ഒന്നായാലേ നന്നാകൂ; ‘ശുചിത്വപദ്ധതികൾക്കായി ജനകീയ കൂട്ടായ്മ വേണം’

kerala-sanitattion-projects-1248
SHARE

എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും മാലിന്യ സംസ്കരണത്തിനു മാത്രമായി എൻജിനീയറെ നിയോഗിച്ചു ശുചിത്വനഗരങ്ങളെ സൃഷ്ടിക്കാൻ സംസ്ഥാനം ഒരുങ്ങുന്നു. ഇതിനു മുന്നോടിയായി, ലോകബാങ്ക് സഹായത്തോടെ നടപ്പാക്കുന്ന കേരള ഖരമാലിന്യ സംസ്കരണ പ്രോജക്ട് വഴി സംസ്ഥാനത്തെ കോർപറേഷനുകളിലും നഗരസഭകളിലും മാലിന്യ സംസ്കരണച്ചുമതല മാത്രം നൽകി എൻജിനീയർമാരെ നിയമിക്കും.

‘കണ്ടാൽ കൊതിക്കും വൃത്തി, കണ്ടു പഠിക്കുമോ നമ്മൾ’ എന്ന വാർത്താ പരമ്പരയ്ക്കു തുടർച്ചയായി മലയാള മനോരമ സംഘടിപ്പിച്ച വെബിനാറിലാണു സംസ്ഥാനത്തെ മാലിന്യ സംസ്കരണരംഗത്തു ദിശാമാറ്റത്തിന്റെ സൂചനകൾ നൽകുന്ന സർക്കാർ പ്രഖ്യാപനമുണ്ടായത്. ലോകബാങ്ക് പദ്ധതിപ്രകാരം മാലിന്യസംസ്കരണത്തിനു മാത്രമായി കോർപറേഷനുകൾക്കും നഗരസഭകൾക്കും ജനസംഖ്യാനുപാതികമായി പണം അനുവദിക്കും.

വികേന്ദ്രീകരണം, ജനപങ്കാളിത്തം

പൊതുജന പങ്കാളിത്തത്തിന്റെ അഭാവവും സ്ഥലലഭ്യതയുടെ കുറവുമാണു കേരളത്തിൽ മാലിന്യസംസ്കരണം നേരിടുന്ന വലിയ പ്രതിസന്ധിയെന്നു വെബിനാറിൽ അഭിപ്രായമുയർന്നു. വികേന്ദ്രീകൃതമായ രീതിയിൽ ചെറിയ മാലിന്യ സംസ്കരണപദ്ധതികൾ നടപ്പാക്കുകയാണു പോംവഴി. ഇക്കാര്യത്തിൽ റസിഡന്റ്സ് അസോസിയേഷനുകൾ, സംഘടനകൾ എന്നിവയുടെ സഹകരണം ഉറപ്പാക്കുകയും വേണം. വികേന്ദ്രീകൃത മാലിന്യസംസ്കരണ പദ്ധതികൾ നടപ്പാക്കുന്നതിനു ജനകീയ കൂട്ടായ്മകൾ വേണം. അത്തരം കൂട്ടായ്മകൾ സാധ്യമല്ലാത്തിടത്ത് ഇത്തരം പദ്ധതികൾ വിജയിക്കാൻ സാധ്യത കുറവാണ്. എല്ലായിടത്തും വികേന്ദ്രീകൃത പദ്ധതികൾ വേണമെന്നു വാശിപിടിക്കരുത്. ആവശ്യമുള്ളിടത്തു കേന്ദ്രീകൃത സംസ്കരണരീതി നടപ്പാക്കാം.

ഏതു കാര്യത്തിനും വികേന്ദ്രീകൃതരീതി സ്വീകരിക്കുകയെന്നതു സംസ്ഥാനത്തിന്റെ പൊതുസ്വഭാവമാണ്. പല രംഗങ്ങളിലും അതു വിജയവുമാണ്. എന്നാൽ, മാറുന്ന കാലത്തു മാലിന്യ സംസ്കരണത്തിനു വികേന്ദ്രീകൃത രീതിയുടെ പ്രായോഗികത പരിശോധിക്കേണ്ടതുണ്ട്.

ഡോ. ബി. അശോക്, ചെയർമാൻ, കെഎസ്ഇബി.(വെബിനാർ മോഡറേറ്റർ)

Dr-B-Ashok-1248
ഡോ. ബി. അശോക്

ശുചിമുറി മാലിന്യം സംസ്കരിക്കണം

സംസ്ഥാനത്തു സുവിജ് (ശുചിമുറി മാലിന്യം) ശൃംഖലകളില്ലാത്തതു വലിയപ്രശ്നമാണെന്നു വിദഗ്ധർ. റിയൽ എസ്റ്റേറ്റ് മേഖലയുടെ വളർച്ചയ്ക്കു ദ്രവമാലിന്യ സംസ്കരണ പ്ലാന്റുകളും സുവിജ് ശൃംഖലകളും അത്യന്താപേക്ഷിതമാണ്. പല സ്ഥലങ്ങളിലും സുവിജ് ട്രീറ്റ്മെന്റ് പ്ലാന്റുകൾ (എസ്ടിപി) സജ്ജമാക്കാൻ സംസ്ഥാന സർക്കാർ ശ്രമിച്ചെങ്കിലും തദ്ദേശവാസികളിൽനിന്ന് എതിർപ്പുകൾ നേരിട്ടു. ശുചിമുറി മാലിന്യം സംസ്കരിക്കാനായി സംസ്ഥാനത്തു നടപ്പാക്കാൻ കഴിയുന്ന പദ്ധതികളെക്കുറിച്ചു ഗൗരവമായി ആലോചിക്കണം. ഇക്കാര്യത്തിൽ ജനപിന്തുണയും ഉറപ്പാക്കണം.

സംസ്ഥാനത്ത് സുവിജ് പ്ലാന്റുകളെക്കുറിച്ച് പത്തു വർഷം മുൻപു ആലോചന തുടങ്ങിയതാണ്. ഒന്നും നടന്നില്ല. എതിർപ്പുകളും ഫണ്ടുകളുടെയും പ്ലാന്റിന്റെയും അഭാവവും ഇതിനു കാരണമാണ്. ദ്രവമാലിന്യ സംസ്കരണത്തിനു കൃത്യമായ പദ്ധതികൾ നടപ്പാക്കാൻ സർക്കാർ ശ്രമിക്കണം.

പി.എച്ച്. കുര്യൻ ചെയർമാൻ, കേരള റിയൽ എസ്റ്റേറ്റ് റഗുലേറ്ററി അതോറിറ്റി

PH-Kurian-1248
പി.എച്ച്. കുര്യൻ

പരിഹരിക്കണം ആൾക്ഷാമം

സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിൽ ജീവനക്കാരുടെ ദൗർലഭ്യം പ്രകടമാണ്. എല്ലാ കാര്യങ്ങളും തദ്ദേശ സ്ഥാപനങ്ങളെ ഏൽപിക്കുന്ന രീതിയിലും മാറ്റം വേണം. കൊച്ചി പോലെ വലിയ കോർപറേഷനുകളിൽപോലും മാലിന്യ സംസ്കരണച്ചുമതല ഹെൽത്ത് ഇൻസ്പെക്ടർമാർക്കാണ്. ഈ സമീപനം മാറണം. മാലിന്യ സംസ്കരണം പ്രഫഷനലാക്കണം. മാലിന്യ സംസ്കരണരംഗത്തു സർക്കാർ സംവിധാനങ്ങൾക്കു പുറത്തുനിന്നുള്ള മനുഷ്യവിഭവശേഷി കണ്ടെത്തണം. വിവിധ വിഭാഗങ്ങളിൽനിന്നു സന്നദ്ധ സേവകരെ പ്രയോജനപ്പെടുത്തണം.

ചുമതലകൾ വർധിച്ചെങ്കിലും അവ കാര്യക്ഷമമായി നിർവഹിക്കാൻ വേണ്ട മനുഷ്യവിഭവ ശേഷിയുടെ പത്തിലൊന്നുപോലും തദ്ദേശ സ്ഥാപനങ്ങളിൽ ഇല്ല. നിലവിലുള്ളതിന്റെ മൂന്നു മടങ്ങെങ്കിലും മനുഷ്യശേഷി വേണം. മാലിന്യ സംസ്കരണ രംഗത്തെ ഓരോ സ്ഥാപനത്തിന്റെയും പ്രവർത്തനം വിലയിരുത്തി ആറു മാസത്തിലൊരിക്കൽ ധവളപത്രം പുറത്തിറക്കും.

ശാരദ മുരളീധരൻ, അഡീഷനൽ ചീഫ് സെക്രട്ടറി, തദ്ദേശ സ്വയംഭരണ വകുപ്പ്

Sharadha-Muraleedharan-1248
ശാരദ മുരളീധരൻ

നമുക്കും വേണം ഉയർന്ന റാങ്ക്

കേന്ദ്ര സർക്കാരിന്റെ ശുചിത്വ സർവേയിൽ നമ്മുടെ നഗരങ്ങൾ ഇത്ര താഴേക്കു പോകാൻ പാടില്ല. സർവേയുടെ മാനദണ്ഡങ്ങൾ പാലിക്കാത്തതുകൊണ്ടാണു നമ്മൾ പിന്നിലാകുന്നത്. ഓരോ വർഷവും സർവേയുടെ മാനദണ്ഡങ്ങൾ വിലയിരുത്തി അതിനനുസരിച്ചുള്ള പ്രവർത്തനങ്ങൾ വേണം. മാലിന്യ സംസ്കരണരംഗത്തു സംസ്ഥാനത്തു മുൻനിരയിൽ നിൽക്കുന്ന തദ്ദേശ സ്ഥാപനങ്ങളെ കണ്ടെത്തി ശുചിത്വ സർവേയിൽ പങ്കാളികളാക്കണം. ശുചിത്വ സർവേയിൽ മികച്ച റാങ്ക് കണ്ടെത്താൻ പ്രധാന നഗരങ്ങളെ പ്രോത്സാഹിപ്പിക്കണം.

മാലിന്യ സംസ്കരണരംഗത്തെ മികവിനു തദ്ദേശ സ്ഥാപനങ്ങൾക്കു സംസ്ഥാന സർക്കാർ അവാർഡ് നൽകുന്നുണ്ട്. കേന്ദ്ര സർക്കാരിന്റെ ശുചിത്വ സർവേയിലെ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാവണം ഈ അവാർഡ് നൽകേണ്ടത്.

ജി. വിജയരാഘവൻ, സംസ്ഥാന ആസൂത്രണ ബോർഡ് മുൻ അംഗം.

G-Vijayaraghavan-1248
ജി. വിജയരാഘവൻ

മാലിന്യ സംസ്കരണം പ്രഫഷനലാകുമോ?

മാലിന്യ സംസ്കരണത്തിന്റെ തുടക്കം മുതൽ അവസാനം വരെ കൃത്യമായ സംവിധാനം രൂപപ്പെടുത്താനാണു ലോകബാങ്കിന്റെ കേരള ഖരമാലിന്യ സംസ്കരണ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. 5 വർഷമാണു പദ്ധതി നടപ്പാക്കുന്നത്. ആറാം വർഷം പ്രവർത്തനം വിലയിരുത്തും. തദ്ദേശ സ്ഥാപനങ്ങൾക്കാണു ചുമതല.

മാലിന്യ സംസ്കരണം പ്രഫഷനലായി നിർവഹിക്കാനായി സ്വകാര്യ പങ്കാളികളെക്കൂടി പദ്ധതിക്കുവേണ്ടി പ്രയോജനപ്പെടുത്തും. ആദ്യഘട്ടത്തിൽ 17 തദ്ദേശ സ്ഥാപനങ്ങളിലാണു പദ്ധതി നടപ്പാക്കുക. സംസ്ഥാനത്തെ മൂന്നു മേഖലകളായി തിരിച്ചു മാലിന്യം സംഭരിക്കാൻ സ്ഥലം കണ്ടെത്തും. പുനരുപയോഗിക്കാൻ കഴിയാത്ത മാലിന്യം അവിടെ സംഭരിക്കും. ചെറിയ സംഭരണ കേന്ദ്രങ്ങളിലെ മാലിന്യം സംസ്കരിക്കാൻ അവിടെത്തന്നെ പ്ലാന്റുകൾ സജ്ജമാക്കും.

വിവിധ ഘട്ടങ്ങളുള്ള ഒരു ശൃംഖലയാണു മാലിന്യ സംസ്കരണം. പ്രാഥമിക ശേഖരണം, സംഭരണം, രണ്ടാം ഘട്ട ശേഖരണം, സംസ്കരണം തുടങ്ങി വിവിധ ഘട്ടങ്ങളുണ്ട്. ഈ ശൃംഖലയിലെ എല്ലാ കണ്ണികളും ഒരുമിച്ചു പ്രവർത്തിച്ചാൽ മാത്രമേ മാലിന്യ സംസ്കരണം വിജയമാകുകയുള്ളൂ. ആ ശൃംഖല മെച്ചപ്പെടുത്താനാണ് ഇപ്പോഴത്തെ ശ്രമം.

മിർ മുഹമ്മദ് അലി, എക്സിക്യൂട്ടീവ് ഡയറക്‌ടർ, ശുചിത്വ മിഷൻ

Mir-Muhammad-Ali-1248
മിർ മുഹമ്മദ് അലി

മാലിന്യ സംസ്കരണത്തിന്റെ സിംഗപ്പൂർ സ്റ്റൈൽ

മാലിന്യ സംസ്കരണത്തിനു സിംഗപ്പൂരിൽ അവധിയില്ല. എല്ലാ ദിവസവും കൃത്യസമയത്തു മാലിന്യം നീക്കിയിരിക്കും. വേർതിരിച്ചു ശേഖരിക്കുന്ന മാലിന്യത്തിൽ പുനരുപയോഗിക്കാവുന്നവ അതതു പ്ലാന്റുകളിലേക്ക് അയയ്ക്കും. മാലിന്യത്തിൽനിന്നു വൈദ്യുതി ഉൽപാദിപ്പിക്കുന്ന പ്ലാന്റുകളിൽ കത്തിച്ചാണു ബാക്കിയുള്ള മാലിന്യം സംസ്കരിക്കുന്നത്. മാലിന്യം കത്തിച്ചതിന്റെ 10% അവശിഷ്ടം മാത്രമാണു പുറത്തേക്കു തള്ളുന്നത്.

1970 മുതൽ സിംഗപ്പൂർ പിന്തുടരുന്ന രീതിയാണിത്. ദോഷകരമായ വാതകങ്ങൾ ഉണ്ടാകില്ലെന്ന് ആധുനിക സാങ്കേതികവിദ്യയിലൂടെ ഉറപ്പാക്കിയാണു മാലിന്യം കത്തിക്കുന്നത്. കത്തിക്കുമ്പോൾ ഉണ്ടാകുന്ന അവശിഷ്ടത്തിന്റെ അളവ് 10 ശതമാനത്തിൽ നിന്നു വീണ്ടും കുറയ്ക്കാനുള്ള ശ്രമവും നടക്കുന്നു. ഇതു വിജയിച്ചാൽ നിലവിൽ ഈ അവശിഷ്ടം തള്ളുന്ന സ്ഥലം 10 വർഷം കൂടി അധികം ഉപയോഗിക്കാനാകും.

മലിനജലം സംസ്കരിച്ചു ശുദ്ധീകരിച്ചെടുക്കുന്ന വെള്ളത്തെ സിംഗപ്പൂരിൽ ന്യൂ വാട്ടറെന്നാണു പറയുന്നത്. സിംഗപ്പൂരിന്റെ ജലസ്രോതസ്സിൽ 35% ന്യൂ വാട്ടറാണ്. മാലിന്യം കുറയ്ക്കൽ, പുനരുപയോഗം, പുനഃചംക്രമണം എന്ന അടിസ്ഥാന തത്വം പൂർണമായും പാലിച്ചാണു സിംഗപ്പൂർ മുന്നോട്ടുപോകുന്നത്.

എസ്. ജയകുമാർ, മുൻ ഗ്ലോബൽ ഡയറക്ടർ, കെപ്പൽ എൻവയൺമെന്റൽ ഇൻഫ്രാസ്ട്രക്ചർ, സിംഗപ്പൂർ.

S-Jayakumar-1248
എസ്. ജയകുമാർ

ആകെ മാറിയ സൂറത്ത്

സൂറത്തെന്നാൽ ആരും ആദ്യം ഓർത്തെടുക്കുക പ്ലേഗ് പടർന്നു പിടിച്ച നഗരമെന്നാണ്. എന്നാൽ, ആ സൂറത്തല്ല ഇന്നത്തേത്. പ്ലേഗിനെ തുടർന്ന് 1996 മുതൽ രാത്രികാല തെരുവു ശുചീകരണം തുടങ്ങി. 2004ൽ രാജ്യത്താദ്യമായി വീടുകളിൽനിന്നു നേരിട്ടു മാലിന്യം ശേഖരിക്കാൻ തുടങ്ങിയതു സൂറത്ത് കോർപറേഷനായിരുന്നു. ഇപ്പോൾ മുഴുവൻ വീടുകളിൽ നിന്നു മാലിന്യം 4 തരത്തിൽ വേർതിരിച്ചാണു ശേഖരിക്കുന്നത്.
ഹോട്ടലുകളിലെ അടുക്കള മാലിന്യം ഹോട്ടൽ അസോസിയേഷൻ തന്നെ ശേഖരിച്ചു സംസ്കരിക്കുന്നു. പരിസര ശുചീകരണം അതതിടത്തെ റസിഡന്റ്സ് അസോസിയേഷനുകളുടെ ചുമതലയാണ്. മൊത്തം ചെലവിന്റെ 25% കോർപറേഷൻ വഹിക്കും.

ബയോഗ്യാസ് പ്ലാന്റുകൾ, നിർമാണ അവശിഷ്ടങ്ങൾ, പ്ലാസ്റ്റിക് മാലിന്യം, ബയോ മെഡിക്കൽ മാലിന്യം, ഇ– മാലിന്യം എന്നിവ സംസ്കരിക്കാനുള്ള പ്രത്യേക പ്ലാന്റുകൾ, ശുചിമുറി മാലിന്യ സംസ്കരണ പ്ലാന്റുകൾ തുടങ്ങി മാലിന്യ സംസ്കരണ രംഗത്തെ അടിസ്ഥാനസൗകര്യങ്ങൾക്കു വേണ്ടി പൊതു– സ്വകാര്യ പങ്കാളിത്തം സൂറത്ത് പ്രയോജനപ്പെടുത്തുന്നു.

പ്രതിവർഷം 250 കോടി രൂപ കോർപറേഷൻ മാലിന്യ സംസ്കരണത്തിനു വേണ്ടി ചെലവഴിക്കുന്നു. വസ്തു നികുതിക്കൊപ്പം തന്നെ കെട്ടിടത്തിന്റെ വിസ്തീർണത്തിന് അനുസരിച്ചു പ്രതിവർഷം 720 രൂപ മുതൽ 4000 രൂപ വരെ ഖരമാലിന്യ സംസ്കരണ ഫീസ് ആയി പൊതുജനങ്ങളിൽ നിന്ന് ഈടാക്കുന്നു.

ഡോ. ആശിഷ് കെ. നായ്ക്, ഡപ്യൂട്ടി കമ്മിഷണർ, സൂറത്ത് കോർപറേഷൻ

Dr-Ashish-k-Nayik
ഡോ. ആശിഷ് കെ. നായ്ക്

വെല്ലുവിളി ഏറ്റെടുക്കാൻ കോഴിക്കോട്

രാജ്യത്തെ ശുചിത്വ നഗരമായി മാറാനുള്ള വെല്ലുവിളി ഏറ്റെടുക്കാൻ തയാറാണെന്നു കോഴിക്കോട് മേയർ കെ. ബീന ഫിലിപ്പ്. കോർപറേഷൻ പരിധിയിൽ ശുചിത്വ പ്രോട്ടോക്കോൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഓരോ മേഖലയിലെയും മാലിന്യത്തിന്റെ ഉറവിട സംസ്കരണമുൾപ്പെടെയുള്ള വിശദമായ പദ്ധതി ഇതിലുണ്ട്. 200 വീതം അംഗങ്ങളുള്ള ഹരിത സേന കൺസോർഷ്യം രൂപീകരിച്ചിട്ടുണ്ട്. ആയിരത്തോളം ആളുകൾക്കു തൊഴിൽ ലഭിക്കും. സംവിധാനങ്ങളുടെ മെല്ലെപ്പോക്ക് തടസ്സമാകാതെ പദ്ധതി പൂർണ അർഥത്തിൽ നടപ്പായാൽ കോഴിക്കോട് രാജ്യത്തുതന്നെ ശ്രദ്ധിക്കപ്പെടും.

കെ. ബീന ഫിലിപ്പ്, മേയർ, കോഴിക്കോട്

‘‘ഹരിത സേനാംഗങ്ങൾ മാലിന്യം ശേഖരിച്ചതുകൊണ്ടു മാത്രം നഗരം വൃത്തിയാകില്ല. നാടിന്റെ ഈ ദൗത്യത്തിൽ ലോകമെമ്പാടുമുള്ള മലയാളികളെ പങ്കാളികളാക്കണം. മാറുന്ന കാലത്തിന് അനുസരിച്ചുള്ള ബോധവൽക്കരണ ശ്രമങ്ങൾ വേണം.’’

K-Beena-Philip-Kozhikode-Mayor-1248
കെ. ബീന ഫിലിപ്പ്

ഹീൽ പദ്ധതിയുമായി കൊച്ചി‌

മാലിന്യം പൂർണമായും ഉറവിടത്തിൽത്തന്നെ സംസ്കരിക്കുന്ന കൊച്ചി നാവിക താവളത്തിന്റെ മാതൃകയിൽ കോർപറേഷനിൽ മാലിന്യ സംസ്കരണത്തിനു ഹീൽ (ഹെൽത്ത്, എൻവയൺമെന്റ്, അഗ്രികൾചർ, ലൈവ്‌ലിഹുഡ്) പദ്ധതി നടപ്പാക്കുമെന്ന് മേയർ എം. അനിൽകുമാർ. മാലിന്യം വീടുകളിൽത്തന്നെ സംസ്കരിച്ചു ജൈവവളമാക്കുക, അതുപയോഗിച്ചു കൃഷി ചെയ്യുക, അതിലൂടെ തൊഴിൽ സൃഷ്ടിക്കുകയെന്നതാണു ലക്ഷ്യം. അതുവഴി ബ്രഹ്മപുരം പ്ലാന്റിലേക്കു കൊണ്ടുപോകുന്ന മാലിന്യത്തിന്റെ അളവു കുറയ്ക്കും.

എം. അനിൽകുമാർ,മേയർ, കൊച്ചി.

‘‘ജന പങ്കാളിത്തത്തോടെ വികേന്ദ്രീകൃത മാലിന്യ സംസ്കരണ പദ്ധതികൾ നടപ്പാക്കിയില്ലെങ്കിൽ ഒരു കാരണവശാലും കേരളത്തിൽ വിജയിക്കില്ല. മുഴുവൻ മാലിന്യവും ഒരു സ്ഥലത്തേക്കു കൊണ്ടു വന്നു സംസ്കരിക്കുക പ്രായോഗികമല്ല.’’

A-Anilkumar--Kochi-Mayor-1248
എം. അനിൽകുമാർ

അഞ്ചു വർഷംകൊണ്ട് നാം മുന്നിലെത്തും: മന്ത്രി

സംസ്ഥാനത്തെ നഗരങ്ങളിലെ ശുചിത്വ പദവി ഉയർത്താനുള്ള ആശയങ്ങൾ ചർച്ച ചെയ്യാൻ മലയാള മനോരമ സംഘടിപ്പിച്ച വെബിനാറിൽ മോഡറേറ്ററുടെയും പങ്കെടുത്തവരുടെയും ചോദ്യങ്ങൾക്കു മന്ത്രി എം.വി. ഗോവിന്ദൻ നൽകിയ മറുപടി:

∙ ജി.വിജയരാഘവൻ: രാജ്യത്തെ ശുചിത്വനഗരങ്ങളുടെ പട്ടികയിൽ കേരളത്തിന്റെ നില മോശമാണ്. തിരുവനന്തപുരവും കോഴിക്കോടും കൊച്ചിയുമൊക്കെ എന്ന് ഒന്നാം സ്ഥാനത്തെത്തും?

മന്ത്രി: അഞ്ചു വർഷംകൊണ്ട് ഇന്ത്യയിലെ പ്രധാന ശുചിത്വ നഗരങ്ങളുടെ പട്ടികയിൽ കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് ഉൾപ്പെടെയുള്ള നഗരങ്ങളെ എത്തിക്കാനാണ് ഉദ്ദേശിക്കുന്നത്. എല്ലാ അർഥത്തിലും ഇവയെ ശുചിത്വ നഗരങ്ങളാക്കി മാറ്റാനുള്ള പദ്ധതിയാണു രൂപപ്പെടുത്തുന്നത്.

∙ ഡോ. ബി. അശോക്: ശുചിത്വ പരിപാലനത്തിനു മുൻതൂക്കം നൽകുമ്പോൾ കോർപറേഷനുകൾക്കു കൂടുതൽ ജീവനക്കാർ വേണ്ടി വരില്ലേ? അതിന് എന്തു ചെയ്യാനാകും?

മന്ത്രി: സർക്കാരിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടാൽ മാത്രമേ പുതിയ ജീവനക്കാരെ നിയമിക്കാനാകൂ. ആ പരിമിതിയുണ്ട്. ലോകബാങ്ക് പദ്ധതി നടപ്പാക്കുമ്പോൾ പ്രത്യേകമായി ഉദ്യോഗസ്ഥരെ കണ്ടെത്തി വിന്യസിക്കും. പൊതു– സ്വകാര്യ പങ്കാളിത്ത രീതിയും പ്രയോജനപ്പെടുത്തും.

∙ കെ. ബീന ഫിലിപ്: പ്ലാസ്റ്റിക് മാലിന്യം കൂടുതലായി ഉൽപാദിപ്പിക്കുന്ന സ്ഥാപനങ്ങളുടെ സിഎസ്ആർ ഫണ്ട് മാലിന്യ സംസ്കരണത്തിനു പ്രയോജനപ്പെടുത്തിക്കൂടേ?

മന്ത്രി: കനം കുറഞ്ഞതും ഒറ്റത്തവണ ഉപയോഗമുള്ളതുമായ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ളവ സംസ്ഥാനം നിരോധിച്ചതാണ്. അതിനാൽ അത്തരം ഉൽപന്നങ്ങൾ നിർമിക്കുന്ന സ്ഥാപനങ്ങളിൽനിന്നു സിഎസ്ആർ ഫണ്ട് വാങ്ങുക പ്രായോഗികമല്ല. ഹരിത കർമ സേന വിപുലീകരിച്ചു വീടുകളിൽനിന്ന് അജൈവ മാലിന്യങ്ങൾ കൃത്യമായി ശേഖരിക്കണം. ഇതു ക്ലീൻ കേരള കമ്പനി വഴി സംസ്കരിച്ചു വരുമാനമുണ്ടാക്കാം.

∙ എം. അനിൽ കുമാർ: കേന്ദ്രീകൃത മാലിന്യ സംസ്കരണ പദ്ധതികളുടെ നടത്തിപ്പിനു പൊതുമേഖലയിൽ തന്നെ സ്പെഷൽ പർപ്പസ് വെഹിക്കിൾ (എസ്പിവി) ആലോചിച്ചുകൂടേ? തദ്ദേശ സ്ഥാപനങ്ങൾ നേരിട്ടു യൂസർ ഫീ പിരിച്ചാൽ മാലിന്യം ശേഖരിക്കുന്ന തൊഴിലാളികൾ പിന്നീട് ജീവനക്കാരായി മാറാൻ സമ്മർദം ചെലുത്താനുള്ള സാധ്യതയില്ലേ?

കണ്ണൂരിൽ സുവിജ് പ്ലാന്റ് നിർമാണവുമായി ബന്ധപ്പെട്ടു വളരെയേറെ എതിർപ്പുകളുണ്ടായി. അവരെ ഞങ്ങൾ തിരുവനന്തപുരത്തെ പ്ലാന്റ് കൊണ്ടു വന്നു കാണിച്ചു. പ്ലാന്റിന്റെ പ്രവർത്തനം  കണ്ടതോടെ എതിർപ്പില്ലാതായി. പദ്ധതി  നടപ്പാക്കുമ്പോൾ ജനങ്ങളെ പൂർണ വിശ്വാസത്തിലെടുത്തു വേണം മുന്നോട്ടുപോകാൻ.

എം.വി. ഗോവിന്ദൻ, തദ്ദേശ സ്വയംഭരണ മന്ത്രി.

MV-Govindan
മന്ത്രി എം.വി. ഗോവിന്ദൻ

മന്ത്രി: മാലിന്യ സംസ്കരണ പദ്ധതികൾക്കു കരാർ നൽകുന്നത് 10 വർഷത്തേക്കു പരിപാലനച്ചുമതലകൂടി നൽകിയാണ്. അതിനാൽ പ്ലാന്റുകളുടെ പരിപാലനം പൂർണമായും ഉറപ്പാക്കാനാകും. വ്യത്യസ്ത മാലിന്യ ശേഖരണ ഏജൻസികളെ ഏർപ്പെടുത്തുന്ന പ്രവണത ഒഴിവാക്കാനാണു ഹരിതകർമസേന രൂപീകരിച്ചത്. പഞ്ചായത്തുകളിലും നഗരസഭകളിലും കോർപറേഷനുകളിലും വ്യത്യസ്ത നിരക്കുകളാണ് ഇവർക്കു നൽകേണ്ടി വരിക. ഇവരുടെ വരുമാനത്തിൽ എന്തെങ്കിലും കുറവുണ്ടെങ്കിൽ അതു തദ്ദേശ സ്ഥാപനങ്ങൾ നികത്തണം.

English Summary: Manorama Webinar on Sanitation Projects in Kerala and Waste Management

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വലവിരിച്ച് ചൈനീസ് ചാരക്കപ്പൽആശങ്കയോടെ ഇന്ത്യ

MORE VIDEOS