യുദ്ധമോ സമാധാനമോ ?

കേരളീയം
sudhakaran
SHARE

കോൺഗ്രസ് പഴയശൈലി മാറ്റിയോ എന്നതാണല്ലോ ധീരജിന്റെ കൊലപാതകത്തിനു ശേഷം ഉയരുന്ന ചോദ്യം. അതിന്റെ ഉത്തരം എന്താണെങ്കിലും ഇതിനിടയിൽ ഒരു പേരുമാറ്റം നടന്നു. തിരുവനന്തപുരത്തെ വസതിക്ക് രമേശ് ചെന്നിത്തല നേരത്തെ ഇട്ട പേര് ‘സർഗം’ എന്നായിരുന്നു. പ്രതിപക്ഷ നേതൃസ്ഥാനം നഷ്ടപ്പെട്ടതോടെ കന്റോൺമെന്റ് ഹൗസ് വിട്ട് ‘സർഗ’ത്തിലേക്കു തിരിച്ചെത്തിയ ചെന്നിത്തല വൈകാതെ പേരുമാറ്റി: ‘ദേവദത്തം’.

രണ്ടു പേരുകളും സുന്ദരം എന്നു പറഞ്ഞുപോകേണ്ട കാര്യമേ സാധാരണഗതിയിലുള്ളൂ. എന്നാൽ ‘ദേവദത്തം’ എന്തെന്ന് അറിയുമ്പോൾ ആ മാറ്റം നിഷ്കളങ്കമല്ലെന്നു തോന്നാം. കുരുക്ഷേത്ര യുദ്ധത്തിൽ പടയ്ക്കൊരുങ്ങിയ അർജുനൻ ‘ദേവദത്തം’ എന്ന ശംഖാണു മുഴക്കിയത്. ‘പാഞ്ചജന്യം ഹൃഷീകേശോ, ദേവദത്തം ധനഞ്ജയഃ’ എന്നു ഭഗവദ്ഗീത. അതായത് കൃഷ്ണൻ പാഞ്ചജന്യവും അർജുനൻ ദേവദത്തവും ഊതി യുദ്ധം പ്രഘോഷണം ചെയ്തു.

പ്രതിപക്ഷ നേതൃസ്ഥാനം നിലനിർത്താൻ ആഗ്രഹിച്ച ചെന്നിത്തലയെ ഹൈക്കമാൻഡും കൂടെനിന്നവരും വെട്ടിയതോടെ അദ്ദേഹം മുറിവേറ്റവനാണ്. പാർട്ടിക്കുള്ളിൽ പഴയ സ്വാധീനം തിരിച്ചുപിടിക്കാനുള്ള യുദ്ധത്തിന്റെ ശംഖധ്വനിയാണോ ‘ദേവദത്തം’ എന്ന പേരിടലിനു പിന്നിൽ? സംഘടനാ തിരഞ്ഞെടുപ്പിനെ കുരുക്ഷേത്ര യുദ്ധമായി എ–ഐ ഗ്രൂപ്പുകൾ കരുതുന്നുണ്ടോ? 

ഇതിനെല്ലാമുള്ള ഉത്തരം ലഭിക്കാനുള്ള സമയം കോൺഗ്രസിൽ സമാഗതമാകുന്നതേയുള്ളൂ. എന്നാൽ ധീരജിന്റെ കൊലപാതകത്തിന്റെ പ്രേരണക്കുറ്റം കെ.സുധാകരന്റെ  ശൈലിക്കുമേൽ ചുമത്തി സിപിഎമ്മും ഒരു കാര്യം സമ്മതിക്കുന്നു. കോൺഗ്രസ് പഴയ കോൺഗ്രസല്ല. കെ–റെയിൽ സർവേക്കല്ല് പിഴുതെറിയുമെന്നു പ്രഖ്യാപിക്കുന്ന ആക്രമണോത്സുകതയിലേക്കു പാർട്ടിയെ മാറ്റാൻ സുധാകരൻ നോക്കുകയാണ്. സമാധാനപരമായ സഹവർത്തിത്വം ആഗ്രഹിക്കുന്ന കോൺഗ്രസിലെ വലിയ വിഭാഗം നേതാക്കൾ അതിനെ പിന്തുണയ്ക്കുമോ എന്നതാണു ചോദ്യം. കോൺഗ്രസിന് ഉണർവുണ്ട്, പക്ഷേ ഐക്യമുണ്ടോ എന്നത് ഒപ്പം ഉയരുന്ന സന്ദേഹവും.

ജാഫർ ഇടുക്കിയും കോൺഗ്രസും

കഴിഞ്ഞ കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ എ ഗ്രൂപ്പിന്റെ ശക്തനായ വക്താവു കൂടിയായ പി.സി.വിഷ്ണുനാഥ് കറുത്ത ഹാസ്യത്തിലൂടെയാണു സുധാകരനെ നോവിച്ചത്. നിർണായകമായ സംഘടനാ തീരുമാനങ്ങൾ എടുത്ത കെപിസിസി നിർവാഹകസമിതി യോഗത്തിലും നെയ്യാർ ഡാമിലെ സംഘടനാ ശിൽപശാലയിലും വലിയ വിഭാഗം നേതാക്കളെ  മാറ്റിനി‍ർത്തിയതിനെ പരാമർശിച്ചു വിഷ്ണുനാഥ് ചൂണ്ടിക്കാട്ടി: ‘പാർട്ടിക്ക് ഗുണപരമായ സംഭാവനകൾ നൽകാൻ കഴിവുള്ളവരെ ഒഴിവാക്കി തീരുമാനങ്ങൾ എടുക്കാനാണെങ്കിൽ അങ്ങനെ നടക്കട്ടെ. ഞങ്ങൾക്ക് ഒരു പരാതിയുമില്ല. ‘മഹേഷിന്റെ പ്രതികാരം’ സിനിമയിലെ  ജാഫർ ഇടുക്കിയെപ്പോലെ ഞങ്ങൾ നിന്നോളാം’. മകളുടെ ആദ്യ കാമുകനായ കഥാനായകനെ അവളുടെ വിവാഹശേഷം മറ്റൊരു യുവതിയുടെ കൂടെ കണ്ടപ്പോൾ ‘ഞാനൊന്നിനുമില്ലേ, നടക്കട്ടെ’ എന്ന ഭാവത്തോടെ പോകുന്ന ജാഫർ ഇടുക്കിയെക്കുറിച്ചുള്ള പരാമർശം സിനിമ കാണുകയും ഓർമിക്കുകയും ചെയ്തവരെ ചിരിപ്പിച്ചു. സംഗതി ആസ്വദിച്ച സുധാകരൻ പക്ഷേ താൻ ആ സിനിമ കണ്ടിട്ടില്ലെന്ന ഒഴിവു പറഞ്ഞു.

കേരളത്തിലെ തർക്കങ്ങൾ തന്റെ  ശ്രദ്ധയിൽപെടുത്തുന്നവരോടെല്ലാം ഉപദേശരൂപേണ എ.കെ.ആന്റണി തന്നെ പറയുന്നതു മറ്റൊന്നല്ല. ഒരുമിച്ചു നിന്നിട്ടുതന്നെ കഴി‍ഞ്ഞ തിരഞ്ഞെടുപ്പിൽ ലഭിച്ചത് 41 സീറ്റാണ്. അപ്പോൾ  തമ്മിൽതല്ലി തുടർന്നാലോ? രാഷ്ട്രീയകാര്യ സമിതി തന്നെ സുഗമമായി വിളിച്ചു ചേർക്കാൻ കഴിയാത്ത നിലയിൽ സംഘടനാ പ്രശ്നങ്ങൾ ഇടക്കാലത്തു വളർന്നു. ഒടുവിൽ അനുരഞ്ജനശ്രമങ്ങളെ തുടർന്നു സമിതി ചേർന്നപ്പോഴും നേതൃത്വത്തിന് ആശങ്കയുണ്ടായി.

തന്റെ ആത്മവിശ്വാസത്തിനു മങ്ങലേൽപിക്കുന്ന ചില ചർച്ചകൾ‍ നടന്നേക്കാമെന്ന ഉത്കണ്ഠ ആമുഖ പ്രസംഗത്തിൽ തുറന്നുപറയാൻ സുധാകരൻ തുനിഞ്ഞു. എന്നാൽ ഉമ്മൻ ചാണ്ടി അടക്കമുള്ളവർ ഹൈക്കമാൻഡിനോട് ആവശ്യപ്പെട്ട പ്രകാരം വിളിച്ചു ചേർത്ത യോഗം കുളമാക്കിയാലത്തെ പേരുദോഷം ഗ്രൂപ്പുകൾ കണക്കിലെടുത്തു. സുധാകരന്റെ ആത്മവിശ്വാസത്തിനു മങ്ങലേൽപിക്കാൻ തങ്ങളാരും ശ്രമിക്കില്ലെന്ന് ഉമ്മൻ ചാണ്ടിയുടെ മനഃസാക്ഷി കെ.സി.ജോസഫ് ഉറപ്പുനൽകി. ഒടുവിൽ നല്ല അന്തരീക്ഷത്തിൽ  പിരിഞ്ഞപ്പോൾ‍ തനിക്ക് കൂടുതൽ ആത്മവിശ്വാസം തോന്നുന്നതായി തുറന്നുപറഞ്ഞു സുധാകരനും ക്രിയാത്മകമായി പ്രതികരിച്ചു.

ചർച്ചയാണ് ശരണം 

കെ.സുധാകരനും വി.ഡി.സതീശനും ചേർന്ന് കോൺഗ്രസിനെ സംഘടനാപരായി ഉണർത്തി എന്നത് അവരെ വിമർശിക്കുന്ന ഗ്രൂപ്പുകളും സമ്മതിക്കുന്നു. പക്ഷേ ആ മാറ്റം ഗുണപരമായി രാഷ്ട്രീയത്തിൽ പ്രതിഫലിക്കണമെങ്കിൽ പാർട്ടിയിൽ ഐക്യവും കെട്ടുറപ്പും വേണം. ആക്രോശങ്ങളോ യുദ്ധപ്രഖ്യാപനങ്ങളോ അല്ല വോട്ടു നേടിത്തരുന്നത്. കൂട്ടായ ചർച്ചകളിൽ എടുക്കുന്ന സുചിന്തിതമായ തീരുമാനങ്ങളും അതിന്റെ ഫലപ്രദമായ നടത്തിപ്പുമാണ്. ശബരിമലയിൽ യുവതീപ്രവേശം അനുവദിച്ചുള്ള വിധി വന്നദിവസം അക്കാര്യത്തിൽ കോൺഗ്രസിന്റെ  നിലപാട് ചർച്ച ചെയ്തു തീരുമാനിക്കാനായി ഇതേ രാഷ്ട്രീയകാര്യ സമിതി ചേർന്നത് എട്ടു മണിക്കൂറാണ്.

കേരളത്തിലെ കോൺഗ്രസിന്റെ  ഏറ്റവും മികച്ച നേതാക്കളുടെ ആ ഫോറം വിധിയുടെ നാനാവശങ്ങൾ ഇഴകീറി പരിശോധിച്ചു. ഒടുവിൽ യുവതികളെ പ്രവേശിപ്പിക്കുന്നതിനോട് മാനസികമായി യോജിപ്പ് ഉണ്ടായിരുന്ന കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെക്കൊണ്ടു തന്നെ അതിനെ എതിർക്കാനുള്ള  കൂട്ടായ പാർട്ടി തീരുമാനം പ്രഖ്യാപിപ്പിച്ചു. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിനു ലഭിച്ച 19 സീറ്റ് ആ ഒറ്റ രാഷ്ട്രീയകാര്യ സമിതി യോഗത്തിന്റെ ഫലമായിരുന്നു!

English Summary: KPCC and K Sudhakaran's new moves

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA