ADVERTISEMENT

സുഗന്ധവ്യഞ്ജ‍നങ്ങളുടെ റാണി‍യാണ് ഏലം. സുഗന്ധമേറെ‍യാണെങ്കിലും വിലയുടെ കാര്യത്തിൽ ഏലം ഇപ്പോൾ റാണിയല്ല. ഏലക്കായയ്ക്കു വിലയിടിഞ്ഞതോടെ സംസ്ഥാനത്തെ ഏലത്തോട്ടങ്ങളിൽ കനത്ത ആശങ്ക നിറയുകയാണ്. കേരളത്തിൽ ഏകദേശം 33,000 കുടുംബങ്ങളാണ് ഏലക്കൃഷിയിൽ ഏർപ്പെട്ടിട്ടുള്ളത്. ഒരു വർഷത്തിനിടെ ഏലത്തിന്റെ വില പകുതിയായതോടെയാണു കർഷകർ വൻ പ്രതിസന്ധിയിലായത്. സ്‌പൈസസ് ബോർഡ് ഇന്നലെ നടത്തിയ രണ്ട് ഇ-ലേലങ്ങളിൽ 1217 രൂപയും 1287 രൂപയുമായിരുന്നു കിലോയ്ക്കു ശരാശരി വില.

അതേസമയം, ഇടുക്കി കട്ടപ്പന കമ്പോളത്തിലെ ശരാശരി വില 650-825 രൂപയാണ്. ഒരു കിലോ ഏലക്കായ ഉൽപാദിപ്പിക്കാൻ മാത്രം 1000 രൂപ വരെ ചെലവാകുന്ന സാഹചര്യത്തിലാണ് ഈ കഷ്ടസ്ഥിതി. 2019 ഓഗസ്റ്റ് മൂന്നിനു നടന്ന ഇ–ലേലത്തിൽ കിലോയ്ക്ക് 7000 രൂപ ലഭിച്ചിരുന്നു. ഏലം വില റെക്കോർഡിട്ട വർഷം കൂടിയായിരുന്നു അത്. ഇതിനുശേഷം വില കുത്തനെ ഇടിഞ്ഞു. കഴിഞ്ഞ വർഷം ജനുവരിയിലെ ശരാശരി വില 1700 രൂപയായിരുന്നു; കോവിഡ് വ്യാപനത്തിനു മുൻപ് 2200 രൂപ വരെയും.

കയറ്റുമതിയിലുണ്ടായ കുറവും ഉൽപാദനത്തിലുണ്ടായ വൻ വർധനയുമാണു വിലയിടിവിനു വഴിയൊരുക്കിയത്. ഏല‍ക്കായയിൽ കീടനാശിനികളുടെയും കൃത്രിമ നിറത്തിന്റെയും അളവുയർന്നതു പല രാജ്യങ്ങളി‍ലേക്കുമുള്ള കയറ്റുമതി കുറയാൻ കാരണമായി. പലയിടത്തും ഗുണമേന്മ പരിശോധനയിൽ ഇന്ത്യയിൽനിന്നുള്ള ഏല‍ക്കായ പിന്തള്ളപ്പെടുന്ന സ്ഥിതിയുമുണ്ടായി. വൻതോതിലുള്ള കീടനാശിനി പ്രയോഗമില്ലാതെ കൃഷി ചെയ്യാൻ കർഷകർക്കു കൃത്യമായ മാർഗനിർദേശം ലഭ്യമാക്കേണ്ടതുണ്ട്. സ്‌റ്റോറുക‍ളിൽ ഏലക്കായയ്ക്കു കൃത്രിമനിറം ചേർക്കുന്നത് ഒഴിവാക്കാനും കർശനനടപടികൾ വേണം.

ഉൽപാദനം കൂടിയതിനാൽ, സ്‌പൈ‍സസ് ബോർഡിന്റെ ഇ - ലേലത്തിൽ ഏലക്കായ വൻതോതിലാണ് എത്തുന്നത്. ഒരു ദിവസം രണ്ട് ഇ-ലേലമാണു നടക്കുന്നത്. ഇതിനായി ഒരു ലക്ഷം കിലോ വരെ വ്യാപാരികൾ എത്തിക്കുന്നുണ്ട്. ഇത് 50,000 കിലോയായി നിജപ്പെടുത്തണ‍മെന്നാണു കർഷകരുടെ ആവശ്യം. വിലയിടിവു ചെറുകിട കർഷകരെയാണു ഗുരുതരമായി ബാധിക്കുന്നത്. കൃഷിയിൽനിന്നു ലഭിക്കുന്ന വരുമാനത്താൽ കുടുംബം പുലർത്തു‍ന്നതിനൊപ്പം വേനൽക്കാലത്തുൾപ്പെടെ കൃഷി സംരക്ഷിച്ചുനിർത്തുകയും വേണം. വേനലിൽ ജലസേചന സൗകര്യം ഒരുക്കേണ്ടതുമുണ്ട്.

ഇത്തവണ ജനുവരി ആദ്യവാരം മുതൽ ചൂടു വർധിച്ചതും പ്രതിസന്ധി സങ്കീർണമാക്കുന്നു. പകൽസമയത്തെ ചൂടും രാത്രിയും പുലർച്ചെയുമുള്ള മഞ്ഞുവീഴ്ചയും ഏലം കൃഷിയെ ബാധിക്കും. വളം-കീടനാശിനികളുടെ വിലയും തൊഴിലാളികളുടെ കൂലിയുമെല്ലാം വർധിച്ചിരിക്കുകയാണ്. എന്നാൽ, ഇവയ്ക്കൊ‍ന്നുമുള്ള പണം കൃഷിയിൽനിന്നു കണ്ടെത്താൻ കർഷകർക്കു കഴിയുന്നില്ല.

തമിഴ്നാട് അടക്കമുള്ള സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന തൊഴിലാളികളാണു ഭൂരിഭാഗം തോട്ടങ്ങളിലും പണിയെടുത്തിരുന്നത്. അവരിൽ പലരും സ്വദേശത്തേക്കു മടങ്ങിയശേഷം തിരികെ വരാത്തതിനാൽ തൊഴിലാളിക്ഷാമം രൂക്ഷമാണ്. ഇത്തവണ സീസൺ സമയത്തു പലയിടത്തും വിളവെടുപ്പുപോലും യഥാസമയം പൂർത്തിയാക്കാൻ കഴിഞ്ഞില്ല. അതിനാൽ, പല തോട്ടങ്ങളിലും ഏലക്കായ നശിക്കുന്ന സ്ഥിതിയു‍മുണ്ടായി.

രാജ്യത്തു കോവിഡ് വ്യാപനം വർധിക്കുന്നതും പലയിടത്തും നിയന്ത്രണങ്ങൾ ഏർ‍പ്പെടുത്താൻ തുടങ്ങി‍യതുമെല്ലാം ഏലം വില കൂടുതൽ ഇടിയാൻ കാരണമാകുമോ‍ എന്ന ആശങ്കയും നിലനിൽക്കുന്നു. കൂടുതൽ നിയന്ത്രണങ്ങൾ ഏർ‍പ്പെടുത്തിയാൽ ഏലക്കായ സംഭരിക്കു‍ന്നതിൽനിന്ന് ഉത്തരേന്ത്യൻ വ്യാപാരികൾ പിന്തിരി‍യാൻ സാധ്യതയുണ്ടെന്ന ആശങ്ക ഗൗരവമുള്ളതാണ്. കയറ്റുമതിസാധ്യത കുറഞ്ഞാൽ കൂടുതൽ ഉൽപന്നം സംഭരിക്കു‍ന്നതിൽനിന്നു വ്യാപാരികൾ പിന്മാറിയേക്കും.

ഉൽപാദനച്ചെലവിന്റെ പകുതിപോലും വിൽപനയിലൂടെ ലഭിക്കുന്നില്ലെന്ന കർഷകരുടെ സങ്കടം സർക്കാർ ആത്മാർഥതയോടെ കേൾക്കണം. കുറഞ്ഞത് 1500 രൂപ വില ലഭിച്ചാലേ പിടിച്ചുനിൽക്കാൻ കഴിയൂവെന്നും അവർ ചൂണ്ടിക്കാട്ടുന്നു. നഷ്ടക്ക‍ണക്കിന്റെ ആഴം കൂടിയതോടെ ഏലം കൃഷിക്കാ‍യി തോട്ടങ്ങൾ പാട്ടത്തി‍നെടുത്തവരിൽ ചിലർ പാട്ടം ഒഴിയുന്ന സ്ഥിതിയാണ്. കടക്കെണിയിലായ കർഷകരെ സഹായിക്കാൻ സ്‌പൈ‍സസ് ബോർഡും കൃഷി വകുപ്പും അടിയന്തരമായി ഇടപെടേണ്ടതുണ്ട്.

English Summary: Editorial on Cardamom Farmers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com