില്ലേയെന്ന മറുചോദ്യത്തിന്റെ കയ്യുറകൊണ്ടു മുഖം മറയ്ക്കാം.

English Summary: Rajendran-mm mani issue in idukki

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA