ADVERTISEMENT

കുറച്ചുനാളത്തെ ശാന്തതയ്ക്കുശേഷം കേരളത്തിലെ കലാലയ രാഷ്ട്രീയം വീണ്ടും നിണമണിയുകയാണ്. ഇടുക്കി പൈനാവ് ഗവ. എൻജിനീയറിങ് കോളജിൽ എസ്എഫ്ഐ പ്രവർത്തകനായ വിദ്യാർഥി കുത്തേറ്റു മരിച്ചതു നാടിനെ ഞെട്ടിക്കുന്നു. ഒരു കുടുംബത്തിന്റെ പ്രതീക്ഷയായിരുന്ന ധീരജ് രാജേന്ദ്രനു പ്രാകൃതരാഷ്ട്രീയത്തിന്റെ കത്തിമുനയിൽ ജീവൻ നഷ്ടപ്പെടുമ്പോൾ കേരളം ഒരിക്കൽക്കൂടി ദുഃഖത്തോടെ, കുറ്റബോധത്തോടെ തലതാഴ്ത്തുകയാണ്. വിദ്യാഭ്യാസ നിലവാരത്തെക്കുറിച്ചും സാക്ഷരതയെക്കുറിച്ചും പെരുമകൊള്ളുന്ന സംസ്ഥാനം ഈ ഹീനകൃത്യത്തിന്റെ പേരിൽ ലജ്ജിക്കണം. നാം അഭിമുഖീകരിക്കുന്ന അത്യന്തം ഭീഷണമായ ഒരു സാഹചര്യത്തെക്കുറിച്ചു പൊതുസമൂഹത്തെ ആവർത്തിച്ച് ഓർമിപ്പിക്കുകയാണ് ഈ ദുരന്തം.

കോളജ് യൂണിയൻ തിരഞ്ഞെടുപ്പിനിടെ കെഎസ്‌യു–യൂത്ത് കോൺഗ്രസ് പ്രവർത്തകരും എസ്എഫ്ഐ പ്രവർത്തകരും തമ്മിലുണ്ടായ സംഘർഷത്തിലാണ് ധീരജിനു കുത്തേറ്റത്. എസ്എഫ്ഐ പ്രവർത്തകരായ രണ്ടു വിദ്യാർഥികൾക്കും കുത്തേറ്റിട്ടുണ്ട്. സംഭവത്തിൽ യൂത്ത് കോൺഗ്രസ് വാഴത്തോപ്പ് മണ്ഡലം പ്രസിഡന്റിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പുറത്തുനിന്നെത്തിയ ഈ യുവാവ് കയ്യിൽ കരുതിയ കത്തിയെടുത്ത് ധീരജിനെയും കൂടെയുണ്ടായിരുന്ന വിദ്യാർഥികളെയും കുത്തുകയായിരുന്നുവെന്നു ദൃക്സാക്ഷികൾ പൊലീസിനോടു പറഞ്ഞു. ആസൂത്രിത കൊലപാതകമാണിതെന്ന് സിപിഎമ്മും എസ്എഫ്െഎയും ആരോപിക്കുന്നു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തു പലയിടത്തും സംഘർഷങ്ങളുണ്ടായി.

കോളജിലുണ്ടാവുന്ന നിസ്സാരകാര്യങ്ങൾപോലും പുറത്തുനിന്നുള്ളവരുടെ ഇടപെടലിൽ ഗുരുതരമാവുന്നു. ഇപ്പോൾ സംഭവിച്ചതും അതുതന്നെ. ഇത്തരം അക്രമികളെ കർശനമായി നിയന്ത്രിച്ചേതീരൂ. കലാലയ രാഷ്ട്രീയം കേരളത്തിൽ ഒട്ടേറെ കുടുംബങ്ങൾക്ക് ഇതിനകം തോരാക്കണ്ണീർ നൽകിക്കഴിഞ്ഞു. കോളജിനകത്തെ അക്രമവും പുറത്തുനിന്നുള്ളവരുടെ ഇടപെടലും ഇനിയെങ്കിലും ഉണ്ടാകാതിരിക്കാൻ എന്തുവേണമെന്നു ബന്ധപ്പെട്ടവർ ആലോചിക്കേണ്ട സമയം വൈകി.
മുതിർന്നവരിൽനിന്നുതന്നെയാണു വിദ്യാർഥി– യുവജന സംഘടനകൾക്ക് അസഹിഷ്‌ണുതയും അക്രമവാസനയും പകർന്നുകിട്ടുന്നത്. തങ്ങളുടെ സംഘടനകളെ നേർവഴിക്കു നയിക്കേണ്ട ഉത്തരവാദിത്തം മാതൃസംഘടനകൾ മറക്കുമ്പോൾ യുവതയ്ക്കതു പ്രാകൃത പ്രവർത്തനങ്ങൾക്കുള്ള ഉത്തേജകമരുന്നായിത്തീരുകയും കാര്യങ്ങൾ കൈവിട്ടുപോകുകയും ചെയ്യുന്നു.

അക്രമം നടന്ന ഇടുക്കി ഗവ. എൻജിനീയറിങ് കോളജ് അനിശ്ചിത കാലത്തേക്ക് അടച്ചുകഴിഞ്ഞു. ക്യാംപസിലെ അക്രമങ്ങളിലും മറ്റും കുരുതികഴിക്കപ്പെടുന്നത് അസംഘടിതരായ ഭൂരിപക്ഷം വിദ്യാർഥികളുടെ അവകാശങ്ങളും അവരുടെ ഭാവിതന്നെയുമാണ്. കോവിഡ്കാലത്തെ ദീർഘമായ അടച്ചിടലിനുശേഷം കലാലയങ്ങൾ തുറന്ന് ഏറെനാൾ പിന്നിടുംമുൻപാണ് ഇപ്പോഴത്തെ ദാരുണസംഭവം.

ഒരുകാലത്തു നന്മയുടെയും പരസ്പര സ്നേഹത്തിന്റെയും സർഗാത്മകതയുടെയും വിളനിലമായിരുന്ന വിദ്യാലയങ്ങളിലും കോളജുകളിലും തെളിയുന്ന അക്രമ, അരാജകത്വ വാസനകളിൽനിന്നു വിദ്യാർഥികളെ മോചിപ്പിക്കാൻ അധ്യാപകർക്കും രക്ഷിതാക്കൾക്കുമൊപ്പം രാഷ്ട്രീയനായകരും മുന്നിട്ടിറങ്ങിയേ തീരൂ. സാമാന്യബോധം പോലുമില്ലാതെ, തോന്നിയപടി പെരുമാറുന്ന പ്രവർത്തകരെ ഉത്തരവാദിത്തബോധമുള്ള സംഘടനാ നേതൃത്വങ്ങൾ ഒരിക്കലും സംരക്ഷിക്കാനും പാടില്ല. കത്തിമുനയിലെ ചോരക്കറ കൊണ്ടല്ല, മാതൃകാപരവും നവീനവുമായ പ്രവർത്തനങ്ങളിലൂടെയാണു വിദ്യാർഥി– യുവജനസംഘടനകൾ മറ്റുള്ളവരുടെ മനസ്സിൽ ചേക്കേറേണ്ടത്.

ലക്ഷ്യബോധമോ അച്ചടക്കമോ സ്നേഹമോ കരുതലോ ഇല്ലാത്ത തലമുറകളെ വളർത്തി ക്രൂരത പരിശീലിപ്പിക്കുന്നതാവരുത് രാഷ്‌ട്രീയം. ഇളമുറക്കാരെ അക്രമശൈലിയിൽനിന്നു പിന്തിരിപ്പിച്ചില്ലെങ്കിൽ നാടിന്റെയും സമൂഹത്തിന്റെയും വരുംകാലം എന്താകുമെന്ന് എല്ലാ രാഷ്‌ട്രീയ കക്ഷികളിലെയും മുതിർന്ന നേതാക്കൾ ചിന്തിക്കാൻ സമയമായി. പേനയ്ക്കുപകരം കത്തിയെടുക്കുന്ന വിദ്യാർഥി – യുവജന രാഷ്ട്രീയത്തെ എന്നേക്കുമായി തിരുത്താൻ തയാറായാലേ നവകേരളത്തിനു തലയുയർത്താൻ കഴിയൂ. മനുഷ്യത്വത്തിന്റെയും സഹിഷ്‌ണുതയുടെയും സഹജാവബോധത്തിന്റെയും പാഠങ്ങൾ നമ്മുടെ യുവജനതയ്ക്കു പകർന്നുകൊടുക്കാൻ സമൂഹം മുന്നിട്ടിറങ്ങുകകൂടി വേണം.

English Summary: Editorial on Campus Politics

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com