കരുതലിന് രണ്ടുദിനം

Parental-Leave-1248
SHARE

എല്ലാ വർഷാരംഭത്തിലും പ്യൂൺ മുതൽ ചീഫ് സെക്രട്ടറി വരെ എല്ലാ ജീവനക്കാർക്കും 2 ദിവസം ‘പേരന്റൽ ലീവ്’ അനുവദിക്കുന്ന നിയമം അസമിൽ നിലവിൽ വന്നു. സ്വന്തം മാതാപിതാക്കൾക്കൊപ്പമോ പങ്കാളിയുടെ മാതാപിതാക്കൾക്കൊപ്പമോ ചെലവഴിക്കാൻ ജനുവരിയിലെ രണ്ടാം ശനിയാഴ്ചയും ഞായറാഴ്ചയും ചേർത്ത് ആകെ നാലു ദിവസം അവധിയാണ് അസമിൽ സർക്കാർ ജീവനക്കാർക്കു ലഭിക്കുക. മാതാപിതാക്കളിൽ ആരെങ്കിലും ഒരാൾ കൂടെയുണ്ടെന്നു തെളിയിക്കുന്ന ഫൊട്ടോഗ്രഫ് ആണു തെളിവായി ഹാജരാക്കേണ്ടത്.

മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ നവീനപദ്ധതിയെ പ്രശംസിച്ചു മന്ത്രിമാരും എംഎൽഎമാരും ഇതിനകം മാതാപിതാക്കൾക്കൊപ്പമുള്ള ഫോട്ടോകൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു കഴിഞ്ഞു. രണ്ടു വർഷം മുൻപ്, ധനമന്ത്രിയായിരിക്കെ ഹിമന്ത ബിശ്വ ശർമ സ്വീകരിച്ച മറ്റൊരു നടപടി ശ്രദ്ധേയമായിരുന്നു. ആശ്രിതരായ മാതാപിതാക്കളെ സംരക്ഷിക്കാത്ത ജീവനക്കാരുടെ ശമ്പളത്തിന്റെ 10 ശതമാനം സർക്കാർ തന്നെ പിടിച്ചെടുത്തു മാതാപിതാക്കളുടെ അക്കൗണ്ടിലേക്കു മാറ്റുമെന്ന തീരുമാനമായിരുന്നു അത്.

മുഴുവൻ സമയം സേവനരംഗത്തുള്ള പൊലീസ്, ഫയർഫോഴ്സ്, ആരോഗ്യ വകുപ്പു ജീവനക്കാർക്കാണ് അസമിലെ പുതിയ സ്കീം വലിയ ആശ്വാസം പകർന്നത്. മൂന്നു വർഷം മുൻപ്, കമൽനാഥ് മുഖ്യമന്ത്രിയായിരിക്കെ മധ്യപ്രദേശ് സർക്കാർ പൊലീസുകാർക്കു കുടുംബത്തോടൊപ്പം ചെലവഴിക്കാൻ നിർബന്ധിത ആഴ്ച അവധി ഏർപ്പെടുത്തിയിരുന്നു. പേരന്റൽ ലീവ് എന്ന അസം മുഖ്യമന്ത്രിയുടെ പദ്ധതിക്കു സമ്മിശ്ര പ്രതികരണമാണു ലഭിച്ചത്. മുതിർന്ന കുടുംബാംഗങ്ങളോടുള്ള പ്രത്യേക

കരുതലായി ഈ അവധിക്കു പ്രശംസ ലഭിക്കുമ്പോൾ, എതിർ സ്വരങ്ങളും ഉയരുന്നുണ്ട്. ഒരു വർഷം പത്തൊൻപതോളം പൊതുഅവധികൾ നിലവിലുള്ളപ്പോൾ സർക്കാർ ഓഫിസുകൾ രണ്ടു ദിവസം കൂടി അടച്ചിടുന്നത് ഉചിതമാണോ എന്ന ചോദ്യമാണ് വിമർശകർ ഉന്നയിക്കുന്നത്. അസമിലെ സർക്കാർ വകുപ്പുകളിലെ സേവനങ്ങളുടെ കാര്യം ശോചനീയമാണ്. ശക്തമായ മഴ, മോശം വാർത്താവിനിമയ സംവിധാനം, ചുവപ്പുനാടയുടെ അതിപ്രസരം എന്നിങ്ങനെയുള്ള തടസ്സങ്ങൾ മൂലം സംസ്ഥാനത്തെ സർക്കാർ ഓഫിസുകളുടെ പ്രകടനം ഒട്ടും മെച്ചമല്ല. ജീവനക്കാർ അനർഹമായ ഒട്ടേറെ ആനുകൂല്യങ്ങളും ഇളവുകളും പിടിച്ചുവാങ്ങുന്നുവെന്ന വിമർശനം മുൻപേയുള്ളതുമാണ്.

എന്നാൽ, സർക്കാർ ജീവനക്കാരും കുടുംബങ്ങളും അവരുടെ ബന്ധുക്കളുംകൂടി ചേരുമ്പോൾ ശക്തമായ വോട്ട് ബാങ്കാകുന്നുവെന്ന യാഥാർഥ്യം ഭരണനേതൃത്വത്തെ പ്രലോഭിപ്പിക്കുന്നു. രണ്ടു ദിവസം അധിക അവധി നൽകുന്നതിനെക്കാൾ, മാതാപിതാക്കളെയും ആശ്രിതരെയും സംരക്ഷിക്കാൻ കൂടുതൽ സാമ്പത്തിക പിന്തുണയാണു നൽകേണ്ടതെന്ന് അസമിലെ സർക്കാർ ജീവനക്കാരുടെ ഒരു സംഘടന ഇതിനിടെ ആവശ്യപ്പെടുകയും ചെയ്തു.

എന്നാൽ, രാജ്യത്ത് ഏറ്റവും സഹാനുഭൂതി പകരുന്ന ഭരണകൂടമാണു തന്റേതെന്നാണു ശർമ അവകാശപ്പെടുന്നത്. കൂട്ടുകുടുംബം അടക്കം കുടുംബമൂല്യങ്ങൾ ശക്തമാക്കുകയാണു സർക്കാരിന്റെ ലക്ഷ്യം. പേരന്റൽ ലീവ് ലഭിക്കുന്നതോടെ, തൊഴിൽപരമായ സാഹചര്യങ്ങളിൽ അകന്നു കഴിയുന്ന മാതാപിതാക്കൾക്കും മക്കൾക്കും ഒരുമിച്ചു സമയം ചെലവഴിക്കാനും കുടുംബബന്ധം ദൃഢമാക്കാനും അവസരം ലഭിക്കുമെന്നു മുഖ്യമന്ത്രി പറയുന്നു. സന്തോഷകരമായ കുടുംബാന്തരീക്ഷം ഉണ്ടെങ്കിൽ ജീവനക്കാരുടെ പ്രവർത്തനക്ഷമത മെച്ചപ്പെടുമെന്നും അദ്ദേഹം വാദിക്കുന്നു.

പേരന്റൽ ലീവ് എത്രമാത്രം ഫലപ്രദമാണ് എന്നു പരിശോധിക്കാനുള്ള സംവിധാനം കൂടി സർക്കാർ ആരംഭിച്ചിട്ടുണ്ട്. മറ്റ് അവധികൾപോലെ ഇതും കടന്നുപോകുമോ എന്നു വിലയിരുത്താനായി എല്ലാ വകുപ്പു തലവന്മാരോടും കോൺഫിഡൻഷ്യൽ റിപ്പോർട്ട് കൂടി സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. അസം സർക്കാരിന്റെ തീരുമാനം വന്നതോടെ, ബിജെപി ഭരിക്കുന്ന മറ്റു സംസ്ഥാനങ്ങളിലും സമാനമായ അവധിക്കായി മുറവിളി ഉയരുന്നുണ്ട്.

കുടുംബാവശ്യത്തിനായി ജീവനക്കാർക്കു കൂടുതൽ അവധികൾ നൽകണമെന്നു കാലാകാലങ്ങളായി വിവിധ ശമ്പള കമ്മിഷനുകളും ശുപാർശ ചെയ്തിട്ടുള്ളതാണ്. വനിതാ ജീവനക്കാരുടെ എണ്ണം വർധിച്ചതോടെ അവർക്കു കുടുംബത്തിൽ ചെലവഴിക്കാൻ കൂടുതൽ സമയത്തിനുവേണ്ടിയുള്ള സമ്മർദവും വ്യാപകമായി.
കുട്ടികളുടെ പരിപാലനത്തിനായി വനിതാജീവനക്കാർക്കു പ്രത്യേക അവധികൾ വിവിധ സംസ്ഥാന സർക്കാരുകൾ നൽകുന്നുണ്ട്. ഇതു പല സംസ്ഥാനങ്ങളിലും വ്യത്യസ്തമാണ്.

കേന്ദ്ര സർക്കാർ ജീവനക്കാരായ സ്ത്രീകൾക്കു കുട്ടികളെ നോക്കാനായി പരമാവധി രണ്ടു വർഷം വരെ വിവിധ ഗഡുക്കളായി അവധി എടുക്കാവുന്നതാണ്. കുട്ടികളെ ഒറ്റയ്ക്കു വളർത്തുന്ന പുരുഷന്മാർക്കും ഇപ്പോൾ ഈ ആനുകൂല്യം ലഭിക്കും. കുഞ്ഞു ജനിക്കുമ്പോൾ പുരുഷ ജീവനക്കാർക്കുകൂടി അവധി അനുവദിക്കുന്നതും കേന്ദ്ര സർക്കാർ തുടങ്ങിവച്ചിട്ടുണ്ട്. പേരന്റൽ ലീവ് എന്ന അസം സർക്കാരിന്റെ പരീക്ഷണത്തോടു കേന്ദ്ര സർക്കാരും വിവിധ സംസ്ഥാന സർക്കാരുകളും എങ്ങനെ പ്രതികരിക്കുമെന്നറിയാൻ കാത്തിരിക്കാം.

English Summary: Parental Leave in Assam

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA