ADVERTISEMENT

റോക്കറ്റുകളുടെയും ഉപഗ്രഹങ്ങളുടെയും നിർമാണം ബിസിനസ് അവസരമായി കാണേണ്ട കാലമാണു വരുന്നത്. പുതിയ സ്റ്റാർട്ടപ്പുകളെയും വലിയ വ്യവസായ സംരംഭങ്ങളെയും ഇൗ മേഖലയിലേക്ക് ആകർഷിക്കുകയാണ് മുന്നിലുള്ള വലിയ വെല്ലുവിളിയെന്ന് ഐഎസ്ആർഒ ചെയർമാനായി നിയമിതനായ എസ്.സോമനാഥ്.

പുതിയ സ്ഥാനലബ്ധി പ്രതീക്ഷിച്ചിരുന്നതാണെങ്കിലും തീരുമാനം വന്നപ്പോൾ അങ്ങു മാത്രമല്ല, ഓരോ മലയാളിയും അഭിമാനിക്കുകയാണ്. ഉടൻ ഏറ്റെടുക്കേണ്ട ദൗത്യങ്ങൾ എന്തൊക്കെയാണ്? 

ഇൗ സ്ഥാനത്തേക്കു പരിഗണിച്ചതിൽ വലിയ അഭിമാനം തോന്നുന്നു. ചുമതലയേറ്റ ശേഷം മിഷനുകളെക്കുറിച്ചു വിശദമായി പറയാം. കഴിഞ്ഞ 36 വർഷമായി ഐഎസ്ആർഒയ്ക്കു കീഴിൽ പല മേഖലയിലും ജോലി ചെയ്യുകയാണ്. തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്പേസ് സെന്ററിലാണ് ആദ്യം ജോലിക്കു ചേർന്നത്. ഇതിനിടെ പല വിക്ഷേപണങ്ങളുടെയും റോക്കറ്റ് ഡിസൈനിങ്ങിന്റെയും ഭാഗമാകാൻ കഴിഞ്ഞു. ഇപ്പോൾ വളരെ വലിയ ഉത്തരവാദിത്തമാണു രാജ്യം ഏൽപിച്ചിരിക്കുന്നത്.

 സ്പേസ് പ്രോഗ്രാം പുതിയ ദിശയിലേക്കു മാറുന്ന സമയമാണിത്. ലോകത്തെങ്ങുമുള്ള സ്പേസ് ഏജൻസികൾ പുതിയ പരീക്ഷണങ്ങളും രീതികളും അവലംബിക്കുന്നു. നാം ഏറെ കേട്ടിട്ടുള്ള നാസ, ഇസ തുടങ്ങിയ വലിയ ഏജൻസികളെപ്പോലും മറികടന്ന് സ്വകാര്യ കമ്പനികൾ റോക്കറ്റ് നിർമിക്കാനും ബഹിരാകാശത്തേക്കും ഗ്രഹങ്ങളിലേക്കും മനുഷ്യനെ കൊണ്ടുപോകാനും കഴിവു നേടിയിരിക്കുകയാണ്. ഒട്ടേറെ സ്റ്റാർട്ടപ്പുകൾ ഇൗ മേഖലയിലേക്കു കടന്നുവന്നിട്ടുണ്ട്. ഇൗ മാറ്റം ഇന്ത്യയിലേക്കും വരേണ്ടത് അനിവാര്യമാണ്. 

ഇൗ മാറ്റം സ്വകാര്യവൽക്കരണത്തെ പ്രോൽസാഹിപ്പിക്കാനാണെന്നും ഐഎസ്ആർഒ തന്നെ സ്വകാര്യവൽക്കരിക്കപ്പെടും എന്നുമുള്ള ആശങ്ക ജീവനക്കാർ ഉൾപ്പെടെ പങ്കുവയ്ക്കുന്നുണ്ടല്ലോ? 

ഐഎസ്ആർഒ സ്വകാര്യ മേഖലയിലേക്കു പോകുന്നു എന്ന ആശങ്ക തെറ്റാണ്. അങ്ങനെ ഒരു അജൻഡയേ ഇതിനു പിന്നിലില്ല. ബിഎസ്എൻഎൽ, എയർ ഇന്ത്യ തുടങ്ങിയവയുടെ സ്വകാര്യവൽക്കരണവുമായി ഇതിനെ താരതമ്യം ചെയ്യാനേ പാടില്ല. കാരണം, അവ സേവന മേഖലയിൽ പ്രവർത്തിക്കുന്നവയാണ്. ഐഎസ്ആർഒ  സേവന മേഖല മാത്രമല്ല, കാതലായ സാങ്കേതികവിദ്യ വികസിപ്പിക്കുന്ന മേഖല കൂടിയാണ്. മാത്രമല്ല, നമ്മൾ കണ്ടുപിടിച്ചു പ്രയോഗത്തിൽ വരുത്തുന്ന സാങ്കേതിക വിദ്യയാണത്. അതിനാൽ സ്വകാര്യവൽക്കരിക്കാൻ സാധിക്കില്ല. എന്നാൽ, ബഹിരാകാശ മേഖലയിലെ കണ്ടെത്തലുകൾ ജനങ്ങൾക്കു കൂടുതൽ ഉപകാരപ്രദമായി മാറേണ്ടതുണ്ട്. അതിനു കൂടുതൽ ഉപഗ്രഹങ്ങൾ നിർമിക്കണം. ടെലിവിഷൻ, റിമോട്ട് സെൻസിങ്, കാലാവസ്ഥാ പ്രവചനം, ദുരന്ത മുന്നറിയിപ്പ് തുടങ്ങിയ സേവനങ്ങൾ ഇപ്പോൾ തന്നെ ഐഎസ്ആർഒ ലഭ്യമാക്കുന്നുണ്ട്. 

എന്നാൽ, അതു പോരാ. ഉപഗ്രഹം വഴി വീട്ടിൽ ഇന്റർനെറ്റ് എത്തിക്കുന്ന സൗകര്യം സ്വകാര്യ മേഖലയിൽ വന്നുതുടങ്ങി. ഇത്തരം മേഖലകളിലൊക്കെ സർക്കാർ ഏജൻസിയെന്ന നിലയിൽ പ്രവർത്തിക്കാൻ ഐഎസ്ആർഒയ്ക്ക് പരിമിതികൾ ഏറെയുണ്ട്. ഇൗ മേഖലയെ ഒരു ബിസിനസ് അവസരമായി കൂടി വളർത്തിക്കൊണ്ടുവരാൻ കഴിവുള്ള ആളുകൾ വരണം. അങ്ങനെ വരുന്നവർക്കു നമ്മൾ സൗകര്യം ഒരുക്കിക്കൊടുക്കുന്നുവെന്നേയുള്ളൂ. അതിന്റെ അർഥം നമ്മുടെ സാങ്കേതികവിദ്യ ആർക്കും കൊടുക്കുന്നു എന്നല്ല. സാങ്കേതികവിദ്യ കൊടുത്താൽ പോലും എടുക്കാൻ കഴിയുന്ന ആരും ഇന്ന് രാജ്യത്തില്ലെന്നു കൂടി ഓർക്കണം. 

ഐഎസ്ആർഒയുടെയും ബഹിരാകാശ ഗവേഷണത്തിന്റെയും വളർച്ചയ്ക്കായി പുതിയ പദ്ധതികൾ മനസ്സിലുണ്ടോ? 

ഒരു നയംമാറ്റത്തിനാണ് ഇപ്പോൾ ബഹിരാകാശ മേഖല ഒരുങ്ങിയിരിക്കുന്നത്. പുതിയ സ്റ്റാർട്ടപ്പുകളെയും വലിയ വ്യവസായ സംരംഭങ്ങളെയും ഇൗ മേഖലയിലേക്ക് ആകർഷിക്കുകയാണു മുന്നിലുള്ള വലിയ വെല്ലുവിളി. റോക്കറ്റുകളുടെയും ഉപഗ്രഹങ്ങളുടെയും നിർമാണം ഒരു ബിസിനസ് അവസരമായി കാണേണ്ട കാലമാണ് ഇനി വരുന്നത്. 

16,000 കോടി രൂപയുടെ ബജറ്റാണ് ഇന്ത്യൻ ബഹിരാകാശ പരിപാടിക്ക് ഇപ്പോഴുള്ളത്. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുമായി താരതമ്യം ചെയ്യുമ്പോൾ ഇൗ തുക ഒരു ശതമാനത്തിനും താഴെയാണ്. അതു പോരാ. 50,000 കോടിയെങ്കിലും വലുപ്പമുള്ള ഒരു ബഹിരാകാശ സമ്പദ്‌വ്യവസ്ഥയാണു ലക്ഷ്യം. അതു സർക്കാരിന്റെ ഫണ്ടിങ് കൊണ്ടു മാത്രം സാധ്യമല്ല. ഉന്നത വിദ്യാഭ്യാസ മേഖലയിലടക്കം ഇൗ നയംമാറ്റം കൊണ്ടു ഗുണമുണ്ടാകും. വായ്പയെടുത്തും മറ്റും പദ്ധതികൾ വികസിപ്പിക്കാൻ ഇനി കഴിയും. പുതിയ സ്റ്റാർട്ടപ്പുകൾക്കു റോക്കറ്റ് ലോഞ്ച് ചെയ്യാനുള്ള അവസരമുണ്ടാകും. അതിനു സർക്കാർ നിയന്ത്രണങ്ങൾ തടസ്സമാകരുത്. 

ഐഎസ്ആർഒ ചെയർമാൻ സ്ഥാനത്തെത്തുന്ന അഞ്ചാമത്തെ കേരളീയനാണ് അങ്ങ്. മുൻഗാമികളുടെ പിന്തുണയും വലിയ നേട്ടമല്ലേ? 

ഐഎസ്ആർഒയെ സംബന്ധിച്ചിടത്തോളം രാജ്യത്തിനു വലിയ മുന്നേറ്റമില്ലാത്ത ഒരു കാലം ഉണ്ടായിരുന്നു. ബഹിരാകാശ ഗവേഷണം എന്തിനാണെന്ന് അര നൂറ്റാണ്ടു മുൻപ് ചോദിച്ചിരുന്ന രാജ്യത്താണു സാങ്കേതികവിദ്യ ഇത്രത്തോളം വികസിച്ചതും ഇത്രത്തോളം ജനങ്ങൾക്കു ചർച്ച ചെയ്യാവുന്ന വിഷയമായി മാറിയതും. ഇൗ മേഖലയിൽ വളരെ വലിയ സംഭാവനകൾ നൽകിയവർ ഇന്നും ജീവിച്ചിരിപ്പുണ്ട്. അവരുടെ പിന്തുണയും അനുഗ്രഹവും എനിക്കും സഹപ്രവർത്തകർക്കും ആവശ്യമുണ്ട്. 

എന്നാൽ, നമ്മൾ ഇപ്പോൾ കൂടുതൽ ശ്രദ്ധിക്കേണ്ടതു പുതിയ തലമുറയിലേക്കാണ്. ഇനി വരുന്ന തലമുറയ്ക്ക് എന്താണ് ആവശ്യം എന്നതനുസരിച്ച് കാഴ്ചപ്പാടും നയവും ശൈലിയും ഒക്കെ മാറണം. ഇതുവരെ ചെയ്ത രീതിയിൽ തന്നെ മുന്നോട്ടു പോകണം എന്ന അഭിപ്രായം എനിക്കില്ല.

s-somanath

അഭിമാന ദൗത്യങ്ങളുടെ കരുത്ത്

ഐഎസ്ആർഒ ചെയർമാൻ പദവിയിലെത്തുന്ന പത്താമത്തെയാളാണ് എസ്. സോമനാഥ്; പത്തിൽ അഞ്ചു പേരും കേരളീയർ. ചന്ദ്രയാൻ 2 പദ്ധതിയിൽ നിർണായക പങ്കുവഹിച്ച വിക്രം സാരാഭായ് സ്പേസ് സെന്റർ (വിഎസ്എസ്‌സി) ഡയറക്ടർ സ്ഥാനത്തു നിന്നാണ് അൻപത്തിയാറുകാരനായ സോമനാഥ് ഐഎസ്ആർഒ ചെയർമാൻ സ്ഥാനത്തേക്കു വരുന്നത്. 

അധ്യാപകനായിരുന്ന, തുറവൂർ വേടാംപറമ്പിൽ ശ്രീധരപ്പണിക്കരുടെയും അരൂർ സ്വദേശിനി തങ്കമ്മയുടെയും മകനാണു സോമനാഥ്. കൊല്ലം ടികെഎം എൻജിനീയറിങ് കോളജിൽ നിന്ന് എൻജിനീയറിങ് ബിരുദവും ബെംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ നിന്നു മാസ്റ്റേഴ്സും നേടി.

1985 ൽ ആണ് വിഎസ്എസ്‌സിയിൽ ചേർന്നത്. പിഎസ്എൽവി ദൗത്യങ്ങളുടെ കാലമായിരുന്നു അത്. ആദ്യത്തെയും രണ്ടാമത്തെയും വിക്ഷേപണങ്ങളുടെ രൂപകൽപനയിൽ പങ്കാളിയായി. പിന്നെ ചന്ദ്രയാൻ ദൗത്യത്തിന്റെ ഭാഗമായി. ആദ്യ ദൗത്യത്തിൽ റോക്കറ്റ് രൂപകൽപന ചെയ്ത പ്രോജക്ട് ഡയറക്ടറായിരുന്നു. ചന്ദ്രയാൻ 2ൽ റോക്കറ്റ് നിർമാണത്തിന്റെയും വിക്ഷേപണത്തിന്റെയും പ്രധാന ചുമതലകളുണ്ട്. ഇതിന്റെ ഒട്ടേറെ ഭാഗങ്ങൾ വിഎസ്എസ്‌സിയാണു നിർമിച്ചത്. എൻജിൻ രൂപകൽപനയും സോമനാഥിന്റെ ചുമതലയിലായിരുന്നു.

ഭാര്യ വത്സലകുമാരി സെൻട്രൽ ജിഎസ്ടി ആൻ‌ഡ് കസ്റ്റംസ് സൂപ്രണ്ട് (തിരുവനന്തപുരം, കിൻഫ്ര) ആയി ജോലി ചെയ്യുന്നു. മക്കൾ: മാലിക, മാധവ്. ഡോ.സുകുമാർ അഴീക്കോട് സ്മാരക ട്രസ്റ്റിന്റെ പുരസ്കാരം, നൂറുൽ ഇസ്‌ലാം യൂണിവേഴ്സിറ്റിയുടെ എ.പി.ജെ.അബ്ദുൽ കലാം പുരസ്കാരം, നാഷനൽ എയ്റോനോട്ടിക്കൽ പുരസ്കാരം, തങ്ങൾകുഞ്ഞ് മുസല്യാർ പുരസ്കാരം, ആസ്‌ട്രോനോട്ടിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യയുടെ സ്‌പേയ്‌സ് ഗോൾഡ് മെഡൽ തുടങ്ങിയ നേട്ടങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്.

English Summary: Interview with ISRO new chairman S Somanath 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com